എറണാകുളം ശാഖ 2021 മാർച്ച് മാസ യോഗം

എറണാകുളം ശാഖയുടെ മാർച്ച് മാസത്തെ യോഗം എളമക്കര ശ്രീ സതീശൻ ഉണ്ണിയുടെ ഭവനത്തിൽ വച്ച് 14-3-2021 ഞായറാഴ്ച 3 PMന് കൂടി.

ഗോപീകൃഷ്ണന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഗൃഹനാഥൻ സതീശൻ ഉണ്ണി യോഗത്തിൽ പങ്കെടുത്ത ഏവർക്കും സ്വാഗതമാശംസിച്ചു.

എല്ലാ മേഖലകളിലും കൂടുതലായി ഓൺലൈൻ പരിപാടികൾ നടക്കുന്ന ഈ സമയത്ത് എറണാകുളം ശാഖയുടെ മൂന്നാമത്തെ ഓഫ്‌ലൈൻ യോഗമാണ് നടത്തുന്നതെന്ന് പ്രസിഡണ്ട് രാംകുമാർ ഓർമ്മപ്പെടുത്തി. കൂടാതെ ദേവസ്വം ബോർഡ് ജീവനക്കാർ ഒഴികെയുള്ള കഴകക്കാർ, കലാകാരന്മാർ എന്നിവരുടെ അവസ്ഥ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണെന്നും അവരിലേക്ക് സഹായമെത്തിക്കാൻ സമാജം ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കണ്ടിയൂർ പിഷാരത്ത് നാരായണ പിഷാരടിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ശാസ്ത്രബിരുദ ധനസഹായത്തിന് അപേക്ഷ സ്വീകരിക്കുന്ന തീയതി മാർച്ച് മാസം ഇരുപതാം തീയതി വരെ നീട്ടിയതായും അർഹരായ അപേക്ഷകർ ഇല്ലാത്ത പക്ഷം കേന്ദ്രത്തിന്റ PE&WS വഴി അർഹരായവരെ കണ്ടെത്തുന്നതാണ് എന്നും യോഗത്തിൽ അറിയിച്ചു.

പി എസ് സി /ബാങ്ക് Orientation ക്ലാസ്സുകളുടെ ആദ്യ ഘട്ടം പൂർത്തിയായി. അടുത്ത ഘട്ടം കേന്ദ്രത്തിലെ PE&WS ന്റെ ആഭിമുഖ്യത്തിൽ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ കേന്ദ്ര കമ്മറ്റിയെ അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പു വരുത്താൻ കേന്ദ്ര സമാജത്തിന്റെ കീഴിൽ നടത്തുന്നത് നല്ലതായിരിക്കും എന്നും അവർ അത് ഏറ്റെടുത്ത് നടത്തുമെന്ന പ്രതീക്ഷ നമുക്ക് ഉണ്ടെന്നും രാംകുമാർ കൂട്ടിച്ചേർത്തു. ഈ രണ്ടു മാസക്കാലം പി എസ് സി കോച്ചിങ്ങിനു പകരം ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന് പ്രാധാന്യം നൽകുന്നതാണെന്നും അതിനായി ട്രെയിനർ ശ്രീമതി ജയനാരായണൻ തയ്യാറായി ക്ലാസുകൾ ആരംഭിച്ചിട്ടുണ്ടെന്നും യോഗത്തിൽ അറിയിച്ചു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10.30ന് ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ് എന്നും അറിയിച്ചു.

വരിസംഖ്യ, തുളസീദളം തുടങ്ങിയ കേന്ദ്രത്തിന് നൽകേണ്ട വിഹിത തുക (2020-21 വർഷത്തെ) യാതൊരു മുടക്കവും കൂടാതെ അടച്ചു കഴിഞ്ഞതായി അറിയിച്ചു.

ശാഖാ വാർഷികം ഇടപ്പള്ളി ദേവൻകുളങ്ങര എൻഎസ്എസ് ഹാളിൽ വച്ച് ഏപ്രിൽ 25 ന് 3 മണി മുതൽ 8 മണി വരെ നടത്താൻ തീരുമാനിച്ചു. കലാപരിപാടികളുടെ നടത്തിപ്പിനായി ശ്രീമതി രഞ്ജിനി സുരേഷ്, ശ്രീമതി മിനി മന്മഥൻ, ശ്രീ സതീശൻ ഉണ്ണി എന്നിവരെ തിരഞ്ഞെടുത്തു. എല്ലാ അംഗങ്ങളുടെയും പൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.

കേന്ദ്ര പരിധിയിൽവരുന്ന ക്യാൻസർ ചികിത്സാ സഹായത്തിനായി അർഹരായവർ ഉണ്ടെങ്കിൽ എത്രയും വേഗം അപേക്ഷിക്കേണ്ടതാണ് എന്നും ഓർമ്മപ്പെടുത്തി.

സെക്രട്ടറി കഴിഞ്ഞമാസത്തെ യോഗ റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം പാസാക്കി. കഴിഞ്ഞ മാസം മീറ്റിങ്ങിൽ ചർച്ചചെയ്യപ്പെട്ട ഗ്രൂപ്പ് ഇൻഷുറൻസിനെ കുറിച്ച് ഇനിയും വിവരങ്ങൾ ലഭ്യമാകാൻ ഉള്ളതിനാൽ കഴിയുന്നവർ ഇത്തരത്തിലുള്ള സ്കീമിനെ കുറിച്ച് അന്വേഷിക്കുന്നത് നല്ലതായിരിക്കും എന്ന് രാംകുമാർ പറയുകയുണ്ടായി.

ഏപ്രിൽ 18ന് നടക്കുന്ന കേന്ദ്ര പ്രതിനിധി സമ്മേളനത്തിൽ 25 അംഗങ്ങൾക്ക് ഒരാളെന്ന നിലയിൽ വോട്ടവകാശം ഉപയോഗപ്പെടുത്തണമെന്ന് മീറ്റിംഗിൽ ആവശ്യപ്പെട്ടു.

ക്ഷേമനിധി നറുക്കെടുപ്പിന് ശേഷം ശ്രീ സതീശൻ ഉണ്ണി, ശ്രീ സോമചൂഡൻ, ശ്രീമതി ജ്യോതിസോമചൂഡൻ എന്നിവരുടെ മനോഹരമായ ഗാന ആലാപനം യോഗത്തിന് മാറ്റുകൂട്ടി.

ശ്രീ സന്തോഷ് കൃഷ്ണൻ ഗവൺമെന്റ് ജോലിയുടെ പ്രാധാന്യം മനസ്സിലാക്കി കുട്ടികൾ സമാജം നടത്തി വരുന്ന ക്ലാസുകളിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തിയതിനു ശേഷം യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ട് യോഗം അവസാനിപ്പിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *