ബാബു നാരായണൻ അനുസ്മരണം

ഇന്ന്, 2019 ജൂലൈ 7 ഞായറാഴ്ച വൈകീട്ട് 3.30 നു തൃശൂർ പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് ബാബു നാരായണൻ അനുസ്മരണം സമുചിതമായി നടത്തി.

ശ്രീ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ബാബുവിന്റെ ചിത്രത്തിനു മുമ്പിൽ നിലവിളക്കു കൊളുത്തി സമ്മേളനം ആരംഭിച്ചു. സമാജം കേന്ദ്ര ഭാരവാഹികളും വിവിധ ശാഖാ ഭാരവാഹികളും പുഷ്‌പാർച്ചന നടത്തി.

ശ്രീ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ, അഡ്വ. എ യു രഘുരാമ പണിക്കർ, ശ്രീ ബലറാം(കൃഷ്ണ ഹോംസ്), ബഹു എം പി. ശ്രീ ടി എൻ പ്രതാപൻ, കേന്ദ്ര ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ എന്നിവർ അനുസ്മരണം നടത്തി.

അനുസ്മരണങ്ങൾ

ബാബു നാരായണന് പ്രമാണം
എത്ര വേദനയിലായാലും എല്ലാം ഉള്ളിലൊതുക്കി ഏപ്പോഴും പുഞ്ചിരി തൂകി മാത്രം കണ്ടിട്ടുള്ള അതുല്യ പ്രതിഭ. ഒരു ദിവസമെങ്കിലും ആതിഥേയത്വമൊരുക്കുവാൻ കഴിഞ്ഞതു് ഭാഗ്യം. ഓമ്മകൾ എന്നെന്നും നിലനില്ക്കും’
P വിജയൻ, മുബൈ


 

ബാബുവേട്ടൻ- ഒരു അനുസ്മരണം
ഒരു പാട് സന്ദേശങ്ങൾ നമുക്ക് നൽകിയിട്ടാണ് നമ്മുടെ പ്രിയങ്കരനായിരുന്ന ബാബുവേട്ടൻ വിടവാങ്ങിയിരിക്കുന്നത്. ചെറിയ കുട്ടികൾ മുതൽ കുലപതിയോടു വരെ സ്നേഹത്തോടും ആത്മാർത്ഥതയോടും ചിരിച്ച മുഖത്തോടും പെരുമാറാൻ ഉള്ള ബാബു വേട്ടന്റെ കഴിവ് ഞാൻ മറ്റാരിലും കണ്ടിട്ടില്ല. കടുത്ത വേദനയിലും ചിരിച്ചു കാണിക്കുന്ന ചില സിനിമാ കഥാപാത്രങ്ങളെയാണ് എനിക്ക് പരിചയമുള്ളത്, പക്ഷെ കടുത്ത വേദന കടിച്ചമർത്തി ചിരിക്കുന്ന മുഖത്തോടെ ഒരു പാട് സന്ദർഭങ്ങളിൽ പെരുമാറിയിരുന്ന, യഥാർത്ഥ മനുഷ്യനായ ഒരാളെ എന്റെ ജീവിതത്തിൽ കണ്ടുമുട്ടിയത് ബാബുവേട്ടനെയാണ്.”നിറമാല” എന്ന പേര് ഇട്ടതു മുതൽ ആ പരിപാടിയുടെ അവസാനം വരെ അദ്ദേഹം കാണിച്ച ഉത്സാഹവും കഠിനാദ്ധ്വാനവും എല്ലാം തൊട്ടടുത് നിന്ന് കണ്ട ഒരു വ്യക്തിയെന്ന നിലയിൽ എനിക്ക് തോന്നിയിട്ടുള്ളത്, ഇത്രയോളം സമാജ സ്നേഹം കാണിച്ച ബാബുവേട്ടന് പകരം വെക്കാൻ വേറെയാരും ഇല്ല എന്നത് ത്തന്നെയാണ്. ഒരു പാട് യാത്രകൾ, ചർച്ചകൾ, തമാശകൾ എല്ലാം ഞങ്ങൾ തമ്മിൽ പങ്ക് വെച്ചിരുന്നു.സരോജ ഹോസ്പിറ്റലിൽ കിടന്നിരുന്നപ്പോഴും ഫോണിലൂടേയും ബന്ധപ്പെട്ടിരുന്നു. നിറമാലക്ക് ശേഷം ഞങ്ങൾ സംഘാടകരും അവരുടെ കുടുംബാംഗങ്ങളും തമ്മിൽ വലിയ ഒരു സൗഹൃദം ത്തന്നെ സ്ഥാപിച്ചതും ബാബുവേട്ടൻ എന്ന മഹാനുഭാവന്റെ സ്വാധീനമായിരുന്നു. അതിനു ശേഷം എത്രയോ തവണ കുടുംബവുമൊത്ത് എന്റെ വീട്ടിൽ താമസിച്ചപ്പോൾ എല്ലാം രാവേറെയോളം തമാശകൾ പറഞ്ഞു കൊണ്ടിരുന്ന ബാബുവേട്ടനെ ഒരിക്കലും ഞങ്ങളുടെ കുടുംബത്തിന് മറക്കാൻ കഴിയില്ല. ഈ യഥാർത്ഥ ബന്ധം എനിക്ക് നൽകിയത് വലിയപാഠമാണ്. ഒരേ തലത്തിലും തരത്തിലുമുള്ളവർ തമ്മിൽ ബന്ധം നിലനിർത്താൽ എളുപ്പമാണ്. എന്നാൽ ഒരു വലിയവനും ചെറിയവനും തമ്മിൽ ഒരു യഥാർത്ഥ സ്നേഹ ബന്ധം നിലനിർത്തണമെങ്കിൽ ആ വലിയവന്റെ പ്രതിഭക്കും പ്രശസ്തിക്കും എത്രയോ ഇരട്ടി വലുപ്പം അദ്ദേഹത്തിന്റെ മനസ്സിനും ഉണ്ടായിരിക്കണം. 29 -ഓളം സിനിമകൾ സംവിധാനം ചെയ്ത, ഒട്ടേറെ പ്രശസ്തരുമായും ബന്ധങ്ങളുള്ള ഒരു വൻകലാഹൃദയനായിരുന്ന ബാബുവേട്ടൻ, ഒന്നുമല്ലാത്ത വെറും സാധാരണക്കാരനായ എന്നോട് കാണിച്ചിരുന്ന ആത്മാർത്ഥമായ ബന്ധത്തിനു കാരണം അദ്ദേഹത്തിന്റെ മനസ്സിന്റെ വലുപ്പമല്ലാതെ മറ്റെന്താണ്.
