കഥകളി സംഗീത രംഗത്തെ കഴിവ് തെളിയിച്ച യുവഗായക പ്രതിഭയാണ് കോട്ടക്കൽ സന്തോഷ്.
സംഗീതത്തിന്റെ ദൃഢതയും ആട്ടക്കഥക്കനുഗുണമായി, ആട്ടത്തിനു പാകപ്പെട്ട കഥകളിപ്പാട്ട് ശൈലിയും ചേർന്നൊരു വഴിയാണ് സന്തോഷിന്റേത്. ഭാവനിറവും, അക്ഷരശുദ്ധിയും, ശബ്‌ദഗാംഭീരവും, കഥകളി സംഗീതത്തിന്റെ തനതു സമ്പ്രദായവും സന്തോഷിന്റെ സംഗീതത്തിനെ വ്യത്യസ്തമാക്കുന്നു.
പ്രശസ്ത സംഗീതജ്ഞ്യർ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി , കോട്ടക്കൽ നാരായണൻ, കോട്ടക്കൽ മധു, കോട്ടക്കൽ സുരേഷ്, വേങ്ങേരി നാരായണൻ എന്നീ ഗുരുനാഥന്മാരുടെ കീഴിലാണ് കഥകളി സംഗീതം അഭ്യസിച്ചത്. കലാമണ്ഡലത്തിലും കോട്ടക്കൽ പി എസ് വി നാട്യസംഘത്തിലുമായാണ് സംഗീത പഠനം പൂർത്തിയാക്കിയത്.
ഗുരുവായൂർ ജനാർദ്ദനൻ നെടുങ്ങാടിയിൽ നിന്ന് അഷ്ടപദിയും, കലാമണ്ഡലം ശ്രീധരൻ നമ്പൂതിരിയിൽ നിന്നും കർണ്ണാടക സംഗീതവും സന്തോഷ് സ്വായത്തമാക്കിയിട്ടുണ്ട്.
ശ്രീകൃഷ്ണ മെമ്മോറിയൽ അവാർഡ്, വെങ്കിടകൃഷ്ണ ഭാഗവതർ സ്മാരക പുരസ്‌കാരം, കലാമണ്ഡലം ഉണ്ണികൃഷ്ണ കുറുപ്പ് സ്മാരക പുരസ്‌കാരം, കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി സ്മാരക പുരസ്‌കാരം എന്നിവക്ക് പുറമെ കേന്ദ്ര സംഗീത നാടക അക്കാദമി ജൂനിയർ ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.
കോട്ടക്കൽ പി എസ് വി നാട്യസംഘത്തിൽ അദ്ധ്യാപകനായ സന്തോഷ് കാരക്കുറിശ്ശി പിഷാരത്ത് നാരായണ പിഷാരടിയുടെയും ജി പി വസന്തകുമാരിയുടെയും മകനാണ്. സഹധർമിണി പ്രീതി. മകൻ ആനന്ദ്.