എറണാകുളം ശാഖ 2023 ജനുവരി മാസ യോഗം

എറണാകുളം ശാഖയുടെ 2023 ലെ ആദ്യ പ്രതിമാസയോഗവും സർഗ്ഗോത്സവം22ൽ പങ്കെടുത്ത ശാഖ അംഗങ്ങൾക്കുള്ള അനുമോദന യോഗവും, മുക്കോട്ടിൽ പിഷാരത്തു ശ്രീ മുരളീധരന്റെ വസതിയായ ശിവകൃപയിൽ വെച്ച് ജനുവരി 8 ഞായറാഴ്ച 3PM നു നടന്നു.

ഗൃഹനാഥ ശ്രീമതി ഉമാദേവി ദീപം തെളിയിച്ചു. കുമാരി ദീപ്തി ദിനേശിൻ്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സെക്രട്ടറി ശ്രീ സന്തോഷ് കുമാർ യോഗത്തിൽ ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു.

പ്രസിഡൻ്റ് ശ്രീ ദിനേശിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അദ്ദേഹം സർഗ്ഗോത്സവം 22ൽ ശാഖയുടെ മികച്ച പങ്കാളിത്തമുണ്ടായിരുന്നുവെന്നും അംഗങ്ങളുടെ സഹകരണത്തിനും പങ്കാളിത്തത്തിനും പ്രത്യേകം നന്ദി അറിയിച്ചു. കൂടാതെ പ്രസിഡണ്ടും സെക്രട്ടറിയും എല്ലാ ശാഖ അംഗങ്ങൾക്കും പുതുവത്സരാശംസകൾ നേരുകയും ചെയ്തു.

സെക്രട്ടറി സന്തോഷ് റിപ്പോർട്ട് വായിച്ചു. തുടർന്ന് ട്രഷറർ ശാഖയുടെ കഴിഞ്ഞ ഓണാഘോഷത്തിന്റെയും മറ്റു കണക്കുകളും വിശദമായി അവതരിപ്പിച്ചു.

സർഗ്ഗോത്സവം – 22ൽ ശാഖയിൽ നിന്നും പങ്കെടുത്ത ഗാനമാലിക, ഗ്രൂപ്പ് ഡാൻസ് ടീമുകളെയും, മെഗാ തിരുവാതിരയിൽ പങ്കെടുത്ത ശ്രീമതി പ്രീതി ദിനേശ്, ഹേമലത സതീശനുണ്ണി, ഐശ്വര്യ ഉണ്ണികൃഷ്ണൻ എന്നിവരെയും യോഗത്തിൽ അനുമോദിച്ചു. കേന്ദ്രം നൽകിയ പ്രോത്സാഹന സമ്മാനങ്ങൾ ഗ്രൂപ്പ് ഡാൻസിൽ പങ്കെടുത്ത കുമാരി വന്ദനക്കും ഐശ്വര്യക്കും ഗാനമാലികയിൽ പങ്കെടുത്ത ശ്രീമതി മിനി പിഷാരോടി, ശ്രീ ദിനേശ് പിഷാരോടി, ശ്രീമതി പ്രീത രാമചന്ദ്രൻ, കുമാരി ശ്രീവിദ്യ പിഷാരോടി, കുമാരി ദീപ്തി ദിനേശ്, മാസ്റ്റർ ഗോപീകൃഷ്ണൻ, ശ്രീ സതീശൻ ഉണ്ണി എന്നിവർക്ക് സമ്മാനിച്ചു. ബാക്കിയുള്ളവർക്ക് അടുത്ത യോഗത്തിൽ വിതരണം ചെയ്യുന്നതായിരിക്കും.

ശാഖയിൽ നിന്നും ഈ പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ ആദ്യാവസാനം വരെ കൂടെ നിന്ന് മുന്നോട്ടു നയിച്ച ജോയിന്റ് സെക്രട്ടറി ശ്രീമതി ദീപ വിജയകുമാർ(ഗാനമാലിക), ശ്രീമതി ഉഷ നാരായണൻ എന്നിവരെയും പ്രത്യേകം അഭിനന്ദിച്ചു.

സർഗ്ഗോത്സവം പരിപാടിയിൽ വിശിഷ്ട വ്യക്തികൾക്കുള്ള ആദരവ് ഏറ്റു വാങ്ങിയ ശാഖ അംഗം കൂടിയായ പ്രശസ്ത നർത്തകി ശ്രീമതി സൗമ്യ ബാലഗോപാലിനും ശാഖയുടെ അനുമോദനങ്ങൾ അറിയിച്ചു.

കഴിഞ്ഞ ഡിസംബറിൽ വിവാഹിതരായ ഗൃഹനാഥൻ ശ്രീ മുരളീധരന്റെയും ഉമാദേവിയുടെയും മകനായ മുക്കോട്ടിൽ പിഷാരത്ത് രാജേഷിനെയും പത്നി ശ്രീലക്ഷ്മിയെയും യോഗത്തിൽ പരിചയപ്പെടുത്തി. ഇരുവർക്കും വിവാഹ മംഗളാശംസകൾ നേരുകയും ചെയ്തു.

