പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ
ആഗസ്റ്റ് മാസത്തെ കുടുഃബയോഗം, കഴകക്കാരെ ആദരിക്കൽ, വിദ്യാഭ്യാസ അവാർഡ് വിതരണം , ഓണാഘോഷം എന്നിവയുടെ റിപ്പോർട്ട്
____________________________
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ആഗസ്റ്റ് മാസത്തെ കുടുംബസംഗമം 28/8/25 വ്യാഴാഴ്ച നമ്പൂതിരിസ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 10.30 മണിക്ക് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
ശ്രീമതി ഗിരിജാ മോഹൻദാസിൻ്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
യോഗത്തിന് എത്തിയ എല്ലാവരെയും PP& TDT ജോ:സെക്രട്ടറി പി.മോഹനൻ സ്വാഗതം ചെയ്തു.
കഴിഞ്ഞ മാസക്കാലയളവിൽ മൺമറഞ്ഞ സമുദായ അംഗങ്ങൾക്കും അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ അച്ചുതാനന്ദൻ അവർകൾക്കും മൗന പ്രാർത്ഥനയോടെ ആദരാജ്ഞലികൾ അർപ്പിച്ചു.
അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രിമതി മായാ സുന്ദരേശ്വരൻ ശാഖയിലെ കഴക പ്രവർത്തി ചെയ്യുന്നവരെ ആദരിക്കൽ ചടങ്ങിനെ പറ്റി വിശദമായി സംസാരിച്ചു.
സെക്രട്ടറി സി.ജി. മോഹനൻ അവതരിപ്പിച്ച കഴിഞ്ഞ മാസത്തെ മീറ്റിങ്ങിൻ്റെ മിനിട്ട്സ് യോഗം പാസ്സാക്കി. ശാഖാ ട്രഷറർ കെ.പി. മോഹൻദാസ് തയ്യാറാക്കിയ വരവ്, ചിലവ് കണക്കുകൾ യോഗം അംഗീകരിച്ചു.
ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ നടത്തിയ P P & T DT യുടെ AGM ൻ്റെ വിശദ വിവരങ്ങളും, കേന്ദ്ര കമ്മിറ്റി മീറ്റിങ്ങിൻ്റെ വിവരങ്ങളും പി. മോഹനൻ യോഗത്തിൽ വിശദീകരിച്ചു.
ഓണാഘോഷത്തിൻ്റെ ഭാഗമായി മാപ്രാണത്ത് പുത്തൻ പിഷാരത്ത് ശ്രീഹരികുമാറിൻ്റെ നേതൃത്വത്തിൽ ശാഖയിലെ ലേഡീസ് വിങ്ങ് മെമ്പർമാരും, കമ്മിറ്റി ഭാരവാഹികളും മറ്റുള്ളവരും ചേർന്ന് അതിമനോഹരമായ ഓണപ്പൂക്കളം ഒരുക്കി. തുടർന്ന് ലേഡീസ് വിങ്ങ് മെമ്പർമാരുടെ കൈ കൊട്ടിക്കളിയും നടന്നു . തുടർന്ന് ശാഖാ മെംബർമാരുടെ സിനിമാ ഗാനാലാപനവും സ്റ്റേജിൽ അരങ്ങേറി.
Pisharody Samajam Photo Gallery
*ശാഖയിലെ കഴകപ്രവർത്തകരെ ആദരിക്കൽ*
11.30 മണിക്ക് ശ്രീമതി റാണി രാധാകൃഷ്ണൻ്റെ ഈശ്വര പ്രാർത്ഥനയോടെ കഴകക്കാരെ ആദരിക്കുന്ന ചടങ്ങിന് തുടക്കമായി.
ശ്രീമതി മായാ സുന്ദരേശ്വരൻ അദ്ധ്യക്ഷത വഹിച്ചു.
ശാഖയുടെ ക്ഷണം സ്വീകരിച്ച് എത്തിയ വിശിഷ്ട വ്യക്തികളായ ശ്രീ . കെ.ഡി. ദാമോദരൻ നമ്പൂതിരിയെയും ( കേരള സംസ്ഥാന യോഗക്ഷേമ സഭയുടെ ജോ : സെക്രട്ടറി), കിടങ്ങശ്ശേരി ശ്രീ ജാതവേദൻ നമ്പൂതിരിയെയും( മാനേജിങ്ങ് ഡയറക്ടർ ,നമ്പുതിരിസ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ഇരിങ്ങാലക്കുട ), സമാജം കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീ K P ഹരികൃഷ്ണൻ, ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ, ശ്രീ ഭാസ്ക്കര വാര്യർ(IT വിഭാഗം കൺവീനർ ശ്രീ ഭാസിരാജിൻെറ പിതാവ്) എല്ലാത്തിനുമുപരി ശാഖാ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകി വരുന്ന സദസ്സിൽ ഇരിക്കുന്ന പ്രിയപ്പെട്ട ശാഖാ മെമ്പർമാരെയും സെക്രട്ടറി സി.ജി. മോഹനൻ സ്വാഗതം ചെയ്തു.
