നൂറിൻ നറുനിലാവ്

കുഞ്ചുക്കുട്ടി – കുഞ്ചുവും, കുട്ടിയും നിഷ്കളങ്കതയുടെ പര്യായങ്ങളാവുമ്പോൾ, ഒരു കുട്ടിയുടെ പേരെന്ന് ധരിച്ചു അല്ലെ ! എന്നാലല്ല.

നൂറു വയസ്സെത്തി നിൽക്കുന്ന ഞങ്ങളുടെ കൊച്ചു സുന്ദരിയായ കുഞ്ചുക്കുട്ടിയെ കുറിച്ചാണ് ഈ കുറിപ്പ്.

മുടവന്നൂർ പിഷാരത്തെ ഉമാദേവി പിഷാരസ്യാരാണ് ഈ ചെറു കുറിപ്പിലെ നായിക. നൂറിന്റെ ചെറുപ്പത്തിൽ നിൽക്കുന്ന ഞങ്ങളുടെ സ്വന്തം അമ്മമ്മ.

എൻറെ പരിചയം കഴിഞ്ഞ 23 വർഷക്കാലത്തെയാണ്. പേരക്കുട്ടിയുടെ വധുവായി ചെന്ന കാലം മുതൽ ഒരു കൂട്ടുകാരിയോടെന്ന പോലെ ധാരാളം അനുഭവ കഥകൾ അമ്മമ്മ പങ്കു വെച്ചിരുന്നു.

ഒരമ്മമ്മയുടെ വാത്സല്യം ലഭിക്കാത്ത എനിക്ക് സിദ്ധിച്ച ഭാഗ്യമായിരുന്നു അമ്മമ്മയുമായുള്ള ചങ്ങാത്തം.

അമ്മമ്മയെ അടുത്തറിയുന്തോറും അത്ഭുതം തോന്നിയിരുന്നു. അനുഭവക്കാഴ്ചകളുടെ കെട്ടഴിച്ചാൽ ഒരു വലിയ കഥയായി മാറും. അതിൽ കുറുക്കിയെടുത്ത ചിലതു മാത്രം കുറിക്കട്ടെ.

കുന്തീദേവിക്ക് പഞ്ചപാണ്ഡവർ പോലെ, കുഞ്ചുക്കുട്ടിക്ക് പഞ്ച കുമാരികൾ ആയിരുന്നു. കുസുമ സൗരഭ്യം പോലെ കമലയും, ഇന്ദിരയും, വിനോദിനിയും, ആനന്ദവല്ലിയും, രമണിയും. യോഗ്യരായ തരുണീമണികൾ. അവരെ വേണ്ട വിദ്യാഭ്യാസം നൽകി വേണ്ട കരങ്ങളിലേൽപ്പിച്ചു .

ഏതൊരു രക്ഷാകർത്താവും ചെയ്യുന്ന സാധാരണ കാര്യങ്ങൾ എന്ന് ലഘൂകരിക്കാൻ വരട്ടെ.. ഇത് ചെയ്തത് വിദ്യ ലഭിക്കാൻ അവസരല്ലാതിരുന്ന ഒരമ്മയാണ്. പെൺകുട്ടികൾ, അതും അഞ്ചു പേർ…എന്ന ദീർഘ നിശ്വാസമോ, വീർപ്പുമുട്ടലോ അല്ല, കരുത്തിൻ പ്രതീകങ്ങളായാണവർ വളർന്നത്. അക്കാലത്തും വളരെ സ്വതന്ത്ര ചിന്താഗതിക്കാരായാണവർ വലുതായത്. സ്ത്രീകൾക്ക് നിശ്ചയമായും അറിഞ്ഞിരിക്കേണ്ട വീട്ടുജോലികളിൽ മാത്രമല്ല, അവർക്ക് പ്രാഗത്ഭ്യം. തുന്നൽ മുതൽ റിപ്പയറിങ് വരെ പയറ്റിത്തെളിയും. മരം കേറ്റം മുതലായ വേലകൾ വേറെയും. തനിക്കൊരു താങ്ങാവാൻ തന്റെ പെണ്മക്കളെ അബലകളായല്ല, സുബലകളായാണ് വളർത്തിയത്. ചിറകിനടിയിൽ ഒതുക്കിയല്ല, ചിറകുവിരിച്ചു പറത്താൻ പ്രാപ്തരാക്കിയ ഒരമ്മ.

