ചെന്നൈ ശാഖ 2021 ജനുവരി മാസ യോഗം

ചെന്നൈ ശാഖയുടെ ഈ വർഷത്തെ ആദ്യത്തെ യോഗം ജനുവരി 17 ന് ഞായറാഴ്ച ഗൂഗിൾ മീറ്റിലൂടെ നടന്നു. ഇരുപതിലേറെ അംഗങ്ങൾ പരസ്പരം പുതുവത്സരാശംസകൾ പങ്കുവെച്ച് യോഗത്തിൽ പങ്കെടുത്തു നിരഞ്ജന, നയന,അനിരുദ്ധ് എന്നിവരുടെ പ്രാർത്ഥനയ്ക്കുശേഷം മുതിർന്ന അംഗങ്ങളുടെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു.

എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് സംസാരിച്ച സെക്രട്ടറി ശ്രീ. ഗോപിനാഥൻ അടുത്ത യോഗമെങ്കിലും പഴയപടി നടത്താനാകുമെന്ന് പ്രത്യാശിച്ചു . അംഗങ്ങളിൽ പലർക്കും അതേ അഭിപ്രായം ഉണ്ടായെങ്കിലും നമ്മുടെ അശ്രദ്ധ അപകടം വിളിച്ചു വരുത്തരുത് എന്ന മുൻകരുതലിൽ ഇനിയുള്ള കുറച്ചു മീറ്റിങ്ങുകൾ കൂടി ഇങ്ങനെ തന്നെ തുടരാൻ തീരുമാനിച്ചു.

പ്രസിഡണ്ട് ശ്രീ. കരുണാകര പിഷാരടി തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ, ഓൺലൈൻ മീറ്റിങ്ങിൽ പോലും അംഗങ്ങളുടെ പ്രാതിനിധ്യം വളരെ കുറവാണെന്ന് ഖേദം പ്രകടിപ്പിച്ചു.
ശാഖാംഗമായ ശ്രീ.ടി.പി. രാമചന്ദ്രന്റെ അമ്മയും ശ്രീ അജിത്തിന്റെ അമ്മൂമ്മയുമായ മാധവി പിഷാരസ്യാരുടെ ചരമ വാർത്തയറിഞ്ഞ് യോഗം അനുശോചിച്ചു.

തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വകയായുള്ള പരിപാടികൾ ആരംഭിച്ചു. നയന ബിജോയ് അവതരിപ്പിച്ച ഹിന്ദി ഗാനം, ശിഖയും അനിയൻ സുവിനും ചേർന്ന് അവതരിപ്പിച്ച നൃത്തം, നിരഞ്ജന ബിജോയിയുടെ മലയാള ഗാനം, പല്ലവി ഗോപിനാഥൻറ നൃത്തം, ഹരിത രാമചന്ദ്രന്റെ കർണാടക സംഗീതം എന്നിവ മികച്ച നിലവാരം പുലർത്തി. തുടർന്ന് ശ്രീ . ടി .പി .സുകുമാരൻ, ശ്രീമതി. നന്ദിനി എന്നിവർ ആലപിച്ച ഗാനങ്ങളും ശ്രീ. ബിജോയ്, ശ്രീമതി സന്ധ്യ ബിജോയ് എന്നിവർ നടത്തിയ യുഗ്മ ഗാനവും പ്രശംസാർഹമായിരുന്നു. പരിപാടികൾ അവതരിപ്പിച്ച എല്ലാവരെയും പ്രോത്സാഹിപ്പിച്ചു കൊണ്ട് ശ്രീ. എ. പി നാരായണൻ ആശംസകൾ നേർന്നു. നാരായണീയം ക്ലാസുകളും കുട്ടികളെക്കൊണ്ട് നിത്യവും നാമജപം നടത്താൻ പ്രേരിപ്പിക്കുന്ന സന്ധ്യാനാമം എന്ന പരിപാടിയും ഓൺലൈൻ വഴി പ്രോത്സാഹിപ്പിക്കുക എന്ന ആശയം ശ്രീ. സുകുമാരൻ പങ്കുവച്ചു.

തുളസിദളത്തെക്കുറിച്ചുള്ള ചില സംശയങ്ങൾ മാനേജരുമായി പങ്കു വെച്ചിട്ടുണ്ടെന്നും മറുപടിക്കായി കാത്തിരിക്കുന്നുവെന്നും ട്രഷറർ ശ്രീ. അജിത്കൃഷ്ണൻ വ്യക്തമാക്കി. 2020-ൽ ശാഖയിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള അവാർഡ് തുക ഓൺലൈനായി കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

മാസത്തിൽ ഒരു തവണ നിർബന്ധമായും നമ്മൾ ഒത്തു ചേരണം എന്ന് ഊന്നിപ്പറഞ്ഞു കൊണ്ട് ശ്രീമതി.ഗീത നന്ദി പ്രകടനം നടത്തി

4+

Leave a Reply

Your email address will not be published. Required fields are marked *