കേന്ദ്ര സംയുക്ത ഭരണസമിതി യോഗ റിപ്പോർട്ട്
പിഷാരോടി സമാജം, PE&WS, PP&TDT, തുളസീദളം എന്നിവയുടെ ഭരണസമി അംഗങ്ങളുടെയും ശാഖാ പ്രസിഡണ്ട് സെക്രട്ടറിമാരുടെയും സംയുക്ത ഭരണസമിതിയോഗം 24/08/2025 ഞയറാഴ്ച്ച രാവിലെ 10.30 ന് സമാജം ആസ്ഥാനമന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.
ഗുരുവായൂർ ശാഖാ പ്രസിഡണ്ട് ശ്രീമതി ഐ പി വിജയലക്ഷ്മി പ്രാർത്ഥന ചൊല്ലി. ജനറൽ സെക്രട്ടറി കെ പി ഹരികൃഷ്ണൻ പങ്കെടുക്കുന്ന അംഗങ്ങളെ സ്വാഗതം ചെയ്തു.
ഇക്കഴിഞ്ഞ കാലയളവിൽ അന്തരിച്ച ബന്ധുജനങ്ങൾക്കും മുൻ കേരള മുഖ്യമന്ത്രി ശ്രീ വി എസ് അച്യുതാനന്ദൻ, പ്രശസ്ത നിരൂപകനും പ്രഭാഷനും ആയിരുന്ന ശ്രീ എം കെ സാനുമാഷ് എന്നിവർക്കും ആദരാഞ്ജലികൾ അർപ്പിച്ച് മൗനപ്രാർത്ഥന നടത്തി.
സമാജം വൈസ് പ്രസിഡണ്ടും പട്ടാമ്പി ശാഖാ സെക്രട്ടറിയും ആയിരുന്ന ശ്രീ എം പി സുരേന്ദ്ര പിഷാരോടിയെ അനുസ്മരിച്ച് ജനറൽ സെക്രട്ടറി സംസാരിച്ചു. ജൂലൈ 20 ന് പട്ടാമ്പിശാഖാ മന്ദിരത്തിൽ നടന്ന അനുശോചന യോഗത്തെക്കുറിച്ച് പ്രസിഡണ്ട് പറഞ്ഞു.
പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി തൻെറ അദ്ധ്യക്ഷ പ്രസംഗത്തിൽ ഗുരുവായൂരിൽ നടന്ന PP&TDT യുടെ വാർഷികയോഗം, PE&WS ൻെറ അവാർഡ് നിർണയം, പെൻഷൻ പദ്ധതി, സംഘടാപ്രവർത്തനം ശക്തിപ്പെടുത്തേണ്ടതിൻെറ ആവശ്യകത എന്നിവയെക്കുറിച്ച് പറഞ്ഞു.
തുടർന്ന് അജണ്ട പ്രകാരം ഓരോ വിഭാഗത്തിൻെറയും കാര്യങ്ങൾ ചർച് ചെയ്ത് തീരുമാനങ്ങൾ എടുത്തു.
പിഷാരോടി സമാജം
ജനറൽ സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ യോഗത്തിൻെറ മിനുട്സും ട്രഷറർ ശ്രീ സി ജി കുട്ടി അവതരിപ്പിച്ച (1st quarter) കണക്കും ചർച്ചകൾക്ക് ശേഷം യോഗം അംഗീകരിച്ചു.
കഴിഞ്ഞ യോഗ തീരുമാനപ്രകാരം ഇരിഞ്ഞാലക്കുടയിൽ വച്ചു നടന്ന കേന്ദ്ര വാർഷികത്തിൻെറ വരവുചിലവു കണക്കുകൾ ഇരിഞ്ഞാലക്കുട ശാഖ ട്രഷറർ ശ്രീ മോഹൻദാസ് അവതരിപ്പിച്ചത് പാസാക്കി. സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായി ശ്രീ മോഹൻദാസ് പറഞ്ഞു. എല്ലാ ശാഖകൾക്കും ഏകീകൃതമായ രീതിയിൽ കണക്കുകൾ സമർപ്പിക്കാനുള്ള format ആഡിറ്ററുമായി സംസാരിച്ച ശേഷം അയച്ചു കൊടുക്കാൻ തീരുമാനിച്ചു. സമാജത്തിൻെറയും അനുബന്ധ വിംഗുകളുടെയും പ്രവർത്തനങ്ങൾ ശാഖാ ഭാരവാഹികൾക്ക് പൂർണമായും വിശദീകരിച്ചു കൊടുക്കാൻ ഒരുദിവസത്തെ പഠന ശിബിരം നടത്തുവാൻ തീരുമാനിച്ചു
തുളസീദളം
മാനേജർ ശ്രീ ആർ പി രഘുനന്ദനൻ അവതരിപ്പിച്ച റിപ്പോർട്ടും കണക്കും പാസാക്കി
ഓണപ്പതിപ്പിനെക്കുറിച്ചും തുളസീദളം സാഹിത്യ പുരസ്‌കാരത്തെക്കുറിച്ചും പത്രാധിപർ ശ്രീ ഗോപൻ പഴുവിൽ വിശദീകരിച്ചു. തുളസീദളം സാഹിത്യ പുരസ്കാരത്തിനും തുളസീദളം സർഗ പ്രതിഭാ പുരസ്കാരത്തിനും പത്രാധിപസമിതി നിർദ്ദേശിച്ച, പ്രശസ്ത സാഹിത്യകാരൻ ശ്രീ പി ആർ നാഥൻെറയും ശ്രീ രാജഗോപാൽ ആനായത്തിൻെറയും പേരുകൾ യോഗം അംഗീകരിച്ചു.
