എറണാകുളം ശാഖയുടെ 2025 നവംബർ മാസ യോഗം 09-11-2025 – നു 3PMനു തൃപ്പൂണിത്തുറയിലുള്ള ശ്രീ സി പി രഘുനാഥ് പിഷാരോടിയുടെ ഫ്ലാറ്റിൽ വെച്ച് നടന്നു.
ശ്രീകൃഷ്ണ വിഗ്രഹത്തിനു മുന്നിൽ ദീപം തെളിയിച്ചു കൊണ്ട് യോഗം ആരംഭിച്ചു.
ഗൃഹനാഥൻ ഏവരെയും സ്വാഗതം ചെയ്തു.
ശ്രീമതി ഉഷ നാരായണൻ ഈശ്വര പ്രാർത്ഥന ചൊല്ലി.
കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടു പോയവരെ സ്മരിച്ചുകൊണ്ട് ഒരു നിമിഷം മൗനപ്രാർത്ഥന നടത്തി.
പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, സെക്രട്ടറി ഒക്ടോബർ മാസം നടന്ന ശാഖയുടെ പ്രതിമാസ റിപ്പോർട്ട് അവതരിപ്പിച്ചത് പാസാക്കി. റിപ്പോർട്ടുകളിൽ മുൻ യോഗങ്ങളിൽ എടുത്ത തീരുമാനങ്ങളും പ്രത്യേകിച്ച് നടത്താൻ ബാക്കിയുള്ള കാര്യങ്ങളും ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കുമെന്നു അംഗങ്ങളിൽ ചിലർ അഭിപ്രായപ്പെട്ടു.
ഖജാൻജി ശ്രീ എം ഡി രാധാകൃഷ്ണൻ വരവ് ചിലവു കണക്കുകൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചകളിൽ അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടായി. ചർച്ചയിൽ പ്രഥമമായി, പല കാരണങ്ങളാൽ മുൻപ് മുടങ്ങിയ ശാഖ ടൂർ നടത്തണമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. വിശദമായ ചർച്ചക്കൊടുവിൽ പാലക്കാട് ജില്ലാ കേന്ദ്രികരിച്ചു ഒരു വൺ-ഡേ ടൂർ പോകാമെന്നു തീരുമാനിച്ചു.
കൂടാതെ ഡിസംബർ മാസത്തെ യോഗത്തോടനുബന്ധിച്ചു ഡിസംബർ – 13 – നു യാത്ര സംഘടിപ്പിക്കാമെന്നും, ടൂർ വരാൻ താല്പര്യമുള്ളവർ പേര് വിവരങ്ങൾ നൽകുവാനും, സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾ വാട്സ്ആപ് മുഖേന അറിയിക്കാമെന്നും പറഞ്ഞു.
ആളുകളുടെ ലിസ്റ്റ് എടുക്കുന്നതോടൊപ്പം വാഹന സൗകര്യം ഏർപ്പാടാക്കാനും തീരുമാനിച്ചു.
ശാഖ റിപ്പോർട്ടുകൾ മിനുട്സ് ബുക്കിൽ തന്നെ എഴുതി ചേർക്കേണ്ടതുണ്ടോയെന്നു സെക്രട്ടറി ചോദിച്ചു. ശാഖ മാസയോഗ റിപോർട്ടുകൾ മിനുട്സ് ബുക്കിൽ എഴുതുക തന്നെയാണ് ഉചിതവും നിയമാസൃതവും എന്ന് സീനിയർ അഡ്വക്കേറ്റ് ശ്രീ ജയകുമാർ അഭിപ്രായപ്പെട്ടു. അതിനൊപ്പം തന്നെ എത്രയും വേഗം സമാജത്തിനു ഒരു മെമ്പർഷിപ് രജിസ്റ്റർ പൂർത്തിയാകേണ്ടതിന്റെ അനിവാര്യതയും നിയമവശങ്ങളും ചർച്ച ചെയ്തു.
ഈ വിവരം അടുത്ത കേന്ദ്ര ഭരണ സമിതിയിൽ തീർച്ചയായും അറിയിക്കുന്നതാണെന്നു സെക്രട്ടറി അറിയിച്ചു.
ശ്രീ പി ബി രാംകുമാർ കേന്ദ്ര വാർത്തകൾ പങ്കുവെച്ചു.
അതിൽ പ്രധാനമായും നമ്മുടെ പിഷാരോടി സമുദായത്തിന്റെ അഭിമാനസ്തംഭമായ ഗുരുവായൂർ ഗസ്റ്റ് ഹൗസ് ഇപ്പോൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുവെന്നും ഭൂരിഭാഗം പേർക്കും നിക്ഷേപിച്ച തുക തിരിച്ചു നല്കിയെന്നും അതിനു ശേഷം ഇപ്പോൾ ഡെപോസിറ്റ് ചെയ്തവർക്ക് 2013 വരെയുള്ള പലിശയുടെ ആദ്യ ഘടു കൂടെ കൊടുക്കാനുള്ള തീരുമാനം എടുത്ത വിവരവും ഏവർക്കും അഭിമാനമായ രീതിൽ ഗസ്റ്റ് ഹൗസ് വളർന്നു എന്നതിനുള്ള തെളിവാണിതെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഭരണസമിതിയെ അഭിനന്ദിക്കുന്നു എന്നും ശ്രീ രാംകുമാർ പറഞ്ഞു.
ശാഖയുടെ വിവിധ വിദ്യാഭ്യാസ അവാർഡ് / ഷാനസഹായങ്ങൾ വിതരണം ചെയ്തു. ചേരാനെല്ലൂർ പിഷാരത്ത് നിന്നും നൽകി വരുന്ന ചേരാനെല്ലൂർ പിഷാരത്ത് സി പി രാധാകൃഷ്ണ പിഷാരോടി മെമ്മോറിയൽ (10 – ആം ക്ലാസ്) അവാർഡ് മാസ്റ്റർ അഭിനവ് സാജൻ പിഷാരോടിക്കും, പത്മ പിഷാരസ്യാർ മെമ്മോറിയൽ (+2) അവാർഡ് കുമാരി വിസ്മയ വേണുഗോപിലനും, മെമെന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.
കൂടാതെ നമ്മുടെ ശാഖ അംഗമായ ശ്രീമതി മിനി മന്മഥന്റെ പിതാവിന്റെ സ്മരണാർത്ഥം നൽകി വരുന്ന, തൃശ്ശൂര് പടിഞ്ഞാറൂട്ട് പിഷാരത് ശ്രീ രാജഗോപാൽ മെമ്മോറിയൽ (ധനസഹായം) കുമാരി വിസ്മയ വേണുഗോപാലിന് നൽകി.
വൺ – ഡേ ടൂർ പോകുന്നതിനുള്ള ലിസ്റ്റ് തയ്യാറാക്കി തുടങ്ങി. ചില അംഗങ്ങൾ പേര് നൽകി, ബാക്കിയുള്ളവരുടെ പേരുകൾ വാട്സ്ആപ് മുഖേനയോ ഫോണിൽ വിളിച്ചോ നല്കണമെന്ന് സെക്രട്ടറി പറഞ്ഞു.
കമ്മിറ്റി അംഗം ശ്രീ സന്തോഷ് കൃഷ്ണന്റെ കൃതജ്ഞതക്കും സ്വാദിഷ്ടമായ ലഘു ഭക്ഷണത്തിനും ശേഷം യോഗം അവസാനിച്ചു.