ശ്രീ കെ.ഡി. ദാമോദരൻ നമ്പൂതിരി, ശ്രീ കിടങ്ങശ്ശേരി ജാതവേദൻ നമ്പൂതിരി, ശ്രീ ഭാസ്ക്കര വാര്യർ, ശാഖാ പ്രസിഡണ്ട് , സെക്രട്ടറി ട്രഷറർ എന്നിവർ ചേർന്ന് ദീപം തെളിയിച്ചു.
കെ.ഡി. ദാമോദരൻ നമ്പൂതിരി തൻെറ ഉദ്ഘാടന പ്രസംഗത്തിൽ, പിഷാരോടി സമാജം പോലെയുള്ള അമ്പലവാസി സമുദായ സംഘടനകൾ ഒന്നിച്ച് പ്രവർത്തിക്കേണ്ട കാലം അതിക്രമികരിച്ചിരിക്കുന്നു എന്നും നമ്മൾ നേരിടുന്ന പ്രശ്നങ്ങളെ ഒറ്റകെട്ടായി കൂട്ടായ്മയോടെ നേരിടണമെന്നും പറഞ്ഞു.
ശ്രീ കിടങ്ങാശ്ശേരി ജാതവേദൻ നമ്പൂതിരി, പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖ ക്രിയാത്മകമായ പ്രവർത്തനമാണ് കാഴ്ച വക്കുന്നതെന്നും ക്ഷേത്രങ്ങളിലെ നിത്യനിദാന കാര്യങ്ങളിൽ പകലും രാത്രിയും ജോലി ചെയ്യുന്ന കഴകക്കാരെ ബഹുമാനിക്കുക, അവർക്ക് വേണ്ട സഹായങ്ങളും മറ്റും യഥാ സമയത്ത് ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുന്നതിന് എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നതായി പറഞ്ഞു.
വിശിഷ്ടാതിഥികളും ജനറൽ സെക്രട്ടറിയും ശാഖയിലെ 25 കഴകപ്രവർത്തകരെ പൊന്നാട അണിയിച്ച് സ്നേഹോപഹാരം നല്കി ആദരിച്ചു.
ശ്രീ കെ.ഡി. ദാമോദരൻ നമ്പൂതിരിയെ ശാഖാ വൈസ് പ്രസിഡണ്ട് VP രാധാകൃഷ്ണൻ പൊന്നാടയണിയിച്ചു. പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശൻ ശാഖയുടെ സ്നേഹോപഹാരമയി മെമോൻ്റോ നൽകി ആദരിക്കുകയും ചെയ്തു.
ശ്രീ കിടങ്ങശ്ശേരി ജാതവേദൻ നമ്പൂതിരിയെ ഭാസ്ക്കര വാര്യർ പൊന്നാട അണിയിച്ചു. സെക്രട്ടറി സി.ജി. മോഹനൻ ശാഖയുടെ സ്നേഹോപഹാരം നൽകി.
ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ തൻ്റെ ഭാഷണത്തിൽ പ്രൈവറ്റ് ക്ഷേത്രങ്ങളിൽ കഴക പ്രവർത്തി ചെയ്യുന്നവർക്ക് അദ്ധ്വാനം കൂടുതലും വരുമാനം കുറവും ആണെന്നും അതുകൊണ്ട് മാറിയ സാഹചര്യത്തിൽ ശാഖകൾ അവർക്ക് കഴിയുന്ന സഹായങ്ങൾ ചെയ്യുന്നത് ഉചിതമായിരിക്കും എന്നും കൂടാതെ ഇരിങ്ങാലക്കുട ശാഖാ മെംബർ ഭാസി രാജ് IT കൺവിനറായി തിരഞ്ഞെടുത്ത കാര്യവും website ൻ്റെ ഭാവി പ്രവർത്തനങ്ങളെ പ്പറ്റിയും കഴിഞ്ഞ 24/8/25 ന് നടന്ന കേന്ദ്ര കമ്മിറ്റിയുടെ തീരുമാനങ്ങളെപ്പറ്റിയും യോഗത്തിൽ വിശദീകരിച്ചു .
