ശാഖയുടെ 2024 – 2025 വർഷത്തെ വാർഷിക പൊതുയോഗവും കുടുംബസംഗമവും 2025 മെയ് 11 – നു ചേരാനെല്ലൂർ NSS കരയോഗം ഹാളിൽ വെച്ച് നടന്നു. രാവിലെ 10:30 – മണിക്ക് ശാഖ രക്ഷാധികാരി ശ്രീ K N ഋഷികേശ് പതാക ഉയർത്തി. അതിനു ശേഷം നമ്മുടെ കുലത്തൊഴിലായ മാലകെട്ട്, ഇത്തവണ മത്സരമല്ലാതെയാണ് നടന്നത്. എന്നിരുന്നാലും ഏകദേശം 8 – ഓളം പേര് പങ്കെടുത്തു. ശ്രീമതി കുമാരി രവീന്ദ്രന്റെ നാരായണീയ പാരായണത്തോടെ ഇത്തവണത്തെ വാർഷിക പൊതുയോഗം സമാരംഭിച്ചു. കമ്മിറ്റി അംഗം ശ്രീ കെ ബാലചന്ദ്രൻ വേദിയിലുള്ളവരെയും മറ്റു അംഗങ്ങളെയും സ്വാഗതം ചെയ്തു. തുടർന്ന് ശാഖയിൽ ഇക്കഴിഞ്ഞ വർഷ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ ശാഖ അംഗം ശ്രീ കെ പി കൃഷ്ണൻകുട്ടി, മറ്റു സമുദായ അംഗങ്ങളെയും, കൂടാതെ ഈയടുത്തു നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ പൊഴിഞ്ഞ നമ്മുടെ സഹോദരീ സഹോദരങ്ങൾക്കും, ജവാന്മാർക്കും വേണ്ടി ഒരു നിമിഷം മൗന പ്രാർത്ഥന നടത്തി. പ്രസിണ്ടന്റ് ശ്രീ ദിനേശ് അധ്യക്ഷ ഭാഷണത്തിൽ ഏവർക്കും ശാഖ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ചു. അന്താരാഷ്ട്ര മാതൃ ദിനമായതിനാൽ തന്നെ എല്ലാ അമ്മമാർക്കും ആശംസകൾ അർപ്പിക്കുകയും, കൂടാതെ പഹൽഗാം ഭീകരാക്രമണത്തിൽ അപലപിക്കുകയും ചെയ്തു.
നമ്മുടെ ശാഖ വാർഷിക പൊതുയോഗത്തിനു എത്താമെന്ന് പറഞ്ഞിരുന്ന കേന്ദ്ര ഭാരവാഹികൾക്ക് എത്താൻ സാധിച്ചിരുന്നില്ല. മാതൃദിനമായതിനാൽ തന്നെ വാർഷികത്തിൽ സന്നിഹിതരായ മുതിർന്ന അമ്മമാരായ ശ്രീമതി സതി ജയരാജൻ, ശ്രീമതി ബേബി രാമചന്ദ്രൻ, ശ്രീമതി ശാരദ പിഷാരസ്യാർ എന്നിവർ ചേർന്ന് ഭദ്ര ദീപം തെളിയിച്ചു വാർഷിക പൊതുയോഗം ഉദ്ഘാടനം നിർവ്വഹിച്ചു. ശാഖയുടെ 2024 – 2025 വാർഷികത്തോടനുബന്ധിച്ചു ശാഖയിലെ 50 വിവാഹ വാർഷികം പൂർത്തീകരിച്ച ദമ്പതികളെ ആദരിച്ചു.
1. ശ്രീ ഗോവിന്ദൻ കുട്ടി – ലീല ഗോവിന്ദൻകുട്ടി, തെക്കൻ ചിറ്റൂർ.
2. ശ്രീ RLV ദാമോദരപിഷാരോടി – ശാരദ പിഷാരസ്യാർ, തൃപ്പൂണിത്തുറ.
3. ശ്രീ രാമചന്ദ്രൻ – ബേബി രാമചദ്രൻ, ചേരാനെല്ലൂർ
4. ശ്രീ എ പി ജയരാജൻ – സതി ജയരാജൻ, തൃപ്പൂണിത്തുറ
എന്നിവരെയാണ് ശാഖ ആദരിച്ചത്.
സെക്രട്ടറി ശ്രീ സന്തോഷ് കുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ശ്രീ രാധാകൃഷ്ണൻ വാർഷിക വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ച് പാസാക്കുകയും ചെയ്തു. തുടർന്ന് ശാഖ രക്ഷാധികാരി ശ്രീ കെ എൻ ഋഷികേഷ്, വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് അനിത രവീന്ദ്രൻ, PE &WS സെക്രട്ടറി Dr. പി ബി രാംകുമാർ എന്നിവർ വാർഷിക പൊതുയോഗത്തിന് ആശംസകൾ അറിയിച്ചു. ശാഖ രക്ഷാധികാരി, വാർഷിക പൊതുയോഗത്തിലും, പ്രതിമാസ യോഗങ്ങളിൽ ഉള്ള അംഗങ്ങളുടെ പങ്കാളിത്തം കുറഞ്ഞു വരുന്നതായി ഖേദം പ്രകടിപ്പിച്ചു. മുൻ സെക്രട്ടറി ശ്രീ രാധാകൃഷ്ണന്റെ ഗൃഹ സന്ദർശനവും പ്രവർത്തന രീതികളുമൊക്കെ എടുത്തു പറയുകയുണ്ടായി. എന്നാൽ ഈ ഭരണസമിതിയിൽ ഭൂരിഭാഗം പ്രതിനിധികളും പല തിരക്കുകളും കാരണം നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിക്കാതെ വരുന്നതായി സെക്രട്ടറിയും പറയുകയുണ്ടായി. അഡ്വക്കേറ്റ് അനിത രവീന്ദ്രൻ മാതൃദിനത്തോടനുബന്ധിച്ചു പ്രശസ്ത ഇംഗ്ലീഷ് കവി റോബർട്ട് ഫ്രോസ്റ്റിന്റെ ഒരു കവിത ആലപിച്ചതോടൊപ്പം, പിഷാരോടി സമാജം എന്നത് നമ്മുടെ കുടുംബത്തിന്റെ ഒരു എക്സ്റ്റൻഷൻ ആണെന്നും, അത് കൊണ്ട് തന്നെ എല്ലാ കുടുംബങ്ങളിലെയും അമ്മമാർ തീർച്ചയായും ഇതിൽ പങ്കാളികളാവാൻ ശ്രമിക്കണമെന്നും അതവരുടെ കടമയാണെന്നും, എങ്കിലേ സമാജം മികച്ച രീതിയിൽ പ്രവർത്തിക്കുകയെന്നും അഭിപ്രായപ്പെട്ടു. Dr പി ബി രാംകുമാർ, സമാജം PE & WS നടത്തിവരുന്ന ക്ഷേമപ്രവർത്തനങ്ങളെ കുറിച്ച് വിവരിച്ചു. കമ്മിറ്റി അംഗം ശ്രീ സന്തോഷ് കൃഷ്ണൻ പങ്കെടുത്ത ഏവർക്കും നന്ദി പറയുന്നതോടൊപ്പം ശാഖ വാർഷികത്തിന് ഉച്ചക്ക് സദ്യ സ്പോൺസർ ചെയ്ത, ഈയടുത്തു 90 – ആം പിറന്നാൾ ആഘോഷിച്ച, നമ്മുടെ ശാഖ അംഗവും, മുൻ ശാഖ വൈസ് പ്രസിഡന്റ് ശ്രീമതി ആശാ വിജയൻറെ പിതാവും കൂടിയായ ശ്രീ എം രാമചന്ദ്രനും കുടുംബത്തിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പൊതുയോഗത്തിനു ശേഷം കമ്മിറ്റി അംഗങ്ങൾ ചേർന്ന് അദ്ദേഹത്തെ ഗൃഹത്തിലെത്തി സന്ദർശിക്കുകയും ചെയ്തു. മെയ് മാസത്തെ ക്ഷേമനിധി നറുക്കെടുത്തു.
ഉച്ചയോടെ കലാപരിപാടികളുടെ ഉദ്ഘാടനം ശാഖ അംഗവും പ്രശസ്ത നർത്തകിയും ആയ സൗമ്യ ബാലഗോപാൽ നിർവ്വഹിച്ചു. ശേഷം നൃത്തം അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. ശേഷം സമ്മാനദാനത്തോടെ വാർഷിക പൊതുയോഗവും കുടുംബസംഗമവും പര്യവസാനിച്ചു.