
പിഷാരോടി സമാജത്തിൻ്റെ ഈ വർഷത്തെ (2025) രാമായണ മാസാചരണത്തിൻ്റെ ആരംഭം കുറിച്ചത് ഭൂലോക വൈകുണ്ഠമായ ഗുരുപവനപുരിയിലെ പിഷാരടി സമാജം ഗസ്റ്റ് ഹൗസിലെ ദേവധേയം ഹാളിലായിരുന്നു.
കേന്ദ്ര ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ, ശാഖാംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടു സംഘടിപ്പിച്ച പരിപാടികൾ മുൻ നിശ്ചയിച്ച പ്രകാരം ജൂലൈ പതിനേഴാം തിയ്യതി (കർക്കടകം – ഒന്ന്) വ്യാഴാഴ്ച രാവിലെ കൃത്യം പത്തു മണിയ്ക്കു തന്നെ തുടങ്ങി. കുലപതി പണ്ഡിതരത്നം കെ.പി. നാരായണ പിഷാരോടിയുടെ മകളും തുളസീദളം മുഖ്യപത്രാധിപയുമായ ശ്രീമതി എ പി സരസ്വതി ബാലകൃഷ്ണൻ ദീപ പ്രോജ്വലനം ചെയ്തു കൊണ്ടാണ് ആരംഭം കുറിച്ചത്.
പിഷാരടി സമാജം കേന്ദ്ര പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടി, ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ, സത്സംഗാചാര്യൻ ശ്രീ രാജൻ സിത്താര, സമാജം മുൻ പ്രസിഡണ്ട് ശ്രീ കെ പി ബാലകൃഷ്ണൻ , കരിങ്ങനാട് ഉണ്ണികൃഷ്ണ പിഷാരോടി തുടങ്ങവർ ദീപം തെളിയിക്കൽ ചടങ്ങിൽ പങ്കാളികളായി.
രാമായണ പാരായണത്തിന്നു മുന്നോടിയായി തുളസീദളം മുഖ്യ പത്രാധിപരായ ശ്രീമതി സരസ്വതി ബാലകൃഷ്ണൻ, കരിങ്ങനാട് ഉണ്ണികൃഷ്ണ പിഷാരോടി എന്നിവരുടെ നേതൃത്വത്തിൽ സമ്പൂർണ്ണ നാരായണീയ പാരായണം നടത്തിയത് സത്സംഗത്തിൻ്റെ ആത്മീയ ചൈതന്യത്തിന് വർദ്ധിത വീര്യം പ്രദാനം ചെയ്തു.
പിഷാരടീസ് കാറ്ററിംഗ് സർവ്വീസ് ഇടവേളകളെ ധന്യമാക്കാനായി തേയില സത്ക്കാരം നടത്തിയതും വിഭവസമൃദ്ധമായ ഉച്ചഭക്ഷണമൊരുക്കിയതും എല്ലാ പരിപാടികളുടേയും സമാപനമെന്ന നിലയിൽ രുചി പകർന്ന രാത്രി ഭക്ഷണമൊരുക്കിയതും പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നു.
പരിപാടികളിലെ മുഖ്യ ആകർഷണം പ്രമുഖ പ്രഭാഷകയും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് സംസ്കൃതമേധാവിയുമായ ഡോ ലക്ഷ്മി ശങ്കറിൻ്റെ സാന്നിധ്യം തന്നെയായിരുന്നു. രാമായണ പാരായണ സത്സംഗോത്ഘാടനമെന്ന നിലയിൽ അവർ നടത്തിയ ആമുഖ പ്രഭാഷണം ലളിതവും ആശയ ഗംഭീരവും വിജ്ഞാനപ്രദവുമായിരുന്നു.
പിഷാരടി സമുദായത്തെ കുറിച്ചും ഓരോ ഗ്രാമത്തിലേയും സ്കൂളുകളിൽ സംസ്കൃതം പഠിപ്പിയ്ക്കാനുണ്ടായിരുന്ന ഷാരോടി മാഷുമാരെ കുറിച്ചും സമൂഹത്തിന് ഷാരോടിമാർ പകർന്നു നല്കിയിരുന്ന സാംസ്കാരിക പാരമ്പര്യത്തെ കുറിച്ചും കുലപതി പണ്ഡിതരത്നം കെ.പി. നാരായണ പിഷാരോടിയെ അനുസ്മരിച്ചും കൊണ്ടുമാണ് ഡോ ലക്ഷ്മീ ശങ്കർ തൻ്റെ പ്രഭാഷണം ആരംഭിച്ചത്.
