തൃശൂർ ശാഖ 2023 സെപ്റ്റംബർ മാസ യോഗം

ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 17-09-2023 ന് ചേറൂർ (വിയ്യൂർ പെരിങ്ങാവ് ചേറൂർ റോഡ്) ശ്രീ ടി. പി സേതുമാധവന്റെ വസതി നൈശ്രേയസ്സിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതി രുഗ്മിണി സേതുമാധവൻ പ്രാർത്ഥന ചൊല്ലി. ശ്രീ ജി. പി നാരായണൻ കുട്ടിയുടെ നേതൃത്വത്തിൽ നാരായണീയം 93 ദശകം എല്ലാവരും ചേർന്ന് ചൊല്ലി.സ്വാഗതം ഗൃഹനാഥൻ ശ്രീ സേതുമാധവൻ ഹൃദ്യമായി ആശംസിച്ചു.

ഇക്കഴിഞ്ഞ മാസത്തിൽ അന്തരിച്ച പൊന്നു പിഷാരസ്യാരുടെയും മറ്റെല്ലാ ശാഖകളിലെയും കുടുംബാംഗങ്ങളുടേയും വിയോഗത്തിൽ അനുശോചിച്ചു. സെക്രട്ടറി ശ്രീ ജയദേവൻ റിപ്പോർട്ട് അവതരിപ്പിച്ചത് കയ്യടികളോടെ പാസ്സാക്കി. ട്രഷറർ സ്ഥലത്തില്ലാത്തതിനാൽ കണക്ക് അവതരിപ്പിക്കുന്നത് പിന്നീടേക്ക് മാറ്റി.

അദ്ധ്യക്ഷഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ഓണാഘോഷം ഗംഭീര വിജയമാക്കിയ എല്ലാവരെയും അഭിനന്ദിച്ചു. ഇത് പോലെ ഇടക്ക് കുടുംബ സംഗമങ്ങൾ ഉണ്ടാകുന്നത് വളരെ ഗുണം ചെയ്യും, ഒക്ടോബർ 2 ന് തിരൂർ വടകുറുമ്പക്കാവ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പ് വിജയിക്കാൻ എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.

ഓണാഘോഷത്തെപ്പറ്റിയുള്ള അവലോകനത്തിൽ ശ്രീ കെ. പി ഹരികൃഷ്ണൻ പൂക്കളം, കലാപരിപാടികൾ, സദ്യ എന്നിവയെപ്പറ്റി പ്രത്യേകം എടുത്തു പറഞ്ഞു. എല്ലാവരും സ്വന്തം വീടുകളിൽ നടക്കുന്ന ഓണാഘോഷമായിട്ടാണ് കണ്ടത്. മനോഹരമായ പൂക്കളം, ഓരോരുത്തരും വീടുകളിൽ തയ്യാറാക്കിക്കൊണ്ട് വന്ന രുചിയേറിയ സദ്യ വിഭവങ്ങൾ, പ്രൊഫഷനലിസം കാഴ്ച വെച്ച കലാപരിപാടികൾ… എല്ലാം ഈ വർഷത്തെ നമ്മുടെ ഓണാഘോഷത്തെ ശ്രദ്ധേയമാക്കി. ധാരാളം കുടുംബാംങ്ങളും പങ്കെടുത്തു എന്നതും സന്തോഷമുണ്ടാക്കുന്നു. അതു പോലെ ഒൺലൈൻ രാമായണ വായനയിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദന പുരസ്‌കാരങ്ങൾ, ആചാര്യൻ രാജൻ സിത്താരയെ ആദരിക്കൽ എന്നിവയിലൂടെ തൃശൂർ മറ്റുള്ളവർക്ക് മാതൃകയായി എന്നും പറയേണ്ടതുണ്ട്. ശാഖയുടെ വിദ്യാഭ്യാസ പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും ശ്രീ ഹരികൃഷ്ണൻ അഭിനന്ദനങ്ങൾ അറിയിച്ചു.

വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടിയും ഓണാഘോഷങ്ങളുടെ മികച്ച വിജയത്തിന് കാരണക്കാരായ എല്ലാവരെയും അഭിനന്ദിച്ചു. ഒക്ടോബർ 2 ന് നടക്കുന്ന മെഡിക്കൽ ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു. ഇന്നത്തെ യോഗത്തിൽ വളരെയധികം അംഗങ്ങൾ പങ്കെടുത്തു എന്നത് ഏറെ സന്തോഷം തരുന്നുവെന്ന് പറഞ്ഞു.

ജനറൽ സെക്രട്ടറി ശ്രീ കെ. പി ഗോപകുമാർ പാലക്കാട്, കോങ്ങാട്, മഞ്ചേരി എന്നീ ശാഖകളിൽ നടന്ന ഓണാഘോഷത്തിൽ പങ്കെടുത്ത അനുഭവങ്ങൾ വിവരിച്ചു. മെഡിക്കൽ ക്യാമ്പ് വിജയിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിച്ചു.

സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു ശാഖ കുടുംബാംഗം ആശുപത്രിയിൽ അഡ്മിറ്റ് ആണെന്നും അവരെ സഹായിക്കേണ്ടതുണ്ടെന്നും ശ്രീ കെ. പി ഹരികൃഷ്ണൻ അഭ്യർത്ഥിച്ചത് കണക്കിലെടുത്ത് ഒരു ചികിത്സാനിധി ആരംഭിക്കാൻ തീരുമാനിച്ചു. അതിലേക്ക് ഗൃഹനാഥൻ ശ്രീ ടി. പി സേതുമാധവൻ സംഭാവന ചെയ്ത 25000 രൂപയുടെ ചെക്ക് അദ്ദേഹത്തിൽ നിന്നും പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണൻ, വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി എന്നിവർ ഏറ്റുവാങ്ങി. ശ്രീ ശ്രീധരൻ(കേന്ദ്ര ട്രഷറർ) 5000 രൂപ നിധിയിലേക്ക് വാഗ്ദാനം ചെയ്തു.

ചർച്ചയിൽ സർവ്വശ്രീ സി. പി അച്യുതൻ, കെ. പി ബാലകൃഷ്ണ പിഷാരോടി, രഘുനാഥ് കോലഴി, രഞ്ജിനി ഗോപി, സി. ജി കുട്ടി, ശ്രീധരൻ, ജി. പി നാരായണൻ കുട്ടി എന്നിവർ പങ്കെടുത്തു.

നവംബർ 10 ന് തൃശൂർ ശാഖ കുറ്റാലം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടൂർ സംഘടിപ്പിക്കുന്ന വിവരം ശ്രീ കെ. പി ഗോപകുമാർ അറിയിച്ചത് അംഗീകരിച്ച് നടത്താൻ തീരുമാനിച്ചു. പുതിയ ക്ഷേമനിധി ആരംഭിച്ചു. അംഗങ്ങൾ അന്യോന്യം പരിചയപ്പെട്ടു.

ശ്രീ ഗോപൻ പഴുവിലിന്റെ നന്ദി പ്രകാശനത്തോടെ യോഗം 6 ന് അവസാനിച്ചു.

അടുത്ത മാസത്തെ യോഗം പിന്നീട് തീരുമാനിച്ച് അറിയിക്കുന്നതാണ്.

സെക്രട്ടറി.

പിഷാരോടി സമാജം ചികിത്സാ സഹായ നിധിയിലേക്ക് ശ്രീ ടി. പി സേതുമാധവൻ 25000 രൂപ സംഭാവന ചെയ്തു

ചെക്ക് തൃശൂർ ശാഖ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണൻ, വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

നന്ദി അറിയിക്കുന്നു

സെക്രട്ടറി

0

Leave a Reply

Your email address will not be published. Required fields are marked *