മുംബൈ ശാഖ 2020 ഫെബ്രുവരി മാസ യോഗം

മുംബൈ ശാഖയുടെ 399ാമത് ഭരണസമിതി യോഗം വസായിയിൽ ഉള്ള ശ്രീ കെ പി രാമചന്ദ്രൻ്റെ വസതിയിൽ വെച്ച് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ 16-02-2020 നു രാവിലെ 10.30 മണിക്ക് കുമാരി രാജശ്രീ രാമചന്ദ്രൻ്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.

കഴിഞ്ഞ മീറ്റിംഗിന് ശേഷമുള്ള ഒരു മാസക്കാലയളവിലന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു.

ഡോംബിവില്ലിയിലെ കുമാരി കാവ്യ ശശികുമാറിൻ്റെയും കാന്തിവില്ലിയിലുള്ള N അനിൽ കുമാറിൻ്റെയും ആജീവനാംഗത്വ അപേക്ഷ കിട്ടിയ വിവരം സെക്രട്ടറി അറിയിക്കുകയും അത് യോഗം അംഗീകരിക്കുകയും ചെയ്തു.

ഖജാൻജി അവതരിപ്പിച്ച 2020-21 സാമ്പത്തിക വർഷത്തിലേക്കുള്ള വരവുചിലവുകളുടെ ബജറ്റ് കമ്മറ്റി അഗീകരിക്കുകയും അവ ചാരിറ്റി കമ്മീഷണറുടെ ഓഫീസിൽ സമർപ്പിക്കാൻ ഖജാൻജിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഇനിയും പിരിഞ്ഞുകിട്ടാനുള്ള വിവിധ വരിസംഖ്യകൾ 2020 ഫെബ്. 29ന് മുമ്പ് സമാഹരിക്കുവാൻ ഖജാൻജി ഏരിയ മെമ്പർമാരോട് അഭ്യർത്ഥിച്ചു.

ശാഖകളുടെ വാർഷിക കണക്കുകൾ സംയോജിപ്പിക്കുന്നതിനെ പറ്റി വ്യക്തമായൊരു രൂപരേഖ കേന്ദ്രത്തിൽ നിന്നും ലഭിക്കുകയുണ്ടായില്ലെന്നും മുംബൈ ശാഖ മഹാരാഷ്ട്ര സംസ്ഥാന ധർമ്മാദായ കമ്മിഷണറുടെ കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ടതിനാലും, ശാഖക്ക് പ്രത്യേക പാൻനമ്പറർ ഉള്ളതിനാലും, തുടക്കം മുതൽ ഇന്നേ വരെ വാർഷിക കണക്കുകൾ പ്രസ്തുത പാൻനമ്പർ പ്രകാരം വർഷം തോറും സമർപ്പിക്കുന്നതിനാലും, മുംബൈ ശാഖയുടെ കണക്കുകൾ കേന്ദ്രവുമായി സംയോജിപ്പിക്കാൻ സാദ്ധ്യമാവുമോ എന്നത് വ്യക്തത വരുത്തേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
കൂടാതെ കേരളത്തിലുള്ള ശാഖകളുടെ തന്നെ കണക്കുകൾ, മാർച്ച് 31ന് ശേഷം തയ്യാറാക്കി ഓഡിറ്റ് ചെയ്ത് ശാഖാ വാർഷിക പൊതുയോഗത്തിൽ അംഗീകാരം നേടി കേന്ദ്രത്തിൽ സമർപ്പിച്ച് എല്ലാ ശാഖകളുടെയും കണക്കുകൾ സംയോജിപ്പിച്ച് വാർഷിക പൊതുയോഗം മെയ് മാസത്തിൽ നടത്തുകയെന്നത് എത്ര കണ്ട് പ്രാവർത്തികമാണെന്ന് പുനരാലോചിക്കേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. അതു കൊണ്ട് തന്നെ, മെയ് മാസത്തിൽ പൊതുയോഗമെന്നത് മാറ്റി, കണക്കുകൾ മുഴുവനും വേണ്ട പ്രകാരം തയ്യാറാക്കി ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കുന്ന പരിധിക്കു മുമ്പ് നടത്തി അംഗീകാരം തേടി സമർപ്പിക്കുകയാവും ഉചിതമെന്നും അഭിപ്രായപ്പെട്ടു. വാർഷിക പൊതുയോഗം സമാജം ആസ്ഥാന മന്ദിരത്തിലും കേന്ദ്ര വാർഷികാഘോഷം മെയ് മാസത്തിൽ ഇപ്പോൾ തുടരുന്ന രീതിയിൽ വിവിധ ശാഖകളുടെ ആഭിമുഖ്യത്തിൽ നടത്തുകയുമാവും നല്ലതെന്നും അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ ഒരു സമയ പരിധിയും രൂപരേഖയും ശാഖകൾക്ക് നൽകേണ്ടതാണെന്നും, കണക്കുകൾ സമർപ്പിക്കുവാൻ ഒരു പൊതു ഘടന നിർമ്മിച്ചു നൽകുന്നത് ശാഖകൾക്ക് ഉപകാരപ്രദവും, ക്രോഡീകരണത്തിന് നല്ലതാവുമെന്നും യോഗം അഭിപ്രായപ്പെട്ടു.

സമാജം ഫെബ്രവരി മാസം നടത്താനുദ്ദേശിച്ചിരുന്ന പിക്നിക് അംഗങ്ങളുടെ പങ്കാളിത്തക്കുറവു കൊണ്ട് ഉപേക്ഷിച്ച വിവരം സെക്രട്ടറി യോഗത്തിൽ അറിയിച്ചു.

വെബ് സൈറ്റിന്റെ പുതിയ പ്രവർത്തനങ്ങളെ കുറിച്ച് വെബ് അഡ്മിൻ യോഗത്തെ അറിയിച്ചു.

അടുത്ത മാസത്തെ യോഗം 2020 മാർച്ച് 8 ന് ഡോംബിവില്ലിയിലെ ശ്രീ ടി.പി ശശികുമാറിൻ്റെ വസതിയിൽ ചേരുന്നതിനു തീരുമാനിച്ച് യോഗം 2 മണിയോടെ ജോ. സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ സമംഗളം പര്യവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *