കൂടൽമാണിക്യം ക്ഷേത്രത്തിലെ പുതുതായി നിയമിതനായ ജീവനക്കാരനോടൊപ്പം സഹകരിക്കില്ലെന്ന് അവിടത്തെ തന്ത്രി സമൂഹം രേഖാ മൂലം അധികൃതരെ അറിയിച്ചെന്നും ഇത് താഴ്ന്ന ജാതിക്കാരോടുള്ള സവർണ്ണ സമൂഹത്തിന്റെ അപമാനകരമായ കടുത്ത അധിക്ഷേപമാണെന്നുമൊക്കെ ആരോപിച്ച് ചില മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ അവരുടെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും /സംപ്രേഷണം ചെയ്യുകയും യാഥാർഥ്യമെന്തെന്ന് അന്വേഷിക്കാതെ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പലരും ഇതിന്റെ പേരിൽ തന്ത്രിമാർക്കെതിരെ പ്രതികരിക്കുന്നതും പ്രസ്താവനകൾ ഇറക്കുന്നതും കേരളം കണ്ടു കൊണ്ടിരിക്കുകയാണല്ലോ.
എന്നാൽ ജാതി അധിക്ഷേപം നേരിട്ടു എന്ന് നിക്ഷിപ്ത താൽപ്പര്യക്കാർ പറയുന്ന ഈ ജീവനക്കാരൻ തന്നെ തനിക്ക് ആരിൽ നിന്നും യാതൊരു അധിക്ഷേപവും ഉണ്ടായിട്ടില്ലെന്നും ക്ഷേത്ര ഭരണ സമിതിയിലെ ഒരു വ്യക്തി പറഞ്ഞ അറിവ് മാത്രമേ ഇക്കാര്യത്തിൽ തനിക്കുള്ളൂ എന്നും ക്ഷേത്രത്തിൽ അത് വരെ ജോലി ചെയ്തിരുന്ന വ്യക്തിയെ പിരിച്ചു വിട്ടിട്ട് ആ ജോലിയാണ് തനിക്ക് നൽകിയിട്ടുള്ളതെന്നുമുള്ള അദ്ദേഹത്തിന്റെ ശബ്ദ രേഖയും ഇതിനകം കേരളം കേട്ടു കഴിഞ്ഞു.
യാതൊരു വിധത്തിലുള്ള ജാതി അധിക്ഷേപമോ അതിന്റെ പേരിൽ തൊഴിൽ നിഷേധമോ ഉണ്ടായിട്ടില്ലെന്നും കാരയ്മ പ്രകാരം കഴക പ്രവർത്തിയിൽ യഥാർത്ഥ അവകാശിയായ ജീവനക്കാരനെ പിരിച്ചു വിട്ട് മറ്റൊരു വ്യക്തിയെ നിയമിച്ചതിലുള്ള എതിർപ്പായിരുന്നു അതെന്നും തന്ത്രി വര്യന്മാരും സംശയ ലേശമന്യേ പരസ്യമായി കുറിപ്പിലൂടെ സമൂഹത്തെ അറിയിച്ചു കഴിഞ്ഞു. കാരായ്മ മൂലം സിദ്ധിച്ച തൊഴിലിൽ നിന്ന് പിരിച്ചു വിടാൻ സർക്കാരിനോ ഭരണസമിതിക്കോ അധികാരമില്ലെന്ന് കോടതി വിധിയുള്ളതാണ്. റിക്രൂട്ട്മെന്റിൽ ഈ കാരായ്മ പ്രകാരമുള്ള ജീവനക്കാരന് രണ്ടാം റാങ്കും അദ്ദേഹത്തെ പിരിച്ചു വിട്ട് പുതിയതായി നിയമിച്ച വ്യക്തിക്ക് മൂന്നാം റാങ്കും ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
അമ്പലവാസി സമൂഹത്തിൽ ഉൾപ്പെടുന്ന പിഷാരോടി സമുദായത്തിൽ കാരായ്മ വഴി കഴക പ്രവർത്തി ചെയ്യുന്ന നിരവധി ജീവനക്കാരുണ്ട്. ജാതി പരമായി മുന്നോക്കക്കാരാണെങ്കിലും സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് അവരിൽ ഏറെയും.
കാരായ്മ വഴി സിദ്ധിച്ച കഴക പ്രവർത്തിയുടെ തൊഴിൽ സുരക്ഷയെപ്പറ്റി ഇപ്പോൾ കൂടൽ മാണിക്യ ക്ഷേത്രത്തിൽ നടന്ന ജീവനക്കാരന്റെ പിരിച്ചു വിടലിലൂടെ പിഷാരോടി സമുദായത്തിലും വലിയ ആശങ്ക ഉയർന്നിരിക്കുന്നു. തൊഴിൽ ചെയ്ത് ജീവിക്കാനുള്ള അവകാശം എല്ലാവരെയും പോലെ അമ്പലവാസികൾക്കും ഉണ്ടല്ലോ.അതിനെതിരെ ഉണ്ടാകുന്ന ഏത് നീക്കത്തെയും പ്രതിരോധിക്കേണ്ടത് പിഷാരോടി സമുദായത്തിന്റെ സംഘടന എന്ന നിലയിൽ പിഷാരോടി സമാജത്തിന്റെ ചുമതലയാണ്.
ക്ഷേത്ര ജീവനക്കാരോടുള്ള ഇത്തരം തൊഴിൽ നിഷേധങ്ങൾ ഒഴിവാക്കണമെന്ന് പിഷാരോടി സമാജം ഭരണ സമിതി ദേവസ്വം ഭാരവാഹികളോടും കേരള സർക്കാരിനോടും ആവശ്യപ്പെടുന്നു.
എന്ന്
ആർ ഹരികൃഷ്ണൻ പിഷാരോടി
പ്രസിഡണ്ട്
കെ പി ഗോപകുമാർ
ജനറൽ സെക്രട്ടറി
Recent Comments