ദർശനം, പുണ്യ ദർശനം! (കൊടകരശാഖ സംഘടിപ്പിച്ച ശബരിമലയാത്ര)

ദർശനം, പുണ്യ ദർശനം!
(കൊടകരശാഖ സംഘടിപ്പിച്ച ശബരിമലയാത്ര)

പിഷാരോടി സമാജം കൊടകര ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് ശബരിമല യാത്രയിൽ 19 സ്വാമിമാർ/ മാളികപ്പുറങ്ങൾ ഭക്തിനിർഭരമായി സ്വാമിദർശനം നടത്തി തിരിച്ചെത്തി.

2025 ഒക്ടോബർ 17 വെള്ളിയാഴ്ച വൈകിട്ട് വിവിധ കേന്ദ്രങ്ങളിലായി കെട്ടുനിറ നടത്തുകയും ശനിയാഴ്ച (തുലാമാസം ഒന്നാം തീയ്യതി) രാവിലെ 3 മണിക്ക് കോടാലിയിൽ നിന്ന് യാത്ര ആരംഭിക്കുകയും ചെയ്തു.
കോടാലി എടയാറ്റ് ശ്രീ മഹാവിഷ്ണു ക്ഷേത്രം, ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം, കാരൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രം എന്നിവിടങ്ങളിൽ കാണിക്കയിട്ട് തൊഴുത് യാത്രാ സംഘം രാവിലെ അഞ്ചര മണിയോടെ തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. അടുത്തതായി സംഘം ചോറ്റാനിക്കര ഭഗവതിയെ ദർശിച്ച് വണങ്ങി. തുടർന്ന് ഉദയനാപുരം ശ്രീ മുരുക ക്ഷേത്ര ദർശനത്തിനു ശേഷം വൈക്കത്തപ്പൻ്റെ തിരുസന്നിധിയിലെത്തി. അവിടെ ദർശനത്തിനു ശേഷം ക്ഷേത്രത്തിൻ്റെ മുന്നിൽത്തന്നെയുള്ള ഹോട്ടലിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച് കടുത്തുരുത്തിയിലേക്ക് പുറപ്പെട്ടു. അവിടത്തെ മഹാദേവനെ ദർശിച്ചതിനു ശേഷം കേരളത്തിൽ സൂര്യഭഗവാൻ്റെ പ്രതിഷ്ഠയുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ ആദിത്യപുരം ക്ഷേത്രത്തിൽ ദർശനം നടത്തി. അടുത്തതായി മള്ളിയൂർ ക്ഷേത്രത്തിലെത്തി മഹാഗണപതിയെയും ശ്രീകൃഷ്ണ ഭഗവാനെയും ദർശിച്ചു. തുടർന്ന് ഏറ്റുമാനൂരപ്പൻ്റെ പുണ്യദർശനം കഴിഞ്ഞപ്പോഴേക്കും ഉച്ചഭക്ഷണത്തിനുള്ള സമയമായി.
കോട്ടയം ശാഖാ ജോയിൻ്റ് സെക്രട്ടറി ശ്രീ പ്രവീണിന് പങ്കാളിത്തമുള്ള മണർകാട് ആര്യ വെജിറ്റേറിയൻ ഹോട്ടലിൽ നേരത്തെ പറഞ്ഞേൽപ്പിച്ച ഉച്ചഭക്ഷണം കഴിച്ച ശേഷം അടുത്ത ലക്ഷ്യമായ എരുമേലിയിലേക്ക് പുറപ്പെട്ടു. (കടപ്പാട്ടൂർ ക്ഷേത്രത്തിൽ നട അടച്ചു കഴിഞ്ഞതിനാൽ ദർശനം സാധിച്ചില്ല.)
എരുമേലിയിൽ കന്നി മാളികപ്പുറങ്ങൾ പേട്ടയിൽ ശാസ്താക്ഷേത്രത്തിൽ നിന്നും പേട്ടതുള്ളൽ ആരംഭിച്ച് വാവരുസ്വാമിയെ വണങ്ങി, എരുമേലി ശാസ്താക്ഷേത്രത്തിൽ പേട്ടതുള്ളൽ അവസാനിപ്പിച്ച് സ്നാനം നടത്തി എരുമേലി ശാസ്താവിനെ ദർശിച്ചു വണങ്ങി.

അതിനുശേഷം, അയ്യപ്പസ്വാമി മഹിഷീ നിഗ്രഹം കഴിഞ്ഞ്, വിശ്രമിച്ചതായി വിശ്വസിക്കപ്പെടുന്ന, എരുമേലിയിൽത്തന്നെയുള്ള പുത്തൻവീടും സന്ദർശിച്ചത് വേറിട്ടൊരു അനുഭവമായി. ആയിരത്തിലധികം വർഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന, ജീർണ്ണാവസ്ഥയിലുള്ള ഈ വീട് അതിൻ്റെ പഴമ നിലനിർത്തിക്കൊണ്ടുതന്നെ ഇന്നും അതേപടി സൂക്ഷിക്കുന്നു. മഹിഷിയെ വധിച്ച ഉടവാൾ ഈ വീടിൻ്റെ പൂജാമുറിയിൽ ഇന്നും സൂക്ഷിച്ചിട്ടുണ്ട്.