ഒരു കാര്യം കൂടി പറയണമെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം എന്നോട് എപ്പോഴും പറയുന്ന ഒരു കാര്യമുണ്ടായിരുന്നു. കഠിനമായ പ്രവർത്തനങ്ങളിലൂടേയും ആത്മാർത്ഥമായ സൗഹൃദങ്ങളിലൂടെയും അദ്ദേഹം ഉണ്ടാക്കിയ ബന്ധങ്ങൾ ആണ് അദ്ദേഹത്തിന്റെ ഫിക്സഡ് ഡിപ്പോസിറ്റുകൾ എന്ന് .പണമായുള്ള ഫിക്സസ് ഡിപ്പോസിറ്റുകളേക്കാൾ എത്രയോ ഇരട്ടി ഉപകാരങ്ങളാണ് ബന്ധങ്ങളാകുന്ന ഫിക്സഡ് ഡിപ്പോസിറ്റുകൾ അദ്ദേഹത്തിന് തിരിച്ച് കൊടുത്തത്.ബാംഗ്ലൂരിൽ ചികിത്സിക്കായി എത്തപ്പെട്ട ദിവസം മുതൽ അവിടെ നിന്നും തിരിച്ച് വരുന്നതുവരെ ബാബുവേട്ടനും കുടുംബത്തിനും വേണ്ടി, എന്ത് കാര്യത്തിനും ഓടി നടക്കുകയും, അവരുടെ ഫ്ലാറ്റിൽ ഒരു സ്വന്തം ചേട്ടനെ പോലെ നോക്കിയ നമ്മുടെ സമാജം പ്രസിഡന്റ് ചന്ദ്ര മാമന്റെ ഇളയ മകനായ നിഷാന്തിന്റേയും ഭാര്യ സൗമ്യയുടേയും നല്ല മനസ്സിനെ പറ്റി എന്നോട് വളരെയധികം പറഞ്ഞിട്ടുണ്ട്.അതു പോലെ എനിക്ക് പരിചയം ഇല്ലാത്തവരും ഉള്ളവരുമായ ഒരുപാട് പേരെ ബാബുവേട്ടനായുള്ള സംഭാഷണങ്ങളിലൂടെ എനിക്ക് കൂടുതൽ അറിയാൻ കഴിഞ്ഞിട്ടുണ്ട്. അവരിൽ പ്രധാനപ്പെട്ട എനിക്ക് പരിചയമിലാത്തവരായ മധു നമ്പൂതിരി ,ബാലുവേട്ടൻ, രഘുരാമ പണിക്കർ ,വിദ്യാധരൻ മാഷ് തുടങ്ങിയവരാണ്.അതു പോലെ ചന്ദ്ര മാമ്മൻ,ഗോപേട്ടൻ, ബാലേട്ടൻ, രാജൻ സിത്താരയെന്ന രാജേട്ടൻ തുടങ്ങിയ സമാജത്തിലെ മിക്കവരും പ്രിയപ്പെട്ടവരായിരുന്നു.അതുപോലെ ചൊവ്വര ശാഖയോടും പ്രത്യേകിച്ച് നിറമാല സംഘാടകരായ ഞങ്ങളോടും കാണിച്ച കരുതലിനും സ്നേഹത്തിനും പകരം കൊടുക്കാൻ എന്തെല്ലാം ചെയ്തിരുന്നുവോ അതൊന്നും അതിന്റെ ഒരു ശതമാനം പോലും എത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ ആത്മാവ് ഈ പതിനൊന്നാം തീയതി വിഷ്ണുഭഗവാന്റെ പാദാരവിന്തങ്ങളിൽ ലയിക്കും, അതിനായി നമ്മൾ എല്ലാവർക്കും പ്രാർത്ഥിക്കാം.

