എറണാകുളം ശാഖ 2024 സെപ്റ്റംബർ മാസ യോഗവും ഓണാഘോഷവും

ശാഖയുടെ 2024 സെപ്റ്റംബർ മാസ യോഗവും ഓണാഘോഷവും 22-09-24 രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ചേരാനല്ലൂർ NSS ഹാളിൽ വച്ച് നടന്നു. ശാഖാംഗങ്ങൾ ചേർന്ന് ഓണപ്പൂക്കളം ഒരുക്കി. മുതിർന്ന  ശാഖാംഗമായ ശ്രീമതി ബേബി രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കമായി. ശ്രീമതി പ്രീതി ദിനേശിന്റെ നാരായണീയ പാരായണത്തോടുകൂടി യോഗം ആരംഭിച്ചു. കഴിഞ്ഞമാസ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ എല്ലാവർക്കും അനുശോചനം രേഖപ്പെടുത്തി. ഓണത്തെ ആസ്പദമാക്കി കുട്ടികൾക്കായുള്ള ചിത്ര രചന നടത്തി. ചിത്ര രചനയിൽ മുതിർന്ന വിഭാഗം കുട്ടികളിൽ അനയ സുധീറും ചെറിയ കുട്ടികളുടെ വിഭാഗത്തിൽ ശ്രീനന്ദിനി മനോജും ഒന്നാം സ്ഥാനം നേടി. വൈസ് പ്രസിഡണ്ട്  അഡ്വ. അനിത രവീന്ദ്രൻ യോഗത്തിൽ എത്തിച്ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട്  ശ്രീ ദിനേശ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം എല്ലാവർക്കും ഓണാശംസകൾ നേരുകയും, കൂടാതെ ഈ ഓണക്കാലത്തും നമുക്ക് ഏറെ അഭിമാനിക്കാവുന്ന കാര്യമായ    മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ശാഖാംഗം ശ്രീ സന്തോഷ് മുക്കോട്ടിലിനെ അഭിനന്ദിച്ചു. കേന്ദ്ര വാർഷികം, വിദ്യാഭ്യാസ അവാർഡ് വിതരണം, തുളസീദളം പുരസ്‌കാരം, തൃശ്ശൂരിൽ നടക്കാനിരിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, ഒക്ടോബർ ആറിന് നടക്കാനിരിക്കുന്ന ഗുരുവായൂർ ഗസ്റ്റ് ഹൌസ് അംഗങ്ങളുടെ പൊതുയോഗം എന്നിവയെക്കുറിച്ച് അംഗങ്ങളെ അറിയിച്ചു. തുളസീദളം നവമുകുളം അവാർഡ് നേടിയ വിഷ്ണുദത്തനെയും, ഒപ്പം ഓൾ ഇന്ത്യ റേഡിയോയിൽ ഓഗസ്റ്റ് 25 – ന് സംപ്രേക്ഷണം ചെയ്ത വിടരുന്ന മൊട്ടുകൾ എന്ന പരിപാടിയിൽ പങ്കെടുത്തു അക്ഷരശ്ലോകം അവതരിപ്പിച്ച കുമാരി ശ്രീനന്ദ രാമകുമാറിനും, കഥ പറച്ചിൽ അവതരിപ്പിച്ച കുമാരി ആവ്യ സുധീറിനെയും പ്രത്യേകം പരാമർശിച്ചു. സെക്രട്ടറി ശ്രീ സന്തോഷ് വായിച്ച റിപ്പോർട്ടും, ശ്രീ ബാലചന്ദ്രൻ അവതരിപ്പിച്ച കണക്കും പാസാക്കി. രക്ഷാധികാരി ശ്രീ ഋഷികേശ് ഓണ സന്ദേശം നൽകി.

ക്ഷേമനിധി നറുക്കെടുപ്പ് നടന്നു. ശാഖ നൽകിവരുന്ന വിവിധ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.

  1. ചേരാനല്ലൂർ C P രാധാകൃഷ്ണ പിഷരോടി മെമ്മോറിയൽ അവാർഡ് (പത്താം ക്ലാസ്) – അനന്തകൃഷ്ണൻ N
  2. ചേരാനല്ലൂർ പത്മ പിഷാരസ്യാർ മെമ്മോറിയൽ അവാർഡ് (പ്ലസ് ടു) – സാരംഗ് S
  3. 3.എളംകുളം കൃഷ്ണ പിഷാരടി മെമ്മോറിയൽ അവാർഡ് (പത്താം ക്ലാസ്) – നിത്യാ രഘു
  4. പടിഞ്ഞാറേ പിഷാരത്ത് ബാലകൃഷ്ണൻ മെമ്മോറിയൽ അവാർഡ് (ഡിഗ്രി) – ശ്രീവിദ്യാ പിഷാരടി

ശാഖാംഗം ശ്രീമതി ഗീത പ്രസാദ്, അവരുടെ സ്വന്തം കരകൗശല ഉത്പന്നങ്ങളുടെ പ്രദര്ശനവും, വിപണനവും നടത്തി,  മറ്റുള്ളവർക്കും  ശാഖയുടെ ഇത് പോലെയുള്ള ആഘോഷവേളകളിലും മറ്റും സ്വന്തം ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള പ്രചോദനമായി. തുടർന്ന് കലാപരിപാടികളുടെ മേൽനോട്ടം കുമാരി ശ്രീലക്ഷ്മി സന്തോഷ് ഏറ്റെടുത്തു. കുട്ടികളുടെ തിരുവാതിരക്കളിയോട് കൂടി തുടങ്ങി വിവിധ കലാപരിപാടികളാൽ വർണ്ണാഭമായി. ശ്രീ ദിനേശ്, സോമചൂഡൻ, ഗീതാ പ്രസാദ്-ചിത്രാംഗദ, ജ്യോതി സോമചൂഡൻ, Dr. ശാലിനി ഹരികുമാർ, കെ പി പ്രകാശൻ, അനയ സുധീർ, പ്രീത രാമചന്ദ്രൻ, മാസ്റ്റർ സത്യജിത്ത് എന്നിവരുടെ ഗാനങ്ങളും സതി ജയരാജന്റെ കവിതയും രക്ഷാധികാരി ഋഷികേഷ്, ശാലിനി, ശാരിക എന്നിവരുടെ ഓണപ്പാട്ടും, ശാഖയിലെ മങ്കമാരുടെ തിരുവാതിരക്കളിയും, Dr. പി ബി രാംകുമാർ – സന്തോഷ് കൃഷ്ണൻ എന്നിവർ ചേർന്ന് നടത്തിയ പ്രശ്നോത്തരിയും നടന്നു. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം, കസേരകളി, സുന്ദരിക്കു പൊട്ടു തൊടൽ എന്നീ ഓണക്കളികളും നടന്നു.

തുടർന്ന് കലാപരിപാടികളിൽ പങ്കെടുത്തവർക്കും വിവിധ മത്സരവിജയികൾക്കും സമ്മാനങ്ങൾ നൽകി. അന്നേ ദിവസം മലയാളി മങ്കയായി ഐശ്വര്യ ഉണ്ണിക്കൃഷ്ണനെയും, കേരള ശ്രീമാനായി ശ്രീ സന്തോഷ് കൃഷ്ണനെയും തിരഞ്ഞെടുത്തു. ശാഖാ അംഗങ്ങളുടെ ലക്കി ഡ്രോ നടന്നു. തുടർന്ന് ശ്രീ സന്തോഷ് കൃഷ്ണൻറെ കൃതജ്ഞതയോട് കൂടി യോഗം പര്യവസാനിച്ചു.

To view photos of the event, pl click link below:

https://samajamphotogallery.blogspot.com/2024/09/2024_24.html

 

0

Leave a Reply

Your email address will not be published. Required fields are marked *