സംഗീത രത്നം കെ പി ഗോവിന്ദ പിഷാരോടി ഭാഗവതർക്ക് സ്മരണാഞ്ജലി

ചെമ്പൈയുടെ ശിഷ്യനായ പാലൂർ മഠത്തിൽ(തെക്കേ പിഷാരത്ത്) കെ പി ഗോവിന്ദ പിഷാരോടി ഭാഗവതർ ഓർമ്മയായിട്ട് ഇന്നേക്ക് 25 വർഷം.

ഇരിഞ്ഞാലക്കുട കൃഷ്ണപിഷാരത്ത് നാരായണി പിഷാരസ്യാരുടെയും കരുണാകര പിഷാരോടിയുടെയും മകനായ ഭാഗവതർ അദ്ദേഹത്തിന്റെ 82 മത്തെ വയസ്സിൽ 1995 ജൂലൈ മാസത്തിലാണ് അന്തരിച്ചത്.

കർണ്ണാടക സംഗീതത്തിൽ പ്രഗത്ഭനായ അദ്ദേഹം പതിനാറാം വയസ്സ് മുതൽ സംഗീതാദ്ധ്യാപനം ഒരു തൊഴിലായി സ്വീകരിച്ച വ്യക്തിയായിരുന്നു.

ആദ്യകാലങ്ങളിൽ സംഗീതക്കച്ചേരികൾക്കു പുറമെ മലബാറിലെ പല പ്രമുഖ ബ്രാഹ്മണ കുടുംബങ്ങളിലും സംഗീതാദ്ധ്യാപകനായി പ്രവർത്തിച്ചു വന്നു. പൂമുള്ളി മന, നാറീരി മന, നിലമ്പൂർ കോവിലകം, ഓട്ടൂർ മന, കരുവാരകുണ്ട് മരാട്ട് മന എന്നിവക്ക് പുറമെ ഇരിഞ്ഞാലക്കുട, തൃശൂർ, കോട്ടക്കൽ എന്നിവിടങ്ങളിലും സംഗീതം പഠിപ്പിച്ചിരുന്നു.

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ മുഖ്യ ശിഷ്യന്മാരിൽ ഒരാളായിരുന്നു ഗോവിന്ദ പിഷാരോടി. പത്മവിഭൂഷൺ ശ്രീ കെ ജെ യേശുദാസിനെ ഗുരു ചെമ്പൈ സ്വാമി പൊന്നാട അണിയിക്കുന്ന ഒരു സദസ്സിൽ കൂടെയുണ്ടായിരുന്ന പിഷാരോടിയോട്, “ഷാരോടി തനിക്ക് ജീവിതകാലം മുഴുവൻ സംഗീതം കൊണ്ട് ജീവിക്കാം” എന്ന് പറഞ്ഞു ചെമ്പൈ സ്വാമി അനുഗ്രഹിച്ചുവത്രെ. ആ അനുഗ്രഹം പോലെ തന്നെ തന്റെ ജീവിതാന്ത്യം വരെ അദ്ദേഹം തന്റെ സംഗീത സപര്യ തുടർന്നു പോന്നു.

ഏകദേശം 50 വർഷത്തോളം തൃശൂർ, കോഴിക്കോട് ആകാശവാണി നിലയങ്ങളിൽ സ്ഥിരം കർണ്ണാടക സംഗീതം വായ്പ്പാട്ട് അവതരിപ്പിച്ചിരുന്ന ഭാഗവതർ കോട്ടക്കൽ പി എസ് വി നാട്യ സംഘത്തിലും ഒരംഗമായിരുന്നു. കഥകളിയിൽ  ചില വേഷങ്ങൾ ചെയ്തിട്ടുമുണ്ട്.

അദ്ദേഹത്തിന് തന്റെ ജീവിതകാലത്ത് ഒട്ടനവധി ശിഷ്യരെ ലഭിക്കുകയുണ്ടായി. സംഗീതജ്ഞനും, ഗായകനും നടനുമായ ശ്രീ . കൃഷ്ണചന്ദ്രൻ, ഭാവഗായകൻ ജയചന്ദ്രന്റെ സഹോദരി എന്നിവർ അദ്ദേഹത്തിന്റെ ശിഷ്യരിൽ ചിലരാണ്.

പുലാമന്തോളിലുള്ള സ്വവസതിയിൽ അനേകം സംഗീത വിദ്യാർത്ഥികൾക്ക് അദ്ദേഹം സംഗീതത്തിന്റെ അറിവ് പകർന്നു നൽകി.

അദേഹത്തിന്റെ കച്ചേരികൾക്ക് 500 ഓളം മനഃപാഠമായിരുന്ന കൃതികളുടെ വൈവിദ്ധ്യമുണ്ടായിരുന്നു. ഗുരുമുഖത്തുനിന്നും കേട്ടു പാടിപ്പഠിച്ച അവയൊന്നും എവിടെയും എഴുതി വെച്ചില്ല എന്നത് കാലത്തിന്റെ നഷ്ടം.

സപ്തതി പിന്നിട്ട അദ്ദേഹത്തെ ജന്മനാട്ടിലും ജീവിച്ച സ്ഥലത്തും സമുചിതമായി ആദരിക്കുകയുണ്ടായി. സംഗീതകലാ പോഷിണിസഭ, ഇരിഞ്ഞാലക്കുടയുടെ ആഭിമുഖ്യത്തിൽ 1986 ഏപ്രിൽ 5, 6 തിയതികളിൽ നടന്ന സ്വാതിതിരുനാൾ സംഗീതോത്സവപരിപാടിയിൽ, കേരള സംഗീത നാടക അക്കാദമി ചെയർമാൻ ശ്രീ ടി ആർ സുകുമാരൻ നായർ ഭാഗവതർക്ക് “സംഗീത രത്നം” എന്ന ബഹുമതി നൽകി ആദരിച്ചു. കൂടാതെ പുലാമന്തോൾ ഹൈസ്‌കൂൾ അങ്കണത്തിൽ വെച്ച് നാട്ടരങ്ങിന്റെ സ്വീകരണവും, ഉപഹാര സമർപ്പണവും, കോട്ടക്കൽ പി എസ വി നാട്യസംഘത്തതിന്റെ ആദരവും ലഭിക്കുകയുണ്ടായി.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ:
ഭാര്യ: പാലൂർ തെക്കേ പിഷാരത്ത് മാധവി പിഷാരസ്യാർ
മക്കൾ: പരേതനായ മധുസൂദനൻ , ഹേമലത, ഗീത, ജയചന്ദ്രൻ
മരുമക്കൾ: ശാന്ത, ചന്ദ്രശേഖരൻ, നാരായണൻ, കവിത

അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും പ്രണാമം.

4+

4 thoughts on “സംഗീത രത്നം കെ പി ഗോവിന്ദ പിഷാരോടി ഭാഗവതർക്ക് സ്മരണാഞ്ജലി

  1. കലാരത്നം ഗോവിന്ദപിഷാരോടിയുടെ ഓർമ്മകൾക്ക്‌ മുമ്പിൽ പ്രണാമം അർപ്പിക്കുന്നു. അദ്ദേഹത്തെ പരിചയപ്പെടുത്തിയ സമാജത്തിനും നന്ദി.

    0
  2. സംഗീതരത്നം ഗോവിന്ദപി ഷാരോടി ഭാഗവതർക്ക് സ്മരണാഞ്ജലി

    0

Leave a Reply

Your email address will not be published. Required fields are marked *