വിജയൻ ആലങ്ങാട്, ചൊവ്വര


 

ബാബുവേട്ടന് പ്രണാമം.
2017ലായിരുന്നു ബാബുവേട്ടനെ മുംബൈ ശാഖയുടെ 35 മത് വാർഷികത്തോടനുബന്ധിച്ച് ഞങ്ങൾ ആദരിച്ചത്. അന്ന് അദ്ദേഹത്തിനു ശക്തൻ അവാർഡ് കിട്ടിയ സമയമായിരുന്നു. ചികിത്സയിലായിരുന്നുവെങ്കിലും ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് പത്നി ജ്യോതി ബാബുവും ഒപ്പമെത്തിയ ബാബുവേട്ടനെ വേണ്ട വിധത്തിൽ, ഒരു ഓഡിയോ വിഷ്വൽ പ്രദർശനത്തോടെ ആദരിക്കാനും കഴിഞ്ഞത് ഇവിടെ ഇത്തരുണത്തിൽ ദുഖത്തോടെ സ്മരിക്കട്ടെ.
അതിനു ശേഷം ഞങ്ങളോട് സംസാരിച്ച ബാബുവേട്ടൻ അദ്ദേഹത്തിന് നൽകിയ സ്വീകരണം ഇന്നേ വരെ ലഭിക്കാത്ത മനസ്സിൽ തൊട്ടതായിരുന്നു എന്നാണ് പറഞ്ഞത്.
മുംബൈ ശാഖയുടെ ഓരോ പ്രവർത്തനങ്ങൾക്കും എന്നെന്നും പ്രോത്സാഹനം നൽകിയിരുന്ന അഭൗമവ്യക്തിത്വമായിരുന്നു ശ്രീ ബാബു നാരായണൻ.
അദ്ദേഹത്തിന്റെ ഈ അകാല വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തിനെന്ന പോലെ സമാജത്തിനൊന്നാകെ ഒരു തീരാ നഷ്ടമാണ്.
വി പി മുരളീധരൻ, മുംബൈ


