എറണാകുളം ശാഖ 2022 ഏപ്രിൽ മാസ യോഗം

എറണാകുളം ശാഖയുടെ 2022 ഏപ്രിൽ മാസ യോഗം തൃപ്പൂണിത്തുറയിൽ ശ്രീ രഘു ബാലകൃഷ്ണന്റെ വസതിയായ ദ്വാരകയിൽ വച്ച് 10.04.2022നു വൈകുന്നേരം മൂന്നു മണിക്ക് പ്രസിഡണ്ട് ഡോ. പി ബി രാം കുമാറിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി സിന്ധു, കുമാരിമാർ നിത്യ, നീരജ എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.

ഗൃഹനാഥൻ ശ്രീ രഘു ബാലകൃഷ്ണൻ സ്വാഗതമാശംസിച്ചു. അദ്ധ്യക്ഷപ്രസംഗത്തിൽ ഡോ. രാംകുമാർ തൃപ്പൂണിത്തുറ ഭാഗത്ത് വെച്ച് വളരെക്കാലത്തിനു ശേഷമാണ് യോഗം കൂടുന്നത് എന്നും അതിനു വേദിയൊരുക്കിയ ശ്രീ രഘുവിനോട് നന്ദി അറിയിക്കുകയും ചെയ്തു. 2022 മെയ് എട്ടിന് നടക്കുന്ന വാർഷികത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു. കലാപരിപാടികൾ ഉൾപ്പെടെ വിപുലമായി നടത്തുന്ന വാർഷികത്തിനുള്ള തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിലാണ് എന്നും കുട്ടികളെ കൂടി പരിപാടിയിൽ പങ്കെടുപ്പിക്കണം എന്നും അഭ്യർത്ഥിച്ചു.

രക്ഷാധികാരി അഡ്വ. ജയകുമാർ എല്ലാവർക്കും വിഷു ആശംസകൾ നേർന്നു. പ്രകൃതി മാതാവ് തരുന്ന അനുഗ്രഹത്തിനായി നമ്മൾ വിത്ത് വിതച്ച് ഫലമുണ്ടായി കണി കാണുന്നപോലെ നന്മയുടെ വിത്തുവിതച്ചു അതിന്റെ സത്ഫലം സമൂഹത്തിന് ഉണ്ടാകുവാൻ നമ്മൾ യത്നിക്കണമെന്ന് ഉദ്ബോധിപ്പിച്ചു. മീറ്റിങ്ങിന് അംഗങ്ങളുടെ പങ്കാളിത്തം കൂടി വരുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

തുടർന്ന് സംസാരിച്ച ശാഖാ വൈസ് പ്രസിഡണ്ട് അഡ്വ. അനിത രവീന്ദ്രൻ വാർഷികവും കുടുംബസംഗമവും ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ഒത്തൊരുമയാണ് ശക്തി എന്നു പറഞ്ഞു. ചികിത്സാ സഹായങ്ങൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും സമാജം ഉണർന്നു തന്നെയാണ് പ്രവർത്തിക്കുന്നതെന്നും അഭിപ്രായപ്പെട്ടു. പെൻഷൻ നൽകുന്ന കാര്യം ഉത്തമ മാതൃകയാണ് എന്നും പറഞ്ഞു.

എറണാകുളം ശാഖയുടെ വാർഷികത്തിന്റെ നോട്ടീസ് വിതരണം ശ്രീ. എം. ഡി രാധാകൃഷ്ണൻ അഡ്വ. ജയകുമാറിന് നൽകി നിർവ്വഹിച്ചു.

വാർഷികം വിജയപ്രദമാക്കുവാൻ എല്ലാവരും ഒരേ മനസ്സോടെ സഹകരിക്കണമെന്ന് ശ്രീ എം ഡി രാധാകൃഷ്ണൻ ആഹ്വാനം ചെയ്തു. കലാപരിപാടികളുടെ ഒരു രൂപരേഖ തയ്യാറാക്കി പ്രവർത്തിച്ചാൽ നന്നായിരിക്കുമെന്ന് അഡ്വ. സുരേഷ് കുമാർ അഭിപ്രായപ്പെട്ടു. ചർച്ചയിൽ ശ്രീ ടി എം മണി, ശ്രീ. എ രാമചന്ദ്രൻ, ശ്രീ എ പി ജയരാജ് എന്നിവർ പങ്കെടുത്തു. കലാകാരന്മാരുടെ ഒരു കൂട്ടായ്മ ഉണ്ടാക്കുന്നതിനെ കുറിച്ച്, അതും ശാഖാ തലത്തിലോ കേന്ദ്രതലത്തിലോ ഉണ്ടായാൽ അവർക്ക് ഉത്സവങ്ങളിലും മറ്റും കൂടുതൽ അവസരങ്ങൾ കിട്ടിയേക്കാം എന്ന അഭിപ്രായം ഉരുത്തിരിഞ്ഞു.

മാർച്ച്‌ മാസത്തെ റിപ്പോർട്ട് സെക്രട്ടറി അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. കുമാരിമാർ നിത്യ, നീരജ, ആർദ്ര എന്നിവരുടെ കീർത്തനാലാപനം ഏറെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു. ശ്രീമതി സതീദേവിയുടെ കവിതാലാപനവും മനോഹരമായിരുന്നു. തുടർന്ന് ക്ഷേമനിധി നറുക്കെടുപ്പും നടന്നു.

സന്തോഷ് കൃഷ്ണൻ തന്റെ കൃതജ്ഞതാ പ്രസംഗത്തിൽ ഗവൺമെന്റ് ജോലിക്ക് ശ്രമിക്കുന്ന പോലെ തന്നെ പ്രധാനമാണ് മറ്റു പ്രൊഫഷണൽ ജോലികൾക്കും സ്വയം സംരംഭകത്വത്തിനും ശ്രമിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു. കഠിനാധ്വാനം പരിശ്രമങ്ങളെ സാർത്ഥകമാക്കും എന്ന ആശയം മുന്നോട്ടു വച്ചു. യോഗത്തിൽ പങ്കെടുത്തവർക്കും ഗൃഹനാഥനും നന്ദി പറഞ്ഞുകൊണ്ട് കൃത്യം 4 30ന് യോഗം അവസാനിച്ചു.

2+

Leave a Reply

Your email address will not be published. Required fields are marked *