എരുമേലിയിൽ നിന്നും പിന്നീട് സംഘം നിലക്കലിലേക്ക് പുറപ്പെട്ടു. അഭൂതപൂർവ്വമായ തിരക്കുണ്ടായിരുന്നതിനാൽ ഞങ്ങളുടെ വാഹനത്തിന് നിലയ്ക്കൽ വരെ മാത്രമാണ് യാത്രാനുമതി ലഭിച്ചത്. അവിടെ നിന്ന് അയ്യപ്പ കടാക്ഷത്താൽ ഞങ്ങൾക്ക് മാത്രമെന്നപോലെ സേവനം നടത്തിയ KSRTC ബസ്സിൽ കയറി പമ്പയിലെത്തിയപ്പോഴേക്കും ഏകദേശം 7 മണിയായി. പമ്പയിൽ വിരി വച്ച് പമ്പാസ്നാനവും ലഘുഭക്ഷണവും കഴിഞ്ഞ് പമ്പാഗണപതിയെ ദർശിച്ച് മലകയറ്റം ആരംഭിച്ചു. ഗുരുസ്വാമിയായ അരുണിനു മാത്രമാണ് സന്നിധാനത്ത് ഹരിവരാസനം പാടി നട അടയ്ക്കുന്നതിനു മുമ്പ് പതിനെട്ടാം പടി കയറി ദർശനം നടത്താൻ സാധിച്ചത്.
പതിനെട്ടാം പടി കയറാതെ വിശ്രമമില്ലെന്ന കന്നി മാളികപ്പുറങ്ങളുടെ നിശ്ചയദാർഢ്യത്തോടെയുള്ള തീരുമാനം മൂലം മറ്റുള്ളവരിൽ ഭൂരിഭാഗവും രാവിലെ 5 മണിവരെ നടപ്പന്തലിലെ ക്യൂവിൽ നിന്നും, ഇരുന്നും, കിടന്നും ഭക്തിപൂർവ്വം കഴിച്ചു കൂട്ടി. രാവില 5 മണിക്ക് തിരുനട തുറന്നശേഷം പൊന്നു പതിനെട്ടാംപടി കയറി നറുനെയ്യിൽ അഭിഷിക്തനായ അയ്യൻ്റെ പുണ്യദർശനം ക്ഷണനേരത്തേക്ക് മാത്രമെങ്കിലും തിക്കിലും തിരക്കിനുമിടയിൽ സാധിച്ച് എല്ലാവരും സായൂജ്യമടഞ്ഞു.
തുടർന്ന് ശാഖാ ട്രഷറർ ശ്രീ. എം.പി. വിജയന്റെ പരിശ്രമത്തിന്റെ ഫലമായി ലഭിച്ച ദേവസ്വത്തിൻ്റെ ശബരി ഗസ്റ്റ് ഹൗസിലെ സാമാന്യം നല്ല സൗകര്യങ്ങളോടുകൂടിയ മുറിയിൽ പ്രഭാത കർമ്മങ്ങൾ കഴിഞ്ഞ ശേഷം അയ്യന് നെയ്യഭിഷേകം, പഞ്ചാമൃത അഭിഷേകം, മാളികപ്പുറത്ത് മഞ്ഞൾ അഭിഷേകം, ഭൂതഗണങ്ങൾക്ക് മലർ നിവേദ്യം എന്നീ വഴിപാടുകൾക്കായി വീണ്ടും സന്നിധാനത്തെത്തി ശബരീശൻ്റെ തിരുനടയിലും മാളികപ്പുറത്തമ്മ ഉൾപ്പെടെയുള്ള മറ്റ് ഉപദൈവങ്ങളുടെ സന്നിധിയിലും ഒരിക്കൽ കൂടി ദർശനം നടത്തി.
ശബരിമല തന്ത്രിക്ക് ദക്ഷിണ സമർപ്പിച്ച് അനുഗ്രഹം വാങ്ങി, പ്രസാദവും സ്വീകരിച്ച് യാത്രയുടെ പ്രധാന ദൗത്യങ്ങൾ പൂർത്തിയാക്കി. ദേവസ്വത്തിൻ്റെ അന്നദാനം ഹാളിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച് അഭിഷേകം ചെയ്ത നെയ്യും മറ്റു പ്രസാദങ്ങളും വാങ്ങി മുറിയിലെത്തി മടക്കയാത്രക്കുള്ള തയ്യാറെടുപ്പ് തുടങ്ങി. തുടർന്ന് പതിനെട്ടാം പടിക്കൽ നാളികേരമുടച്ച് അയ്യനെ സ്മരിച്ച്, യാത്രയുടെ ഓർമ്മക്കായി എല്ലാ സംഘാംഗങ്ങളും ചേർന്നുള്ള ഫോട്ടോക്ക് ശേഷം മലയിറക്കം ആരംഭിച്ചു.

മല കയറുന്നതു പോലെത്തന്നെ ശ്രമകരമായിരുന്നു തിരിച്ച് പമ്പയിലേക്കുള്ള ഇറക്കവും.
ഉച്ചയോടെ പമ്പയിലെത്തി ഉച്ചഭക്ഷണത്തിന് ശേഷം KSRTC ബസ്സിൽ 3 മണിയോടെ നിലയ്ക്കലിലെത്തി. സമയം വൈകിയതിനാൽ മടക്കയാത്രയിൽ ദർശനം നടത്തണമെന്ന് കരുതിയിരുന്ന മലയാലപ്പുഴ, പന്തളം, മണ്ണാറശ്ശാല, ഹരിപ്പാട് എന്നീ ക്ഷേത്രങ്ങൾ സമയപരിധി മൂലം ഒഴിവാക്കേണ്ടി വന്നു. എങ്കിലും തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, ചക്കുളത്തുകാവ് ഭഗവതീ ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെ ദർശനങ്ങൾ വേറിട്ട അനുഭവമായിരുന്നു. അമ്പലപ്പുഴയിലെ പ്രസിദ്ധമായ പാൽപ്പായസം എല്ലാവരും ഭക്തിപൂർവ്വം കഴിച്ചു. മടക്കയാത്രയിൽ ഇടപ്പള്ളിയിൽ രാത്രി 10 മണിയോടെ ഭക്ഷണവും കഴിച്ച് വെളുപ്പിന് 12.30 മണിയോടെ കാരൂരിലും ഒരു മണിയോടെ കോടാലിയിലും തിരിച്ചെത്തി.

രണ്ടു മൂന്നു ദിവസത്തെ ഉറക്കക്ഷീണവും യാത്രാക്ഷീണവും മൂലം ശാരീരികമായി എല്ലാവരും നല്ല പോലെ തളർന്നെങ്കിലും രണ്ടു ദിവസങ്ങളിലെ ചുരുങ്ങിയ സമയം കൊണ്ട് പരമാവധി അമ്പലങ്ങളിലെയും ശബരിമലയിലെയും ദർശന സൗഭാഗ്യം ലഭിച്ചതിൻ്റെ ചാരിതാർത്ഥ്യത്തിൽ എല്ലാവരും സുരക്ഷിതമായി വീടുകളിലെത്തി.

കൊടകര ശാഖയുടെ നേതൃത്വത്തിലുള്ള ഈ ശബരിമല യാത്ര മൂന്നാം വർഷവും സംഘടിപ്പിക്കുന്നതിന് മുൻകൈയെടുത്ത്, യാത്രയിലുടനീളം ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകിയത് കൊടകര ശാഖാംഗവും, കേന്ദ്ര വൈസ് പ്രസിഡന്റുമായ ശ്രീ. സി.പി. രാമചന്ദ്രനാണ്. ഗുരുസ്വാമി ശ്രീ. അരുൺ, യാത്രാ സംഘത്തിൽ എല്ലാവർക്കും പ്രചോദനം നൽകികൊണ്ടിരുന്നു. യാത്ര സംബന്ധിച്ച സാമ്പത്തിക കാര്യങ്ങൾ ശാഖാ ട്രഷറർ ശ്രീ.എം. പി. വിജയൻ കുറ്റമറ്റ രീതിയിൽ കൈകാര്യം ചെയ്തു.
ട്രാവലറിൻ്റെ സാരഥി ശ്രീ. മനുവിൻ്റെ സമർത്ഥമായ ഡ്രൈവിങ് മിക്കവാറും എല്ലാ അമ്പലങ്ങളിലും കൃത്യ സമയത്തു തന്നെ സുരക്ഷിതമായി എത്തിക്കാൻ സഹായിച്ചു.

എല്ലാ വിധത്തിലും ഈ തീർത്ഥയാത്രയിൽ പങ്കെടുത്തവർക്കെല്ലാം മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ചുകൊണ്ട്, ഇനിയും ഇത്തരം യാത്രകൾക്കു വേണ്ടി ആഗ്രഹിച്ചു കൊണ്ട്, ഇത്തവണത്തെ സമാജം ശാഖയുടെ ശബരിമലയാത്ര സമംഗളം പര്യവസാനിച്ചു.

ഏറെ ധന്യമായ ഈ യാത്ര മനസ്സിൽ എന്നും വേറിട്ട അനുഭവം തന്നെ.

സ്വാമിശരണം…. അയ്യപ്പ ശരണം….
🙏🙏

4+

Leave a Reply

Your email address will not be published. Required fields are marked *