കേരള സംഗീത നാടക അക്കാഡമിയുടെ അംഗീകാരം ലഭിച്ചതിനു ശേഷമുള്ള തുളസീദളം സാംസ്ക്കാരിക സമിതിയുടെ പ്രഥമ യോഗം 2024 ഡിസംബർ 1 ഞായറാഴ്ച്ച പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ ഓഫീസിൽ വെച്ച് സമിതി പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ എല്ലാവരും ചേർന്നുള്ള മൗന പ്രാർത്ഥനയോടെ ആരംഭിച്ചു.

സെക്രട്ടറി ശ്രീ ഗോപൻ പഴുവിൽ ഏവർക്കും സ്വാഗതം പറഞ്ഞു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ എ. രാമചന്ദ്രൻ കലാസമിതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചും നിയമാവലിയെ കുറിച്ചും വിശദമായി സംസാരിച്ചു. ജാതിമത ഭേദമന്യേ സർവ്വരെയും ഒന്നിപ്പിച്ചു കൊണ്ട് ആരംഭിച്ചിട്ടുള്ള ഒരു സ്വതന്ത്ര കലാ സംഘടനയാണ് തുളസീദളം കലാ സാംസ്ക്കാരിക സമിതി. പിഷാരോടിമാരിലെയും അതോടൊപ്പം മറ്റു മത, ജാതി വിഭാഗങ്ങളിലും പെട്ട യുവജനങ്ങളിലെയും കലാപരമായ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുവാനും ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുന്നതിനും അവർക്ക് വേദികൾ ഒരുക്കുവാനും അംഗീകാരങ്ങൾ നൽകുന്നതിനും വേണ്ടിയാണ് ഇത് ആരംഭിച്ചിട്ടുള്ളത്. കലാ രംഗത്തെ സമിതിയുടെ സജീവമായ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി കേരള സംഗീത നാടക അക്കാദമിയിൽ അംഗീകാരത്തിനു നമ്മൾ അപേക്ഷ കൊടുക്കുകയും അത് ലഭിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് തന്നെ സമിതിയിൽ പുതിയ അംഗങ്ങളെ ചേർക്കേണ്ടതും പ്രവർത്തനങ്ങൾ വിപുലീകരിക്കേണ്ടതുമുണ്ട്.

സെക്രട്ടറി കഴിഞ്ഞ യോഗത്തിന്റെ റിപ്പോർട്ടും ട്രഷറർ ശ്രീ ആർ.ശ്രീധരൻ കണക്കും അവതരിപ്പിച്ചത് കയ്യടികളോടെ പാസ്സാക്കി. ശ്രീ ശ്രീധരൻ കേരള സംഗീത നാടക അക്കാദമിയുടെ നിയമാവലി പൂർണ്ണമായും വായിച്ച് സദസ്സിനെ ബോദ്ധ്യപ്പെടുത്തി.

ഈ കലാസമിതിയുടെ അനിവാര്യതയെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചുമുള്ള സജീവമായ ചർച്ചയിൽ സർവ്വശ്രീ കലാനിലയം അനിൽകുമാർ, എ പി ഗോപി, കെ പി ഗോപകുമാർ, ശ്രീമതി രഞ്ജിനി ഗോപി, ശ്രീമതി അനിത ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

യോഗ തീരുമാനങ്ങൾ
————————–

തുളസീദളം കലാ സാംസ്കാരിക സമിതിയുടെ നിയമാവലി അനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറുള്ള പുതിയ അംഗങ്ങളെ ചേർക്കുന്നതിനുള്ള ‘അംഗത്വ സമാഹരണ പ്രവർത്തനങ്ങൾ’ ഉടനെ ആരംഭിക്കുക, മറ്റു വിഭാഗത്തിലുള്ളവരോടൊപ്പം പിഷാരോടിമാരിലെ വിവിധ ശാഖകളിലെ കലാകാരന്മാരെയും കലാകാരികളെയും ചേർക്കുക, അംഗങ്ങളെ ചേർത്ത് കഴിഞ്ഞ ഉടനെ എല്ലാവരെയും ചേർത്ത് പൊതുയോഗം വിളിക്കുക.

