ദേവായനത്തിലെ ജ്ഞാനസൂര്യൻ

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു.

ഈയിടെ ജ്ഞാനപീഠപുരസ്കാരം നൽകി രാജ്യം ആദരിച്ച കേരളത്തിന്റെ പ്രിയ കവി, മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി ഇന്ന്, 15-10-2020 രാവിലെ നമ്മോട് വിട പറഞ്ഞു.

അദ്ദേഹത്തിന്റെ നിര്യാണത്തിൽ വെബ്‌സൈറ്റും പിഷാരോടി സമാജവും അനുശോചനങ്ങൾ രേഖപ്പെടുത്തുന്നു.

പൂനെയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന “വാഗ്ദേവത” മാസികയിൽ ഒക്ടോബർ ലക്കത്തിൽ അദ്ദേഹത്തെക്കുറിച്ച് തുളസീദളം മുഖ്യ പത്രാധിപ രമ പ്രസന്ന പിഷാരോടി എഴുതിയ ലേഖനം ഈ അവസരത്തിൽ പുനഃപ്രസിദ്ധീകരിക്കുന്നു.

രമ പ്രസന്ന പിഷാരോടി

(അർദ്ധനാരീശ്വരം എന്ന കവിതാസമാഹാരത്തിന് മഹാകവി അക്കിത്തത്തിൻ്റെ അനുഗ്രഹവും, അവതാരികയും ലഭിച്ചിട്ടുണ്ട് ലേഖികയ്ക്ക്)

ഒരു കണ്ണീർക്കണം മറ്റു-
ള്ളവർക്കായ് ഞാൻ പോഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം”

“ഒരു പുഞ്ചിരി ഞാൻ മറ്റു
ള്ളവർക്കായ് ച്ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യ നിർമല പൗർണമി”

(മഹാകവി അക്കിത്തം)

മഞ്ചാടിമണികൾ പൊഴിഞ്ഞ് കിടക്കുന്ന, എല്ലാ ഋതുവിലും കവിതയുടെ ഇലയനക്കങ്ങളുള്ള വഴിയിലൂടെ മഹാകവി അക്കിത്തത്തിൻ്റെ ദേവായനത്തിലെത്തുമ്പോൾ കാണാനാകുന്നത് എളിമയുടെ അത്ഭുതസൂര്യനെയാണ്. പ്രക്ഷുബ്ദമായ തിരകളിലുലയുമ്പോഴും അക്ഷരത്തിന്റെ അനന്തസമുദ്രം പ്രശാന്തമായിരിക്കുന്നത് അവിടെയാണ്.

പ്രകൃതി ‘ഭൂമിയിലെ സ്വർഗ്ഗം’ എന്ന് അനുഗ്രഹം ചൊരിയുന്ന മഹാകവി അക്കിത്തത്തിൻ്റെ വസതിയിലെത്തിയാൽ മഹത്വമെന്നത് വിനയവും സ്നേഹവുമാണെന്ന് കുലീനമായ ഭാഷയിൽ മഹാകവിയുടെ കവിതകൾ നമ്മോട് സംവദിക്കാനാരംഭിക്കും

ഏതോ പൂർവ്വപുണ്യത്തിന്റെ നിയോഗം പോലെ, കഥകളിലോകത്തെ അച്ഛന്റെ സഹോദരതുല്യനായ കലാനിലയം ബാബു എന്ന പ്രശ്സ്ത മദ്ദളം കലാകാരനാണ് എന്റെ അർദ്ധനാരീശ്വരം എന്ന എളിയ കവിതാ സമാഹാരത്തിന് മഹാകവിയുടെ അനുഗ്രഹം ലഭിക്കാനുള്ള നിമിത്തമായത്.

ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി പൊഴിക്കാൻ സമയമില്ലാത്ത സ്വാർഥതയാൽ വീർപ്പുമുട്ടുന്ന ലോകത്തെ മഹാകവി ഓർമ്മപ്പെടുത്തുന്നു, ആയിരം സൗരമണ്ഡലങ്ങളുടെ പ്രകാശം ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഉപയോഗപ്പെടുത്തുമ്പോൾ നമുക്ക് തിരികെ ലഭിക്കുന്നു എന്ന്. അതേ പോലെ ഒരു പുഞ്ചിരി മറ്റുള്ളവർക്കായി സമ്മാനിക്കുമ്പോൾ ഹൃദയത്തിൽ നിത്യനിർമ്മലമായ നിലാവുദിക്കുന്നു എന്ന്. ലോകനന്മ മനസ്സിൽ കണ്ട് എഴുതപ്പെടുന്ന ഇതേ പോലെയുള്ള രചനകൾ കാലാതീതമായി നിലനിൽക്കും, തലമുറകൾ അത് കൈയേറും, ബഹുമാനപുരസ്സരം മനസ്സിലും ഹൃദയത്തിലും സൂക്ഷിക്കും . അവിടെ സാമൂഹികപരിഷ്ക്കർത്താവാകുന്ന മനുഷ്യസ്നേഹിയായി കവി സ്വയം അടയാളപ്പെടുത്തുന്നത് നമുക്ക് കാണാനാവും.

തോക്കിനും വാളിനും വേണ്ടി
ചെലവിട്ടൊരിരുമ്പുകൾ
ഉടച്ച് വാർത്തെടുക്കാവൂ
ബലമുള്ള കലപ്പകൾ

ഇരുപതാം നൂറ്റാണ്ടിൽ നിന്ന് ഇരുപത്തൊന്നൊം നൂറ്റാണ്ടിലേയ്ക്ക് യന്ത്രവൽകൃതലോകം സഞ്ചരിച്ചപ്പോൾ ഈ കവിതയിലെ കലപ്പയുടെ പ്രസക്തിയെന്തെന്ന് പുതിയ തലമുറ ചിന്തിച്ചിട്ടുണ്ടാകാം. തികച്ചും ആകസ്മികവും, അപ്രതീക്ഷിതവുമായ ഒരു ജൈവപരിണാമം ലോകത്തെ ദുരന്തകാലത്തിലേയ്ക്ക് വിലങ്ങിനാൽ ബന്ധിച്ച് കൈനടത്തിയപ്പോൾ പ്രകൃതിയിലേയ്ക്ക് തിരിച്ച് പോകുന്ന മനുഷ്യരാശിയെ കാണാനായി. മണ്ണിൻ്റെ ഗന്ധം മറന്നവർ മണ്ണിനെ സ്നേഹിച്ച് തുടങ്ങുന്ന കാഴ്ച്ച. യുദ്ധത്തെക്കാൾ പ്രകൃതിയെ സ്നേഹിക്കൂ എന്നാണ് കവി ‘ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം’ എന്ന കൃതിയിൽ ഒരു ക്രാന്തദർശിയെ പോലെ എഴുതിയത്.

ജ്ഞാനപീഠത്തിലേയ്ക്ക് മഹാകവി ആദരിക്കപ്പെട്ട സെപ്റ്റംബർ 24ന് സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീ കെ പി മോഹനൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. ഭാരതത്തിൽ ഏതൊരു ഭാഷയിലും എഴുതുന്ന എഴുത്തുകാരുടെ സ്വപ്നമാണ് ജ്ഞാനപീഠ പുരസ്ക്കാരം. ‘ സ്വപ്നം കാണുന്ന ജീവരേഖകളിൽ നിന്നും അറിവിൻ്റെ പ്രകാശത്താൽ സ്വയം ഉയർത്തപ്പെട്ട പീഠത്തിലിരിക്കുന്ന മഹാകവി അക്കിത്തത്തിന് ലഭിച്ച ഈ പുരസ്ക്കാരം അദ്ദേഹം ബഹുമാനിച്ചാദരിച്ച സാഹിത്യം തിരികെയേകിയെ അർഹിക്കുന്ന അംഗീകാരമാണ്.

കേരളത്തിൻ്റെ സാഹിത്യഭൂപടത്തിലേയ്ക്ക് വീണ്ടും ഒരു ജ്ഞാനസൂര്യൻ്റെ പ്രകാശം അല്പം വൈകിയെങ്കിലും അർഹതപ്പെട്ടൊരു സുമനസ്സിന് ലഭിച്ചു എന്നതിൽ സാഹിത്യസ്നേഹികൾക്ക് ആഹ്ളാദിക്കാം.

