ശ്രീമതി വൈക (ഗീത സതീഷ്)യുടെ പുതിയ പുസ്തകം ‘ന്റെ കാര്യം ‘ എന്ന കവിതാ സമാഹാരം 26-08-25 ന് പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് സമാജം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി തുളസീദളം ചീഫ് എഡിറ്റർ ശ്രീമതി എ പി സരസ്വതിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. തുടർന്ന് ശ്രീമതി ജയലക്ഷ്മിക്കും പുസ്തകം കൈമാറി.
തുളസീദളം മാസികയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ ഏവർക്കും സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ വൈകയെ സദസ്സിന് പരിചയപ്പെടുത്തി.ശ്രീ എ രാമചന്ദ്ര പിഷാരോടി സമാജത്തിൽ വെച്ച് ആദ്യമായാണ് ഒരു പുസ്തക പ്രകാശനം നടക്കുന്നതെന്നും അതും തുളസീദളം പത്രാധിപ സമിതി അംഗം ശ്രീമതി വൈകയുടെ ആണ് എന്നതും വലിയ സന്തോഷം നൽകുന്നു എന്നും പറഞ്ഞു. ശ്രീമതി എ പി സരസ്വതി, ശ്രീമതി ജയലക്ഷ്മി, ശ്രീ രാജൻ സിത്താര, ശ്രീ രാജഗോപാൽ ആനായത്ത്, ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി, ശ്രീ സി പി അച്യുതൻ, ശ്രീ റോബിൻ പള്ളുരുത്തി എന്നിവർ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.
‘എന്റെ നീണ്ട കാലത്തെ ഒരു സ്വപ്നമാണ് ഇന്ന് ഇവിടെ സാക്ഷാൽക്കരിച്ചത്’ , പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് എന്റെ ഒരു പുസ്തകമെങ്കിലും പ്രകാശനം നടത്തണമെന്ന് വളരെയേറെ ആഗ്രഹിച്ചിരുന്നു. എന്റെ ഈ പത്താമത് പുസ്തക പ്രകാശനത്തിലാണ് ആ ആഗ്രഹം സഫലമായത് – മറുപടി ഭാഷണത്തിൽ ശ്രീമതി വൈക പറഞ്ഞു.
നമ്മുടെ ഇടയിൽ ഉള്ള എഴുത്തുകാരിൽ ആർക്കെങ്കിലും സ്വന്തമായി ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിക്കണം എന്ന് തോന്നുന്നുണ്ടെങ്കിൽ വളരെ ചുരുങ്ങിയ ചെലവിൽ അവ പ്രസിദ്ധീകരിച്ചു നൽകാൻ തയ്യാറാണെന്ന് ശ്രീമതി വൈക അറിയിച്ചിട്ടുണ്ടെന്ന് എന്ന് ശ്രീ കെ പി ഹരികൃഷ്ണൻ യോഗത്തിന് നന്ദി പറയുമ്പോൾ അറിയിച്ചു.