എറണാകുളം ശാഖ 2022 ജൂൺ മാസ യോഗം

സ്വാഗതം – Dr. രാംകുമാർ പി ബി

എറണാകുളം ശാഖയുടെ ജൂൺ മാസ യോഗവും പുതിയ ഭരണ സമിതിക്ക് ചുമതല കൈമാറുന്ന നടപടിക്രമങ്ങളും 12-06-2022 ഞായറാഴ്ച ചിറ്റൂർ ശ്രീ പി.ബി.രാംകുമാറിന്റെ വസതിയായ രാമനിവാസിൽ വെച്ച് നടന്നു.

ശ്രീമതി ലീല ഗോവിന്ദന്റേയും ശ്രീമതി ഇന്ദിര രാമചന്ദ്രന്റെയും ഭക്തിനിർഭരമായ നാരായണീയ പാരായണത്തോടെ യോഗ നടപടികൾക്ക് തുടക്കം കുറിച്ചു. ശ്രീ വേണുഗോപാലിന്റെ പ്രാർത്ഥനക്കു ശേഷം, ഇക്കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങൾക്ക് സ്മരണാഞ്ജലി അർപ്പിച്ചു. ഗൃഹനാഥൻ ശ്രീ ഡോ. രാംകുമാർ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.

പുതിയ ഭരണ സമിതി പ്രസിഡണ്ട് മുക്കോട്ടിൽ പിഷാരത്ത് ശ്രീ ദിനേശ് എസ് പിഷാരോടിയുടെ അദ്ധ്യക്ഷപ്രസംഗത്തിൽ ശാഖാ പ്രവർത്തനത്തിൽ എല്ലാ സമാജ അംഗങ്ങളുടെയും സഹകരണവും പങ്കാളിത്തവും തുടർന്നും വേണമെന്ന് അഭിപ്രായപ്പെട്ടു. ശാഖയുടെ വാർഷികാഘോഷ റിപ്പോർട്ടും കണക്കും ശ്രീ കൃഷ്ണകുമാർ അവതരിപ്പിച്ചു യോഗം പാസ്സാക്കി. പുതിയ ഭരണസമിതിക്ക് ചുമതലകൾ കൈമാറുന്നതിന്റെ ഭാഗമായി അദ്ദേഹം, പുതിയ സെക്രട്ടറി മുക്കോട്ടിൽ പിഷാരത്ത് ശ്രീ സന്തോഷ് കുമാറിനും ട്രഷറർ ശ്രീ രാധാകൃഷ്ണനും ശാഖയുടെ ഔദ്യോഗിക രേഖകളും കണക്കുകളും കൈമാറി. തുടർന്നുള്ള മറുപടി പ്രസംഗത്തിൽ ശ്രീ സന്തോഷ് കുമാർ കഴിഞ്ഞ കോവിഡ് മഹാമാരിയുടെ സമയത്തും, ശാഖയുടെ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ പഴയ ഭരണസമിതിയെ പ്രശംസിച്ചു. തുടർന്ന് ഏതൊരു ഭരണസമിതിയായാലും എറണാകുളം ശാഖയുടെ വിജയം എന്നത് ശാഖയിലെ അംഗങ്ങളുടെ ഒത്തൊരുമയും സഹകരണവും ആണ്. തങ്ങളുടെ ശാഖ പ്രവർത്തനത്തിന്റെ ഇന്ധനം അംഗങ്ങളാണ് എന്നും കൂട്ടിച്ചേർത്തു. ഏവരുടെയും ആത്മാർത്ഥമായ പ്രവർത്തനവും സഹകരണവും തുടർന്നും ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.

പിന്നീട് സീനിയർ അഡ്വക്കേറ്റ് ശ്രീ ജയകുമാർ ആശംസകൾ അറിയിച്ചു. ശാഖയുടെ പുതിയ രക്ഷാധികാരി ശ്രീ ഋഷികേശ് പിഷാരോടി ശാഖ പ്രവർത്തനത്തിന് വ്യക്തമായൊരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത് വളരെയധികം ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടു.

ഇന്നത്തെ പോലെ ശാഖ യോഗങ്ങളിലെ മികച്ച പങ്കാളിത്തവും അഭിപ്രായ പ്രകടനങ്ങളും തുടർന്നും ഉണ്ടാകുകയാണെങ്കിൽ മികച്ച ശാഖകളുടെ പട്ടികയിൽ എറണാകുളം ശാഖ ഒന്നാമതെത്തുമെന്നും ശ്രീ T.N മണി പറയുകയുണ്ടായി.

