ഗതാഗത വർഷങ്ങൾ – ചില പുതുവർഷ ചിന്തകൾ

മാനവരാശി മെനഞ്ഞെടുത്ത ദിനങ്ങൾ … മാസങ്ങൾ ….. വർഷങ്ങൾ !

കണക്കുകൂട്ടലുകളിൽ ലോകമാകെ ഒരു കുടക്കീഴിൽ സ്വാഗതമരുളി സ്വീകരിക്കുന്നവയിൽ ‘പുതുവർഷ പുലരിക്ക്‘ എന്തെന്നില്ലാത്ത ചമയവും ചാരുതയും പ്രാധാന്യവും നാം നൽകുന്നു.

ആടിയും പാടിയും ആഘോഷിച്ചും ആ നിറമാർന്ന പകലവനെ വരവേൽക്കുന്നു. ഒരുമിച്ചനുഭവപ്പെടില്ലെങ്കിലും എല്ലാ ദേശങ്ങളിലും ഈ ‘പിറവി’ നടക്കുന്നു. എന്നിരുന്നാലും നിറഞ്ഞ മനസ്സോടെ ആനന്ദത്തോടെ, പകലവന്റെ തിരനോട്ടത്തിന് നാം കണ്ണും നട്ടിരിക്കുന്നു.

തുടക്കവും ഒടുക്കവും സ്വാഭാവികമാണ് .ഇതിനിടയിലുള്ള കാലം നമ്മെ നാമാക്കുന്നു, നാടിനെ നാടാക്കുന്നു.

പുതുവർഷത്തിന്റെ തുടക്കത്തിൽ നാം പ്രകടമാക്കുന്ന കൂട്ടായ്മ, എന്നും എപ്പോഴും ഈ പ്രപഞ്ചത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് പലവുരു ആശിച്ച് പോകാറുണ്ട്.  ‘മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം വൃഥാ’.  ഏത് പ്രതിബന്ധങ്ങളേയും അതിജീവിച്ച് മുന്നേറുവാനുള്ള കെൽപ് മനുഷ്യനുണ്ട്. നമ്മുടെ കൊച്ചു കേരളത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി നാമനുഭവിച്ച ജലപ്രളയ ദുരിതങ്ങൾ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നു.  മുന്നോട്ടുള്ള പ്രയാണത്തിൽ അനുഭവങ്ങൾ പാളിച്ചകളെ മറികടക്കുവാൻ നമ്മെ ഉത്തേജിതരാക്കുന്നു.  പലതും പോയ് മറയുന്നുണ്ടെങ്കിലും അവയെല്ലാം പുതുമയ്ക്ക് ഉണർവേകുന്നു.’ കഴിഞ്ഞു പോയ കാലം ആറ്റിനക്കരെ…. ‘ എന്ന് പാടി കേട്ടിട്ടുണ്ട്. അക്കരെയാണെങ്കിലും ഓർമയാകുന്ന വഞ്ചിയേറി നമുക്കെത്തിപ്പിടിക്കാവുന്നതാണ് .

പോയ വർഷത്തിൽ എല്ലാ മേഖലകളിലും ധാരാളം വളർച്ചകൾ ഉണ്ടായിട്ടുണ്ടെന്ന് നമുക്ക് കാണാം. അനുദിനം വളരുന്ന ശാസ്ത്ര സാങ്കേതിക മേഖല മനുഷ്യനെ ഉയരങ്ങളിലേക്ക് നയിക്കുന്നു. നന്ദി പറയേണ്ടത് നാം നമ്മോട് തന്നെയാണ്, പിന്നീട് പ്രോത്സാഹനവും പ്രചോദനവും ഒക്കെ നൽകുന്ന പ്രപഞ്ചത്തിനും നന്ദി. നേട്ടങ്ങൾ നെയ്തെടുക്കുന്ന കാര്യത്തിലും കോട്ടങ്ങൾ തട്ടി മാറ്റുന്നതിലും നമ്മുടെ മാവേലിനാടും ഒട്ടും പുറകിലല്ല. രാജ്യാന്തര വേദികളിലും മലയാളം മതിമറന്നാടുന്നു. സാഹിത്യമായാലും സിനിമയായാലും രാജ്യത്തെ ഉന്നത പുരസ്കാരങ്ങൾ വാരിക്കൂട്ടുന്ന മാമലനാട്. നമുക്ക് അഭിമാനിക്കാം, സന്തോഷിക്കാം. എന്നാൽ ചില കാര്യങ്ങളിൽ സ്വാർത്ഥതയും അനീതിയും അക്രമവുമെല്ലാം നമ്മെ നാമല്ലാതാക്കുന്നുണ്ട്. പതിരുകളെല്ലാം പാറ്റിയകറ്റി നന്മയുടെ നെൻമണികൾ ഈ പുതുവർഷപ്പുലരിയ്ക്ക് നമുക്ക് സമ്മാനിക്കാം.