കഴക പ്രവർത്തി ചെയ്യുന്നവരെ ആദരിക്കുന്നത് മഹത്തായ കാര്യമാണെന്നും, ഇരിങ്ങാലക്കുട ശാഖയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നതിനുള്ള ഏറ്റവും നല്ല ഉദാഹാരണമാണ് ആദരിക്കൻ ചടങ്ങ് എന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
ശാഖയിലെ എൽ പി ക്ലാസ്സ് മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾക്ക് സ്ക്കോളർഷിപ്പ് വിതരണം ചെയ്തു
കഴകപ്രവർത്തകരെ ആദരിക്കുമ്പോൾ നല്കുന്ന സ്നേഹോപഹാരം സ്പോൺസർചെയ്ത ശ്രീ ഭാസ്ക്കര വാര്യർ, ഇരിങ്ങാലക്കുട ശാഖയുടെ മികച്ച പ്രവർത്തനം കഴിഞ്ഞ മെയ് മാസത്തിൽ നടന്ന കേന്ദ്ര വാർഷികം ഭംഗിയായി നടത്തിയതിലൂടെ നേരിൽ കണ്ടതാണെന്നും ശാഖയുടെ മുന്നോട്ട് ഉള്ള പ്രവർത്തനങ്ങൾക്ക് കഴിയുന്ന എല്ലാ സഹായ സഹകരണവും ഉണ്ടാകുമെന്നും ഉറപ്പ് നൽകി.
സമാജം IT വിഭാഗം കൺവിനറായ ശ്രീ ഭാസിരാജ്, IT വിഭാഗത്തിൽ ശാഖകൾ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്നും, website ൻ്റെ സാങ്കേതിക വിദ്യകളെ പറ്റിയും വിശദമായി സംസാരിച്ചു.
തുടർന്ന് നടന്ന ചർച്ചക്ക് ശേഷം
സി.ജി. മോഹനൻ (സെക്രട്ടറി),
മുരളി ബാല
ശ്രേയ രജ്ഞിത്ത്
ഉണ്ണിരാജ്
എന്നിവരെ ഇരിങ്ങാലക്കുട ശാഖയുടെ IT വിഭാഗം കൈകാര്യം ചെയ്യുന്നതിനായി ചുമതലപ്പെടുത്തി. അതിൽ ശ്രീ മുരളി ബാലയെ ശാഖയിലെ IT വിഭാഗത്തിൻെറ കാര്യങ്ങൾ കോർഡിനേറ്റ് ചെയ്യുവാനും ചുമതലപ്പെടുത്തി
ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ.v.P രാധാകൃഷ്ണൻ കാരയ്മ കഴകത്തിൻ്റെ കാര്യങ്ങളും കഴക പ്രവർത്തി ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി സമാജം കേന്ദ്ര കമ്മിറ്റി വേണ്ട സമയത്ത് ഉചിതമായ ഇടപെടലുകൾ നടത്തേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റിയും വിശദീകരിച്ചു.
വിഭവസമൃദ്ധമായ ഓണസദ്യക്കും ശാഖാമെമ്പർമാരുടെ സംഗീതവിരുന്നിനും ശേഷം യോഗത്തിൽ പങ്കെടുത്ത എല്ലാ മെമ്പർമാർക്കും കുടുംബാംഗങ്ങൾക്കും, വിശിഷ്ട വ്യക്തികൾക്കും, സമാജം കേന്ദ്ര കമ്മിറ്റി ഭാരവാഹികൾക്കും, കഴകക്കാർക്ക് ഉള്ള ഗിഫ്റ്റ് സ്പോൺസർ ചെയ്ത ഭാസ്ക്കര വാര്യർക്കും, ഓണ സദ്യ സ്പോൺസർ ചെയ്ത കെ.പി. മോഹൻദാസ് കുടുംബത്തിനും യോഗത്തിന് വേണ്ട എല്ലാ വിധത്തിലുള്ള സൗകര്യങ്ങളും, ചെയ്ത് തന്ന നമ്പൂതിരിസ് കോളേജ് മാനേജ് മെൻ് ഗ്രൂപ്പിനും, സ്വാദിഷ്ഠമായ ഓണസദ്യ തയ്യാറാക്കി തന്ന കാറ്ററിങ്ങ് ഗ്രൂപ്പിനും, മറ്റ് എല്ലാവർക്കും ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ വി പി രാധാകൃഷ്ണൻ ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദിരേഖപ്പെടുത്തി.
ദേശീയ ഗാനാലപനത്തോടെ ഈ വർഷത്തെ ഓണാഘോഷത്തിനും , ആദരിക്കൽ ചടങ്ങിനും, സ്ക്കോളർഷിപ്പ് വിതരണത്തിനും തിരശില വീണു.
നന്ദി
നമസ്ക്കാരം
സി.ജി. മോഹനൻ
സെക്രട്ടറി
സമാജം/ ഇരിങ്ങാലക്കുട.