 

“പാടുവാന്‍ മറന്നുപോയ്…
സ്വരങ്ങളാമെന്‍ കൂട്ടുകാര്‍…
എങ്ങോ എങ്ങോ പോയ് മറഞ്ഞു…

അപസ്വരമുതിരും ഈ മണിവീണ തന്‍
തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി…
അറിയാതെ വിരല്‍തുമ്പാല്‍ മീട്ടുമ്പോളുയരും
ഗദ്ഗദ നാദമാര്‍ക്കു കേള്‍ക്കാന്‍..

എങ്കിലും വെറുതെ പാടുന്നു ഞാ‍ന്‍
കരളില്‍ വിതുമ്പുമെന്‍
മൌന നൊമ്പരം ശ്രുതിയായ്….”

ബാബുവേട്ടന് പ്രണാമം🙏🙏

മണിപ്രസാദ്‌ ടി വി , സെക്രട്ടറി, മുംബൈ


 

എന്നെപ്പോലെയുള്ളവരെ സംഘടനാ പ്രവർത്തനത്തിലേക്ക് കൊണ്ടുവരുകയും നമ്മുടെ കഴിവുകളെ തിരിച്ചറിയാൻ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും നിരീക്ഷിക്കുകയും വീണ്ടും ഉയരുവാൻ ഉത്സാഹിക്കുകയുമൊക്കെ ചെയ്തു കൊണ്ടിരുന്ന ഒരു ശക്തി സ്രോതസ്സ് പെട്ടെന്ന് നിലച്ചു പോയി….
ഇനി എന്താ ചെയ്യേണ്ടത് എന്നുപോലും ചിന്തിക്കാൻ പറ്റുന്നില്ല…

പിഷാരോടി സമാജത്തെ സംബന്ധിച്ചിടത്തോളം കലാസാംസ്ക്കാരിക പരിപാടികളുടെ അവസാനവാക്ക് ബാബുഏട്ടനാണ്. വേറൊരു അർത്ഥത്തിൽ സമാജത്തേയും കലാസാംസ്ക്കാരിക രംഗത്തേയും ബന്ധിപ്പിക്കുന്ന ശക്തമായ കണ്ണി…
ആ കണ്ണി ഇപ്പോൾ നിശ്ചലമായി…

ഇന്നലെവരെ രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിലും തന്നെ കണ്ട് ആശ്വസിപ്പിക്കാൻ വരുന്നവരെ അങ്ങോട്ട് ശക്തി പകർന്നുകൊണ്ടിരുന്ന അപൂർവ്വ പ്രതിഭാസമാണ് ബാബുഏട്ടൻ…

ഇതിലും വലിയ അവസ്ഥകളെ യാതൊരു കൂസലുമില്ലാതെ അതിജീവിച്ച ബാബുഏട്ടൻ ഈ അവസ്ഥയും തരണം ചെയ്യും എന്നു തന്നെയാണ് നമ്മൾ വിശ്വസിച്ചത്….
ദൈവം മറിച്ചാണ് തീരുമാനിച്ചത്…

ബാബുഏട്ടൻ ഭൗതിക ശരീരം മാത്രമെ പിരിയുള്ളൂ..
ആ അദൃശ്യ സാന്നിദ്ധ്യം ഇനിയും പിഷാരോടി സമാജത്തിൻെറ തലമുറകളെ മാർഗ്ഗ നിർദ്ദേശങ്ങൾ നല്കി മുന്നോട്ടു നയിക്കും തീർച്ച..

