തൃശൂർ ശാഖയുടെ നവംബർ മാസത്തെ യോഗം 16/11/25 ന് സമാജം മുൻ പ്രസിഡണ്ടും ജനറൽ സെക്രട്ടറിയുമായ ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടിയുടെ വസതിയായ തൃശൂർ കാനാട്ടുകര നാരായണീയത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഗൃഹനാഥയും തുളസീദളം ചീഫ് എഡിറ്ററുമായ ശ്രീമതി എ പി സരസ്വതിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു.
ശ്രീമതി എ പി സരസ്വതി, ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീ സി പി അച്യുതൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം പത്തൊമ്പതാമത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി.
കഴിഞ്ഞ മാസക്കാലയളവിൽ ഈ ലോകം വിട്ടുപോയ എല്ലാ സമുദായാംഗങ്ങളുടെയും ആത്മ ശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.
ഗൃഹനാഥൻ ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി എല്ലാവർക്കും സ്വാഗതം പറഞ്ഞു.
അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ വല്ലച്ചിറ ട്രസ്റ്റിനെ പറ്റി ഒരു തീരുമാനമെടുക്കേണ്ട സമയമാണിതെന്ന് അറിയിച്ചു. അത് പോലെ ശാഖയുടെ നേതൃത്വത്തിൽ ഒരു ടൂർ നടത്തേണ്ട കാര്യവും തീരുമാനിക്കേണ്ടതുണ്ട്. ഇപ്രാവശ്യത്തെ വരിസംഖ്യ പിരിവ് ഇതുവരെയും പകുതി മാത്രമേ ആയിട്ടുള്ളു. ബാക്കിയുള്ളത് എല്ലാവരും ചേർന്ന് എത്രയും പെട്ടെന്ന് പിരിക്കേണ്ടതുണ്ട് എന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.
തുടർന്ന് സെക്രട്ടറി ശ്രീ എ പി ജയദേവൻ കഴിഞ്ഞ മാസത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷററുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ശ്രീ എ രാമചന്ദ്ര പിഷാരടി കണക്കും വായിച്ചത് എല്ലാവരും കയ്യടികളോടെ അംഗീകരിച്ചു.
ശ്രീ എ രാമചന്ദ്ര പിഷാരോടി വല്ലച്ചിറ ട്രസ്റ്റിന്റെ കീഴിൽ ഇപ്പോൾ നമുക്ക് സ്വന്തമായുള്ള സ്ഥലത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി വിശദീകരിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ആ സ്ഥലത്ത് തൃശൂർ ശാഖ തന്നെ ഒരു കെട്ടിടം പണിയുന്നതിനെ പറ്റി ഗൗരവത്തോടെ ചിന്തിച്ച് ഇന്ന് തന്നെ തീരുമാനമെടുക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തിൽ ആ സ്ഥലം വിൽക്കാൻ വളരെ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് തല്ക്കാലം ഉദ്ദേശം 15 ലക്ഷം രൂപ ചെലവഴിക്കാമെങ്കിൽ നമുക്ക് തന്നെ അവിടെ ഒരു സ്ഥാപനം നിർമ്മിക്കാവുന്നതാണ് എന്ന് ശ്രീ രാമചന്ദ്ര പിഷാരോടി പറഞ്ഞു.
തുളസീദളം കലാ സാംസ്‌ക്കാരിക സമിതിയുടെ പ്രവർത്തനങ്ങൾ ഇപ്പോൾ അൽപ്പം മന്ദഗതിയിലാണ് എന്നും നമ്മുടെ ഇടയിലെ പ്രഗത്ഭരായ കലാപ്രവർത്തകരെയും ആദരിക്കേണ്ടതുണ്ട്. അത് തുളസീദളംകലാസാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നടത്തണം എന്നും തുളസീദളം സാംസ്കാരിക സമിതി പ്രസിഡണ്ട് കൂടിയായ ശ്രീ രാമചന്ദ്ര പിഷാരോടി പറഞ്ഞു.
എല്ലാ വർഷവും തൃശൂർ ശാഖ കൃത്യമായി നടത്തി വന്നിരുന്ന ടൂർ ഈ വർഷവും നടത്താനുള്ള തീരുമാനം ഇന്ന് എടുക്കണം എന്നും ശ്രീ രാമചന്ദ്ര പിഷാരടി പറഞ്ഞു.