PE&WS, PP& TDT എന്നിവ പോലെ തുളസീദളം കലാസാംസ്കാരിക സമിതി പിഷാരോടി സമാജത്തിൻെറ ഘടകം തന്നെയാണ് എന്ന് യോഗം ഏകകണ്ഠമായി തീരുമാനിച്ചു. നമ്മുടെയിടയിലെ കലാസാംസ്കാരിക പ്രവർത്തകരെ ഏകോപിപ്പിക്കുവാനും അംഗത്വവിതരണം ഊർജ്ജിതമാക്കാനും മൂന്നു മാസം കൂടുമ്പോൾ എങ്കിലും ജില്ലാ തലത്തിൽ കലാസാംസ്കാരിക കൂട്ടായ്മകൾ സംഘടിപ്പിക്കാനുള്ള കാര്യങ്ങൾ തുടങ്ങാനും തീരുമാനിച്ചു.
രാമായണമാസാചരണത്തെക്കുറിച്ച് ജനറൽസെക്രട്ടറി വിശദീകരിച്ചു. വളരെ ഭംഗിയായി എന്ന് യോഗം വിലയിരുത്തി. ഇതിനു പിന്നിൽ പ്രവർത്തിച്ച ആചാര്യൻ രാജൻ രാഘവൻ, കെ പി ഹരികൃഷ്ണൻ, വെബ് ടീം അംഗമായ ശ്രീ ടി പി ശശികുമാർ എന്നിവരെ അനുമോദിച്ചു. രാമായണപാരായണം online streaming നിയന്ത്രിച്ച ഗോവിന്ദിനെ യോഗം മുക്തകണ്ഠം അഭിനന്ദിച്ചു. ഈ ചെറുപ്രായത്തിൽ ഇത്തരത്തിൽ മഹത്തായ സേവനം നല്കിയതിന് എത്ര അഭിന്ദിച്ചാലും മതിയാവില്ല എന്ന് പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടി പറഞ്ഞു.
ഉദ്ഘാടന ദിവസം നൃത്താവതരണം നടത്തുകയും ഏറ്റവും കൂടുതൽ അംഗങ്ങളെ പാരായണത്തിൽ പങ്കെടുപ്പിക്കുകയും ചെയ്ത കൊടകര ശാഖയെ യോഗം അഭിനന്ദിച്ചു.
PE&WS
സെക്രട്ടറി ശ്രീ അജയകുമാർ അവതരിപ്പിച്ച റിപ്പോർട്ടും ട്രഷറർ ശ്രീ രാജൻ പിഷാരോടി അവതരിപ്പിച്ച കണക്കും പാസാക്കി
2024 – 25 വർഷത്തെ അവാർഡ് സ്കോളർഷിപ്പ് ജേതാക്കളെ, അവാർഡ് നിർണയ കമ്മിറ്റി, മെറിറ്റിൻെയും പാഠ്യേതരവിഷയങ്ങളിലുള്ള പ്രാഗത്ഭ്യങ്ങളേയും വിലയിരുത്തി തിരഞ്ഞെടുത്ത് സമർപ്പിച്ച ലിസ്റ്റ് സെക്രട്ടറി അവതരിപ്പിച്ചു. അവാർഡ്& സ്കോളർഷിപ്പ് ജേതാക്കളുടെ ലിസ്റ്റ് യോഗം അംഗീകരിച്ചു (ജേതാക്കളുടെ പേരുകൾ പ്രത്യേകം കൊടുത്തിട്ടുണ്ട്) ഒൻപത് വിദ്യാഭ്യാസ ധനസഹായ എൻഡോവ്മെൻ്റുകൾക്ക് അപേക്ഷകർ ഇല്ലാതെ വന്നു എന്ന് സെക്രട്ടറി പറഞ്ഞു. ഒരിക്കൽ കൂടി ശാഖാഭാരവാഹികളെ ഇതിൻെറ വിശദാംശങ്ങൾ പറഞ്ഞുകൊടുത്ത് അർഹരായവരെ കണ്ടെത്തി അപേക്ഷ സ്വീകരിച്ച് പിന്നീട് എൻഡോവ്മെൻ്റ് നല്കാൻ തീരുമാനിച്ചു.
