
അതേ. 2025 ഏപ്രിൽ 16 ബുധൻ. നെടുനാളത്തെ സ്വപ്നങ്ങൾക്ക് സാഫല്യമായ ദിനം. തുളസീദളം കലാ സാംസ്കാരിക സമിതിയുടെ പ്രവർത്തനങ്ങൾക്ക് ഔപചാരികമായി തുടക്കമിട്ട ദിവസം. തുടക്കമിടാൻ എത്തിയതോ ഏറ്റവും അനുയോജ്യനായ കലാകാരൻ. ചെറുപ്പത്തിലേ തന്നെ സമാജം പ്രവർത്തനങ്ങളുമായി സഹകരിച്ചിരുന്ന കൊച്ചു കലാകാരൻ മിമിക്രിയിലൂടെ, ദൃശ്യ മാധ്യമങ്ങളിലെ അവതരണങ്ങളിലൂടെ, അഭിനയത്തിലൂടെ, സംഘാടക മികവിലൂടെ, സിനിമാ സംവിധാനത്തിലൂടെ പടിപടിയായി ഉയർന്നു വന്ന് ഇന്ന് പിഷാരടി സമുദായത്തിന്റെ തന്നെ ആഗോള അംബാസിഡർ ആയി മാറിയ ശ്രീ രമേഷ് പിഷാരടി. ആരംഭം ഐശ്വര്യപൂർണ്ണതയോടെ. ഇനിയുള്ള തുടർച്ചകൾ, കലാ യാത്രകൾ ആ വെളിച്ചത്തിൽ നിന്നുമാണ്. ഗംഭീരമാകും. ആകണം.
നമ്മുടെ ഇടയിൽ കലാ രംഗത്തെ ഒട്ടുമിക്ക വിഭാഗങ്ങളിൽ നിന്നുമായി നിരവധി കലാകാരൻമാരും കലാകാരികളുമുണ്ട്. അവരിൽ പ്രശസ്തരുണ്ട്. സെലിബ്രിറ്റികളുണ്ട്. ഗുരുഭൂതരുണ്ട്. അധികമൊന്നും അറിയപ്പെടാത്ത ഒരുപാട് പ്രതിഭകളുണ്ട്. അവരെയെല്ലാം ഏകോപി ച്ച് ഒരേ കുടക്കീഴിൽ എത്തിക്കുക എന്നത് അന്തരിച്ച ബാബു നാരായണന്റെ ആശയമായിരുന്നു. അദ്ദേഹത്തിന്റെ ജീവിത കാലത്ത് ആ ആശയം നടപ്പിലാക്കാൻ സാധിച്ചില്ല. മഹത്തായ ആ സ്വപ്നത്തെ യാഥാർഥ്യമാക്കണമെന്ന് ചിന്തിച്ചുറച്ച് അതിനു വേണ്ടി ചന്ദ്രേട്ടൻ (എ. രാമചന്ദ്ര പിഷാരടി)അനവരതം അക്ഷീണം പ്രവർത്തിച്ചതിന്റെ പ്രതിഫലനമായിരുന്നു സത്യത്തിൽ ഏപ്രിൽ 16 ന്റെ ചരിത്ര നിർമ്മിതി എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.
ഇനി ഏപ്രിൽ 16 ന്റെ തിരുമുറ്റത്തേക്ക്. രാവിലെ 9 മണിക്ക് തന്നെ ശ്രീ വിനോദ് കൃഷ്ണൻ , ശ്രീ എ. പി ഗോപി എന്നിവരുടെ നേതൃത്വത്തിൽ രെജിസ്റ്ററേഷൻ ആരംഭിച്ചിരുന്നു. നമ്മുടെ ഇടയിലുള്ള പ്രതിഭകളെ സർവ്വർക്കും പരിചയപ്പെടുത്തുക എന്നതായിരുന്നു ആദ്യത്തെ പരിപാടി. അതേപ്പറ്റി പ്രോഗ്രാം കോ കോർഡിനേറ്റർ ശ്രീ രാജൻ സിത്താര വിശദീകരിച്ചു. തുടർന്ന് യുവജനസമിതി പ്രസിഡന്റ് കുമാരി അനാമിക, സെക്രട്ടറി കുമാരി ഗൗരി ഗോപി എന്നിവർ അഭിമാനത്തോടെ, ആദരവോടെ ഓരോ പ്രതിഭകളെയും ബോക്കെ നൽകി ആദരിക്കാനും സ്വയം പരിചയപ്പെടുത്തുവാനായി വേദിയിലേക്ക് ക്ഷണിച്ചു.
ഏറ്റവും ആദ്യമെത്തിയത് മലയാള സിനിമാ രംഗത്ത് തികച്ചും വ്യത്യസ്തങ്ങളായ മൂന്നു ചിത്രങ്ങൾ (മേൽവിലാസം, അപ്പോത്തിക്കിരി, ഇളയരാജ) സംവിധാനം ചെയ്ത് അവതരിപ്പിച്ച ശേഷം ഇപ്പോൾ തമിഴ് സിനിമയിൽ ആഴി എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടിരിക്കുന്ന ശ്രീ മാധവ് രാംദാസ് ആയിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ പ്രിയ പത്നിയും പ്രശസ്ത ചിത്രകാരിയുമായ ശ്രീമതി കലാ മണ്ഡലം ബിന്ദുലേഖ എത്തി. പിന്നീട് കഥകളി കലാകാരനും ആശാനുമായ കലാനിലയം ശ്രീ അനിൽകുമാർ, നാടക രംഗത്ത് വളർന്ന് വരുന്ന ശ്രീ വിഷ്ണു രാധാകൃഷ്ണൻ, പ്രശസ്ത നർത്തകനും നൃത്ത അദ്ധ്യാപകനുമായ ശ്രീ രാമചന്ദ്രൻ മാങ്കുറ്റിപ്പാടം, കഥകളി കലാകാരൻ ശ്രീ കോട്ടക്കൽ ഹരീശ്വരൻ, സംഗീതജ്ഞൻ ശ്രീ ജി. ആർ ഗോവിന്ദൻ, പ്രസിദ്ധ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ശ്രീ രവികുമാർ, എഴുത്തുകാരനും കഥകളി കലാകാരനുമായ ശ്രീ അക്ഷയ് സുരേഷ്, മദ്ദളം വാദകനായ ശ്രീ ആകാശ്, ഇലത്താളം കലാകാരൻ ശ്രീ മനോജ്‌കുമാർ, മൃദംഗം വാദകനായ ശ്രീ കെ പി രവി, ചെസ്സ് കളിക്കാരൻ ശ്രീ മുകുന്ദൻ, പ്രശസ്ത നർത്തകിയും നൃത്ത അദ്ധ്യാപികയുമായ ശ്രീമതി സാന്ദ്ര രാധാകൃഷ്ണൻ, കഥകളി കലാകാരൻ ശ്രീ വി പി രാജേഷ്, തിമില വാദകൻ ശ്രീ കാവശ്ശേരി കുട്ടികൃഷ്ണൻ, പ്രശസ്ത സൗണ്ട് എഞ്ചിനീയർ ശ്രീ ഹരിനാരായണൻ, ഓട്ടൻതുള്ളൽ കലാകാരി കുമാരി ഹരിപ്രിയ, നാടക കലാകാരനായ ശ്രീ പ്രസന്നൻ തൃക്കൂർ, കഥകളി സംഗീതജ്ഞൻ ശ്രീ ആദിത്യ കൃഷ്ണൻ, പ്രശസ്ത ഭരതനാട്യം കലാകാരിയും നൃത്താദ്ധ്യാപികയുമായ ഡോക്ടർ ആർ. എൽ വി ശാലിനി ഹരികുമാർ, പ്രശസ്ത നർത്തകിയും നൃത്ത അദ്ധ്യാപികയുമായ ശ്രീമതി സൗമ്യ ബാലഗോപാൽ, കഥകളിയിലും അതോടൊപ്പം തിരുവാതിരക്കളിയിലും പ്രഗത്ഭരായ സഹോദരിമാർ ശ്രീമതി എ. പി സരസ്വതി, ശ്രീമതി ഭാഗ്യം മോഹൻദാസ് എന്നിവർ, ഗായകൻ ശ്രീ കൃഷ്ണകുമാർ, നർത്തന കലാകാരി കുമാരി ഹരിത മണികണ്ഠൻ, ലഘു സിനിമാ രചയിതാവും സംവിധായകനുമായ ശ്രീ അച്ചുതനുണ്ണി, തിമില കലാകാരൻ ശ്രീ പെരുവനം കൃഷ്ണകുമാർ, അറിയപ്പെടുന്ന അവതാരകയും ചലച്ചിത്ര അഭിനേതാവുമായ ശ്രീലക്ഷ്മി പ്രസാദ്, സിനിമ അഭിനേതാവ് ശ്രീ അനിരുദ്ധ്, സിനിമാ രംഗത്തെ തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീ മുരളി ബാല, കഥകളി സംഘാടകൻ ശ്രീ സുദീപ്, കഥകളി വേഷത്തോടൊപ്പം ചെണ്ട വാദകൻ, കവിത എഴുത്ത് എന്നിവയിലെല്ലാം തന്നെ പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള മാസ്റ്റർ വിഷ്ണുദത്ത്, കരാട്ടെ, ബോക്സിങ്ങ് എന്നിവയിൽ പ്രഗത്ഭനായ മാസ്റ്റർ പവിത്ത്, ഗായകൻ സുരേഷ് പൂത്തോൾ, കവി പദ്മിനി രാമകൃഷ്ണൻ, മോഹിനിയാട്ടം കലാകാരി ശ്രീമതി രമ്യ, കഥകളി രംഗത്തെ നവമുകുളങ്ങൾ ശ്രീഭദ്ര, ശ്രീബാല എന്നിവരും ഒപ്പം സമാജം വേദികളിലൂടെ കലാ രംഗത്ത് ഉയർന്നു വന്ന് ഇന്ന് സിനിമാ രംഗത്ത് പ്രശസ്തയായ കുമാരി ശ്രവണയും മലയാള സിനിമാ/ടി വി രംഗത്ത് പ്രശസ്തയായിരുന്ന അന്തരിച്ച രേഖാ മോഹന്റെ ഭർത്താവ് ശ്രീ മോഹന
കൃഷ്ണനുമെല്ലാം സ്വയം സദസ്സിന് അനുഭവങ്ങൾ പങ്ക് വെച്ചു.
തുടർന്ന് കുമാരി ശ്രവണയുടെ അഭ്യർത്ഥന പ്രകാരം ചലച്ചിത്ര സംവിധായകൻ ശ്രീ മാധവ് രാംദാസ് സിനിമയോട് താൽപ്പര്യമുണ്ടായതും സംവിധാനമാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞതും ഒന്നിനൊന്നു വ്യത്യസ്തമായ ചിത്രങ്ങൾ സംവിധാനം ചെയ്തതും അവയിൽ ഏറ്റവും പുതിയ തമിഴ് ചിത്രം ആഴിയെ കുറിച്ചുമുള്ള അനുഭവങ്ങൾ പങ്കിട്ടു
അതിനു ശേഷം ഏറ്റവും പ്രധാനപ്പെട്ട ഉത്ഘാടന സമ്മേളനം. തുളസീദളം കലാ സാംസ്കാരിക സമിതി വൈസ് പ്രസിഡന്റ് ശ്രീ കെ പി ഹരികൃഷ്ണന്റെ അവതരണത്തോടെ ആരംഭിച്ച യോഗത്തിൽ കഥകളി സംഗീതജ്ഞൻ ശ്രീ ആദിത്യകൃഷ്ണൻ ഭക്തിസാന്ദ്രവും മധുരിതവുമായ പ്രാർത്ഥന ചൊല്ലി. പ്രസിഡന്റ് ശ്രീ എ. രാമചന്ദ്രൻ ഇങ്ങനെയൊരു സമിതി ഉണ്ടാകാനുള്ള കാരണങ്ങളും സമിതിയുടെ ലക്ഷ്യങ്ങളുമെല്ലാം വിശദീകരിച്ചു. സെക്രട്ടറി ശ്രീ ഗോപൻ പഴുവിൽ ഏവർക്കും സ്വാഗതം പറഞ്ഞു. തുടർന്ന് ശ്രീ രമേഷ് പിഷാരടി നിലവിളക്ക് കൊളുത്തി ഉൽഘാടന കർമ്മം നിർവ്വഹിച്ചതോടെ കലാ സാംസ്കാരിക സമിതി യാഥാർഥ്യമായി.
ഉത്ഘാടന ഭാഷണത്തിൽ ശ്രീ രമേഷ് പിഷാരടി ഇത്തരമൊരു കലാ സമിതിയുടെ ആത്മാർത്ഥമായ ലക്ഷ്യത്തെപ്പറ്റിയും പ്രസക്തിയെ പറ്റിയും അത് നിലനിൽക്കേണ്ടതിനു കൊടുക്കേണ്ട പ്രത്യേക ജാഗരൂകതകളെ കുറിച്ചും സ്വന്തമായ സരസ ശൈലിയിൽ സംസാരിച്ചു.