തുടർന്ന് ശ്രീ ബാലചന്ദ്രനും, ശ്രീ രാംകുമാറും പിഷാരോടി സമാജത്തിന്റെ ആവശ്യകതയെ സാധൂകരിക്കുന്ന പ്രവർത്തനങ്ങളുടെ സൂചകമായി സർക്കാർ സേവനങ്ങളിൽ പിഷാരോടി എന്ന ജാതി ചേർക്കപ്പെട്ടതും, കൂടാതെ മുന്നോക്ക സംവരണത്തിന്റെ ആനുകൂല്യത്തിൽ നമ്മുടെ പിഷാരോടി സമുദായ അംഗമായ ഒരാൾക്ക് തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നിയമനം ലഭിച്ചതും യോഗത്തിൽ സന്നിഹിതരായ അംഗങ്ങളുടെ അറിവിലേക്കായി പങ്കു വെച്ചു. കേന്ദ സമാജത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്കിന്റെ പ്രവർത്തനങ്ങളും വിശദീകരിക്കുകയുണ്ടായി.

യോഗത്തിൽ ശ്രീ എ.പി രാമചന്ദ്രൻ പുതിയ ഭരണസമിതിയുടെ പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും ഗൃഹ സമ്പർക്കം പുനരാരംഭിക്കണമെന്നും, വരിസംഖ്യ, വിവിധ ആഘോഷങ്ങളുടെ സമയത്തുള്ള ഗൃഹസന്ദർശനം എന്നിവ ഊർജ്ജിതമാക്കണമെന്നും ആവശ്യപ്പെട്ടു.

പിന്നീട് നമ്മുടെ ശാഖ അംഗമായ ശ്രീ രഘു ബാലകൃഷ്ണൻ പങ്കാളിയായ ഒരു സംരംഭം (BluSki Facilities Management) തുടങ്ങിയ വിവരം അറിയിക്കുകയും, എല്ലാവരും ഈ സേവനം ഉപയോഗപ്പെടുത്തണമെന്നും അഭ്യർത്ഥിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ മുക്കോട്ടിൽ പിഷാരത്ത് കുമാരി ഐശ്വര്യ സന്തോഷ്, താനും കുടുംബവും ഗുരുവായൂർ ഗസ്റ്റ് ഹൗസ് കഴിയുന്ന സമയത്തൊക്കെ പ്രയോജനപ്പെടുത്താറുണ്ടെന്നും, ഗസ്റ്റ് ഹൗസിന്റെ നിലവിലെ പ്രവർത്തനങ്ങളിൽ സന്തുഷ്ടയാണെന്നും അറിയിച്ചു. കൂടാതെ ഇങ്ങനെയുള്ള ഉപയോക്താക്കളുടെ അഭിപ്രായങ്ങളും മറ്റും അവലോകനങ്ങളായി രേഖപ്പെടുത്താൻ ഒരു ഫീഡ്ബാക്ക് കളക്ഷൻ സിസ്റ്റം കൊണ്ട് വരികയും, ആ വിവരങ്ങൾ സമാജം വെബ്സൈറ്റിലും സോഷ്യൽ മീഡിയയിലും പ്രദർശിപ്പിക്കുക വഴി കൂടുതൽ ബന്ധുക്കൾക്കും സുഹൃത്തുക്കളിലേക്കും പ്രചരിപ്പിക്കാനും സഹായകരമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. ഇതേ അഭിപ്രായത്തോട് ശ്രീ രഘു ബാലകൃഷ്ണനും യോജിക്കുകയുണ്ടായി. ഇത്തരത്തിൽ യുവാക്കൾ മുന്നോട്ടു വന്നു അഭിപ്രായങ്ങൾ പങ്കു വെക്കുന്നത് വളരെ സന്തോഷകരമാണെന്ന് ശ്രീ രാധാകൃഷ്ണൻ പറഞ്ഞു.

തുടർന്നുള്ള ക്ഷേമനിധി നറുക്കെടുപ്പിനു ശേഷം കലാപരിപാടികളുടെ ഭാഗമായി ശ്രീ വേണുഗോപാൽ, വേണിശ്രീ വിനോദ്, ശ്രീമതി രമാദേവി പിഷാരസ്യാർ, സോമചൂഢൻ-ജ്യോതി ദമ്പതിമാർ(യുഗ്മ ഗാനം), ശ്രീ ദിനേശ്, ശ്രീകുമാർ എന്നിവരുടെ ഗാനാലാപനം ഹൃദ്യമായ അനുഭവമായിരുന്നു.

ചായസൽക്കാരത്തിനു ശേഷം പുതിയ ജോയിന്റ് സെക്രട്ടറി ശ്രീമതി ദീപ വിജയകുമാർ യോഗത്തിൽ സന്നിഹിതരായ ഏവർക്കും നന്ദി പ്രകാശിപ്പിച്ചതോടെ യോഗം പര്യവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *