സൗമ്യ ബാലഗോപാലിന് കലാസാഗർ പുരസ്‌കാരം

യശ:ശരീരനായ കലാമണ്ഡലം കൃഷ്ണൻ കുട്ടി പൊതുവാളുടെ സ്മരണാർത്ഥം നൽകി വരുന്ന കലാസാഗർ പുരസ്‌കാരത്തിന് (ഭരതനാട്യം) പ്രശസ്ത നർത്തകി സൗമ്യ ബാലഗോപാൽ അർഹയായി. ഈ മാസം 28 ന് പറവൂരിൽ വെച്ചു നടക്കുന്ന വർണഭമായ ചടങ്ങിൽ വെച്ചു പുരസ്കാരങ്ങൾ വിതരണം ചെയ്യും.

വളരെ ചെറു പ്രായത്തിൽ തന്നെ, 4 വയസ്സു മുതൽ  ശ്രീമതി RLV ഗീത വർമ്മയുടെ കീഴിൽ ഭരതനാട്യ പഠനം ആരംഭിച്ചു. അതിനെത്തുടർന്ന് മോഹിനിയാട്ടം, കുച്ചിപ്പുടിയെന്നിവയിൽ ശ്രീ RLV വേണുഗോപാലിന്റെ ശിക്ഷണത്തിൽ പ്രാവീണ്യം നേടി. കലയോടും സംസ്കാരത്തോടുമുള്ള അഭിനിവേശത്താൽ ആദ്യകാലത്ത് നിർവ്വഹിച്ചിരുന്ന അഭിഭാഷക ജോലി മാറ്റിവെച്ച് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും, എം ഫിലും കരസ്ഥമാക്കി പൂർണ്ണമായും നൃത്ത കലയിലേക്ക് ചുവടുറപ്പിക്കുകയായിരുന്നു.

നൃത്തത്തെ കൂടാതെ ശ്രീ RLV ഗോപിനാഥിന്റെ ശിക്ഷണത്തിൽ കഴിഞ്ഞ 10 വർഷത്തിലധികമായി കഥകളിയും അഭ്യസിച്ചു വരുന്നു. RLV ദേവി, കലാമണ്ഡലം ഗോപിനാഥ്, ശ്യാമള സുരേന്ദ്രൻ(ധരണി), കലാമണ്ഡലം സുമതി, കലാമണ്ഡലം ലീലാമ്മ എന്നിവരുടെ കീഴിൽ ചിട്ടയായ പരിശീലനം നേടുവാൻ സൗമ്യക്ക് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. നാട്യകൃപ സ്കൂൾ ഓഫ് ക്ലാസ്സിക്‌ ഡാൻസസ്, തൃപ്പൂണിത്തുറയിൽ വലിയ ഒരു ശിഷ്യ സമ്പത്ത് തന്നെ നേടിയെടുക്കാൻ സൗമ്യക്ക് കഴിഞ്ഞിട്ടുണ്ട്.

1998 ൽ ഭാരത സർക്കാറിന്റെ യുവ കലാകാരൻമാർക്കായി നൽകി വരുന്ന സ്കോളർഷിപ്പിന് സൗമ്യ അർഹയായിട്ടുണ്ട്. കേരളസംസ്ഥാന സ്കൂൾ യുവജനോത്സവം, മഹാത്മജി യൂണിവേഴ്സിറ്റി, കലാമണ്ഡലം കല്യാണിക്കുട്ടി അമ്മ ട്രോഫി തുടങ്ങി വിവിധ പുരസ്കാരങ്ങളും ഈ കലാകാരിയെ തേടിയെത്തിയിട്ടുണ്ട്.

ഇന്ത്യക്കകത്തും പുറത്തുമായി നിരവധി വേദികളിൽ തന്റെ അതുല്യ പ്രകടനങ്ങൾകൊണ്ടു കലാസ്വാദകാരുടെ ഹൃദയം കീഴടക്കാൻ ഈ കലാകാരിക്ക് കഴിഞ്ഞിട്ടുണ്ടെന്നു നിസ്സംശയം പറയാം.

ദൂർദർശൻ എ ഗ്രേഡ് ആർട്ടിസ്റ്റ്(മോഹിനിയാട്ടം), ബി ഗ്രേഡ് ആർട്ടിസ്റ്റ് എന്നീ നിലകളിലും തന്റെ കലാ സപര്യ തുടരുന്ന സൗമ്യ, അച്ഛൻ ആനായത്ത് പിഷാരത്ത് ജയരാജനോടും അമ്മ സതി ചെറുകാടിനുമൊപ്പം തൃപ്പൂണിത്തുറയിൽ താമസിക്കുന്നു.

സൗമ്യക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

7+

2 thoughts on “സൗമ്യ ബാലഗോപാലിന് കലാസാഗർ പുരസ്‌കാരം

  1. കലാസാഗർ പുരസ്‌കാരം ലഭിച്ചതിൽ സൗമ്യ ബാലഗോപാലിനു അഭിനന്ദനങ്ങൾ

    0

Leave a Reply

Your email address will not be published. Required fields are marked *