നാസിക് ഡോലും ഒരു പകലുറക്കവും

-വിജയൻ ആലങ്ങാട്

നിറമാല എന്ന വമ്പൻ പരിപാടിക്ക് ഇനി രണ്ടു ദിവസം മാത്രം ബാക്കി.

ഇതിന്റെ സംവിധായകൻ ബാബുവേട്ടൻ അഞ്ചു ദിവസം മുമ്പേ ഒരു ബാഗ് നിറച്ച് സാധനങ്ങളായി സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിപ്പോന്നതാണ്. അന്ന് തൊട്ടേ രാപ്പകലിലാതെ ഓടി നടക്കുകയാണ്. മുപ്പതോളം സിനിമകൾ ചെയ്ത മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനാണ് ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ഇങ്ങനെ ജോലി ചെയ്യുന്നത്. ഒരു നിഴൽ പോലെ ഞാനും കൂടെയുണ്ട്. ഒരു കൂട്ടം ആയൂർവ്വേദ മരുന്നുകളുമായിട്ടാണ് ബാബുവേട്ടൻ വന്നിരിക്കുന്നത്. എന്റെ വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്. മുറ തെറ്റാതെയുള്ള പഥ്യത്തോടെ വെളുപ്പിന് അഞ്ചരക്ക് ദിവസം ആരംഭിക്കുന്നു. പിന്നെ നിറമാലക്ക് വേണ്ടിയുള്ള നെട്ടോട്ടമാണ്. ഒരു സംവിധായകൻ എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന പകിട്ടിനും പ്രസിദ്ധിക്കും പിന്നിൽ ഇതു മാതിരി അദ്ധ്വാനം വേണമെന്ന തിരിച്ചറിവും എനിക്ക് ഉണ്ടാക്കിത്തന്ന ദിവസങ്ങൾ. ഈ പരിപാടിക്ക് ഇത്രയെങ്കിൽ ഒരു സിനിമക്ക് എങ്ങനെയായിരിക്കും മുന്നൊരുക്കങ്ങൾ എന്ന് ഇരുത്തി ചിന്തിപ്പിച്ച ദിനങ്ങൾ. ഒരു നിമിഷം പോലും ബാബുവേട്ടൻ വെറുതെയിരിക്കുന്നത് ഞങ്ങൾ കണ്ടിട്ടില്ല. സ്ക്രിപ്റ്റുകൾ എഴുതികൂട്ടിക്കൊണ്ടേയിരിക്കുന്നു. അതിനിടയിൽ നിറമാലയുടെ അവതാരികയായ അഞ്ജലിക്ക് പരിശീലനം കൊടുക്കണം. ഹരികൃഷ്ണൻ, രവിയേട്ടൻ,മനോജ് തുടങ്ങി എല്ലാവരും വീട്ടിലുണ്ട്. പങ്കെടുക്കുന്നവരെ കാണാൻ ഇടക്കിടക്ക് ജില്ലയുടെ പല ഭാഗങ്ങളിലേക്കും യാത്രകൾ. മിക്ക ദിവസവും പലരുടേയും പ്രോഗ്രാം പ്രാക്ടീസുകൾ കാണുവാനും വേണ്ട നിർദ്ദേശങ്ങളും കൊടുക്കുവാനും പോകുന്നതുകൊണ്ട് രാത്രി ഒരു മണി അല്ലെങ്കിൽ രണ്ടു മണിക്കൊക്കെയാണ് വീട്ടിലെത്തുക. അത് കഴിഞ്ഞ് കിടന്നു കഴിഞ്ഞാൽ രാവിലെ അഞ്ചരക്ക് മനസ്സിലാ മനസ്സോടെ എഴുന്നേറ്റ് ആയുർവേദമരുന്ന് സേവിക്കണം. അത് കഴിച്ചാൽ പിന്നെ ഉറക്കം അതിന്റെ പാട്ടിന് പോകും. അതായത് ദിവസം നാലായി മര്യാദക്ക് ബാബുവേട്ടൻ ഉറങ്ങിയിട്ട്. ഞങ്ങൾ നിർബന്ധിച്ചാലും കാര്യമില്ല, ഒരു പരിപാടി ഏൽപ്പിച്ചാൽ അത് തീരുന്നത് വരെ ഇങ്ങനെയൊക്കെത്തന്നെയെന്നാണ് പറയാറ്. എല്ലാം കൊണ്ടും പൊടിപൂരം. മുഴുവൻ സമയവും കൂടെയുള്ളത് കൊണ്ട് ബാബുവേട്ടനെക്കാൾ ഞങ്ങളും ക്ഷീണിതർ. ഇങ്ങനെ പോയാൽ നിറമാല ദിവസം സംവിധായകനും സംഘാടകരും ക്ഷീണം കൊണ്ട് വല്ല അസുഖം പിടിച്ച് ആശുപത്രിയിൽ കിടക്കേണ്ടി വരും എന്ന സത്യം ബാബുവേട്ടനുത്തന്നെ തോന്നി തുടങ്ങി. ആരോടും ദേഷ്യപ്പെടാതെ എല്ലാവരോടും എല്ലായിടത്തും സൗമ്യമായി സംസാരിക്കുന്ന ബാബുവേട്ടനും ക്ഷീണം കൊണ്ട് മുഖമൊക്കെ മാറിത്തുടങ്ങി. ശരിക്കും ഭരതം എന്ന സിനിമയിൽ ക്ലൈമാക്സിലുള്ള മോഹൻലാലിനെയാണ് ഓർമ്മ വന്നത്. ഉള്ളിൽ ദേഷ്യവും(സിനിമയിൽ പക്ഷെ ദുഃഖമാണെന്ന് മാത്രം) പുറമെ സന്തോഷവും കാണിച്ചു കൊണ്ടുള്ള പ്രത്യേക അവസ്ഥയിലൂടെ പോകുന്ന സംവിധായകൻ. ഉറക്കത്തിന്റെ വില കാട്ടിത്തന്ന നിറമാല. പ്രോഗ്രാമിന്റെ ഒരു ദിവസം മുമ്പെങ്കിലും സംവിധായകനെ മര്യാദക്ക് പിടിച്ചു റക്കിയില്ലെങ്കിൽ, നിറമാലയിൽ “പിഷാരടിമാരുടെ കയ്യാങ്കളി” എന്ന അജണ്ടയിലില്ലാത്ത ഒരു പരിപാടി നടക്കും എന്നും ഞങ്ങൾക്കും ബാബുവേട്ടനും തോന്നി തുടങ്ങി. അതുകൊണ്ടാണ് രാവിലത്തെ ആയുർവേദ സേവയും സ്ക്രിപ്റ്റുവർക്കും മറ്റു ചില ജോലികളും തീർത്ത് ബാബുവേട്ടൻ ഉറങ്ങാൻ തീരുമാനമെടുത്തത്. ഞങ്ങൾ സംഘാടകർക്ക് മാത്രമല്ല എന്റെ കുടുംബാംഗങ്ങൾക്കും അത് ഭയങ്കര സന്തോഷമുണ്ടാക്കി.

