കൊടകര ശാഖയുടെ 2025സെപ്റ്റംബർ മാസത്തെ യോഗവും സൗഹൃദോണം 2025 ഓണാഘോഷവും

പിഷാരടി സമാജം കൊടകര ശാഖയുടെ 2025 സെപ്റ്റംബർ മാസത്തെ യോഗവും സൗഹൃദോണം 2025 ഓണാഘോഷവും 21.09.2025 ഞായറാഴ്ച രാവിലെ 9. 00 മുതൽ കാരൂർ ശ്രീ ശങ്കരനാരായണ ക്ഷേത്ര ഹാളിൽ വെച്ച് ആഘോഷപൂർവ്വം നടന്നു.

കൂട്ടായ്മയുടെ പ്രതീകമായ ഓണപ്പൂക്കളം ഒരുക്കി ആഘോഷങ്ങൾക്ക് തുടക്കമായി. പുഷ്പ ഗിരിജൻ, അനിത സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ശാഖാംഗങ്ങൾ എല്ലാവരും ചേർന്ന് നാരായണീയ പാരായണം നടത്തി.

10.30 ന് സെപ്റ്റംബർ മാസത്തെ യോഗം ആരംഭിച്ചു. ശ്രീമതി അങ്കിതാ രാജുവിന്റെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം നമ്മെ വിട്ടു പിരിഞ്ഞ പ്രൊഫസർ സി.പി സരസ്വതി പിഷാരസ്യാരുടേയും (കേന്ദ്ര വൈസ് പ്രസിഡൻറ് സി. പി രാമചന്ദ്ര പിഷാരടിയുടെ സഹോദരി)മറ്റു സമുദായ അംഗങ്ങളുടെയും ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.

ശ്രീ കെ പി വിശ്വനാഥൻ യോഗത്തിൽ എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും ശാഖയുടെ കൂട്ടായ്മ പ്രത്യേകം എടുത്തുപറയുകയും ചെയ്തു.

ശാഖയിലെ മുതിർന്ന അംഗങ്ങളായ കമല പിഷാരസ്യാർ, ഇന്ദിര പിഷാരസ്യാർ , സുഭദ്ര പിഷാരസ്യാർ , രാമ പിഷാരോടി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. പ്രസിഡൻറ് ഉഷശ്രീധരൻ അദ്ധ്യക്ഷ പ്രഭാഷണം നടത്തി.

നമ്മുടെ ഓണാഘോഷത്തിന് എത്തിച്ചേർന്ന ശാഖയിലെ മുതിർന്ന അംഗവും പിഷാരോടി സമാജം സ്ഥാപക ജനറൽ സെക്രട്ടറിയും മുൻ കേന്ദ്ര പ്രസിഡണ്ടുമായ ശ്രീ കെ. എ പിഷാരോടിയെ ഓണാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാൻ പ്രസിഡണ്ട് സന്തോഷത്തോടു കൂടി ക്ഷണിച്ചു.

ശ്രീ കെ എ പിഷാരോടി, ഈ വർഷത്തെ ഓണാഘോഷം കാരൂരിൽ വച്ച് നടത്തിയതിന് പ്രത്യേകം അഭിനന്ദിക്കുകയും 1975 ൽ പിഷാരോടി സമാജത്തിന്റെ ആദ്യ യോഗത്തിന് കാരൂർ വേദി ആയതിന്റെയും 1976 ൽ സമാജത്തിൻ്റെ ഔദോഗിക ഉദ്ഘാടനം നടന്നതും ആദ്യകാല സമാജ പ്രവർത്തനാനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. പിഷാരടി സമാജം കൊടകര ശാഖയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട് ഓണാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ശ്രീമതി രമ്യ രാധാകൃഷ്ണൻ അവതരിപ്പിച്ച ഓഗസ്റ്റ് മാസത്തെ റിപ്പോർട്ടും ട്രഷറർ ശ്രീ എം പി വിജയൻ അവതരിപ്പിച്ച കണക്കുകളും യോഗം അംഗീകരിച്ചു.

