കൊടകര ശാഖ 2021 മെയ്‌ മാസ യോഗം

പിഷാരോടി സമാജം കൊടകര ശാഖയുടെ 2021 മെയ്‌ മാസത്തെ യോഗം മെയ്‌ 23 ഞായറാഴ്ച്ച വൈകുന്നേരം 3 മണിക്ക് ഗൂഗിൾ മീറ്റ് വഴി  ചേരുകയുണ്ടായി. കൂടുതൽ അംഗങ്ങൾ ഈ പ്ലാറ്റ്ഫോം ഉപയോഗിച്ച് യോഗത്തിലെത്തിയതിൽ പരസ്പരം സന്തോഷം രേഖപ്പെടുത്തി

യോഗം  യജ്ഞാചാര്യൻ കൂടിയായ ശ്രീ ജി. ആർ. രാഘവന്റെ (സിതാര രാജേട്ടൻ ) പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. യോഗം മോഡറേറ്റ് ചെയ്ത ശ്രീ. രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു.

പരേതയായ തൃക്കൂർ പിഷാരത്ത് ശാരദ പിഷാരസ്യാർ (കൊടുങ്ങ പിഷാരം) തുടങ്ങി നമ്മെ വിട്ടു പോയ പിഷാരോടി സമുദായം അംഗങ്ങളുടെ ആത്മശാന്തിക്കായി മൌനമാചരിച്ചു.

ശാഖാ പ്രസിഡണ്ട് ശ്രീ. ടി.വി.എന്‍. പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രവർത്തനങ്ങൾ കോവിഡ് സമയത്തും മുടങ്ങാതെ കൊണ്ടുപോകുന്നതായും സഹകരിക്കുന്ന ഏവർക്കും നന്ദിയും അറിയിച്ചു. ഈ കോവിഡ് സമയത്ത് പ്രത്യേകം ചികിത്സാ സഹായമായി ഒരു ശാഖാ അംഗത്തിന് ധനസഹായം നൽകിയത് യോഗം സാധൂകരിച്ചു. സെക്രട്ടറി ശ്രീ. സുരേഷ് സി.കെ. മുൻ മാസത്തെ റിപ്പോര്‍ട്ടും,  ഖജാന്‍ജി ശ്രീ. രാമചന്ദ്രന്‍ ടി.പി.  കണക്കും,  അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.

വിശദമായ ചർച്ചയിൽ എല്ലാവരും സക്രിയമായി പങ്കെടുത്തു. നിലവിൽ കൊടകര ശാഖയിലുൾപ്പെട്ട മണലി ഭാഗം തൃശൂർ ശാഖക്ക് അടുത്ത് ആയതിനാൽ മേൽ പ്രദേശം തൃശൂർ ശാഖയുടെ ഭാഗമാക്കുന്നതിൻ മേലുള്ള അഭിപ്രായം അറിയിക്കുന്നതിനുള്ള കേന്ദ്ര ജനറൽ സെക്രട്ടറിയുടെ നിർദ്ദേശം യോഗം വിശദമായി ചർച്ച ചെയ്തു. ഇത്തരത്തിൽ തൃശൂർ ശാഖയോട് കൂടുതൽ സമീപമായുള്ള തൃക്കൂർ, മണലി ഭാഗങ്ങൾ മേൽ ശാഖയിലേക്ക് ചേർക്കുന്നത് ആ പ്രദേശങ്ങളിലെ അംഗങ്ങൾക്ക് കൂടുതൽ ഗുണപ്രദമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ വിഷയം ജനറൽ സെക്രട്ടറിയെ അറിയിക്കുന്നതിന് സെക്രട്ടറിയെ  ചുമതലപ്പെടുത്തി തീരുമാനിച്ചു. ഇത് പോലെ ചില പ്രദേശങ്ങൾ മറ്റു ശാഖകൾക്ക് അടുത്ത് ആണെങ്കിൽ അതും പരിഗണിച്ച് ശാഖാ മാറ്റങ്ങൾ അംഗീകരിക്കപ്പെടാവുന്നത് ആണെന്ന് കേന്ദ്രത്തിലേക്ക് ശുപാർശ ചെയ്ത് തീരുമാനിച്ചു.

ജോലി സംബന്ധമായോ അല്ലാതെയോ മറ്റു സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നവരും താമസിക്കുന്നവരും, വാസസ്ഥലം മാറുന്നവരും അതാതു പ്രദേശത്തെ സമാജം ശാഖയുമായി സഹകരിച്ചു പ്രവർത്തിക്കുന്നത് കൂടുതൽ കൂട്ടായ്മക്കും സമാജത്തിന്റെ ഉണർവിനും കാരണമാകും എന്ന് യോഗം അഭിപ്രായപ്പെട്ടു.

ക്ഷേമനിധി പുനരാരംഭിക്കുന്നത് രണ്ട് മാസം കൂടി കഴിഞ്ഞു മതി എന്ന ആശയം യോഗം അംഗീകരിച്ചു. ശാഖയിലെ കലാകാരന്മാർ വിവിധ നവമാധ്യമങ്ങളിൽ നടത്തി വരുന്ന പ്രകടനങ്ങൾക്ക് അഭിനന്ദനം നേർന്നു. ഏവരും സക്രിയരായിരിക്കുന്നത് പോസിറ്റീവ് എനർജിക്ക് കാരണം ആകുമെന്നും അഭിപ്രായപ്പെട്ടു.

കോവിഡ് വ്യാപനം ശ്രദ്ധിക്കണം എന്നും ഏതെങ്കിലും വിധത്തിൽ പ്രത്യേക ശ്രദ്ധ വേണ്ട കുടുംബങ്ങളുണ്ടെന്നുള്ള സാഹചര്യം ഉണ്ടെങ്കിൽ ആയത് എക്സിക്യൂട്ടീവ് അംഗങ്ങൾ മുഖേന അറിയിപ്പ് ലഭ്യമാക്കുന്നതിന് പരിശ്രമിക്കുന്നതിനും തീർച്ചപ്പെടുത്തി.

ജോയിന്റ് സെക്രട്ടറി  ശ്രീ കെ .പി . കൃഷ്ണൻ  യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകടിപ്പിച്ചു. യോഗം 4.20 ന് അവസാനിച്ചു.

സി. കെ. സുരേഷ് ,
സെക്രട്ടറി, കൊടകര ശാഖ

0

Leave a Reply

Your email address will not be published. Required fields are marked *