ഒരു വലിയ കുളത്തിനോട് ചേർന്ന് കിടക്കുന്നതാണ് ഞങ്ങളുടെ വീട്. കുളത്തോട് ചേർന്നുള്ള മുറിയാണ് അദ്ദേഹത്തിന്റെ ഉറക്കമുറി. ആരും ശല്യം ചെയ്യരുതേ എന്ന് പറയാതെ പറഞ്ഞു എല്ലാവരോടും ക്ഷമ ചോദിച്ച് വാതിൽ കുറ്റിയിട്ട് ഉറക്കം തുടങ്ങി. പക്ഷെ ഈ മുറിക്ക് പുറത്ത് അദ്ദേഹത്തിന്റെ ഉറക്കം തടസ്സപ്പെടാതിരിക്കാൻ പലവിധ നീയന്ത്രണങ്ങളും ഞങ്ങൾ എടുത്തു. ആദ്യമെത്തന്നെ ഞങ്ങളുടെ പിള്ളേരെ അയൽപക്കത്തേക്ക് കളിക്കാൻ പറഞ്ഞു വിട്ടു. മറ്റുള്ളവർ രഹസ്യങ്ങൾ പറയുന്നത് മാതിരിയാണ് സംസാരിക്കുന്നത്. മൊത്തം ജഗപൊക ആയ സ്ഥലം ശാന്തമായി മാറി.

ബാബുവേട്ടന്റെ ഗാഢനിദ്ര തുടങ്ങി ഒരു പതിനഞ്ച് മിനുട്ട് കഴിഞ്ഞു കാണും, ശാന്തമായ അന്തരീക്ഷത്തിലൂടെ കടന്ന്പോയ വീട്ടിൽ പെട്ടെന്നായിരുന്നു ഭീകരമായ രണ്ടു ശബ്ദങ്ങൾ കേട്ടത്. ഞങ്ങളെല്ലാവരും ആശ്ചര്യപ്പെട്ടുപോയി. തീർന്നു, എല്ലാം തീർന്നു എന്ന് തോന്നിപ്പോയ നിമിഷങ്ങൾ, ഞങ്ങൾ എല്ലാവരും പ്രതീക്ഷത് പോലെത്തന്നെ സംഭവിച്ചു. മുറിയുടെ കുറ്റി തുറക്കുന്നതും വാതിൽ തുറന്നു വരുന്ന ബാബുവേട്ടന്റെ മുഖത്തെ ഭാവം ഞങ്ങൾക്കെല്ലാം മനസ്സിലായി. ബാബുവേട്ടന്റെ വായിൽ നിന്നും എന്തെങ്കിലും വരുന്നതിനു മുമ്പ് ഞാൻ ദയനീയമായി ഇങ്ങനെ പറഞ്ഞു.”പിള്ളേര് കളിക്കുമ്പോൾ ബോളടിച്ച് കൊണ്ട് ചില്ല് പൊട്ടിയാൽത്തന്നെ “ചില്ലിംങ്ങ് ചില്ലിംങ്ങ്” എന്ന ശബ്ദമാണ് കേക്കണ്ടത് ചേട്ടാ, ഇത് പക്ഷെ “ബുംബും ബുംബും” എന്ന ശബ്ദമാണ് കേട്ടത്”. ഡബിൾമുണ്ട് വയറിന് മുകളിൽ ഉടുത്ത് കൊണ്ട് നമ്പൂതിരി സ്റ്റൈലിൽ, ഉറക്കം പോയ ബാബുവേട്ടന് ആ ന്യായീകരണം ബോധ്യപ്പെട്ടില്ല എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു. അത് പറഞ്ഞ് തീർന്നതും അതാ വീണ്ടും വരുന്നു “ബുംബും ബുംബും” ശബ്ദം. ഒരു കാര്യം ബാബുവേട്ടന് മനസ്സിലായി, ഉറക്കം കളയാൻ വീടിനുളളിൽ നിന്നും ഏതെങ്കിലും ശത്രുക്കൾ ചെയ്ത പണിയല്ലായെന്നത്. പിന്നീടങ്ങോട്ട് വീണ്ടും വീണ്ടും വരുന്നു ആ ശബ്ദം. അത് കേട്ട ഭാഗത്തേക്ക് ഞങ്ങൾ പോകുന്നതിന് മുമ്പേ ത്തന്നെ മുണ്ട് ഒന്ന് കൂടി മേലോട്ട് കുത്തി ബാബുവേട്ടൻ നടന്നു. ദിവസങ്ങളായി ഉറക്കമിലാതിരുന്ന ഒരാൾക്ക് ഉറക്കം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ഭീകരാവസ്ഥയിലുടെ, പടികടന്ന് കുളക്കരയിലേക്ക്‌ പോകുന്നതാണ് കണ്ടത്. അപ്പോഴാണ് കുളക്കരയിലെ തുറന്ന സ്ഥലത്ത് ഒരു പറ്റം ചെറുപ്പക്കാർ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന വമ്പൻ വാദ്യോപകരണങ്ങളിലേക്ക് കൈയ്യിലിരിക്കുന്ന ചെണ്ടക്കോൽ കൊണ്ട് ആഞ്ഞടിക്കുന്നത് കാണുന്നത്. ചെവി തുളച്ചുകയറുന്ന ബുംബും ശബ്ദം. അന്നേ വരെ ആലങ്ങാട് ഗ്രാമത്തിൽ ഇങ്ങനെയൊരു സാധനം ഞങ്ങൾ കണ്ടിട്ടില്ല. പഴയ”ബാന്റി”ന്റെ ന്യൂ ജനറേഷൻ പതിപ്പായ “നാസിക്ക് ഡോൽ” ആണത്രെ ആ ശല്യോപകരണം. നിർഭാഗ്യവശാൽ ബാബുവേട്ടന്റെ ഉറക്കം കളയാൻ അവർ എത്തിയത് തികച്ചും അപ്രതീക്ഷവുമായി. കുളക്കരയിൽ നിന്നും അവരെനോക്കി അദ്ദേഹം എന്തോ വിളിച്ചു പറയുന്നു. “ബുംബും ബുംബും _ കുട്ടികളെ _ബുംബും ബുംബും _ അയലക്കത്ത് _ബുംബും ബുംബും _ ഉറങ്ങുന്ന _ബുംബും ബുംബും _ ചിലരുണ്ട് _ബുംബും ബുംബും”… ഈ നാദത്തിനിടയിൽ കിട്ടിയ ഗ്യാപ്പിൽ അദ്ദേഹം സൗമ്യത വിടാതെ വിളിച്ചു പറയുന്നു. ലയിച്ചു കൊട്ടുന്ന കലാകാരൻമാർ കുളക്കരയിൽ കൈയൊക്കെയുയർത്തി നമ്പൂരി സ്റ്റൈലിൽ എന്തൊക്കയോ പറഞ്ഞു കൊണ്ടു നിൽക്കുന്ന ഒരാളെ കണ്ടതും, ആരാധകനാണെന്ന് കരുതി ആ പാവങ്ങൾ സർവ്വശക്തിയുമെടുത്ത് ആഞ്ഞ് കൊട്ടി. ഇത് കേട്ട് സകല നിയന്ത്രണവും വിട്ട ബാബുവേട്ടന്റെ അലറുന്ന ശബ്ദം നാസിക്ക് ഡോലിനപ്പുറമായിരുന്നു. കുട്ടികളെ എന്ന് നേരത്തെ വിളിച്ച ബാബുവേട്ടന്റെ “മക്കളെ” എന്ന വിളികളാണ് പിന്നെ അവിടെ കേട്ടത്. ആരാധകനാണെന്ന് കരുതിയ നമ്പൂതിരി മുണ്ട് മടക്കികുത്തി പറഞ്ഞ ചില കാര്യങ്ങൾ ഡോൽ ധാരികൾക്ക് മനസ്സിലായപ്പോഴാണ് ആരാധകനല്ലായെന്ന് മനസ്സിലായത്. ഡോലടിക്കാർ പിന്നെയൊരു നിമിഷം പോലും അവിടെ നിന്നില്ല.

കാതിന് ഒരു ഇമ്പം പോലുമുണ്ടാക്കാത്ത ഈ ഉപകരണങ്ങളും അതടിച്ചുകൊണ്ടിരുന്ന ആൾക്കാരെയും പിന്നെ ഞങ്ങളുടെ ഗ്രാമത്തിൽ കണ്ടിട്ടേയില്ല. അടുത്ത നിറമാലക്കായി അവർ കാത്തിരിക്കുന്നതായിരിക്കും.

അത് കഴിഞ്ഞു വന്നു കിടന്നുറങ്ങിയ ബാബുച്ചേട്ടന് കിട്ടിയ ഗാഢനിദ്ര തന്നെയാണ് നിറമാലയുടെ വിജയത്തിനും കാരണം

0

One thought on “നാസിക് ഡോലും ഒരു പകലുറക്കവും

Leave a Reply

Your email address will not be published. Required fields are marked *