ഗുരുവായൂർ ഗസ്റ്റ് ഹൗസ് ട്രഷറർ ശ്രീ എ പി ഗോപി ഗസ്റ്റ് ഹൗസ് പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു. ഗസ്റ്റ് ഹൌസിൽ മുറികൾ എടുക്കാൻ വന്നവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തുടങ്ങിയിട്ടുണ്ട്. എല്ലാവർക്കും വൈഫൈ സൗകര്യം ലഭ്യമാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
ഓരോ ശാഖക്കും വർഷം തോറും 5 മുറികൾ ഗസ്റ്റ് ഹൌസിൽ നിന്നും അനുവദിച്ചിട്ടുണ്ട് എന്ന് ശ്രീ എ രാമചന്ദ്ര പിഷാരടി പറഞ്ഞു. അത് അംഗങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
ഇപ്രാവശ്യം തുളസീദളത്തിന് ലഭിച്ച പരസ്യങ്ങൾക്ക് ആദായ നികുതി കൊടുക്കേണ്ടി വന്ന വിവരവും അദ്ദേഹം അറിയിച്ചു.
തുളസീദളം കലാ സാംസ്കാരിക സമിതി ഇനി മുതൽ PEWS, PP&TDT, തുളസീദളം എന്നിവയെ പോലെ പിഷാരോടി സമാജത്തിന്റെ ഭാഗമാണ് എന്ന് ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ അറിയിച്ചു.
കലാ സാംസ്കാരിക സമിതിയുടെ ആരംഭ കാലത്ത് അത് ഒരു സ്വതന്ത്ര സംഘടന എന്നാണ് ഉദ്ദേശിച്ചിരുന്നത്. പക്ഷെ അത് പല ആശയക്കുഴപ്പങ്ങൾക്കും ഇടയാക്കി എന്ന് മനസ്സിലായതിനാൽ സമാജത്തിൽ തന്നെ ലയിപ്പിക്കുവാൻ കഴിഞ്ഞ ഭരണസമിതിയോഗം തീരുമാനിച്ചു. നാരായണീയത്തിലെയും രാമായണത്തിലെയും ശ്ലോകങ്ങൾക്ക് സംഗീതം നൽകി ചിട്ടപ്പെടുത്തി മനോഹരങ്ങളായ കൈക്കൊട്ടിക്കളികൾ ഉണ്ടാക്കി ക്ഷേത്രങ്ങളിൽ അവതരിപ്പിക്കുകയും അതോടൊപ്പം അവ യൂട്യൂബ് വഴി ജനലക്ഷങ്ങളിൽ എത്തിക്കുകയും ചെയ്യുന്ന ശ്രീമതിമാർ എ പി സരസ്വതി, ഭാഗ്യലക്ഷ്മി മോഹൻദാസ് എന്നീ സഹോദരികളെ യോഗം പ്രത്യേകം അഭിനന്ദിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. ഈ വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള സർക്കാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ പിഷാരോടി /പിഷാരസ്യാർമാരെയും യോഗം അഭിനന്ദിക്കുകയും വിജയാശംസകൾ നേരുകയും ചെയ്യുന്നു എന്നും ശ്രീ ഹരികൃഷ്ണൻ പറഞ്ഞു.
തുടർന്ന് നടന്ന ചർച്ചയിൽ സർവ്വ ശ്രീ കെ പി ഗോപകുമാർ, കെ പി ബാലകൃഷ്ണ പിഷാരോടി, കെ പി ഹരികൃഷ്ണൻ,സി പി അച്യുതൻ, ആർ പി രഘുനന്ദൻ, സി പി നാരായണ പിഷാരോടി, രവികുമാർ പിഷാരോടി തുടങ്ങിയവർ പങ്കെടുത്തു.
ചർച്ചയിൽ താഴെ കൊടുത്ത തീരുമാനങ്ങൾ എടുത്തു.
വല്ലച്ചിറ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തൃശൂർ ശാഖ സ്വന്തം കെട്ടിടം പണിയുന്നതാണ്. അതിന്റെ പ്രവർത്തനങ്ങൾക്ക് വല്ലച്ചിറ ട്രസ്റ്റ് ഭാരവാഹികൾക്ക് ചുമതല നൽകി.
അധികം താമസിയാതെ ടൂർ നടത്താൻ തീരുമാനിച്ചു.
തുളസീദളം കലാ സാംസ്കാരിക സമിതിയുടെ ഒരു ഓൺലൈൻ യോഗം എത്രയും പെട്ടെന്ന് തന്നെ വിളിക്കുന്നതാണെന്ന് സെക്രട്ടറി ശ്രീ ഗോപൻ പഴുവിൽ അറിയിച്ചു.
ജോയിന്റ് സെക്രട്ടറി ശ്രീ കൃഷ്ണ കുമാർ നന്ദി പറഞ്ഞതോടെ 5.30 ന് യോഗം അവസാനിച്ചു.
—————–