ജനുവരി ഒന്ന് – പുത്തൻ തീരുമാനങ്ങൾ ഒറ്റക്കൊറ്റയ്ക്കും കൂട്ടായും പിറന്നു വീഴുന്നു. എന്നാൽ ആ നല്ല തീരുമാനങ്ങളെ പാലൂട്ടി വളർത്തി പ്രാവർത്തികമാക്കുന്നതിൽ പലരും പുറകോട്ട് പോകാറുണ്ട്.

പുതു വർഷത്തിൽ നാം പൊതുവായി സ്വീകരിക്കുവാനുദ്ദേശിക്കുന്നവയിൽ ഒന്നാണ് ‘പ്ലാസ്റ്റിക് നിർമാർജനം‘. വളരെ നല്ല ചിന്തയും തീരുമാനവുമാണ്. പക്ഷെ നാമെല്ലാം ഒത്തൊരുമിച്ചു പ്രവർത്തിക്കണം. ഒറ്റയ്‌ക്കൊറ്റയ്ക്കാലോചനയിൽ, ഒറ്റക്കെട്ടായ് നീങ്ങണമല്ലോ, ഒരുതരി വേസ്റ്റും ഒരിടത്തും ഞാൻ, ഒരിക്കലുമില്ല ഒഴിവാക്കില്ല; എന്ന് നാം ഓരോരുത്തരം മനസ്സിലുറപ്പിച്ചാൽ നല്ലത്. നല്ലതും മോശവുമായ ഭവിഷ്യത്തുകളിൽ നല്ലതുൾക്കൊണ്ട് മുന്നോട്ട് നീങ്ങുന്നതുത്തമം. ഗുണപ്രദമായ ചിന്തകളിൽ നാം നമ്മെ മാത്രമല്ല, സർവ്വ ചരാചരങ്ങളേയും പ്രപഞ്ചത്തേയും നിസ്വാർത്ഥമായി പങ്കാളികളാക്കുന്നത് ഉചിതം. സൂര്യനും ചന്ദ്രനും മുറതെറ്റാതെ ഉദയവും അസ്തമയവും നിർവ്വഹിച്ചു പോരുന്നു. ആകാവുന്ന പരോപകാരങ്ങൾ സാധിച്ചു തരികയും ചെയ്യുന്നു. ജനന മരണത്തിനിടയ്ക്ക് പരമാവധി പരോപകാരികളാകുന്നത് സൽകർമം ആണുതാനും.

കേവലം പരോപകാരം മാത്രമല്ല, നൻമകൾ പ്രതിഫലിക്കുന്ന മറ്റനേകം കർമങ്ങൾ സുലഭമാണല്ലോ. പുലരിക്ക് കാരണഭൂതനായ സൂര്യന്റെയും കിരണങ്ങളുടേയും ഉണർവും ഉന്മേഷവും ഓജസ്സും ഉൾക്കൊള്ളുവാൻ, ഉദയത്തിന് മുൻപും അസ്തമനത്തിന് ശേഷവും കിണറ്റിൽ നിന്ന് കോരിയെടുത്ത അൽപം ശുദ്ധജലം ദിവസേന പാനം ചെയ്യുന്നത് ഗുണകരമെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പ്രദോഷത്തിൽ ജലത്തിലർപ്പിക്കുന്ന തന്നിലെ ഓജസ്സ് പ്രഭാതത്തിൽ പകലവൻ വിതരണത്തിനായി തിരിച്ചെടുക്കുമത്രെ! അതിനിടയിലെ ജലപാനം ആരോഗ്യപ്രദം തന്നെ!

