നവതിയുടെ നിറവിൽ

ശ്രീ. സി. പി. ഉണ്ണികൃഷ്ണ പിഷാരോടി എന്ന എന്റെ അച്ഛപ്പന്റെ നവതി, 07-10-2020 ന് ആയിരുന്നു. അച്ഛപ്പന്റെ കാൽക്കൽ നമസ്കരിച്ചു അനുഗ്രഹം നേടണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, കോവിഡ് എന്ന മഹാമാരി ഭീതിപുലർത്തിയിരിക്കേ, യാത്രകൾ അനുകൂലമാകാത്ത അവസ്ഥയിൽ എനിക്ക് അതിനു സാധിച്ചില്ല. ഈ വിഷമാവസ്ഥയിൽ അച്ഛപ്പൻ എന്നിലുളവാക്കിയ മാറ്റങ്ങളെക്കുറിച്ച് എഴുതാം എന്ന ആശയം എന്റെ മനസ്സിലുദിച്ചു.

ഒരു നിമിഷം ഞാൻ എന്റെ ബാല്യകാലം ഓർക്കുകയാണ്….

ക്ഷമ എന്ന രണ്ടക്ഷരത്തിന്റെ അർത്ഥം ഞാൻ അച്ഛപ്പനിൽ നിന്ന് മനസ്സിലാക്കി. അന്നന്ന് ചെയ്യേണ്ട പ്രവൃത്തികൾ അന്നന്ന് തന്നെ ചെയ്യണം എന്ന സത്യം ഞാൻ അച്ഛപ്പനിൽ നിന്ന് പഠിച്ചു. അച്ഛപ്പൻ ഒരു കാര്യമോ പ്രവൃത്തിയോ അടുത്ത ദിവസത്തേക്ക് മാറ്റി വെക്കാറില്ല. ഏതു പ്രവൃത്തിയും വളരെ ചിട്ടയോടും പൂർണ്ണതയോടും ചെയ്യുക എന്നത് അച്ഛപ്പന് നിർബന്ധമാണ്. കഠിനാധ്വാനം എന്നത് അച്ഛപ്പന്റെ മറ്റൊരു സവിശേഷത ആണ്. നമ്മളാൽ സാധിക്കുന്ന കാര്യങ്ങൾ നാം തന്നെ ചെയ്യുക എന്നത് അച്ഛപ്പന്റെ ഒരു ശീലമാണ്.

നമ്മിൽ പലരുമാലോചിക്കാറില്ലേ, പ്രായമായാൽ പിന്നെ ഇനി എന്ത് പഠിക്കണമെന്ന്?
എന്നാൽ എന്റെ അച്ഛപ്പൻ എഴുപതുകളിലും ശ്രീമത് ഭഗവത്ഗീത അഭ്യസിക്കുവാൻ ഗീതാ ക്ലാസ്സിൽ പോകുമായിരുന്നു. എന്റെ കുട്ടിക്കാലത്ത്, സന്ധ്യാനാമം ചൊല്ലുമ്പോൾ ഗീതയിലെ ചില ശ്ലോകങ്ങൾ എനിക്കും പറഞ്ഞു തരുമായിരുന്നു. അതിന്റെ അർത്ഥവും വിവരിക്കാറുണ്ട്. ഈശ്വരോ രക്ഷ, ശംഭോ മഹാദേവ എന്നോക്കെ അച്ഛപ്പൻ നിരന്തരം ഉരുവിടാറുണ്ട്. നാം നേടുന്നതെല്ലാം നമ്മുടെ കഴിവിനൊപ്പം ഈശ്വരാനുഗ്രഹവും കൂടിയാണ് എന്ന സത്യം അച്ഛപ്പനിൽ നിന്ന് ഞാൻ ഗ്രഹിച്ചു.

താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താന്താനനുഭവിച്ചീടുകെന്നേ വരൂ…

അധ്യാത്മരാമായണം കിളിപ്പാട്ടിലെ ഈ വരികളും അതിന്റെ പൊരുളും അച്ഛപ്പൻ എനിക്കോതിതന്നു.

ചൊട്ടയിലെ ശീലം ചുടലവരെ എന്നപോലെ എന്റെ ബാല്യത്തിൽ, അച്ഛപ്പനിൽ നിന്നും ഞാൻ ശീലിച്ചതും മനസ്സിലായതുമായ കാര്യങ്ങൾ ഇന്നും ഞാൻ പ്രാവർത്തികമാക്കുന്നു.

തെറ്റും ശരിയും തിരിച്ചറിയാത്ത പ്രായത്തിൽ എന്നെ ഗുണദോഷിച്ച, മാതൃഭാഷയും, രാഷ്ട്രഭാഷയും എനിക്ക് ഓതിതന്ന എന്റെ അച്ഛപ്പനെ ഞാൻ ശിരസ്സാ നമിക്കുന്നു. പൂര്‍ണ്ണതാവാദി എന്നാണ് അച്ഛപ്പനെ ഞാൻ വിശേഷിപ്പിക്കുന്നത്. നമുക്കെല്ലാവര്‍ക്കും, പൂർണ്ണതയുടെ മാതൃകയാണ് അച്ഛപ്പൻ.

ചെയ്യുന്ന പ്രവൃത്തികൾ ക്രമമായും, പൂർണ്ണതയോടും ചെയ്യുവാൻ എനിക്ക് പ്രചോദനമായ അച്ഛപ്പനോട് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു. നവതിയുടെ നിറവിൽ അച്ഛപ്പന് ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്, സ്നേഹാദരവോടെ പേരക്കുട്ടി,

-ആശ മണിപ്രസാദ്

17+

7 thoughts on “നവതിയുടെ നിറവിൽ

  1. ഉണ്ണി കൃഷ്ണ പിഷാരോടിക്കു എന്റെ വിനീത നമസ്കാരം,

    0
  2. സി.പി. ഉണ്ണികൃഷ്ണപിഷാരോടിക്ക് നവതി ആശംസകൾ

    0
  3. ശ്രീ ഉണ്ണികൃഷ്ണ പിഷാരോടിക്ക് നവതി ആശംസകൾ! അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ!

    0
  4. ആശംസകൾ… സ്നേഹത്തോടെ… ഉണ്ണികൃഷ്ണേട്ടന്.

    0

Leave a Reply

Your email address will not be published. Required fields are marked *