അവാർഡ് & സ്കോളർഷിപ്പ് വിതരണം തുളസീദളം സാഹിത്യപുരസ്ക്കാരം എന്നിവ സംയുക്തമായി സെപ്റ്റംബർ 21 ന് (21/09/2025) തൃശൂരിൽ കൗസ്തുഭം ഓഡിറ്റോറിയത്തിൽ വച്ചു രാവിലെ 10 മണിമുതൽ നടത്തുവാൻ തീരുമാനിച്ചു.
Open heart surgery, വൃക്കമാറ്റിവെക്കൽ തുടങ്ങിയ വൻ ചിലവുവരുന്ന ചികിത്സകൾക്ക് വിധേയരായവരിൽ നിന്നും വരുന്ന ധനസഹായാഭ്യർത്ഥനകൾക്ക് പ്രത്യേകമായി സംഭാവനകൾ സ്വീകരിച്ച് വിതരണം ചെയ്യാൻ തീരുമാനിച്ചു. അതിൻെറ അറിയിപ്പ് കൊടുക്കാൻ ജനറൽസെക്രട്ടറി, PE&WS സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി. PET 2000 പദ്ധതിക്ക് ഒരോ ഒഴിവുവന്നതിൽ അപേക്ഷ സ്വീകരിക്കാൻ തീരുമാനിച്ചു
PP&TDT
സെക്രട്ടറി ശ്രീ കെ പി രവി അവതരിപ്പിച്ച റിപ്പോർട്ടും ട്രഷറർ ശ്രീ എ പി ഗോപി അവതരിപ്പിച്ച കണക്കും ചർച്ചകൾക്ക് ശേഷം പാസാക്കി.
ആഗസ്റ്റ് 15 ന് നടന്ന PP&TDT വാർഷികത്തെക്കുറിച്ച് സെക്രട്ടറി വിശദീകരിച്ചു. സാമ്പത്തിക വിഷയത്തിൽ വിദഗ്ധ സമിതിയെ നിയോഗിക്കണം എന്ന വാർഷിയയോഗ തീരുമാനം എത്രയും പെട്ടെന്ന് നടപ്പിലാക്കാനും അവരുടെ നിർദ്ദേശ പ്രകാരവും ആഡിറ്ററുടെ സഹായത്തോടെ പലിശകൊടുത്തുതുടങ്ങാനുള്ള നടപടികൾ ആരംഭിക്കാനും തീരുമാനിച്ചു.
സമാജം വെബ്സൈറ്റ്
സമാജ പ്രവർത്തനങ്ങൾ സുഗമമാക്കാനും ഏകോപിപ്പിക്കുവാനും ഉതകുന്ന രീതിയിൽ വെബ് സൈറ്റിൽ ഉൾപ്പെടുത്തുന്ന കാര്യങ്ങൾ ശ്രീ ഭാസിരാജ് വിശദീകരിച്ചു.
സമാജത്തിന് പുതിയതായി IT വിഭാഗം ആരംഭിക്കുവാൻ തീരുമാനിച്ചു. എല്ലാ ശാഖയിൽ നിന്നും ശാഖ സെക്രട്ടറിയെയോ സെക്രട്ടറി നിർദ്ദേശിക്കുന്ന അംഗത്തെയോ ഉൾപ്പെടുത്തി, ശാഖകളുടെ പ്രവർത്തനങ്ങൾ അപ്പപ്പോൾ നേരിട്ട് വെബ് സൈറ്റിലേക്ക് അറിയിക്കാനുള്ള കാര്യങ്ങൾ ആരംഭിക്കാൻ യോഗം അനുമതി നല്കി.
അതു പ്രകാരം IT കൺവീനർ ആയി ശ്രീ ഭാസിരാജിന് ചുമതലനല്കി. ശാഖാ സെക്രട്ടറിമാരുമായി നേരിട്ട് സംസാരിച്ചു വേണ്ട കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ ഭാസിരാജിന് അനുമതി നല്കി. സമാജം വെബ്സൈറ്റിൻെറ പ്രവർത്തനങ്ങൾ പൂർവ്വാധികം ശക്തമാക്കാൻ ഭരണസമിതിയോഗം ആശംസിച്ചു
സമാജം ജോ. സെക്രട്ടറി ശ്രീ വി എം ഉണ്ണികൃഷ്ണൻെറ കൃതജ്ഞതയോടെ യോഗം അവസാനിച്ചു
കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി