മുംബൈ ശാഖയുടെ 455മത് ഭരണസമിതി യോഗം 14-12-25നു രാവിലെ 10:30നു വസായ് വെസ്റ്റിലുള്ള ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ കെ പി രാമചന്ദ്രന്റെ വസതിയിൽ വെച്ച് അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിൽ കൂടി.
ശ്രീമതി രാജശ്രീ കുട്ടിക്കൃഷ്ണന്റെ പ്രാർത്ഥനയോടെ യോഗം സമാരംഭിച്ചു. കഴിഞ്ഞ യോഗ ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
സെക്രട്ടറിയുടെയും ജോ. സെക്രട്ടറിയുടെയും അഭാവത്തിൽ ശ്രീ രവി പിഷാരോടി മുൻ യോഗത്തിന്റെ മിനുട്സ് അവതരിപ്പിച്ചു. ഖജാൻജി വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. യോഗം ഇവ രണ്ടും അംഗീകരിച്ചു. ശാഖക്ക് PP&TDTയിൽ നിന്നും ലഭിക്കുവാനുള്ള പലിശയുടെ ചെറിയൊരു ശതമാനം ലഭിച്ചതായി ഖജാൻജി അറിയിച്ചു. ബാക്കിയുള്ള പലിശയും ട്രസ്റ്റിന്റെ കാഷ്ഫ്ലോ അനുവദിക്കുന്ന മുറക്ക് ലഭിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി അറിയിച്ചതായും യോഗത്തെ അറിയിച്ചു. യോഗം ഇക്കാര്യത്തിൽ ശാഖയുടെ നന്ദി അറിയിച്ചു.
കലാവിഭാഗം കൺവീനർ ശ്രീ വി പി ശശിധരൻ വാർഷിക ആഘോഷത്തിന്റെ പരിപാടികളെ പറ്റി വിശദീകരിച്ചു. തുടർന്ന് യോഗം ദഹിസർ-വിരാർ ഏരിയ അംഗങ്ങളുമായി വാർഷികാഘോഷ നടത്തിപ്പിന്റെ വിവിധ ഒരുക്കങ്ങളെ പറ്റി വിശദമായി ചർച്ച ചെയ്ത് രൂപരേഖ തയ്യാറാക്കുകയും ബജറ്റ് രൂപീകരിച്ച് അംഗീകരിക്കുകയും ചെയ്തു. തുടർന്ന് ശ്രീ പി പി കുട്ടിക്കൃഷ്ണനുമൊത്ത് ഹാളും പരിസരവും സന്ദർശിച്ച് വേണ്ടുന്ന മുന്നൊരുക്കങ്ങളെ പറ്റിയും പര്യാലോചിച്ചു.
ഈ വർഷം ക്ഷേത്രകലകളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മുൻ യോഗത്തിൽ തീരുമാനിച്ച പ്രകാരം കുറത്തിയാട്ടം എന്ന കലാരൂപം ആണ് അവതരിപ്പിക്കുന്നതെന്ന് കലാവിഭാഗം കൺവീനർ അറിയിച്ചു. മുംബൈയിൽ ഇദം പ്രഥമമായാണ് ഈ ഒരു കലാരൂപം അവതരിപ്പിക്കുവാൻ ഉള്ള അവസരമൊരുങ്ങുന്നതെന്നും അതിനുള്ള സുവർണ്ണാവസരമാണ് പിഷാരോടി സമാജത്തിന് കൈവന്നിരിക്കുന്നതെന്നും അത് കൊണ്ട് തന്നെ എല്ലാ അംഗങ്ങളും ഈ കലാപ്രദർശനം കാണുവാനായി അന്നേ ദിവസം എത്തണമെന്നും അഭ്യർത്ഥിച്ചു.
ശാഖയുടെ വിവിധ വിദ്യാഭ്യാസ അവാർഡുകൾക്കായി ലഭിച്ച അപേക്ഷകൾ യോഗം പരിശോധിക്കയും വാർഷികാഘോഷ വേളയിൽ വെച്ച് അവാർഡുകൾ നൽകുവാൻ തീരുമാനിക്കുകയും ചെയ്തു. അവാർഡ് ജേതാക്കളെയും അവാർഡുകൾ ഏർപ്പെടുത്തിയവരെയും ഇക്കാര്യം അറിയിക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ശ്രീ രവി പിഷാരോടിയുടെ നന്ദി പ്രകാശനത്തോടെ യോഗം 2 മണിക്ക് പര്യവസാനിച്ചു.