കലാ സമിതിയിൽ അംഗത്വം നൽകേണ്ട പ്രമുഖരുടെ ഒരു ലിസ്റ്റ് യോഗത്തിൽ തയ്യാറാക്കി.

പുതിയ രസീതി ബുക്കുകൾ, ലെറ്റർപാഡ്, എന്നിവ പ്രിന്റ് ചെയ്യാൻ തീരുമാനിച്ചു. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കേണ്ടതിലേക്ക് കേരള ബാങ്കുമായി ബന്ധപ്പെടാൻ ട്രഷറർ ശ്രീ ശ്രീധരനെ ചുമതലപ്പെടുത്തി.

പിഷാരോടി സമാജം പ്രസിഡണ്ടിനെ കലാ സമിതിയുടെ മുഖ്യ ഉപദേഷ്ടാവാക്കുവാൻ തീരുമാനിച്ചു.

തുളസീദളം കലാ സമിതിയുടെ ഉപഘടകമായി യുവജനങ്ങളുടെ നേതൃത്വത്തിൽ ഒരു ഭരണ സമിതി രൂപീകരിക്കുവാനും ചില പ്രധാനപ്പെട്ട ചുമതലകൾ അവരെ ഏൽപ്പിക്കുവാനും തീരുമാനിച്ചു. അധികം താമസിയാതെ കലാ സമിതിയുടെ നേതൃത്വത്തിൽ ഒരു ദിവസത്തെ കലാ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

കലാരംഗത്തെ പ്രമുഖ സംഘാടകനായിരുന്ന അന്തരിച്ച സിനിമാ സംവിധായകന്റെ സ്മരണക്കായി ഒരു പുരസ്‌ക്കാരം ഏർപ്പെടുത്തുക എന്ന ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം 75000 രൂപ സംഭാവന ചെയ്ത വിവരം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്രൻ അറിയിച്ചു. ഈ തുകയോടൊപ്പം സമിതി സമാഹരിക്കുന്ന തുകയും ചേർത്ത് വർഷാ വർഷം കേരള കലാ സമൂഹത്തിലെ പ്രതിഭകളെ ബാബുനാരായണൻ സ്മാരക കലാ പുരസ്‌കാരം നൽകി ആദരിക്കാൻ തീരുമാനിച്ചു.

സമിതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിനായി സംഭാവനകൾ ലഭിക്കുന്നതിന് വിവിധ സംഘടനകളോടോ വ്യക്തികളോടോ അഭ്യർത്ഥിക്കുന്നതിന് തീരുമാനിച്ചു.

ശ്രീമതി അനിത ഹരികൃഷ്ണന്റെ നന്ദിയോടെ 12 മണിക്ക് യോഗം അവസാനിച്ചു

സെക്രട്ടറി

2+

 

കർണ്ണാട്ടിക് സംഗീത മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ ജി ആർ ഗോവിന്ദൻ 2024 നവംബർ 24 ഞായറാഴ്ച തിരുവമ്പാടി ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തുന്നു. ശ്രീ കലാനിലയം രാമകൃഷ്ണന്റെ കീഴിലാണ് ഗോവിന്ദൻ സംഗീതമഭ്യസിക്കുന്നത്.

തുടർന്ന് ലവണാസുരവധം കഥകളിയും അരങ്ങേറും. കഥകളി അവതരണം സമാജം കഥകളി അദ്ധ്യാപകൻ ശ്രീ കലാനിലയം അനിൽ കുമാറും സംഘവുമാണ്. ശ്രീ ജി ആർ ഗോവിന്ദന്റെ ഗുരു കലാനിലയം രാമകൃഷ്ണനും ആദിത്യൻ പിഷാരോടിയുമാണ് പിന്നണി സംഗീതമൊരുക്കുന്നത്.

ശ്രീ ജി ആർ ഗോവിന്ദന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും ആശംസകൾ !

