എറണാകുളം ശാഖയുടെ 2025 ജൂൺ മാസ യോഗം 08-06-2025 – നു 3PMനു ചേരാനെല്ലൂർ പിഷാരത്തു ശ്രീ സി പി രവീന്ദ്രപിഷാരോടിയുടെ വസതിയിൽ വെച്ച് നടന്നു.
ഗൃഹനാഥ ശ്രിമതി കുമാരി രവീന്ദ്രൻ ദീപം കൊളുത്തി. ശ്രീമതി ശാലിനി രഘുനാഥ് ഈശ്വര പ്രാർത്ഥന ചൊല്ലിയശേഷം ഏവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ കാലയളവിൽ സമുദായത്തിൽ നമ്മെ വിട്ടു പോയവരെ സ്മരിച്ചുകൊണ്ട് ഒരു നിമിഷം മൗനപ്രാർത്ഥന നടത്തി.
പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, സെക്രട്ടറി മെയ് മാസം നടന്ന ശാഖയുടെ വാർഷിക പൊതുയോഗ റിപ്പോർട്ട് അവതരിപ്പിച്ചത്, ചില തിരുത്തലുകളോടെ പാസാക്കി. ഖജാൻജി ശ്രീ എം ഡി രാധാകൃഷ്ണൻ വാർഷിക പൊതുയോഗത്തിന്റെ വരവ് ചിലവുകൾ അവതരിപ്പിച്ചു. ശാഖ മുൻ വൈസ് പ്രസിഡന്റ് കൂടിയായ ശ്രീമതി ആശ വിജയൻ ശാഖ വാർഷികത്തിന്റെ സദ്യ സ്പോൺസർ ചെയ്തത് പ്രേത്യേകം പരാമർശിച്ചു. എന്നാൽ സ്‌പോൺസർഷിപ് ലഭിച്ചിട്ടും വാർഷികത്തിലേക്ക് സംഭാവനകൾ കുറവാണ് ലഭിച്ചിരിക്കുന്നതെന്ന ആശങ്ക പങ്കുവെച്ചു. വാർഷിക യോഗത്തിന്റെ അവലോകനം നടന്നു. വാർഷികത്തിൽ കൂടുതൽ അംഗങ്ങൾ പങ്കെടുക്കണമായിരുന്നു എന്ന് വിലയിരുത്തി.
ഇരിങ്ങാലക്കുടയിൽ വെച്ച് നടന്ന കേന്ദ്ര വാർഷികത്തിന് ശാഖയിൽ നിന്നും 15 പേരാണ് പങ്കെടുത്തത്. ഒരു ട്രാവലറിലാണ് പോയത്. വാർഷികത്തിലേക്കായി ഏകദേശം 13700/- രൂപയാണ് പിരിച്ചു കൊടുത്തത്. സംഭാവന നൽകിയ ഏവരെയും പ്രസിഡണ്ട് അഭിനന്ദിച്ചു. കൂടാതെ 5000 /- രൂപ സംഭാവന നൽകിയ സീനിയർ അഡ്വക്കേറ്റ് ജയകുമാറിന് പ്രത്യേകം നന്ദി രേഖപ്പെടുത്തി.
എറണാകുളം ശാഖയുടേതായി ഒരു ക്ലാസിക്കൽ നൃത്തം അവതരിപ്പിച്ച സൗമ്യ ബാലഗോപാലിന് പ്രത്യേകം നന്ദി അറിയിച്ചു. വളരെ മികച്ച രീതിയിലുള്ള പ്രവർത്തനത്തോടെ, കേന്ദ്ര വാർഷികത്തിനു ആതിഥേയം വഹിച്ച ഇരിങ്ങാലക്കുട ശാഖയ്ക്ക് എറണാകുളം ശാഖയുടെ അഭിനന്ദനങ്ങൾ യോഗത്തിൽ അറിയിച്ചു.
തുളസീദളം കലാ സാംസ്കാരിക സമിതിയുടെ വിവരങ്ങൾ ചർച്ച ചെയ്തു. ശാഖയിലെ എല്ലാ കലാകാരന്മാരും ഇതിൽ മെമ്പർഷിപ് എടുക്കണമെന്ന് താല്പര്യപ്പെട്ടു. മെമ്പർഷിപ് വിവരങ്ങൾ കൃത്യമായി ലഭിച്ച ശേഷം എല്ലാവരെയും അറിയിക്കുന്നതാണ്. ശാഖയിലെ കലാകാരന്മാർ കൂടുതലുള്ള സ്ഥലത്തു വെച്ച് ഉടൻ തന്നെ ഒരു യോഗം നടത്താൻ ശ്രമിക്കുന്നതാണ്. ഇതിൽ സമിതിയുടെ ഭാരവാഹികളെ ക്ഷണിക്കുകയും ചെയ്യാം. കഴിഞ്ഞ കുറച്ചു കാലയളവിൽ സമാജം PE & WS സെക്രട്ടറിയായി മികച്ച പ്രവർത്തനം കാഴ്ച വെച്ച നമ്മുടെ ശാഖ അംഗമായ Dr. പി ബി രാംകുമാറിനെ യോഗം അഭിനന്ദിച്ചു. കൂടാതെ അദ്ദേഹത്തിന്റെ കാലയളവിൽ നടന്ന സൊസൈറ്റിയുടെ ചില പ്രവർത്തനങ്ങളും നേട്ടങ്ങളും പങ്കുവെച്ചു. തുടർന്ന് നടന്ന ചർച്ചയിൽ സമാജം അംഗങ്ങൾ, തങ്ങളുടെ കുടുംബത്തിലെ വിശേഷ ദിവസങ്ങളിലും മറ്റും, കഴിയുന്ന പോലെ സമാജം സൊസൈറ്റിയിലേക്കു സംഭാവനകൾ ചെയ്യുന്ന വഴി സമാജം കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാൻ ശ്രീ രാധാകൃഷ്‌ണൻ അഭ്യർത്ഥിച്ചു.
ക്ഷേമനിധി നറുക്കെടുത്തു. ജ്യോതി സോമചൂടൻ, T V ബാലകൃഷ്ണപിഷാരോടി, വൈശാഖ് പിഷാരോടി എന്നിവർക്കാണ് നറുക്കു ലഭിച്ചത്. തുടർന്ന് നടന്ന സ്വാദിഷ്ടമായ ചായ സത്കാരത്തിനോടൊപ്പം, ശാഖയിലെ കുമാരി തൃഷയുടെ ജന്മദിനത്തോടനുബന്ധിച്ചു മധുരവും വിളമ്പി.
കമ്മിറ്റി അംഗം ശ്രീ ജി രാജുനാഥിന്റെ കൃതജ്ഞതയ്ക്കു ശേഷം, ഗ്രൂപ്പ് ഫോട്ടോയോടു കൂടി യോഗം പര്യവസാനിച്ചു