കഴിഞ്ഞ ഡിസംബർ 8ന് ബാംഗ്ളൂരിൽ നടന്ന ഒരു പുസ്തകപ്രകാശനത്തിൽ പൊന്നാടകൾക്കും, പൂച്ചെണ്ടുകൾക്കും , ശില്പങ്ങൾക്കും പകരമായി പുസ്തകങ്ങൾ നൽകാമെന്നൊരു തീരുമാനം ഞങ്ങൾ കൈകൊണ്ടു, അന്ന് മഹാകവി അക്കിത്തത്തിൻ്റെ ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസമെന്ന പുസ്തകമായാൽ നന്ന് എന്നൊരു ആശയം മനസ്സിലേയ്ക്ക് വന്നു. പക്ഷെ പുസ്തകം ലഭ്യമാകാതെ വന്നപ്പോഴാണ് ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച ഡോക്ടർ എൻ പി വിജയകൃഷ്ണൻ്റെ “അക്കിത്തം ആത്മഭാഷണങ്ങൽ” എന്നൊരു പുസ്തകത്തെക്കുറിച്ച് അറിയാനായത്.
ഡോക്ടർ എൻ പി വിജയകൃഷ്ണൻ്റെ ‘അക്കിത്തം ആത്മഭാഷണങ്ങളിലൂടെയാണ്’ അക്കിത്തത്തിൻ്റെ ആദ്യകാല കവിതാലോകത്തെ അറിയാനായത്. പ്രശസ്ത കവി ഇടശ്ശേരി ഗോവിന്ദൻ നായർ ആണ് ആദ്യമായി അക്കിത്തത്തിനോട് പത്ത് കവിതകൾ മംഗളോദയം വഴി പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ടത്. മംഗളോദയം പ്രസിദ്ധീകരിച്ച ‘വീരവാദം’ എന്ന ആദ്യകവിതാപുസ്തകത്തിന് ആ പേര് തെരെഞ്ഞെടുത്തത് ചങ്ങമ്പുഴയാണെന്നും അതിലെ ‘ക്ഷുദ്രതേ സമുദായനീതിതൻ കുപ്പായത്തിൽ ഭദ്രമായ് നിവസിക്കും കാപട്യപാരമ്യതേ’ എന്ന വരികളെ കുറിച്ചുള്ള വിശകലനങ്ങളും അറിയാനായത് പ്രസ്തുത പുസ്തകത്തിൽ നിന്നാണ്.

മഹാകവിയുടെ ആദ്യകാല ജീവിതത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവർക്ക് ഒരു നേർക്കാഴ്ച്ചയാണ് ‘അക്കിത്തം – ആത്മഭാഷണങ്ങൾ’.
ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം വരും നൂറ്റാണ്ടിനെക്കുറിച്ചുള്ള പ്രവചനമായിരുന്നു എന്ന് ലേഖകൻ പറയുമ്പോൾ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന പുതിയ ജനലോകത്തെ അത് അത്ഭുതപ്പെടുത്തിയേക്കാം. എത്ര കൃത്യമായാണ് കരുണ നിറഞ്ഞ ഹൃദയമുള്ള കവി ‘ഓരോ മാതിരി ചായം മുക്കിയ കീറത്തുണിയുടെ വേദാന്തം’ എന്ന് രേഖപ്പെടുത്തി ലോകത്തിൻ്റെ കപടഭാവങ്ങളെയോർത്ത് ആകുലപ്പെടുന്നത്.