9+

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂർ വ്യാപാരികൾ നൽകുന്ന മർച്ചന്റ്റ്സ് വിളക്ക് പുരസ്‌കാരം ഇലത്താളം വിദഗ്ധൻ പല്ലാവൂർ രാഘവപ്പിഷാരടിക്ക് സമ്മാനിക്കും. ഗുരുവായൂരിലെ പഴയകാല വ്യാപാരിയായിരുന്ന പി.കെ. സത്യനാഥൻ നായരുടെ സ്മരണാർത്ഥമാണു 10,001 രൂപയുടെ പുരസ്‌കാരം.

എല്ലാ വർഷവും മർച്ചൻ്റ്സ് വിളക്കിനോടനുബന്ധിച്ച്, മൺമറഞ്ഞ വ്യാപാരിനേതാക്കളുടെ ഓർമ്മക്കായി പുരസ്ക‌ാരം നൽകി വരുന്നുണ്ട്. വിളക്കു ദിവസമായ വെള്ളിയാഴ്ച രാത്രി ഏഴിന് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്‌കാരം ശ്രീ രാഘവപ്പിഷാരോടിക്ക് സമർപ്പിക്കുമെന്ന് പ്രസിഡന്റ് കെ. മധുസൂദനനും ജനറൽ സെക്രട്ടറി ജി.കെ. പ്രകാശനും അറിയിച്ചു.

ശ്രീ പല്ലാവൂർ രാഘവപ്പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

7+

ഇരിങ്ങാലക്കുട പല്ലാവൂർ-തൃപ്പേക്കുളം സമിതിയുടെ ഈ വർഷത്തെ ഗുരുദക്ഷിണ തിമില കലാകാരൻ ശ്രീ കാവശ്ശേരി കുട്ടികൃഷ്ണ പിഷാരോടിക്ക് നൽകുമെന്ന് സംഘാടകർ അറിയിച്ചു.

2024 ഡിസംബർ 3ന് ഇരിഞ്ഞാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ നടക്കുന്ന ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവത്തിന്റെ ഉത്ഘാടന വേദിയിൽ വെച്ച് സമിതിയുടെ ഗുരുദക്ഷിണ അദ്ദേഹത്തിന് നൽകി ആദരിക്കും.

10,000 രൂപയും, ഫലകവും, പൊന്നാടയും അടങ്ങുന്നതാണ് ഗുരുദക്ഷിണ.

കൊടകര ശാഖാ അംഗമായ ശ്രീ കാവശ്ശേരി കുട്ടികൃഷ്ണ പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങള്‍!

6+
  • കലാകാരന്മാരുടെയും കലാകാരികളുടെയും സജീവ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക, അർഹിക്കുന്ന അംഗീകാരങ്ങൾ നൽകുക
  • കലാ സാംസ്കാരിക പ്രവർത്തനങ്ങളിലേക്ക് കൂടുതൽ യുവ ജനങ്ങളെ ഉയർത്തിക്കൊണ്ടു വരിക

തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച സ്വതന്ത്ര കലാ സംഘടനയായ തുളസീദളം കലാ സാംസ്ക്കാരിക സമിതിക്ക് കേരള സംഗീത നാടക അക്കാദമിയുടെ അമേച്ചർ കലാ സമിതിയുടെ അംഗീകാരം ലഭിച്ചു.

01-11-2024 മുതൽ 31-10-2029 വരെ അഞ്ചു വർഷത്തേക്കാണ് അംഗീകാരം.

തുളസീദളം കലാസാംസ്‌ക്കാരിക ഭരണ സമിതി അംഗങ്ങൾ

പ്രസിഡന്റ് – ശ്രീ എ രാമചന്ദ്രൻ

വൈസ് പ്രസിഡണ്ടുമാർ

1.ശ്രീ വിനോദ് കൃഷ്ണൻ
2.ശ്രീ കെ പി ഹരികൃഷ്ണൻ

സെക്രട്ടറി

ശ്രീ ഗോപൻ പഴുവിൽ

ജോയിന്റ് സെക്രട്ടറിമാർ

1.ശ്രീ കെ പി ഗോപകുമാർ
2.ശ്രീമതി ജ്യോതി ലക്ഷ്മി (ജ്യോതി ബാബു)