പാഞ്ചജന്യ ഭാരതവും കേരളസമന്വയ സമിതിയും കഴകക്കാർക്ക് നൽകുന്ന അവാർഡ് ലഭിച്ച പുഷ്പ ഗിരിജൻ ഒമ്പതുങ്ങൽ, കുമാരി കൃഷ്ണൻ മാങ്കുറ്റിപ്പാടം എന്നിവരെ പ്രസിഡണ്ട് പൊന്നാടയണിയിച്ച് അനുമോദിച്ചു.

അതിനുശേഷം കർക്കടക മാസത്തിൽ ഗൂഗിൾ മീറ്റിലൂടെ രാമായണ പാരായണത്തിൽ പങ്കെടുത്ത ശാഖയിലെ അംഗങ്ങൾക്കെല്ലാം പ്രസിഡണ്ട് പാരിതോഷികങ്ങൾ നൽകി.

ശ്രീമതി രമ രാംകുമാറും കുടുംബവും കൊടകര ശാഖയിൽ നിന്ന് മനോഹരമായി രാമായണം വായിച്ച ഒരംഗത്തിന് നൽകുന്ന ഉപഹാരത്തിന് ജയശ്രീ രാജൻ അർഹയായി.

ജയശ്രീ രാജൻ യോഗത്തിന് എത്തിച്ചേരാത്തതിനാൽ ഉപഹാരം അടുത്തമാസത്തെ മീറ്റിങ്ങിന് നൽകാമെന്ന് തീരുമാനിച്ചു. ശ്രീമതി രമ രാംകുമാർ സ്വന്തം കൈ കൊണ്ട് തുന്നിയെടുത്ത വളരെ മനോഹരമായ ഉപഹാരം സമ്മാനമായി നൽകാൻ തീരുമാനിച്ചതിന്  രമ രാംകുമാറിനും കുടുംബത്തിനും പ്രത്യേകം നന്ദി പറഞ്ഞു.

ജയൻ വരന്തരപ്പിള്ളിയുടെ നന്ദിയോടെ 11:30 നു യോഗനടപടികൾ അവസാനിച്ചു.

തുടർന്ന് സൗഹൃദോണം 2025 ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി.

ശ്രീ രഞ്ജിത് അവതരിപ്പിച്ച മാവേലിയെ സദസ്സ് ഹർഷാരവത്തോടെ സ്വീകരിച്ചു. ശാഖയിലെ അംഗങ്ങളുടെ ക്ഷേമങ്ങളെല്ലാം മാവേലി ചോദിച്ചറിഞ്ഞു. മാവേലിയുടെ സാന്നിധ്യത്തിൽ സമാജത്തിലെ വനിതകൾ ചേർന്ന് അവതരിപ്പിച്ച തിരുവാതിരക്കളിയെ സദസ്സ് കയ്യടികളോടെ സ്വീകരിച്ചു.

സമീരസുനിൽ, സഞ്ജന സുനിൽ, ദേവതീർത്ഥ എന്നിവരുടെ നൃത്തവും രമാ രാംകുമാർ, അങ്കിതാ രാജു, സത്യഭാമ വിശ്വനാഥൻ, ശ്രീലത വിജയൻ, ശ്രീകല രാമചന്ദ്രൻ, സുനിൽ കാവല്ലൂർ, മാസ്റ്റർ ആദിദേവ്, ധനഞ്ജയ്, ഭാവയാമി, ദേവതീർത്ഥ, അഥർവ് ഉണ്ണികൃഷ്ണൻ എന്നിവരുടെ പാട്ടുകളും കെ പി വിശ്വനാഥന്റെ പ്രഭാഷണവും സദസ്സ് ഹർഷാരവത്തോടെ സ്വീകരിച്ചു. ശ്രീമതി പുഷ്പാ ഗിരിജൻ, ടി പി രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന രാമായണത്തെയും ഓണത്തെയും ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരം വേറിട്ട ഒരു അനുഭവമായി.

വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം കലാപരിപാടികൾ കായിക മത്സരങ്ങൾ എന്നിവ തുടർന്നു.

ശ്രീ കെ പി മോഹനന്റെ നേതൃത്വത്തിൽ ഓണവും, ഓണപ്പാട്ടും ഒക്കെയായി നടത്തിയ സ്കിറ്റ് സദസ്സിനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
കുട്ടികളുടെ കസേരകളിയിലും മുതിർന്നവരുടെ ബിസ്ക്കറ്റ് ഗെയിമിലും പ്രായഭേദമില്ലാതെ എല്ലാവരും പങ്കെടുത്തു. ശാഖയിലെ മുതിർന്ന പുരുഷന്മാർക്കും സ്ത്രീകൾക്കുമായി നടത്തിയ സാരിമടക്കൽ മത്സരം ഏറെ കൗതുകമുള്ളതായിരുന്നു.

അതിമനോഹരമായി പൂക്കളം ഒരുക്കിയ ശ്രീ വി.പി. ജയൻ & സംഘത്തെ പങ്കെടുത്ത എല്ലാവരും മുക്തകണ്ഠം പ്രശംസിച്ചു.

പിഷാരടി എഡ്യുക്കേഷണൽ വെഫെയർ സൊസൈറ്റി നൽകിവരുന്ന വിദ്യാഭ്യാസ അവാർഡ് വിതരണം ഇന്നു തന്നെ ആയിരുന്നതിനാൽ അതിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടകര ശാഖയിലെ അവാർഡ് ലഭിച്ച കുട്ടികൾ തൃശ്ശൂർക്ക് അവാർഡ് സ്വീകരിക്കാൻ പോയിരുന്നു.

കൊടകര ശാഖ നൽകിവരുന്ന വിദ്യാഭ്യാസ അവാർഡ് ഉച്ചയ്ക്കു ശേഷം കേന്ദ്ര വൈസ് പ്രസിഡൻറ് രാമചന്ദ്ര പിഷാരടി നൽകി. ലക്ഷ്മി പി ആർ (ഡിഗ്രി ) ശ്രീജിത്ത് ഹരിഹരൻ (ഡിഗ്രി ) RLVഹരിത മണികണ്ഠൻ (പി ജി ) അഭിഷേക് (പ്ലസ് ടു ) ഭഗത് ഉണ്ണികൃഷ്ണൻ (പത്ത്) എന്നിവർ അവാർഡുകൾ സ്വീകരിച്ചു. ഇതിൽ പിജിക്ക് മോഹിനിയാട്ടത്തിൽ മൂന്നാം റാങ്ക് നേടിയ RLVഹരിതാ മണികണ്ഠനെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു.
ഹരിത മണികണ്ഠൻ നന്ദി പറയുകയും നൃത്തത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ വിവരിക്കുകയും ചെയ്തു.

ശ്രീ. ടി പി രാമചന്ദ്രൻ യോഗത്തിന് എത്തിച്ചേർന്നവർക്കും സമാജത്തിന്റെ ഓണാഘോഷത്തിനായി ക്ഷേത്രത്തിൻ്റെ ഹാളിൽ സൗകര്യമൊരുക്കി തന്ന ക്ഷേത്രം ഭാരവാഹികൾക്കും സൗണ്ട് സിസ്റ്റം ഒരുക്കിത്തന്നവർക്കും സ്വാദിഷ്ടമായ സദ്യ ഒരുക്കിയവർക്കും സമുചിതമായി നന്ദി പറഞ്ഞു.

കൂട്ടായ്മയുടെ പ്രതീകമായ ഫോട്ടോ സെഷനു ശേഷം കൃത്യം 4. 30ന് ഓണാഘോഷം അവസാനിച്ചു.

 

തുടക്കം മുതൽ അവസാനം വരെ പ്രായ ഭേദമന്യേ യഥാർത്ഥ കൂട്ടായ്മ പ്രതിഫലിച്ച സൗഹൃദോണം 2025 മറക്കാനാവാത്ത അനുഭവമായിരുന്നു

0

Leave a Reply

Your email address will not be published. Required fields are marked *