വടക്കാഞ്ചേരി ശാഖ 2023 മെയ് മാസ യോഗവും വിനോദയാത്രയും

വടക്കാഞ്ചേരി ശാഖയുടെ 2023 മെയ് മാസത്തെ യോഗം 10-05-23ന് ഏനാമാവിലുള്ള ബ്ലൂ ഷെറിൻ റിസോർട്ടിൻറ ഹൗസ് ബോട്ടിൽ വച്ച് ശാഖാ പ്രസിഡണ്ട് ശ്രീ .എ .പി .രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

ശാഖയുടെ ഒരു ദിവസത്തെ വിനോദയാത്രയുടെ ഭാഗമായാണ് ശാഖാ അംഗങ്ങൾ അവിടെ എത്തിച്ചേർന്നത്. യോഗത്തിൽ ശാഖയുടെ പല ഭാഗങ്ങളിൽ നിന്നായി ഇരുപതോളം പേർ പങ്കെടുത്തു. യോഗത്തിന് എത്തിച്ചേർന്ന വരെ ശാഖ വൈസ് പ്രസിഡണ്ട് ശ്രീ വി.പി. ഗോപിനാഥൻ സ്വാഗതം ചെയ്തു. അദ്ധ്യക്ഷപ്രസംഗത്തിൽ പ്രസിഡണ്ട് കഴിഞ്ഞ യോഗത്തിൽ അഭിപ്രായപ്പെട്ട പ്രകാരം ഒരു വിനോദയാത്രസംഘടിപ്പിച്ച ശാഖാ സെക്രട്ടറിയെയും ട്രഷററെയും അഭിനന്ദിച്ചു. ഇനിയും ഇതുപോലുള്ള യാത്രകളും കൂട്ടായ്മകളും തുടരണമെന്നും ഇങ്ങനെയുള്ള സംരംഭങ്ങൾ പരസ്പരം മനസ്സിലാക്കുന്നതിനും അടുത്തറിയുന്നതിനും സഹായിക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു. ചെറിയൊരു അന്താക്ഷരിക്ക് ശേഷം ശ്രീ പി.രവിയുടെ (ചെറുതുരുത്തി) നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.

വിനോദയാത്ര

ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാൻ ഒരു ദിനം. വടക്കാഞ്ചേരി ശാഖയുടെ വണ്-ഡേ-ടൂർ, 2023 മേയ് പത്തിന് സഫലമായി.

ഇരുപത്തഞ്ചു പേരെ ഉൾക്കൊള്ളാവുന്ന ഒരു ഹൌസ് ബോട്ട് നേരത്തെ ബുക്ക്‌ ചെയ്‌തിരുന്നു. ഇരുപത് പേർ പങ്കെടുത്തു. രാവിലെ കൃത്യം എട്ടരക്ക് സംഘം ഏനാമാവ് കായൽ ബോട്ട് ജെട്ടിയിൽ എത്തി. മുൻവശത്തെ പുൽത്തകിടിയിലിരുന്ന് കൂടെക്കരുതിയ വിഭവ സമൃദ്ധമായ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു. ഒൻപത് മണിക്ക് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുള്ള വിനോദയാത്രാ ബോട്ട് എത്തി. ലൈഫ് ജാക്കറ്റ് ധരിച്ചുകൊണ്ട് ഓരോരുത്തരായി ബോട്ടിലേക്ക്. എല്ലാവരുടെയും പേരും ഫോൺ നമ്പറും രെജിസ്റ്ററിൽ രേഖപ്പെടുത്തി. ഏനാമാവിൽ നിന്ന് കനോലി കനാൽവഴി ചേറ്റുവ അഴിമുഖം വരെ, ഏകദേശം എട്ട് കിലോമീറ്റർ ദൂരമാണ് യാത്ര. നങ്കൂരം നീക്കി ബോട്ട് പതിയെ കായൽപരപ്പിലേക്ക് നീങ്ങിയപ്പോൾ തണുത്ത ഇളംകാറ്റ് ഉഷ്ണത്തെ ശമിപ്പിച്ചു. ഇരുവശവും മനോഹരമായ കായൽ, കണ്ടൽ വനങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ, മത്സ്യ വളർത്തൽ കേന്ദ്രങ്ങൾ, മത്സ്യബന്ധന ബോട്ടുകൾ, ആയുർവേദ റിസോർട്ടുകൾ, പുളിക്കൽക്കടവ് പാലം, ചേറ്റുവ പാലം, രാമുകാര്യാട്ടിന്റെ വീട്, മറ്റൊരു കന്നട സംവിധായകന്റെ ബംഗ്ളാവ്, കക്കക്കൂനകൾ, വേട്ടേക്കരൻ ക്ഷേത്രം, രണ്ടായിരത്തി പതിനെട്ടിലെ പ്രളയപ്പാടുകൾ, ഒരു വളപ്പിൽ ഏഴ്‌ സഹോദരന്മാരുടെ വീടുകൾ എന്നിവ കണ്ടുകൊണ്ട് ഒഴുകിയൊരു യാത്ര.

അല്പം ദൂരെ അഴിമുഖം; അവിടേക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു. തെങ്ങിൻ തോപ്പുകൾക്ക് ഇടയിലൂടെ അറബിക്കടലിന്റെ നേരിയ ദൃശ്യം, വേലിയിറക്ക സമയമായിരുന്നു. കര ഏറെ കാണാം; അവിടെ ധാരാളം ഇരതേടുന്ന കൊക്കുകൾ. അങ്ങനെ ബഹുമുഖ കാഴ്ചകൾ. യാത്രക്കിടയിൽ എല്ലാവരും ഒന്നിച്ചു പങ്കെടുത്ത അന്താക്ഷരി ഹൃദ്യമായി. മുകൾത്തട്ടിലും താഴെയുമായി മാറിമാറിയിരുന്ന് കാഴ്ചകൾ കണ്ട് കുശലം പറഞ്ഞ് പന്ത്രണ്ട് മണിക്ക് ബോട്ട് യാത്ര സമാപിച്ചു. ഗ്രൂപ്പ് ഫോട്ടോ എടുത്ത് മടങ്ങി.

ഉച്ചഭക്ഷണം ഗുരുവായൂർ ദേവസ്വം വക കൗസ്തുപത്തിൽ…

ഉച്ചയ്ക്കു ശേഷം എടക്കഴിയൂർ മറൈൻ വേൾഡിൽ. ആസ്വദിക്കാൻ നിറയെ നാനാതരം കടൽക്കാഴ്ചകൾ. വിവിധതരത്തിലും പല വർണ്ണത്തിലും വലുപ്പത്തിലുമുള്ള മത്സ്യങ്ങൾ. ഒഴുകുന്ന വെള്ളച്ചാലിലേക്ക് കാലിട്ടിരുന്ന് ചെറുമീനുകൾ വന്നു കൊത്തുന്നത്‌ ആസ്വദിക്കാൻ ബഹുരസം. ശേഷം പഞ്ചവടി ബീച്ചിൽ. അവിടെ ഏറെനേരം ആർത്തലച്ചുവരുന്ന തിരമാലകളോട് സല്ലാപം. നിരനിരയായി കുതിച്ചുയർന്ന് കരയെപ്പുണർന്ന് നുരയും പതയുമായി പിൻവാങ്ങുന്ന തിരമാലകൾ എന്നുമെപ്പോഴും നിലക്കാത്ത കൗതുകമാണ്.

ശേഷം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രദർശനം. യാത്രയിൽ ഉടനീളം പലതരം ലഘുഭക്ഷണ വിതരണം. രാത്രി കുന്നംകുളം കോമള റെസ്റ്റോറെൻറിൽ അത്താഴം.

ശ്രീ സന്തോഷ് ഏല്ലാവരോടും അഭിപ്രായം ആരാഞ്ഞു. യാത്ര എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഇതുപോലൊരു യാത്ര വീണ്ടുമാകാമെന്ന് പൊതു അഭിപ്രായം. സംഘാടകർക്കും പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ. ഒരു സിനിമാഗാനശകലം കടമെടുക്കുന്നു: മറക്കാൻ കഴിയുമോ ഈ യാത്ര… മനസ്സിൽ വരക്കും വർണ്ണ ചിത്രങ്ങൾ… മായ്ക്കാൻ കഴിയുമോ ഈ യാത്ര..

1+

One thought on “വടക്കാഞ്ചേരി ശാഖ 2023 മെയ് മാസ യോഗവും വിനോദയാത്രയും

  1. വടക്കാഞ്ചേരി ശാഖ അവരുടെ മേയ് മാ സത്തെ യോഗം ഒരു ഹൗസ്ബോട്ടിലും
    ബാക്കി ബസ്സിലും സംഘടിപ്പിച്ചു വിവിധ കലാപരിപാടികളും നടത്തി മാത്യകയായിരിക്കുന്നു. അഭിനന്ദനങ്ങൾ.

    0

Leave a Reply

Your email address will not be published. Required fields are marked *