ട്രഷറർ

ശ്രീ ആർ. ശ്രീധരൻ

കമ്മിറ്റി അംഗങ്ങൾ
1 ശ്രീ മതി അനിത ഹരികൃഷ്ണൻ
2.ശ്രീമതി രഞ്ജിനി ഗോപി
3.ശ്രീ കെ പി ബാലകൃഷ്ണൻ
4.ശ്രീ സി പി അച്യുതൻ
5.ശ്രീ രാജൻ സിത്താര
6.ശ്രീ എ പി ഗോപി
7. ശ്രീ കലാനിലയം അനിൽകുമാർ
8.ശ്രീമതി ഭാഗ്യലക്ഷ്മി മോഹൻദാസ്

തുളസീദളം കലാസാംസ്‌ക്കാരിക ഭരണ സമിതി പ്രസിഡണ്ട് ശ്രീ എ രാമചന്ദ്രനും ശ്രീ സെക്രട്ടറി ശ്രീ ഗോപൻ പഴുവിലും അംഗീകാര പത്രവുമായി
1+

മോഹിനിയാട്ടമെന്ന നൃത്തരൂപത്തിലെ മികച്ച പ്രകടനത്തിനും ആജീവനാന്ത സമർപ്പണത്തിനും കേരളത്തിലെ ജനപ്രിയ മോഹിനിയാട്ട നർത്തകി സൗമ്യ ബാലഗോപാലിന് ഏറ്റവും അഭിമാനകരമായ ശശിമണി ദേവദാസി രാഷ്ട്രീയ പുരസ്കാരം നൽകുന്നതായി ദേവദാസി ദേശീയ നൃത്തോത്സവം 2024 സംഘാടകർ അറിയിക്കുന്നു.

2024 ഡിസംബർ 11 ന് ഭുവനേശ്വറിലെ ഭജന കലാ മണ്ഡപത്തിൽ നടക്കുന്ന 18-ാമത് ദേവദാസി ദേശീയ നൃത്തോത്സവത്തോടനുബന്ധിച്ചുള്ള പ്രകടനത്തോടൊപ്പം അവർക്ക് ഈ പുരസ്കാരം നൽകുന്നതാണ്.

പുരസ്‌കാര ജേതാവ് ശ്രീമതി സൗമ്യ ബാലഗോപാലന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

5+

പ്രശസ്ത നർത്തകി ശ്രീമതി സൗമ്യ ബാലഗോപാലിന് നൃത്ത്യകലാചാര്യ പുരസ്‌കാരം ലഭിച്ചു.

All India Dancer’s Association – AIDA റായ്‌പൂരിൽ നടത്തിയ അന്താരാഷ്ട്ര നൃത്ത സംഗീത ഫെസ്റ്റിവലിൽ 18-10-2024നു രംഗമന്ദിർ ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രസ്തുത പുരസ്‌കാരം സമ്മാനിച്ചത്.

ശ്രീമതി സൗമ്യ ബാലഗോപാലിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിനെയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

6+

ഡോ. സുജയയുടെ “ചിലപ്പോൾ ചില നിശ്ശബ്ദതകൾ പറയുന്നത്” എന്ന ചെറുകഥാസമാഹാരം ലൈബ്രറി കൌൺസിലിന്റെ ആഭിമുഖ്യത്തിൽ 14-10-2024നു വൈകുന്നേരം പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

ഇതിനു മുമ്പ് 2020ൽ “ഓരോരുത്തർക്ക് ഓരോരോ ന്യായങ്ങൾ” എന്ന ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചെറുകാട്ട് പിഷാരത്ത് ഗോപാല പിഷാരോടിയുടെയും തൊണ്ടിയന്നൂർ പിഷാരത്ത് ചന്ദ്രിക പിഷാരസ്യാരുടെയും മകളാണ് ഡോ. സുജയ.

ഡോ. സുജയക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

ലോഗോസ് ബുക്‌സാണ് പ്രസാധകർ. +91 80861 26024 എന്ന നമ്പറിലേയ്ക്ക് പുസ്തകത്തിന്റെ പേരും സ്വന്തം വിലാസവും എഴുതി വാട്സ്ആപ്പ് ചെയ്താൽ പുസ്തകം ലഭിക്കുന്നതാണ്.

