മുംബൈ ശാഖയുടെ 43 മത് വാർഷിക പൊതുയോഗം 27-07-2025 4 മണിക്ക് വസായ് വെസ്റ്റിലുള്ള BKS ഇംഗ്ലീഷ് ഹൈസ്കൂൾ & ജൂനിയർ കോളേജിൽ വെച്ച് നടത്തി.
ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗം ശ്രീ അരവിന്ദ് കുട്ടികൃഷ്ണൻ്റെ പ്രാർത്ഥനയോടെ തുടങ്ങി, കഴിഞ്ഞ ഒരു വർഷക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിലും വിവിധ പ്രകൃതി ദുരന്തങ്ങളിലും അപകടങ്ങളിലും അന്തരിച്ചവർക്കും, കേന്ദ്ര വൈസ് പ്രസിഡണ്ട് തുടങ്ങി അന്തരിച്ച സമൂഹത്തിലെ പ്രഗത്ഭ വ്യക്തികൾക്കും അനുശോചനം രേഖപ്പെടുത്തി.
പ്രസിഡണ്ട് യോഗത്തിൽ സന്നിഹിതരായ എല്ലാ അംഗങ്ങൾക്കും സ്വാഗതമാശംസിച്ചു കൊണ്ട് നടത്തിയ അദ്ധ്യക്ഷ ഭാഷണത്തിൽ നമ്മെപ്പോലൊരു സംഘടനയുടെ പ്രഥമോദ്ദേശ്യമാണ് ക്ഷേമൈശ്വര്യ പ്രവർത്തനങ്ങളെന്നും പ്രത്യേകിച്ച് നമുക്കിടയിലെ അശരണരായവരെ സഹായിക്കൽ എന്നത് എന്നും, നമ്മുടെ ചിലവിന്റെ ഏറ്റവും വലിയ അംശം അതിനു വേണ്ടിത്തന്നെയാണ് ഉപയോഗിക്കുന്നതെന്നും, പക്ഷെ, പലപ്പോഴും നിധിയുടെ അപര്യാപ്തത മൂലം അംഗങ്ങളുടെ അത്തരം ആവശ്യങ്ങളിൽ പൂർണ്ണ തോതിൽ നമുക്ക് സഹായിക്കാനാവുന്നില്ല എന്നത് ഒരു വസ്തുതയാണെന്നതിനാൽ അംഗങ്ങളുടെ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. നമുക്കിടയിലെ അശരണരായവരെ സഹായിക്കാനായി ഓരോരുത്തരും, പ്രത്യേകിച്ച് പുത്തൻ തലമുറ മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
തുടർന്ന് കാര്യപരിപാടിയിലെ അടുത്ത ഇനം, മുൻ വാർഷിക പൊതുയോഗ മിനുട്സ് സെക്രട്ടറി വായിച്ചത് യോഗം അംഗീകരിച്ചു.
ശാഖയുടെ 2024-25 വർഷത്തേക്കുള്ള ഭരണസമിതി റിപ്പോർട്ട് അവതരണം സെക്രട്ടറി നിർവ്വഹിച്ചു. PE&WS പെൻഷൻ പദ്ധതി PET 2000ന്റെ ഇപ്പോഴത്തെ യഥാതഥ വിവരങ്ങൾ കൂടി ഇതിൽ അംഗങ്ങളുടെ അറിവിലേക്കായി ഉൾപ്പെടുത്തേണ്ടിയിരുന്നുവെന്ന് ശ്രീ കുട്ടികൃഷ്ണൻ അഭിപ്രായപ്പെട്ടു. മുംബൈ ശാഖയിൽ നിന്നും ആരും ഇത് വരെ ഇതിലേക്ക് അപേക്ഷിച്ചിട്ടില്ലെന്നും, അത്തരത്തിൽ അർഹതയുള്ള രണ്ട് അംഗങ്ങൾക്ക് ശാഖാ നേരിട്ടാണ് പെൻഷൻ കൊടുക്കുന്നതെന്നും സെക്രട്ടറി അറിയിച്ചു. പിന്നീട് അംഗങ്ങൾ നാം പലപ്പോഴും കേന്ദ്രത്തിന്റെ ഈ ഘടകങ്ങളുടെ വിശദമായ റിപ്പോർട്ടുകളും കണക്ക് വിവരങ്ങളും(പ്രത്യേകിച്ച് PE&WS, PP&TDT എന്നിവയുടെ വരവ് ചിലവ് കണക്കല്ലാതെ ലാഭ നഷ്ടക്കണക്കോ, ബാലൻസ് ഷീറ്റോ തങ്ങൾക്ക് നേരിട്ടോ വെബ് സൈറ്റ് വഴിയോ, തുളസീദളം വഴിയോ ലഭിക്കുന്നില്ലെന്നും ഇക്കാര്യങ്ങൾ വരും വർഷങ്ങളിൽ ഉൾപ്പെടുത്തി എല്ലാ അംഗങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കണമെന്നും കേന്ദ്രത്തോട് നിർദ്ദേശിക്കാൻ പൊതുയോഗം ആവശ്യപ്പട്ടു.
