മുംബൈ ശാഖയുടെ 452മത് ഭരണസമിതി യോഗം 14.09.2025നു 5.30 P. Mനു വീഡിയോ കോൺഫറൻസ് വഴി പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ ആദ്ധ്യക്ഷത്തിൽ കൂടി.
ശ്രീ വി ആർ മോഹനൻ പ്രാർത്ഥന ചൊല്ലി. കഴിഞ്ഞ യോഗ ശേഷം അന്തരിച്ച ശാഖാ/ സമുദായ അംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.
സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗവിവരണം, ഖജാൻജി അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ എന്നിവ യോഗം ചർച്ചകൾക്ക് ശേഷം അംഗീകരിച്ചു. കൽവ-ഘാട്കോപ്പർ വിഭാഗത്തിൽ നിന്നുമുള്ള എല്ലാ വരിസംഖ്യയും ശേഖരിച്ചതായി ഏരിയാ അംഗം അറിയിച്ചു. മറ്റു വിഭാഗങ്ങളിലെ സമാഹരണവും ത്വരിതഗതിയിലാക്കുവാൻ ഖജാൻജി അഭ്യർത്ഥിച്ചു.
ശാഖയിൽ പുതിയതായി ആജീവനാന്ത അംഗത്വത്തിന് അപേക്ഷിച്ച പാൽഘർ നിവാസികളായ ഋഷികേശ് ഗണപതി, വിദ്യ ഋഷികേശ് എന്നിവരെ അംഗങ്ങളാക്കി.
വാർഷികാഘോഷത്തിന്റെ പരിപാടികളിലേക്കുള്ള പ്രവേശന ഫോം ഗൂഗിൾ ഫോം വഴി തയ്യാറാക്കിയതായി കലാവിഭാഗം കൺവീനർ ശ്രീ വി പി ശശിധരൻ അറിയിച്ചു. ഒക്ടോബർ 10നുള്ളിൽ അവ സ്വീകരിക്കുവാൻ തീരുമാനിച്ചു.
ഈ വർഷത്തെ പ്രത്യേക ക്ഷേത്രകലാ പരിപാടിയെക്കുറിച്ച് കലാവിഭാഗത്തിൽ ചർച്ച ചെയ്ത് ഉടൻ അറിയിക്കുവാൻ കലാവിഭാഗത്തെ ചുമതലപ്പെടുത്തി.
കേന്ദ്ര അവാർഡിനർഹരായവരെ യോഗം അഭിനന്ദിച്ചു. അവരോടെല്ലാം നേരിട്ടെത്തി അവാർഡുകൾ സ്വീകരിക്കണമെന്ന് അറിയിപ്പ് നൽകിയതായും സെക്രട്ടറി അറിയിച്ചു. മുംബൈ ശാഖ കഴിഞ്ഞ വാർഷിക പൊതുയോഗത്തിൽ തീരുമാനിച്ച പ്രകാരം കേന്ദ്ര നിയമാവലിയിയുടെ തിരുത്തൽ നിർദ്ദേശങ്ങൾ കേന്ദ്രത്തിന് അയച്ചു കൊടുത്തതായും അത് ഇത് വരെയും കേന്ദ്ര സംയുക്ത ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്തതായി കണ്ടില്ലെന്നും സെക്രട്ടറി അറിയിച്ചു.
തുടർന്ന് സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം 7 മണിക്ക് പര്യവസാനിച്ചു.