5+

പിഷാരോടി പിൽഗ്രിമേജ് & ടൂറിസം ഡെവലപ്മെന്റ് ട്രസ്റ്റിന്റെ 2023 -2024 കാലയളവിലെ വാർഷിക പൊതുയോഗം 2024 ഒക്ടോബർ 6 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ഗുരുവായൂർ പിഷാരോടി സമാജം ഗസ്റ്റ് ഹൗസിൽ വച്ച് ചേർന്നു.

കുമാരി ദേവിക ഹരികൃഷണൻ്റെ പ്രാർത്ഥനയോടെ യോഗം സമാരംഭിച്ചു. തുടർന്ന് നാളിതുവരെ നമ്മെ വിട്ടുപോയ മുഴുവൻ അംഗങ്ങൾക്കും കൂടാതെ വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും അനുശോചനം രേഖപ്പെടുത്തി.

യോഗത്തിൽ എത്തിച്ചേർന്ന വിശിഷ്ട വ്യക്തികളെയും മുഴുവൻ ട്രസ്റ്റ് മെബർ മാരെയും സെക്രട്ടറി സ്വാഗതം ചെയ്‌തു.

തുടർന്ന് പ്രസിഡൻ്റ് ശ്രീ ഹരികൃഷ്ണപിഷാരോടി, മുൻ പ്രസിഡൻ്റ് ശ്രീരാമചന്ദ്ര പിഷാരോടി മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചേർന്ന് യോഗം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രാർത്ഥന ഗീതം അവതരിപ്പിച്ച ശ്രീദേവിക ഹരികൃഷ്ണ് പ്രസിഡൻ്റ് ശ്രീ ഹരികൃഷ്ണപിഷാരോടി ഉപഹാരം നൽകി ആശീർവദിച്ചു. തുടർന്ന് പ്രസിഡൻ്റ് അദ്ധ്യക്ഷ ഭാഷണത്തിൽ ഗസ്റ്റ് ഹൗസിൻ്റെ ഘട്ടം ഘട്ടമായുള്ള പുരോഗതിയെ കുറിച്ച് വിശദമായി പ്രതിപാദിച്ചു.

കഴിഞ്ഞ വാർഷിക പൊതുയോഗ മിനിറ്റ്സ് സെക്രട്ടറി അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.

സെക്രട്ടറി 2023 -2024 കാലയളവിലെ പ്രവർത്തനറിപ്പോർട്ടും, ഖജാൻജി 2023-2024 ലെ വരവു ചിലവു കണക്കുകളും (മുൻ പ്രതിനിധി സഭയിൽ വായിച്ച് അംഗീകാരം നേടിയത് ) അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.

അതിന് ശേഷം പിഷാരോടി സമാജം ജനറൽ സെക്രട്ടറി ശ്രീ ഗോപകുമാർ, മുൻ പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടി, ഇൻ്റേണൽ ഓഡിറ്റർ ശ്രീ MP ഹരിദാസ്, മുൻ പ്രസിഡണ്ടും ജന.സെക്രട്ടറിയുമായിരുന്ന ശ്രീ കെ. പി. ബാലകൃഷ്ണൻ, മുൻ ജന. സെക്രട്ടറി ശ്രീ കെ. പി ഹരികൃഷ്ണൻ, മുൻ PP &TDT സെക്രട്ടറി ശ്രീ രാധാകൃഷ്ണൻ, ശ്രീ കെ രാമചന്ദ്ര പിഷാരോടി, കോങ്ങാട്, ശ്രീ പ്രഭാകര പിഷാരോടി കോങ്ങാട്, ശ്രീ സി പി രാമചന്ദ്രൻ കൊടകര, തുളസിദളം മാനേജർ ശ്രീ രഘുനന്ദനൻ, തുളസീദളം എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ, PE&WS വൈസ് പ്രസിഡൻ്റ് ശ്രീ വി പി മധു, PP &TDT ജോയിന്റ് സെക്രട്ടറി ശ്രീ മോഹനൻ പിഷാരോടി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

അതിനു ശേഷം അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഇൻ്റേണൽ ഓഡിറ്ററായി ശ്രീ MP ഹരിദാസിനേയും സ്റ്റാറ്റൂട്ടറി ഓഡിറ്ററായി ശ്രീ മോഹൻദാസ് അസോസിയേറ്റ്സ് തൃശൂരിനേയും യോഗം അംഗീകരിച്ചു.

എറണാംകുളം ശാഖയിൽ നിന്നുള്ള ശ്രീ ബാലചന്ദ്രൻ ഗസ്റ്റ് ഹൗസിൽ നിന്നും ശാഖകൾക്ക് 5 AC റൂമുകൾ സൗജന്യമായി അനുവദിക്കുന്നതുമായി ബന്ധപെട്ട് യോഗത്തിൽ ഒരു വിശദീകരണം ആവശ്യപ്പെടുകയുണ്ടായി. ആയത് അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ പരിഗണിച്ച് മറുപടി നൽകാമെന്ന് സെക്രട്ടറി അദ്ദേഹത്തെ അറിയിച്ചു.

പിന്നീട് ഗസ്റ്റ് ഹൗസ് മനേജർ ശ്രീ രാമചന്ദ്രൻ, ജീവനക്കാരായ ബാലചന്ദ്രൻ, ദിവാകരൻ, സുമതി, ശ്രീജില, നിവേദിത എന്നിവരെ സദസിന് പരിചയപ്പെടുത്തി, തുടർന്ന് വാർഷികയോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും വൈസ്പ്രസിഡൻ്റ് ശ്രീ വേണുഗോപാൽ നന്ദി രേഖപ്പെടുത്തിയതോടെ യോഗം സമംഗളം പര്യവസാനിച്ചു

Pl click on the link below to view photos of the event.

https://samajamphotogallery.blogspot.com/2024/10/pisharody-pilgrimage-tourism.html

2+

സ്റ്റാമ്പ് ശേഖരണം മുതൽ പല തരം ശേഖരണങ്ങൾ നാം കേട്ടിട്ടുണ്ട്. എന്നാൽ ആറര പതിറ്റാണ്ട് മുതലുള്ള കത്തുകൾ ശേഖരിച്ച് വെച്ച് ലോക തപാൽ ദിനത്തിൽ ആദരം നേടിയിരിക്കുകയാണ് ഒരു പിഷാരസ്യാർ. തിരുനാവായ കിഴക്കേപാട്ട് പിഷാരത്ത് ദേവകി കുട്ടിയാണ് ആദരം ഏറ്റുവാങ്ങിയത്. ഇവരുടെ വസതിയിൽ സൂക്ഷിച്ചു വരുന്നതും,  ഭർത്താവ് പരേതനായ പെരുമ്പിലാവിൽ പിഷാരത്ത് സേതുമാധവ പിഷാരടി (പി എസ് പിഷാരടി ) യുടെ കൈവശത്തിൽ ഉണ്ടായിരുന്നതുമായ 1961 മുതലുള്ള കത്തുകളും മറ്റു രേഖ ഇടപാടുകളും ഉൾപ്പെടുന്ന വലിയൊരു ശേഖരമാണ് ഇവർ സൂക്ഷിച്ചു വരുന്നത് . അന്യം നിന്ന് പോവുന്ന പോസ്റ്റ് കാർഡുകൾ ഉൾപ്പെടെ അമൂല്യമായ ധാരാളം തപാൽ ഉരുപ്പടികളുടെ ശേഖരങ്ങളാണ് ഇവരുടെ കൈവശമുള്ളത്.

അന്താരാഷ്ട്ര തപാൽ ദിനത്തിന്റെ ഭാഗമായി പുരാവസ്തു ശേഖരിക്കുന്നവരുടെ കൂട്ടായ്മയായ നാപ്പ്സ് തിരൂരിൻ്റെ നേതൃത്വത്തിൽ തിരുന്നാവായ “മാധവ “ത്തിൽ എത്തിയാണ് കിഴക്കേ പാട്ട് പിഷാരത്ത് ദേവകികുട്ടിയെ ആദരിച്ചത് . നാപ്സ് ഭാരവാഹികൾ സംഘടിപ്പിച്ച ചടങ്ങിലാണ് ഈ ആദരം നൽകിയത്.

ശ്രീമതി ദേവകിക്കുട്ടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അനുമോദനങ്ങൾ !

11+