അയ്യായിരം പറ നെല്ല് വിരിയുന്ന പാടത്തിൽ നിന്നും ഭൂപരിഷ്ക്കരണനിയമവും, പുതിയ ഭരണപരിഷ്ക്കാരങ്ങളും, ദാനധർമ്മങ്ങളാൽ സ്വയം അപര്യാപതത സൃഷ്ടിച്ച വല്യച്ഛൻ്റെയും, യാഗം നടത്താൻ ആഗ്രഹിച്ച അച്ഛൻ്റെയും നടുവിൽ കടങ്ങൾ നിറഞ്ഞ ജീവിതം കണ്ട് ജോലി വേണമെന്ന് അതിയായി ആഗ്രഹിച്ച കാലഘട്ടത്തിൽ ലഭിച്ച ആകാശവാണിയിലെ ജോലി അക്കിത്തത്തിലെ കവിയ്ക്ക് അനുഗ്രമായിരുന്നു. വൈലോപ്പിള്ളിയും, ജീ ശങ്കരക്കുറുപ്പും, ഉറൂബും പിന്നെ എം ടി , സാഹിത്യലോകത്തെ മഹൽ സാന്നിദ്ധ്യങ്ങളുടെ അനുഭവങ്ങൾ, നാടകങ്ങൾ, കവിയരങ്ങുകൾ ഇവയെല്ലാം കാലം നിശ്ചയിച്ച പോലെ മഹാകവിയെ കൈപിടിച്ച് നടത്തുകയായിരുന്നു.

അവിടെ നടന്നത് ഒരു കവിയുടെ സത്യാന്വേഷണപരീക്ഷണങ്ങളായിരുന്നു. നടന്ന് പോയ വഴികളിലെ അനുഭവങ്ങളുടെ വ്യാപ്തി സർവ്വകലാശാലയിലെ ഗവേഷണലോകം പോലെ വിശാലമായിരുന്നു. ഹൃദയത്തിലേയ്ക്ക് ദയയോടെ നോക്കിക്കൊണ്ട് എഴുതുന്ന കവി. സനാതനധർമ്മം മുന്നിൽ കണ്ട് എഴുതിയ കവി. ധാർമ്മികതയിൽ ഉറച്ച് നവോത്ഥാനത്തിന് വേണ്ടി എഴുതിയ കവി.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, സമത്വത്തിന്റെ ആകാശം, സ്പർശമണികൾ, അന്തിമഹാകാലം എന്നിങ്ങനെ ഇനിയും വരാനിരിക്കുന്ന തലമുറയ്ക്ക് വേണ്ടി അനേകം മഹൽ കൃതികൾ മഹാകവി രചിച്ചിട്ടുണ്ട് കേന്ദ്ര, കേരളസാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, സഞ്ജയൻ പുരസ്ക്കാരം, പത്മപ്രഭ പുരസ്ക്കാരം, എഴുത്തച്ഛൻ പുരസ്ക്കാരം, വയലാർ അവാർഡ്, പത്മശ്രീ എന്നിവ ലഭിച്ച മഹാകവിയുടെ സാഹിത്യസപര്യയ്ക്ക് ജ്ഞാനപീഠത്തിൻ്റെ കൂടെ പ്രകാശം ലഭിച്ചു എന്നതിൽ കേരളത്തിന് അഭിമാനിയ്ക്കാം.

കലയും, സാഹിത്യവും, ദേവായാനാത്തിന്റെ ഭൂമിയിൽ അരയാൽ പോലെ പടർന്നു. സുമനസ്സുകൾ ആ കോലായിലിരുന്ന് ചരിത്രസൃഷ്ടിയുടെ സൂര്യന്റെ പ്രകാശം മനസ്സിലേറ്റി. മഹാകവിയുടെ പാരിസിൽ സ്ഥിരതാമസമാക്കിയ അനുജൻ അക്കിത്തം നാരായണൻ അന്തർ ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട ചിത്രകാരനാണ്. മകൻ വാസുദേവനും ചിത്രകാരനാണ്.

മഹാകവിയെ സ്നേഹത്തോടെ കൂടെ കൂട്ടിയ അക്ഷരലോകത്തോട് പ്രപഞ്ചത്തോട് മഹാകവി
പറയുന്നു,

“സ്നേഹിപ്പൂ ഞാനിമ്മുഗ്ദ്ധ ലോകത്തെ
ജീവൻ കൊണ്ടും
സ്നേഹിക്കും ലോകം തിരിച്ചെന്നെയു-
മേന്നെ നണ്ണി;
മറി ച്ചാണെങ്കിൽ സ്നേഹിച്ചീടുവാൻ
സേവിക്കാനും
ധരിച്ചിട്ടില്ലെങ്കി, ലീ ലോക-
മെന്തിനു കൊള്ളാം?”