കെ പി ഹരികൃഷ്ണൻ, Gen Secretary, Pisharody Samajam.


ബാബു വിട പറഞ്ഞു. മുഖം നിറയെ ചിരിയുമായല്ലാതെ ബാബുവിനെ കണ്ടത് ഓർമ്മയിലില്ല. എങ്ങിനെ ഒരാൾക്ക് സാന്നിദ്ധ്യം കൊണ്ടു മാത്രം എല്ലാവരെയും സന്തോഷിപ്പിക്കാനാ വും എന്നതിന്റെ ഉത്തരമായിരുന്നു ബാബു. എന്തും പോസിറ്റീവ് ആയി കാണാനുള്ള സിദ്ധി ബാബുവിനെ മററുള്ളവരിൽ നിന്നും വ്യത്യസ്ത നാക്കി.

“അനഘ ” എന്ന ചിത്രത്തിലൂടെയായിരുന്നു സ്വതന്ത്ര സംവിധായകനായി ബാബുവിന്റെ അരങ്ങേറ്റം.എന്നാൽ അതിന് മുമ്പ് ഹരിഹരന്റെ സഹസംവിധായക നായി സിനിമയിലെ തിരനോട്ടം..ഒരു ഫിലിം ഇൻസ്റ്റിട്യൂട്ടിലും പഠിക്കാതെ സംവിധാനത്തിന്റെ വ്യാകരണം ഹരിഹരനിൽ നിന്നും ബാബു ഹൃദിസ്ഥമാക്കി.ഹരിഹരനായിരുന്നു ബാബുവിന്റെ എല്ലാം. സാർ എന്ന് ബാബു പറയുമ്പോൾ ആ കണ്ണിലെ തിളക്കം കൊണ്ട് നമുക്ക് തിരിച്ചറിയാൻ പറ്റും അത്ഹരി ഹരനെയാണ് ഉദ്ദേശിച്ചതെന്ന്. തന്റെ വത്സല ശിഷ്യന്റ ഭൗതിക ശരീരത്തിനു മുന്നിൽ നനഞ്ഞ കണ്ണുകളുമായി ബാബുവിന്റെ കുടുംബത്തിന് സാന്ത്വനമായി ഇരുന്ന സാറിന്റെ രൂപം ആ ഗുരുശിഷ്യബന്ധത്തിന്റെ ആഴം എത്രയുണ്ടെന്ന് വെളിപ്പെടുത്തി.
അനഘ എന്ന സിനിമയിൽ കൈക്കൊണ്ട ശൈലി മാറ്റാൻ സാഹചര്യങ്ങൾ ബാബുവിനെ നിർബ്ബന്ധിതനാക്കി. സിനിമ ഒരു വ്യവസായമാണല്ലോ? അത് ഉപജീവനമാർഗമായി സ്വീകരിച്ചവരെ കുറിച്ചായിരുന്നു അയാളുടെ ഉൽക്കണ്ഠ മുഴുവനും.നവാഗത സംവിധായകരുടെ സിനിമകളിൽ ശ്രദ്ധേയമായ ” അനഘ “യെ കുറഞ്ഞ വോട്ടുകൾക്ക് മറി കടന്നാണ് അക്കൊല്ലം സുരേഷ് ഉണ്ണിത്താന് സംസ്ഥാന അവാർഡ് കിട്ടിയത്. പാർവ്വതിക്ക് “അനഘ ” യിലെ അഭിനയത്തിന് നല്ല നടിക്കുള്ള അവാർഡ് കിട്ടി.
90 കളിൽ സാധാരണ മലയാളി കളുടെ സിനിമാഭാവുകത്വത്തിന്റെ കൂടെ തന്നെ സഞ്ചരിച്ച പേരായിരു ന്നു അനിൽ ബാബു എന്ന ഇരട്ട സംവിധായകരുടേത്. കുറഞ്ഞ ചിലവിൽ സിനിമയെടുത്ത് വൻ വിജയങ്ങൾ നേടിക്കൊടുത്ത ഇവർ നിർമ്മാതാക്കളുടെ കണ്ണിലുണ്ണി കളായി.ഫെയ്സ് ബുക്കും വാട്സ് അപ്പും ഇല്ലാത്ത അക്കാലത്ത് അധ്വാനശീലരായ സാധാരണക്കാരു ടെ വിനോദ വേളകൾ പരിപുഷ്ട മാക്കിയിരുന്നത് മംഗളം, മനോരമ വാരികകളായിരുന്നു. അതിൽ വരുന്ന ജനപ്രിയ നോവലുകളുടെ അഭ്രാവിഷ്കാരം സാധാരണ ജനങ്ങൾ രണ്ട് കൈയും നീട്ടി സ്വീകരിച്ചു. കളിയൂഞ്ഞാൽ,സ്ത്രീധനം, ഭാര്യ, വാൽക്കണ്ണാടി ,ഉത്തമൻ, പട്ടാഭിഷേകം തുടങ്ങിയ ഹിറ്റ് സിനിമകൾ ബാബുവിനെ ജനപ്രിയനാക്കി.
ബാബുവിനെ യാത്രയാക്കാൻ ചെമ്പുക്കാവിൽ എത്തിയ വൻ ജനാവലി വൈവിധ്യം കൊണ്ട് വിസ്മയമായി. കൂലിപ്പണിക്കാർ മുതൽ മന്ത്രിമാരും രാഷ്ട്രീയ പ്രമുഖന്മാരും സിനിമാപ്രവർത്തകരും എഴുത്തുകാരും സാമൂഹ്യ പ്രവർത്തകരും അതിലുണ്ടായിരുന്നു. ഒന്ന് മാത്രം പറയാം.ബാബുവിന് സമം ബാബു മാത്രം. എപ്പൊഴും ചിരിക്കുന്ന ആ മുഖം മാത്രം മനസ്സിൽ വേണമെന്ന് നിർബന്ധമുണ്ട്. അത് കൊണ്ട് തന്നെ ബാബുവിനെ തീനാളങ്ങൾ ഏറ്റുവാങ്ങുന്നത് കാണാനുള്ള ശക്തിയില്ല. ചിരിക്കുന്ന ആ മുഖം മാത്രം ഓർമ്മയിൽ സൂക്ഷിച്ചു കൊണ്ട് ഞങ്ങൾ മടങ്ങി.
ബാബുവിന്റെ വേർപാട് സഹിക്കാനുള്ള ശക്തി ജ്യോതിക്കും കുട്ടികൾക്കും ഈശ്വരൻ നല്കട്ടെ.
Suresh Babu, Vilayil


 

One thought on “ബാബു നാരായണൻ അനുസ്മരണം

  1. ബാബു നാരായണന് പ്രണാമം
    എത്ര വേദനയിലായാലും എല്ലാം ഉള്ളിലൊതുക്കി ഏപ്പോഴും പുഞ്ചിരി തൂകി മാത്രം കണ്ടിട്ടള്ള അതുല്യ പ്രതിഭ.ഒരു ദിവസമെങ്കിലും ആതിഥേയത്വ മൊരുക്കുവാൻ കഴിഞ്ഞതു് ഭാഗ്യം. ഓമ്മകൾ എന്നെന്നും നിലനില്ക്കും’
    വിജയൻ മുബൈ

Leave a Reply

Your email address will not be published. Required fields are marked *