വാത്മീകി രാമായണത്തിലേയും അദ്ധ്യാത്മാരാമായണം കിളിപ്പാട്ടിലേയും പല സന്ദർഭങ്ങൾ ഉദ്ധരിച്ച് ഇഴചേർത്തു കൊണ്ട് ശ്രീരാമ തത്വത്തെയും രാവണതത്ത്വത്തേയും വളരെ ഭംഗിയായി അവർ വിവരിച്ചു. ഭാഷ പഠിയ്ക്കാനും ഭാഷാ പഠനത്തിലൂടെ സാംസ്കാരികോന്നമനം നടത്താനും ഓരോ രാമായണമാസവും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വത്തെ കുറിച്ച് അവർ ഏറെ വാചാലയായി.
രാമൻ്റേയും രാവണൻ്റേയും വ്യത്യസ്ഥ തലങ്ങളെ കുറിച്ചും ശത്രുക്കളായുള്ള രണ്ടു വിഭാഗങ്ങളിലെ നായികമാരായ സീത, മണ്ഡോദരി എന്നിവരുടെ മാനസിക ഐക്യത്തെ കുറിച്ചും സമാനസ്വഭാവങ്ങളെ കുറിച്ചും അവരിലൂടെ മണ്ണിലേയും വിണ്ണിലേയും പ്രാതിനിധ്യത്തെ കുറിച്ചുമെല്ലാം ഡോക്ടർ ചുരുങ്ങിയ വാക്കുകളാൽ തന്നെ അനുവാചകരിലെത്തിച്ചുവെന്നതും എടുത്തു പറയേണ്ടതാണ്.
രാമായണത്തിൻ്റെ ആത്യന്തികമായ രാമ രസത്തെ ഏതൊക്കെ തരത്തിൽ പാനം ചെയ്യാനാവുമെന്നതിന്നുള്ള ഒരു സോദാഹരണ സെഷൻ തന്നെയായിരുന്നു ലക്ഷ്മീ ശങ്കർ നിർവ്വഹിച്ചത്. പ്രകൃതിയോടും വൃക്ഷലതാദികളോടും പക്ഷിമൃഗാദികളോടും ശ്രീരാമൻ എന്ന വ്യവസ്ഥ ഏതെല്ലാം തരത്തിൽ ബന്ധപ്പെടുന്നു എന്നതും അവരുടെ പ്രഭാഷണത്തിൽ വ്യക്തമായിരുന്നു. ഭാഷയും സംസ്കാരവും തമ്മിലുള്ള അദമ്യമായ ബന്ധത്തെ കുറിച്ചും അവ വളർത്തിയെടുക്കുന്നതിൽ രാമായണം വഹിയ്ക്കേണ്ടതായ ഉത്തരവാദിത്വത്തെ കുറിച്ചും ഡോക്ടർ സൂചിപ്പിച്ചു.
സരയുവിലലിഞ്ഞുചേർന്ന ശ്രീരാമചന്ദ്ര മഹത്വങ്ങൾ, ഒരു നദിയുടെ പ്രവാഹത്തിൻ്റെ നൈരന്തര്യം പോലെ രാമതത്വവും, രാമരസവും രാമകഥയും രാമായണവും രാമായണസംസ്കാരവുമെല്ലാം തലമുറകളിൽ നിന്നു തലമുറകളിലേയ്ക്ക് പകർന്നുകൊണ്ടിരിയ്ക്കുന്നുവെന്നും അത് ഇനിയും അനുസ്യൂതമായി തുടർന്നുകൊണ്ടേയിരിയ്ക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
രാമായണ പാരായണ സത്സംഗാചാര്യൻ രാജേട്ടൻ്റെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനില്ക്കുന്ന പാരായണത്തിൻ്റെ ആദ്യ ദിവസ വായനയാണ് പ്രഭാഷണശേഷം നടന്നത്. വിവിധ ശാഖകളെ പ്രതിനിധീകരിച്ചെത്തിയവരായ എല്ലാവരും ചേർന്നു നടത്തിയ ‘സമൂഹരാമായണ പാരായണം’ എന്ന വിശേഷണമർഹിയ്ക്കുന്ന ഒരു വായനയ്ക്കു തന്നെയാണ് വേദിയിലും സദസ്സിലുമായി ദേവധേയം സാക്ഷ്യം വഹിച്ചത്.