അഞ്ചു പേരിലും വല്യമ്മ മൃദുതര തരുണിയെങ്കിലും(യുധിഷ്ഠിരന്റെ പോലെ) മറ്റു നാലു പേരും ആൺകുട്ടികളെ വെല്ലുന്ന കുസൃതിയുടെ സാക്ഷാത് രൂപങ്ങളായിരുന്നു. ഒത്തു കൂടുമ്പോൾ, സ്വന്തം വികൃതിയുടെ കഥകൾ അവർ വിളമ്പുമ്പോൾ, ഒപ്പം കൂടുന്ന അമ്മമ്മ അവരെക്കാൾ വികൃതിയാണെന്ന് തോന്നിപ്പോകും. തോന്നലല്ല, കുട്ടിക്കുറുമ്പി തന്നെ.

ആദ്യ ഭാര്യയുടെ ദേഹവിയോഗത്തിനു ശേഷം മുത്തശ്ശൻ രണ്ടാമത് വിവാഹം കഴിച്ചതാണ് അമ്മമ്മയെ. എന്നാൽ താനായിരുന്നു പ്രിയപ്പെട്ടവൾ എന്ന് എന്നോട് പറയുമ്പോൾ ആ മുഖത്തു തെളിഞ്ഞു നിന്നത് ഒരു സാധാരണ സ്ത്രീയുടെ സ്വതസിദ്ധമായ സ്നേഹക്കൂടുതലിന്റെ സ്വാർത്ഥഭാവമായിരുന്നുവോ ? അല്ല.. അനിർവ്വചനീയ പ്രണയത്തിന്റെ സ്ഫുരണമോ? അതാവും കൂടുതൽ ശരി.

അമ്മമ്മക്ക് അഞ്ച് പെണ്മക്കൾ എന്ന് പറഞ്ഞുവല്ലോ. മുത്തശ്ശന് ഒരു മകനും ഉണ്ടായിരുന്നു. പഞ്ചകുമാരികളുടെ “ചുണ്ടേലേട്ടൻ”. അവർ ചുണ്ടേലേട്ടൻ എന്നുച്ചരിക്കുമ്പോഴെല്ലാം കിനിഞ്ഞിറങ്ങിയിരുന്ന സ്നേഹത്തേനിൽ നിന്നുമറിയാം അമ്മമ്മയുടെ വാത്സല്യത്തിന്റെ ആഴം.

മക്കളുടെ ഭർത്താക്കന്മാരായി എത്തിയവർ അഞ്ചാണ്മക്കൾ തന്നെയായിരുന്നു, അല്ലെങ്കിൽ അമ്മമ്മയുടെ ചിന്തയും, സ്വഭാവ വിശേഷങ്ങളും അവരെ അങ്ങനെയാക്കി തീർത്തിരുന്നു. അവരുടെ നാലു പേരുടെ മരണം വരെയും അത് തുടരുകയും ചെയ്തിരുന്നു..

അവരിലാരുടെയും ജോലിയോ, സമ്പത്തോ, സ്വഭാവമോ ഒന്നും അമ്മമ്മയുടെ സ്നേഹത്തിനു വ്യതിയാനം വരുത്തിയിരുന്നില്ല. തമ്മിൽ ചെറുതായൊരു മാത്സര്യത്തിനിടകൊടുക്കാതെ, പരസ്പര സ്നേഹമാകുന്ന പാശത്തിൽ ബന്ധിതരായി അവരെ തെല്ലൊരസൂയാനിർഭരമായ ആശ്ചര്യത്തോടെ മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ.

എല്ലാവരെയും ഒരു ജപമാലയിൽ കൊരുത്ത മുത്തുകൾ പോലെ, തന്റെ സ്നേഹമാകുന്ന കൈകളിൽ മുറുകെ പിടിച്ച് ലോകമാതാവായ ഉമയെപ്പോലെ തന്റെ വലിയ കുടുംബത്തിന്റെ നാഥയായി അമ്മമ്മ.

ഓരോ പ്രായക്കാരോടും അവരവരുടെ രീതിയിൽ ഇടപെടാൻ അമ്മമ്മക്കുള്ള പ്രാവീണ്യം എടുത്തു പറയേണ്ട ഒന്നാണ്. കുട്ടികളാണ് ഏറെ പ്രിയപ്പെട്ടവർ. ഏതു പ്രായക്കാരും കളിക്കൂട്ടുകാർ. അതിലേറെ രസം, മക്കളുടെയും, പേരക്കുട്ടികളുടെയും, അവരുടെ ജീവിത പങ്കാളികളുടെയും എല്ലാം ഇഷ്ടാനിഷ്ടങ്ങൾ മനഃപാഠമായ അമ്മമ്മയുടെ കൈപ്പുണ്യം… സ്നേഹത്തിന്റെ സ്വാദ് അനിതരസാധാരണം തന്നെയാണ്.

നറും നിലാവെന്ന് ഞാൻ പറഞ്ഞത് വെറുതെയല്ല. ചന്ദ്രൻ എല്ലായിടത്തും ഉദിക്കുമല്ലോ! നിലാവും പൊഴിക്കും.. അമ്മമ്മയും അത് പോലെയാണ്. സ്ഥലകാലഭേദമന്യേ യാത്ര ചെയ്യാനും, വസിക്കാനും അല്പം പോലും മടിയില്ല. അതു മാത്രമല്ല, എവിടെയെത്തിയാലും അവിടത്തെ ആളായി മാറും. ഏതു സാഹചര്യവും അതിജീവിക്കാൻ അല്പം പോലും ആയാസം കണ്ടിട്ടില്ല. വളർന്നു വന്ന വഴിയിലെ കാഠിന്യമാവാം ആ മനോധൈര്യത്തിന്റെ മരുന്ന്.

എവിടെയാണെങ്കിലും കൃത്യനിഷ്ഠയാണ് മുഖമുദ്ര. സ്വന്തം കാര്യങ്ങൾ എല്ലാം കിറു കൃത്യം. കുളി, ജപം, ഭക്ഷണം, ഉറക്കം, വായന… തെല്ലു സംശയം വേണ്ട അമ്മമ്മയുടെ ദിനചര്യകൾ നോക്കി സമയം കുറിക്കാം.എവിടെയാണോ, അവിടെത്തെ ഭക്ഷണരീതിയുൾക്കൊള്ളാൻ ഒട്ടും പ്രയാസമില്ല. “പിസ്സയെങ്കിൽ പിസ്സ – പനീർ മഖനി എങ്കിൽ, അത്”

അഞ്ചു പെണ്മക്കളുടെ അമ്മ ഒരാൺ തരിയെ മോഹിച്ചാൽ തെറ്റു പറയാനാവില്ലല്ലോ. അതിനായി പക്ഷെ ഗുരുവായൂരപ്പന് നേർന്ന വെണ്ണയെല്ലാം പെൺമണികളിലും, പേരക്കുട്ടികളിലും അനുഗ്രഹമായി ചൊരിഞ്ഞു കളഞ്ഞു ഗുരുവായൂരപ്പൻ. ഒന്ന് രണ്ട് ഫുട്‍ബോൾ ടീമൊപ്പിക്കാനുതകും കുടുംബത്തിലെ പുരുഷപ്രജകൾ. അനുഗ്രഹം തീർന്ന മട്ടില്ല. അഞ്ചാം തലമുറയിലെ ആദ്യ കണ്മണിയും “പുരുഷൻ തന്നെ”.