തുടർന്ന് ശ്രീ രമേശ് പിഷാരടിയും സദസ്സ്യരും തമ്മിൽ രസകരമായ മുഖാമുഖം. മുഖാമുഖത്തിന്റെ അവതാരകയായി കുമാരി ശ്രവണ. ഏറ്റവും ഹൃദ്യമായ അനുഭവമായി അഭിമുഖം. മുഖാമുഖത്തിൽ ശ്രീ അക്ഷയ് പാലക്കാട്, ശ്രീ അച്ചുതനുണ്ണി, കുമാരി ഹരിപ്രിയ, ശ്രീ ആദിത്യൻ, ശ്രീ വിഷ്ണു, ശ്രീ പ്രസന്നൻ, കുമാരി ഹരിത മണികണ്ഠൻ, ശ്രീ അച്ചുതാനന്ദൻ, ശ്രീമതി ശാലിനി ഹരികുമാർ എന്നിവരോടൊപ്പം കുമാരി ശ്രവണയും ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ശ്രീ രമേഷ് പിഷാരടി മനസ്സ് തുറന്ന് മറുപടികൾ നൽകി.
അതിനു ശേഷം കലാ പരിപാടികൾ.കുമാരി അഖില (വടക്കാഞ്ചേരി), കുമാരി ഐശ്വര്യ (എറണാകുളം) എന്നിവർ അവതരിപ്പിച്ച ഭരതനാട്യങ്ങൾ, കുമാരിമാർ ശ്രേയ, ദേവിക, പവിത്ര, ഗായത്രി ഗോപി, ഗായത്രി ശ്രീകുമാർ, സഞ്ജന (തൃശൂർ ശാഖ) എന്നിവർ ചേർന്ന് അവതരിപ്പിച്ച അർദ്ധ ശാസ്ത്രീയ നൃത്തം എന്നിവ വളരെയേറെ ശ്രദ്ധ പിടിച്ചു പറ്റി.
തുളസീദളം കലാ സാംസ്കാരിക സമിതി ജോയിന്റ് സെക്രട്ടറി ശ്രീ കെ. പി ഗോപകുമാർ നന്ദി പറഞ്ഞതോടെ സ്വപ്‍ന സാക്ഷാത്ക്കാര ദിനത്തിന് ശുഭകരമായ അവസാനമായി.
പക്ഷെ ഇത് ഇതൊരു മംഗളകരമായ തുടക്കമാണ്. ഇനി വേണ്ടത് അതി ഗംഭീരങ്ങളായ തുടർച്ചകൾ. നമ്മുടെ ഇടയിൽ ഉള്ള എല്ലാ കലാ കാരികളും കലാകാരന്മാരും യുവ ജനങ്ങളും സമിതിയുടെ ഭാഗമാകണം. എല്ലാവരും അംഗത്വമെടുക്കണം. ഇന്ന് കലാ രംഗത്ത് ധാരാളം സാധ്യതകൾ ഉണ്ട്. ഭാഗ്യത്തിന് അവക്ക് ഉതകുന്ന വളരെയേറെ പ്രതിഭകൾ നമുക്കുണ്ട്. പുതിയ പ്രതിഭകൾ വളരുന്നുമുണ്ട്.നാളെകൾ നമ്മുടെ പ്രതിഭകൾക്ക് കൂടി ഉള്ളതാണ്. മുന്നേറാം. ഒത്തൊരുമിച്ച്.. ഒരേ മനസ്സോടെ
ഇപ്പോഴത്തെ ഈ തുളസിയുടെ കുഞ്ഞു ദളത്തിന് ഇത്രയും മനോഹാരിതയെങ്കിൽ നാളെ വളർന്നൊരു തുളസീവനമാകുമ്പോൾ ഇതിന്റെ വർണ്ണ ചാരുതക്ക് പകരം വെക്കാൻ വേറെ എന്തുണ്ടാകും?
മറുപടി കാലം പറയും.
ഉദ്‌ഘാടന സമ്മേളന ദൃശ്യങ്ങൾ കാണാൻ താഴെക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
https://samajamphotogallery.blogspot.com/2025/04/blog-post.html


Smt. Sowmya Balagopal received Amrutham Gopinath Living Legend Samman for Mohiniyattam at the prestigious AIDA(All India Dancer’s Association) KOCHI FEST 2025, Fine Arts Society Hall, Eranakulam on 03-04-2025.
Dr. Sajeesh.E.R, S/o E.P.Raman, Pazhaya Pisharam, Karimpuzha & A.P. Ramani, Ayyapankavil Pisharam, Alanallur got PhD in Management Studies from Bharath Institute of Higher Education and Research, Chennai for his research on “Study on The Satisfaction of Milk Producers Towards Strategies of Shreeja Mahila Milk Producers Co. Ltd, Andhra Pradesh”.




Recent Comments