തുടർന്ന് നടന്ന ചർച്ചയിൽ, സർഗ്ഗോത്സവം -22 എന്ന മെഗാ പരിപാടി വൻ വിജയമായിരുന്നുവെന്നും, ഇതിനു അണിയറയിലും മറ്റും പ്രവർത്തിച്ച എല്ലാ ഭാരവാഹികൾക്കും, കൺവീനർക്കും പ്രത്യേക അഭിനന്ദനങ്ങൾ കേന്ദ്ര PE & WS സെക്രട്ടറി കൂടിയായ ശ്രീ പി ബി രാംകുമാറിനെ ശാഖ യോഗത്തിൽ ഐകകണ്ഠേന അറിയിച്ചു. അദ്ദേഹം നമ്മുടെ ശാഖയിൽ നിന്നും നല്ല പങ്കാളിത്തമുണ്ടായിരുന്നെന്നും പറഞ്ഞു.

സർഗ്ഗോത്സവത്തിലേക്കു ശാഖയിൽ നിന്നും പിരിച്ചു കിട്ടിയ തുകയായ 26700/- രൂപ നൽകിയിട്ടുണ്ടെന്നും കുട്ടികളുടെ പരിപാടികൾ കൂടുതൽ ഉൾപ്പെടുത്തുക വഴിയാണ് രക്ഷിതാക്കളുടെ പങ്കാളിത്തം ഇന്നത്തെ കാലത്തു കൂടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീ സന്തോഷ്, സർഗ്ഗോത്സവം വേദിയിൽ ശ്രീ ആനയാത്ത് രാജേന്ദ്രകുമാറിനെപ്പോലുള്ള വ്യക്തികളുടെയും മറ്റു വ്യവസായ സംരംഭകരുടെയും ജീവിത വഴികളിലെ വെല്ലുവിളികളെയും അനുഭവങ്ങളെയും കുറിച്ചുള്ള പ്രസംഗമൊക്കെ വളരെ നന്നായിരുന്നുവെന്നും വരും തലമുറയ്ക്ക് പ്രചോദനപ്രദമാണെന്നും പറഞ്ഞു.
സർഗ്ഗോത്സവം പരിപാടികൾ ഇപ്പോൾ നിർജ്ജീവമായ ശാഖകളേയും കൂടി സംഘാടകരാക്കി നടത്തുന്നത് ഉത്തമമായിരിക്കുമെന്ന് പറഞ്ഞു. ശാഖയിൽ നിന്നും അവതരിപ്പിച്ച ഗാനമാലിക പരിപാടിയിൽ യുവാക്കളുടെ പങ്കാളിത്തവും എടുത്തു പറയേണ്ടതാണെന്നും, വൈശാഖ്, അജയ്, സിദ്ധാർഥ് തുടങ്ങിയവരുടെ നേതൃത്വ പാടവവും കൂടി നമ്മൾ ഈ പരിപാടിയിലൂടെ അറിഞ്ഞതാണെന്നും സെക്രട്ടറി പറയുകയുണ്ടായി.

തുടർന്ന് ശാഖ കഴിഞ്ഞ രണ്ടു വർഷമായി നടത്തി വരുന്ന ക്ഷേമനിധി അവസാന നറുക്കെടുത്തതോടു കൂടി പിരിച്ചു വിട്ടു. കഴിഞ്ഞ ക്ഷേമനിധി ഭംഗിയായി കൈകാര്യം ചെയ്ത മുൻ സെക്രട്ടറി കൂടെയായ ശ്രീ കൃഷ്ണകുമാറിനെ അഭിനന്ദിച്ചു. തുടർന്നും ക്ഷേമനിധി നടത്തണമെന്നും, അത് ശാഖയ്‌ക്കൊരു മുതൽക്കൂട്ടാണെന്നും ശ്രീ ജയരാജൻ അഭിപ്രായപ്പെട്ടു. അടുത്ത ശാഖ യോഗത്തിൽ ഇതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്യാമെന്ന് സെക്രട്ടറിയും പ്രസിഡണ്ടും പറഞ്ഞു.

ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം എറണാകുളം കലൂർ താമസിക്കുന്ന ശ്രീ കെ പി സോമചൂഢന്റെ വസതിയിൽ വെച്ച് 12-02-2023 നു ഞായറാഴ്ച 3 PMനു കൂടുവാൻ തീരുമാനിച്ചു.

തുടർന്ന് നടന്ന ചായസൽക്കാരത്തിന് ശേഷം കമ്മിറ്റി അംഗം ശ്രീ സന്തോഷ് കൃഷ്ണന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.

 

0

Leave a Reply

Your email address will not be published. Required fields are marked *