ഭാസി രാജിന് ‘സേവൻ മിത്ര് പുരസ്കാരം’ — ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ പുലിക്കളി ആഘോഷത്തിൽ നിറഞ്ഞുനിന്ന നിമിഷം
തിരുവോണ പിറ്റേന്ന് ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വർണ്ണാഭമായ പുലിക്കളി ആഘോഷത്തോ ടനുബന്ധിച്ച് സാമൂഹിക പ്രവർത്തനങ്ങളിൽ മികച്ച സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികളെ ആദരിച്ചു.. അവയിൽ അവയിൽ ഏറ്റവും ശ്രദ്ധേയമായത് ഭാസി രാജിന് നൽകപ്പെട്ട ‘സേവൻ മിത്ര് പുരസ്കാരം’ ആയിരുന്നു. മനുഷ്യസ്നേഹത്തിലൂന്നിയ അദ്ദേഹത്തിന്റെ വലിയ സാമൂഹിക സേവനങ്ങളാണ് ശ്രീ ഭാസി രാജിനെ പുരസ്ക്കാരാർഹനാക്കിയത്.
2019 മുതൽ ഭംഗിയായി സംഘടിപ്പിച്ചു വരുന്ന പുലിക്കളി, ഇത്തവണയും 200-ത്തിലധികം കലാകാരന്മാരുടെ പങ്കാളിത്തത്തോടെ സെപ്തംബർ 6-ന് (തിരുവോണ പിറ്റേന്ന്) നടന്നു. ടൗൺഹാൾ പരിസരത്ത് നിന്നും ആരംഭിച്ച പുലിക്കളി ഘോഷയാത്ര നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, സിന്സൻ ഫ്രാൻസീസ് തെക്കേത്തല, ഭാസി രാജ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. പുലികളും ശിങ്കാരിമേളവും കാവടികളും ഉൾപ്പെടെ, നിറഞ്ഞുനിന്ന ഘോഷയാത്ര നഗരസഭ മൈതാനത്ത് സമാപിച്ചു.
മുൻ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ യോഗം ഉദ്ഘാടനം ചെയ്തു.തുടർന്ന് ശ്രീ ഭാസിരാജിന് സേവൻ മിത്ര പുരസ്കാരം അദ്ദേഹം സമർപ്പിച്ചു. അതോടൊപ്പം സമൂഹത്തിലെ വിവിധ മേഖലകളിലെ ഉന്നതമായ സേവനങ്ങൾ കണക്കിലെടുത്ത് മറ്റു വിശിഷ്ട വ്യക്തിത്വങ്ങളെ കൂടി പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
ഇരിങ്ങാലക്കുട ശാഖ മെമ്പർ ആയ ശ്രീ ഭാസി രാജ്, 2019ൽ സമാജം വെബ് സൈറ്റിനെ പുതിയ രൂപത്തിൽ പുനരുദ്ധരിച്ചതിന്റെ മുഖ്യ സൂത്രധാരനായിരുന്നു. ഇപ്പോൾ പിഷാരടി സമാജം IT വിഭാഗത്തിന്റെ കൺവീനർ ആണ്. 2020ലെ ഓണക്കാലത്ത് ഓൺലൈൻ വഴി യുവചൈതന്യം എന്ന യുട്യൂബ് ചാനലും യുവജന വിഭാഗവും വെബ് സൈറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച് സമാജം നടത്തിയ ഓണാഘോഷങ്ങൾ, നവരാത്രി ആഘോഷങ്ങൾ എന്നിവക്ക് സ്പോൺസർഷിപ്പോടെ നേതൃത്വം നൽകുകയും പൂർണ്ണ സാങ്കേതിക സഹായങ്ങൾ നൽകുകയും ചെയ്ത ശ്രീ ഭാസിരാജ് ഇരിങ്ങാലക്കുടയിൽ ഷോപ്പേർസ് മാർട്ട് സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനം നടത്തി വരുന്നു. അറക്കൽ പിഷാരത്ത് പരേതയായ രാജലക്ഷ്മിയുടെയും പി വി ഭാസ്കര വാര്യരുടെയും പുത്രനാണ്. ശ്രീമതി കാന്തിമതി ഭാര്യയും യുക്ത ബി രാജ് മകളും.
ഭാസിരാജിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !!