എറണാകുളം ശാഖയുടെ 2025 ഏപ്രിൽ മാസയോഗം 13-04-2025നു 8 – PM-ന് ഓൺലൈൻ ആയി നടന്നു. സെക്രട്ടറി ഏവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ മാസം നിര്യാതനായ ശാഖ അംഗം കുറുവട്ടൂർ പിഷാരത്ത് ശ്രീ കൃഷ്ണൻകുട്ടിക്കും, സമുദായത്തിൽ നിര്യാതരായവർക്കും മറ്റുള്ളവർക്കും അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. ഏപ്രിൽ 16 – നു നടക്കുന്ന തുളസീദളം കല സാംസ്‌കാരിക സമിതിയുടെ പ്രവർത്തനോദ്ഘാടനത്തെക്കുറിച്ചു സംസാരിച്ചു. ശാഖ അംഗവും പ്രശസ്ത സിനിമ ആർട്ടിസ്റ്റുമായ ശ്രീ രമേശ് പിഷാരോടി ഉദ്ഘാടനം നിർവ്വഹിക്കുന്ന പരിപാടിയിൽ ശാഖയിൽ നിന്നും പരമാവധി കലാകാരന്മാർ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു. ശാഖയിൽ നിന്നും ഏകദേശം 45 – ഓളം കലാകാരന്മാരുടെ ലിസ്റ്റ് തയ്യാറാക്കി ശ്രീ കെ പി ഹരികൃഷ്ണന് കൈമാറിയിട്ടുണ്ട്. തുടർന്ന് സെക്രട്ടറി മാർച്ച് മാസത്തെ റിപ്പോർട്ട് വായിച്ചു പാസാക്കി. ശാഖ വാർഷികം മെയ് 11 ഞായറാഴ്ച ചേരാനെല്ലൂർ NSS കരയോഗം ഹാളിൽ വെച്ച് രാവിലെ 10 മണി മുതൽ സമുചിതമായി ആഘോഷിക്കുന്ന വിവരം ഏവരെയും അറിയിച്ചു. എല്ലാ അംഗങ്ങളും കുടുംബസമേതം ഈ വാർഷിക കുടുംബസംഗമത്തിൽ പങ്കു ചേർന്ന് വിജയിപ്പിക്കണമെന്ന് പറഞ്ഞു.
ഇരിങ്ങാലക്കുടയിൽ വെച്ച് മെയ് 25 – നു നടക്കുന്ന കേന്ദ്ര വാർഷികത്തിൽ പങ്കെടുക്കുന്നതിനായി ശാഖയിൽ നിന്നും ഒരു വാഹനം ക്രമീകരിക്കാമെന്നും, കൂടാതെ ശാഖയ്ക്ക് കലാപരിപാടികൾ അവതരിപ്പിക്കാൻ അനുവദിച്ചിരിക്കുന്ന 30 മിനിറ്റ് സമയത്തിൽ എന്തെങ്കിലും പരിപാടി അവതരിപ്പിക്കാൻ അംഗങ്ങൾ ആരെങ്കിലും മുന്നോട്ടു വരണമെന്ന് താല്പര്യപ്പെട്ടു. ക്ഷേമനിധി നറുക്കെടുത്തതിന് ശേഷം കമ്മിറ്റി അംഗം ശ്രീ ജി രഘുനാഥിന്റെ നന്ദി പ്രകടനത്തോടെ യോഗം പര്യവസാനിച്ചു.