തൃശൂർ ശാഖ ഓണാഘോഷം
————————
തൃശൂർ ശാഖയുടെ ഓണാഘോഷം സെപ്റ്റംബർ 13 ന് സമാജം ആസ്ഥാന മന്ദിരത്തിൽ പ്രസിഡന്റ് ശ്രീ വിനോദ്കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തോടെ ആരംഭിച്ചു.
കുമാരിമാർ ശ്രീബാല, ശ്രീഭദ്ര എന്നിവർ പ്രാർത്ഥന ചൊല്ലി.
സമാജം ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ ഏവർക്കും സ്വാഗതമാശംസിച്ചു. സമാജത്തിന്റെയും ശാഖയുടെയും പ്രവർത്തനങ്ങളെ പറ്റിയും സമുദായം നേരിടുന്ന . പ്രശ്നങ്ങളെ പറ്റിയും ശ്രീ ഹരികൃഷ്ണൻ വിശദീകരിച്ചു.
അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ശാഖ ഈ ഓണക്കാലത്തു ശാഖ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങളെ പറ്റിയും മറ്റു പ്രവർത്തനങ്ങളെ പറ്റിയും സംസാരിച്ചു.
വൈസ് പ്രസിഡന്റ് ശ്രീ എ രാമചന്ദ്ര പിഷാരോടി ഈ വർഷവും ഓണം വളരെ ഗംഭീരമായി തന്നെ ആഘോഷിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടെന്നും പ്രശസ്ത കലാകാരനായ ശ്രീ നന്ദകിഷോർ നമ്മുടെ ആഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയത് ഏറെ സന്തോഷം പകരുന്നുണ്ട് എന്നും പറഞ്ഞു.
തുടർന്ന് പ്രശസ്ത സിനിമാ, ടി വി താരവും നർമ്മ പ്രഭാഷകനുമായ ശ്രീ നന്ദ കിഷോർ ഓണാഘോഷം ഉദ്‌ഘാടനം ചെയ്തു. സമകാലീകമായ വിഷയങ്ങളെയും സംഭവങ്ങളെയും സരസമായി പരിഹസിച്ചു കൊണ്ടും അതോടൊപ്പം രാമായണത്തിലെ സുന്ദര കാണ്ഡം, കല്യാണ സൗഗന്ധികം ഓട്ടൻതുള്ളലിലെ വനവർണന എന്നിവയെല്ലാം സമർത്ഥമായി ഉൾക്കൊള്ളിച്ചുകൊണ്ടും ഏകദേശം ഒരു മണിക്കൂറോളം അദ്ദേഹം നടത്തിയ ഉദ്ഘാടന ഭാഷണം അക്ഷരാർത്ഥത്തിൽ എല്ലാവരും പൂർണ്ണമായും ആസ്വദിച്ച നർമ്മ പ്രഭാഷണം തന്നെയായിരുന്നു.
പിഷാരോടി എഡ്യുക്കേഷണൽ & വെൽഫെയർ സൊസൈറ്റി സെക്രട്ടറി ശ്രീ അജയകുമാർ ആശംസനേർന്ന് സംസാരിക്കുകയും 21ന് തൃശൂരിൽ നടക്കുന്ന തുളസീദളം, PE&WS അവാർഡ് വിതരണയോഗത്തിലേക്ക് ഏവരേയും ക്ഷണിക്കുകയും ചെയ്തു.
തുടർന്ന് ശാഖയുടെ ഈ വർഷത്തെ വിദ്യാഭ്യാസ പുരസ്‌ക്കാര വിതരണം നടന്നു. പത്താംക്ലാസിൽ ഉന്നതവിജയം നേടിയ ഗോവിന്ദ് ഹരികൃഷ്ണൻ, നീരജ് പിഷാരോടി, കൈലാസ് കൃഷ്ണ, അദ്വൈത് പിഷാരോടി എന്നിവർക്കും പ്ലസ്‌ടുവിൽ ഉന്നതവിജയം നേടിയ ഗായത്രി, അമൃത എന്നിവർക്കും ശാഖയുടെ അവാർഡ് നല്കി.
കർക്കിടകത്തിൽ രാമായണ മാസത്തോടനുബന്ധിച്ച് നടന്ന രാമായണ പാരായണത്തിൽ തൃശൂർ ശാഖയിൽ നിന്നും പങ്കെടുത്തവർക്കുള്ള പ്രോത്സാഹന സമ്മാന വിതരണവും നടന്നു.
ഓണാഘോഷത്തിൽ പങ്കെടുത്ത അംഗങ്ങളിൽ നിന്നും നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യവാനെയും ഒരു ഭാഗ്യവതിയേയും കണ്ടെത്തിയതിൽ ശ്രീറാം ജയചന്ദ്രന് ഓണസമ്മാനമായി ഡബിൾമുണ്ടും ശ്രീമതി ശൈലജ രാധാകൃഷ്ണന് സെറ്റ്മുണ്ടും സമ്മാനിച്ചു.
തുടർന്ന് കലാ പരിപാടികൾ അരങ്ങേറി. ദീപിക എസ് പിഷാരോടി ഭഗവദ്ഗീതയിലെ പതിനഞ്ചാമദ്ധ്യായം ഭംഗിയായി ചൊല്ലി. ശ്രീബാല ശ്രീഭദ്ര എന്നിവർ ഓണപ്പാട്ട് അവതരിപ്പിച്ചു.
ശ്രീമതിമാർ ഉഷ ചന്ദ്രൻ, മിനി രവികുമാർ, അനിത ഹരികൃഷ്ണൻ, രഞ്ജിനി ഗോപി, അഞ്ജു സുരേഷ്, പ്രഭ ഗോപി, രാധിക ശ്രീകുമാർ, ലക്ഷ്മിദേവി വിനോദ് എന്നിവർ ചേർന്ന് കൈകൊട്ടിക്കളി അവതരിപ്പിച്ചു.
കാർത്തിക്ക് സുരേഷ് സിനിമാറ്റിക് ഡാൻസ് അവതരിപ്പിച്ചു. ശ്രീ സുരേഷ് പിഷാരോടി (പൂത്തോൾ), ശ്രീമതി മാലതി സോമൻ (മുളകുന്നത്ത്കാവ്) എന്നിവർ ഗാനമാലപിച്ചു.
ശ്രീമതി അനിത ഹരികൃഷ്ണൻ ഡിസൈൻ ചെയ്ത് കുട്ടികളും മുതിർന്നവരും ചേർന്ന് ഒരുക്കിയ പൂക്കളം വളരെ മനോഹരമായിരുന്നു.
ശാഖാ സെക്രട്ടറി ശ്രീ എ പി ജയദേവൻ ഏവർക്കും നന്ദി പറഞ്ഞു.
വിഭവസമൃദ്ധമായ ഓണസ്സദ്യയോടെ ഉച്ചക്ക് 2 മണിക്ക് ആഘോഷങ്ങൾക്ക് പരിസമാപ്തിയായി.