രുഗ്ണാലയ ദർശനം

-മധുസൂദനൻ മണക്കുളങ്ങര പിഷാരം  

 

ആശുപത്രിയിൽ ചെന്നു ഞാനൊരു ദിനം
രോഗിയാമെന്നുടെ തോഴനെ കാണുവാൻ
പൊതു വാർഡിൽ ചെന്നൊന്നു നോക്കി ഞാൻ
കൃഷ്ണാ കൃഷ്ണാ വിളിച്ചു പോയ് ഞാനഹോ

ദീനങ്ങൾ പിടി പെട്ടു വലയുന്ന
പുംസരെത്ര കിടക്കുന്നു ദൈവമേ
അമ്മമാർ, പിന്നെ കിടാങ്ങൾ, ഭഗിനിമാർ
സോദരൻമാരുമുണ്ടതിൻ കൂട്ടത്തിൽ.

അർഭുതമൊരുത്തനും, പ്രമേഹമപരനും
കാലു പോയതു മൂന്നാമനാണത്രേ
ക്ഷയമത്രേ രോഗം ചതുർത്ഥന്
പീലിയ വന്നു പോയ് പിന്നെ ഒരുത്തന്.

പൊള്ളലേറ്റുപോയ് വേറെ ഒരുത്തന്
തളർവാതമായ് വീണ്ടുമൊരുത്തനും
കേവലമൊരു ബാലികക്കായയ്യോ
രക്താർബുദം വന്നു പോയീശ്വരാ

ചികിത്സക്കു വകയില്ലായെങ്കിലും
ഉറ്റവർതൻ ജീവനെ രക്ഷിക്കാൻ
മണ്ടുന്നു ചിലർ പലവഴി, ശിവ ശിവ
നിൻ തുണതന്നെ വേണമവർക്കെല്ലാം

അന്നം വേണ്ടാ സുഖാദികളും വേണ്ട
മദമാത്സര്യ ചിന്തകളുമില്ല.
ചന്തം വേണ്ട, തിലകക്കുറി വേണ്ട
ദർപ്പണാഗ്രേ സമയം കഴിക്കേണ്ട

പരദൂഷണ ചിന്തയുമൊട്ടില്ല
ദുരാഗ്രഹങ്ങളും തെല്ലുമവിടില്ല
ഉച്ചനീചത്വ ചിന്തകളുമില്ല
കേവലം പ്രതീക്ഷകൾ മാത്രമായ്

ഹിന്ദുവെന്നില്ല, കൃസ്ത്യാനിയെന്നില്ല
മുഹമ്മദനും, പിന്നെ ജൂതരുമെന്നില്ല.
രോഗങ്ങൾ കൊണ്ട് വലയുന്ന കേവലം
പുംസരത്രെ തത്ര ഞാൻ കണ്ടതും

പണ്ഡിതരെന്നും, പാമരരെന്നതും
നര നാരീ അന്തരവുമില്ല
ബ്രഹ്മ കാരുണ്യം കാത്തു കഴിയുന്നു.
താന്തരായ് നമ്മുടെ സോദരൻമാരയ്യോ

കൃഷ്ണ മാധവാ, മുരളീധരാ ഹരേ
എത്ര ഭാഗ്യവാൻ ഞാനഹോ, കാർവർണ്ണാ
ഇത്ര നല്ലൊരു ജന്മമരുളിയ
നിന്നെ ഞാൻ കഥം വാഴ്ത്തണം ശ്രീഹരേ.

അന്നത്തിന്നു രുചി കുറഞ്ഞീടുമ്പോൾ
ഓർക്കണം നിൻ മഹിമയെന്നീശ്വര
അപരദോഷം വിളമ്പുന്ന നേരത്ത്
ഓർക്കണം ഞാനീവിധ ദൃശ്യങ്ങൾ.

ജാതിഭേദങ്ങൾ ചിന്തിക്കും നേരത്ത്
നിൻ കാരുണ്യം മാനസേ തോന്നണം
മറ്റു ജനങ്ങളെ ദ്വേഷിക്കും നേരത്ത്
നിൻ മഹിമ ഞാൻ നിത്യം സ്മരിക്കണം

നീയല്ലയോ എന്നകം വാഴുന്നു
നീതന്നെയാണപരിലും വാഴുന്നു.
നിന്നെക്കാണണം അപരജനങ്ങളിൽ
നിന്നെയെന്നപോൽ മാനിച്ചു കൊള്ളണം.

4+

3 thoughts on “രുഗ്ണാലയ ദർശനം

  1. കുനിശ്ശേരി പിഷാരത്ത് സുരേഷ് കുമാർ says:

    നന്നായിട്ടുണ്ട്

    1+
  2. ഇതാ വീണ്ടും ഒരു പിഷാരടി കവി ആസ്പത്രി സന്ദർശനം കഴിഞ്ഞു അവിടെ കണ്ട കാഴ്ചകൾ/സങ്കടങ്ങൾ വിവരിക്കുന്നു, ഈ യുവ പ്രതിഭകളെ ഞാൻ എങ്ങിനെ അഭിനന്ദിക്കണമെന്നു എനിക്ക് തന്നെ അറിയുന്നില്ല, സന്തോഷം, അനുമോദനങ്ങൾ

    1+

Leave a Reply

Your email address will not be published. Required fields are marked *