പഴമനസ്സെന്ന് കരുതരുത്. പുതുതലമുറക്ക് പോലും അമ്പരപ്പുളവാക്കും വിധം ആധുനിക ചിന്താഗതിക്കുടമയാണ് കുഞ്ചുക്കുട്ടി. അധികം പേരക്കുട്ടികളും സ്വജാതീയരെ തന്നെ പങ്കാളികളാക്കിയപ്പോൾ; ഒരു പൗത്രൻ മഹാരാഷ്ട്രയിൽ നിന്നും, പ്രപൗത്രൻ രാജസ്ഥാനിൽ നിന്നും കൂട്ടുകാരികളെ കൂടെക്കൂട്ടി. അവരോട് സംവദിക്കാൻ ഭാഷയൊരു വെല്ലുവിളിയെ അല്ലാത്ത അമ്മമ്മക്ക് അവരുടെ ഇഷ്ടങ്ങളും വശം.

ഒരേയൊരു പരാതിയെ ഞങ്ങൾ പെൺ പട്ടാളങ്ങളെ പറ്റി അമ്മമ്മക്കുള്ളൂ.. “ഇവർക്കൊക്കെ കഴുത്തിലും കാതിലുമൊക്കെ പണ്ടങ്ങളിട്ടു മര്യാദക്ക് നടന്നു കൂടെ”..

ഇപ്പോഴുമെപ്പോഴും വൃത്തിയായി വസ്ത്രം ധരിച്ച്, ആഭരണങ്ങൾ അണിഞ്ഞു സുന്ദരിയായിരിക്കുന്ന അമ്മമ്മ അതല്ലേ പറയൂ

ഞങ്ങളുടെ ഈ കുഞ്ചിക്കുട്ടി അമ്മമ്മക്ക് നൂറായിരം ഉമ്മകളോടൊപ്പം, ഇങ്ങനെയൊരസാധാരണ വ്യക്തിത്വത്തിന്റെ സാമീപ്യം ഞങ്ങൾക്കൊപ്പമിനിയുമുണ്ടാവാൻ, അമ്മമ്മക്ക് ആയുസ്സുമാരോഗ്യവും, അതിനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടാകാനും പ്രാർത്ഥിച്ചു കൊണ്ട്,

പേരക്കുട്ടികൾക്കും
അവരുടെ കുട്ടികൾക്കും
അവരുടെയും കുട്ടികൾക്കും
വേണ്ടി രഞ്ജിനിക്കുട്ടി(Ranjini Suresh)

 

 

 

4+

13 thoughts on “നൂറിൻ നറുനിലാവ്

 1. ഈ സുന്ദരി മുത്തശ്ശിക്ക് ഒരായിരം സ്നേഹാസംശകൾ.
  മുത്തശ്ശിയെ പറ്റിയുള്ള വിവരണം സുന്ദരമായിരിക്കുന്നു.

  0
 2. കുഞ്ചുകുട്ട്ടി വല്യമ്മക്ക് ശതാബ്ദ്ധി നിറവിൽ ആയിരമായിരം ആശംസകൾ

  0
 3. 🙏നൂറാം പിറന്നാൾ ആഘോഷിക്കുന്ന സ്നേഹനിധിയായ കുഞ്ചുകുട്ടി മുത്തശ്ശിക്ക് ആയൂരാരോഗൃസൗഖൃം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു 🙏💐

  0
 4. 100 ആം പിറന്നാൾ ആഘോഷിക്കുന്ന കുഞ്ഞുകുട്ടി അമ്മായിക്ക് കുഞ്ഞുണ്ണിയുടെ സാഷ്ടാംഗ നമസ്കാരം

  0
 5. മുത്തശ്ശിക്ക് എന്റെ സ്നേഹം നിറഞ്ഞ പ്രണാമം. ഒപ്പം പിറന്നാൾ ആശംസകളും.

  0
 6. മുത്തശ്ശിക്ക് സ്നേഹം നിറഞ്ഞ പ്രണാമം. ഒപ്പം പിറന്നാൾ ആശംസകളും.

  0
 7. അമ്മമ്മക്ക് പിറന്നാൾ ആശംസകൾ.. രഞ്ജിനി അസ്സലായി എഴുത്ത് 😍

  1+
 8. ചെറിയമ്മക്ക് ഞെങ്ങളുടെ സ്നേഹം നിറഞ്ഞ പിറന്നാളാശംസകൾ 🌹🙏

  0

Leave a Reply

Your email address will not be published. Required fields are marked *