സമൂഹത്തിന് വഴിയൊരുക്കുന്നവയാണ് സമുദായങ്ങൾ .പിഷാരോടി സമാജവും തളർച്ചകളില്ലാതെ വളർച്ചകളുമായി വർഷംതോറും ലക്ഷ്യങ്ങൾ സാധ്യമാക്കി വരുന്നു. തുളസീദളമാസികയും തുളസീദള സൗഹൃദ കൂട്ടായ്മയും ഇതിനുദാഹരണങ്ങളാണല്ലോ. സർഗാത്മക ശേഷികളെ പരിപോഷിപ്പിക്കുമാറുള്ള പ്രവർത്തനങ്ങൾ അനുസ്യൂതം തുടരുന്നു.

തൃശൂർ ജില്ലയിലെ അഞ്ച് സമാജ ശാഖകളും കൈകോർത്തൊരുക്കുന്ന പഞ്ചാരിയെന്ന പഞ്ചാമൃതം അതീവ ഹൃദ്യം തന്നെ. യുവത്വത്തിന് കൂടുതൽ പ്രാധാന്യം നൽകി സമാജത്തെ വളരെ ദൃഢമാക്കുന്നതിൽ ഈ ഒരു കൂട്ടായ്മ സദുദ്യമം തന്നെയാണ്.

വെബ് സൈറ്റുപയോഗവും പ്രവർത്തനങ്ങളുടെ പ്രചരണവും വളരെ ശ്രദ്ധാപൂർവ്വം അനുദിനം വേണ്ട പോലെ യഥാസമയം സാധ്യമാക്കുന്നതിൽ പ്രായഭേദമന്യേ സമാജം ജാഗരൂകമാണെന്നതിൽ സംശയമില്ല. വെബ്സൈറ്റിന്റെ കഴിഞ്ഞ എട്ടു മാസക്കാലയളവിലുണ്ടായ അഭൂതപൂർവ്വമായ വളർച്ചയും അംഗങ്ങൾക്കിടയിലുണ്ടായ സ്വീകാര്യതയും ഇതിന്റെ സാക്ഷി പത്രങ്ങൾ തന്നെ.

ഓരോ പുതുവർഷ പുലരിയിലും, ഗതവർഷത്തിന് നന്ദിയും പ്രണാമവും സമാജം ഉറക്കെ പറയുന്നു; അതുപോലെ ആഗതമാകുന്ന പുതുവർഷ പുലരിയെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതാകട്ടെ ശബ്ദമുഖരിതവും നയനാനന്ദകരവുമായ ശൈലിയിൽ.

ആദരണീയനായ പ്രശസ്ത സംസ്കൃത വിദ്വാൻ കൊടിക്കുന്നത്ത് പിഷാരത്ത് അച്ചുമാമൻ; എന്നും എപ്പോഴും മന്ദഹാസത്തോടെ നമുക്കൊക്കെ ഉണർവ്വും വീര്യവും പകർന്നു നൽകുന്ന പ്രശസ്ത സിനിമാ സംവിധായകൻ ബാബുവേട്ടൻ തുടങ്ങി അനേകം പ്രതിഭകൾ പോയ വർഷത്തിൽ അരങ്ങൊഴിഞ്ഞത് നമ്മെ വളരെ വേദനിപ്പിക്കുന്ന വസ്തുതയാണ്. അവരുടെ ആത്മാക്കൾക്ക് ആദരാഞ്ജലികൾ…… പ്രണാമങ്ങൾ ….. .

പുതുവർഷ പുലരിയെ സാക്ഷിയാക്കി നമുക്ക് അനവധി നന്മ നിറഞ്ഞ തീരുമാനങ്ങൾക്കും പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കാം.

എല്ലാവർക്കും പുതുവത്സരാശംസകൾ …..

– വിജയൻ ചെറുകര

0

Leave a Reply

Your email address will not be published. Required fields are marked *