അടുത്ത അജണ്ടയായ കണക്കവതരണം നിർവ്വഹിച്ചു കൊണ്ട് ഖജാൻജി ശ്രീ കെ ഭരതന്റെ ഇന്റെർണൽ ഓഡിറ്റ് റിപ്പോർട്ട് അംഗങ്ങളുടെ അറിവിലേക്കായി വായിച്ചു. പ്രസ്തുത റിപ്പോർട്ടിൽ ചികിത്സാ സഹായ ചിലവുകൾ വർദ്ധിച്ചു വരുന്നതായി വിലയിരുത്തുകയും ഇപ്രകാരം വർദ്ധിച്ചു വരുന്ന ചികിത്സാ സഹായങ്ങളെ ഉൾക്കൊള്ളാൻ വേണ്ടുന്ന ഒരു പദ്ധതി യോഗം ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും ചൂണ്ടിക്കാണിച്ചു. ഇക്കാര്യത്തിൽ ഖജാൻജി ഈ വർഷം 3 പേർക്കാണ് ചികിത്സാ സഹായങ്ങൾ നൽകിയതെന്നും, അതും അവരുടെ ആവശ്യങ്ങളെ അപേക്ഷിച്ച് തുലോം പരിമിത രീതിയിലെ നൽകാൻ കഴിഞ്ഞിട്ടുള്ളുവെന്നും അത് കൊണ്ട് തന്നെ അംഗങ്ങളുടെ സത്വര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാവണമെന്നും അഭ്യർത്ഥിച്ചു. തുടർന്ന് അംഗങ്ങളുടെ മറ്റു സംശയങ്ങൾക്കും മറുപടി നൽകിയ ശേഷം യോഗം കണക്കുകൾ അംഗീകരിച്ചു.
2025-2026 സാമ്പത്തിക വർഷത്തേക്കുള്ള ഇന്റെണൽ ഓഡിറ്ററായി CA ശ്രീ. ഗോപകുമാർ ഗോപാലകൃഷ്ണനെ തിരഞ്ഞെടുത്തു.
2025-2026 സാമ്പത്തിക വർഷത്തേക്കുള്ള സ്റ്റാറ്റുട്ടറി ഓഡിറ്റർ ആയി CA M/s ഉണ്ണികൃഷ്ണൻ & കമ്പനിയെയും തിരഞ്ഞെടുത്തു.
2025-26, 2026-27 വർഷങ്ങളിലേക്കുള്ള ശാഖയിൽ നിന്നുമുള്ള 29 പ്രതിനിധി സഭാ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നു.
ഈ വർഷത്തെ ശാഖയുടെ വാർഷികാഘോഷങ്ങൾ ദഹിസർ-വിരാർ ഏരിയയുടെ ആതിഥേയത്തിൽ 2026 ജനുവരി 4ന് വസായിലുള്ള അയ്യപ്പ ക്ഷേത്ര ഹാളിൽവെച്ച് നടത്തുവാൻ തീരുമാനിച്ചു. കലാവിഭാഗത്തെ അതിൻ്റെ ഒരുക്കങ്ങൾ തുടങ്ങുന്നതിനായി ചുമതലപ്പെടുത്തി.
തുടർന്ന് സെക്രട്ടറി ഇത്രയും നല്ല രീതിയിൽ ഒരു വാർഷിക പൊതുയോഗം നടത്താൻ വേണ്ട സഹായ നിർദ്ദേശങ്ങൾ നൽകി സഹകരിച്ച എല്ലാ അംഗങ്ങൾക്കും നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് ദേശീയ ഗാനാലാപനത്തോടെ 6 മണിയോടെ യോഗം സമാപിച്ചു.