പരിപാടികളുടെ പര്യവസാനമെന്നോ, മംഗളാരതിയെന്നോ മറ്റോ വിശേഷിപ്പിയ്ക്കത്തക്ക തരത്തിൽ, സമാജത്തിൻ്റെ കൊടകര നാടക സംഘം അവതരിപ്പിച്ച ”ഭാവയാമി രഘുരാമം” എന്ന നൃത്ത സംഗീത കാവ്യശില്പം ഹൃദ്യവും ആഹ്ലാദ ദായകവുമായിരുന്നു. രാമായണത്തിൻ്റെ സാരസർവ്വസ്വവും ഉൾകൊള്ളുന്ന കീർത്തനത്തിൻ്റെ പ്രധാന കഥാസന്ദർഭങ്ങൾക്കെല്ലാം ദൃശ്യാവിഷ്ക്കാരം നല്കി കോർത്തിണക്കിയ ഒരു വനമാല തന്നെയായിരുന്നു കൊടകര സംഘത്തിൻ്റെ പ്രകടനം.
വെളിച്ച നിയന്ത്രണത്തിൻ്റെ പരിമിതികളാൽ ചെറിയ ചില ദോഷങ്ങൾ ദോഷൈകദൃക്കുകൾക്ക് ചൂണ്ടികാണിയ്ക്കാമെങ്കിലും അത്തരമൊരു പ്രകടനം നടത്താൻ അഥവാ പരിപാടി അവതരിപ്പിയ്ക്കാൻ കൊടകര ശാഖാംഗങ്ങൾ കാണിച്ച ആത്മവിശ്വാസവും ആത്മാർത്ഥതയും പ്രകീർത്തിയ്ക്കപ്പെടേണ്ടതു തന്നെയാണ്. അതുകൊണ്ടുതന്നെ അതിനു വേണ്ടി യത്‌നിച്ചവരുടെ പേരുവിവരങ്ങളെങ്കിലും ഇവിടെ സൂചിപ്പിച്ചില്ലെങ്കിൽ ഈ ഉദ്യമം അപൂർണ്ണമാവുമെന്നതിനാൽ അതുകൂടി ചേർക്കുന്നു.
നിഴൽ നാടകം
ഭാവയാമി രഘുരാമം.
അവതരണം നാടക സംഘം കൊടകര
വേഷങ്ങൾ ആടിയവർ…
1. ഉഷ ശ്രീധരൻ
2. രമ്യ രാധാകൃഷ്ണൻ
3. കാർത്തിക ഗിരീഷ്
4. മോഹനൻ കെ പി
5. ജയൻ ടി ആർ
6. രാമചന്ദ്രൻ നവമി
ശബ്ദ വെളിച്ച നിയന്ത്രണം
രാജൻ സിത്താര
സാങ്കേതിക സഹായം
ശശി കെ പി,
രാമചന്ദ്രൻ സി പി
ഭാവയാമി രഘുരാമം എന്ന കീർത്തനത്തിലടങ്ങിയിരിയ്ക്കുന്ന രാമകഥയേയും രാമരസത്തേയും സദസ്യരിലേയ്ക്കു പകർന്നു തന്ന കൊടകര നാടകസംഘത്തിനും സഹായികൾക്കും അഭിനന്ദനങ്ങളോടൊപ്പം നന്ദിയും അറിയിയ്ക്കുന്നു.
പുതിയ കേന്ദ്രഭരണ സമിതി ഭാരവാഹികളുടെയും വിവിധ ശാഖാപ്രതിനിധികളുടേയും സമാജം ഗസ്റ്റ് ഹൗസ് നടത്തിപ്പുകാരുടേയും ശബ്ദ വെളിച്ച നിയന്ത്രണം നടത്തിയവരുടേയും അതിനെല്ലാം പുറമെ കൃത്യതയോടെ രുചികരമായ ഭക്ഷണം വിളമ്പിയ പിഷാരടീസ് കാറ്ററിംഗ് ഭാരവാഹികളുടേയും കൂടാതെ ഇത്തരമൊരാശയം ജനിച്ചതുമുതൽ ഊണിലും ഉറക്കത്തിലും പരിപാടിയുടെ വിജയകരമായ പര്യവസാനം വരെ യത്നിച്ച ഓരോരുത്തരുടേയും നിഷ്കാമ കർമ്മ പുണ്യഫലം തന്നെയാണ് പതിനേഴാം തിയ്യതിയിലെ ദേവധേയത്തെ ഇത്ര ധന്യമാക്കിയതെന്ന് ഒരിയ്ക്കൽ കൂടി ആവർത്തിയ്ക്കുന്നു. ഇനിയും ഇത്തരം സംഗമങ്ങൾ സമാജത്തിന്നു സാധ്യമാകട്ടെ എന്നാശംസിച്ചു കൊണ്ട് അതിനായി പ്രാർത്ഥിയ്ക്കുന്നു.
വേണു വീട്ടിക്കുന്ന്.
9446859218