മഹാകവി നിസ്വാർത്ഥമായി ലോകത്തെ സ്നേഹിച്ചത് പോലെ ലോകം ഇപ്പോൾ മഹാകവിയെ സ്നേഹിക്കുന്നു, ആദരിക്കുന്നു, ജ്ഞാനപീഠത്തിലേയ്ക്ക് ബഹുമാനപുരസ്സരം കൈപിടിച്ചുയർത്തുന്നു. സ്നേഹാദരങ്ങളോടെ ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസത്തെ സഹൃദയർ ഇനി വരുന്ന നൂറ്റാണ്ടുകൾക്കായി ഹൃദയത്തിൽ സൂക്ഷിക്കുന്നു.

ചരിത്രത്തിലേയ്ക്ക് കൈയൊപ്പിട്ട്‌ ആയിരം പൂർണ്ണചന്ദ്രന്മാരെ ദർശിച്ച് നിലാവ് പോലെ കുളിർന്ന മനസ്സുമായി കാലം കനിഞ്ഞരുളിയ അനുഗ്രഹങ്ങളുമായി സാഹിത്യലോകത്ത് മഹാകവി എക്കാലവും ആസ്വാദകരുടെ ഹൃദയത്തിലുണ്ടാകും.

ഇതിഹാസതുല്യനായ പ്രിയ കവേ! അങ്ങയുടെ കാലഘട്ടത്തിൽ ജീവിച്ചതിനും അങ്ങയുടെ കാവ്യലോകത്തെ അറിയാനായതിലും സന്തോഷിക്കുന്ന കാവ്യാസ്വാദകർക്ക് അങ്ങയുടെ ജഞാനപീഠലബ്ദി അത്യന്തം ആഹ്ളാദകരമായ അനുഭവമായിരുന്നു.

നൂറ്റാണ്ടുകളുടെ ചിരസ്മൃതിയിലേയ്ക്ക് സർഗ്ഗാത്മകതയുടെ അക്ഷരദീപങ്ങൾ തെളിയിച്ച ദേവായനത്തിലെ ജ്ഞാനസൂര്യൻ ഇനിയും പൂർവ്വാദികം ശോഭയോടെ സാഹിത്യലോകത്ത് ജ്വലിച്ചുയരട്ടെ എന്ന പ്രാർത്ഥനയോടെ ഒരിക്കൽ കൂടി സ്നേഹാദരങ്ങളർപ്പിക്കുന്നു.

3+

3 thoughts on “ദേവായനത്തിലെ ജ്ഞാനസൂര്യൻ

 1. മഹാകവി അക്കിത്തം അച്ച്യുതൻ നമ്പൂതിരിയുടെ നിര്യാണം ദു:ഖപൂർണ്ണമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു..
  🙏🙏🙏

  0
 2. മലയാള സാഹിത്യത്തിന്റെ ഒരിക്കലും അസ്തമിക്കാത്ത ജ്ഞാനസൂര്യനെക്കുറിച്ച് ഇതിലും ഭംഗിയായി എഴുതാൻ കഴിയുമോ എന്നു സംശയം. അത്രക്കും ഭംഗിയായിരിക്കുന്നു രമ പ്രസന്ന പിഷാരടിക്ക് അഭിനന്ദനങ്ങൾ.
  കാലത്തിന്റെ കുത്തൊഴുക്കിൽ, സൗകര്യങ്ങളുടെ വേലിയേറ്റത്തിൽ, നഷ്ടപ്പെട്ടു പോയ കുറെ പഴമകളെ വരച്ചു കാട്ടിയ അക്കിത്തം തിരുമേനിയുടെ തൂലികക്കു മുന്നിൽ സാഷ്ടാംഗ പ്രണാമം.
  ആ ജ്ഞാനസൂര്യന് ആദരാജ്ഞലികളോടെ വിട.
  ആ ആത്മാവിന് ശാന്തി നേരുന്നു.

  0

Leave a Reply

Your email address will not be published. Required fields are marked *