Babu Narayanan

സുപ്രസിദ്ധ സിനിമാ സംവിധായൻ ബാബു നാരായണൻ(58 ) ഇന്ന്, 29-06-2019 രാവിലെ തൃശൂരിലെ സരോജ നഴ്‌സിംഗ് ഹോമിൽ അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു
ഭാര്യ: ജ്യോതി ബാബു
മക്കൾ : ദർശൻ, ശ്രവണ

പത്തപ്പിരിയത്ത് പിഷാരത്ത് ദേവകി പിഷാരസ്യാരുടെയും പരേതനായ തലക്കുളത്തുർ പിഷാരത്ത് നാരായണ പിഷാരടിയുടെയും മകനായി ജനിച്ച ബാബു കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് പഠനത്തിന് ശേഷം പ്രസിദ്ധ സംവിധായകൻ ഹരിഹരൻറെ അസിസ്റ്റൻറ് ആയിട്ടായിരുന്നു സിനിമാ രംഗത്തേക്ക് എത്തിയത്.
1989 ൽ തന്റെ ആദ്യ സിനിമ അനഘ സംവിധാനം ചെയ്തായിരുന്നു സംവിധാനരംഗത്തേക്ക് വരവറിയിച്ചത്.
പിന്നീട് ശ്രീ അനിൽ കുമാറുമായി ചേർന്ന് 25 ഓളം ചിത്രങ്ങൾ അനിൽ-ബാബു എന്ന പേരിൽ സംവിധാനം ചെയ്തു.
ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം “നൂറാ വിത്ത് ലവ്”.

ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ തൃശൂർ റീജണൽ തീയറ്ററിൽ പൊതു ദർശനത്തിന് വെക്കുന്ന മൃതദേഹം അതിനു ശേഷം സംസ്കാര ചടങ്ങുകൾക്കായി  തൃശ്ശൂര്‍ ചെമ്പൂക്കാവിലെ സ്വവസതിയില്‍  എത്തിക്കും.തുടർന്ന് സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ.

പിഷാരോടി സമാജത്തിന്റെ അഭ്യുദയകാംക്ഷിയും സന്തതസഹചാരിയുമായിരുന്ന ബാബു നാരായണൻ സമാജം മുഖപത്രമായ തുളസീദളത്തിന്റെ എഡിറ്റോറിയൽ ബോർഡ് അംഗമാണ്. ശ്രീ ബാബു നാരായണന് പിഷാരടി സമാജത്തിന്റെ ആദരാഞ്ജലികൾ

7 thoughts on “Babu Narayanan

 1. Sorry to hear the sad news on the sudden and unexpected demise of Babu Narayanan. It will be a heavy loss to Kerala and Samajam especially.
  I was just remembering his active participation in one of the Trivandrum Sakha meeting and also annual celebrations held here some years back. May his soul rest in peace and Heartfelt condolences to bereaved family from all of us in Trivandrum.

 2. ബാബുവേട്ടന് പ്രണാമം.
  2017ലായിരുന്നു ബാബുവേട്ടനെ മുംബൈ ശാഖയുടെ 35 മത് വാർഷികത്തോടനുബന്ധിച്ച് ഞങ്ങൾ ആദരിച്ചത്. അന്ന് അദ്ദേഹത്തിനു ശക്തൻ അവാർഡ് കിട്ടിയ സമയമായിരുന്നു. ചികിത്സയിലായിരുന്നുവെങ്കിലും ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് പത്നി ജ്യോതി ബാബുവും ഒപ്പമെത്തിയ ബാബുവേട്ടനെ വേണ്ട വിധത്തിൽ, ഒരു ഓഡിയോ വിഷ്വൽ പ്രദർശനത്തോടെ ആദരിക്കാനും കഴിഞ്ഞത് ഇവിടെ ഇത്തരുണത്തിൽ ദുഖത്തോടെ സ്മരിക്കട്ടെ.
  അതിനു ശേഷം ഞങ്ങളോട് സംസാരിച്ച ബാബുവേട്ടൻ അദ്ദേഹത്തിന് നൽകിയ സ്വീകരണം ഇന്നേ വരെ ലഭിക്കാത്ത മനസ്സിൽ തൊട്ടതായിരുന്നു എന്നാണ് പറഞ്ഞത്.
  മുംബൈ ശാഖയുടെ ഓരോ പ്രവർത്തനങ്ങൾക്കും എന്നെന്നും പ്രോത്സാഹനം നൽകിയിരുന്ന അഭൗമവ്യക്തിത്വമായിരുന്നു ശ്രീ ബാബു നാരായണൻ.
  അദ്ദേഹത്തിന്റെ ഈ അകാല വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തിനെന്ന പോലെ സമാജത്തിനൊന്നാകെ ഒരു തീരാ നഷ്ടമാണ്.
  വി പി മുരളീധരൻ, മുംബൈ

 3. “പാടുവാന്‍ മറന്നുപോയ്…
  സ്വരങ്ങളാമെന്‍ കൂട്ടുകാര്‍…
  എങ്ങോ എങ്ങോ പോയ് മറഞ്ഞു…

  അപസ്വരമുതിരും ഈ മണിവീണ തന്‍
  തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി…
  അറിയാതെ വിരല്‍തുമ്പാല്‍ മീട്ടുമ്പോളുയരും
  ഗദ്ഗദ നാദമാര്‍ക്കു കേള്‍ക്കാന്‍..

  എങ്കിലും വെറുതെ പാടുന്നു ഞാ‍ന്‍
  കരളില്‍ വിതുമ്പുമെന്‍
  മൌന നൊമ്പരം ശ്രുതിയായ്….”

  ബാബുവേട്ടന് പ്രണാമം🙏🙏

 4. എന്നെപ്പോലെയുള്ളവരെ സംഘടനാ പ്രവർത്തനത്തിലേക്ക് കൊണ്ടുവരുകയും നമ്മുടെ കഴിവുകളെ തിരിച്ചറിയാൻ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും നിരീക്ഷിക്കുകയും വീണ്ടും ഉയരുവാൻ ഉത്സാഹിക്കുകയുമൊക്കെ ചെയ്തു കൊണ്ടിരുന്ന ഒരു ശക്തി സ്രോതസ്സ് പെട്ടെന്ന് നിലച്ചു പോയി….
  ഇനി എന്താ ചെയ്യേണ്ടത് എന്നുപോലും ചിന്തിക്കാൻ പറ്റുന്നില്ല…

  പിഷാരോടി സമാജത്തെ സംബന്ധിച്ചിടത്തോളം കലാസാംസ്ക്കാരിക പരിപാടികളുടെ അവസാനവാക്ക് ബാബുഏട്ടനാണ്. വേറൊരു അർത്ഥത്തിൽ സമാജത്തേയും കലാസാംസ്ക്കാരിക രംഗത്തേയും ബന്ധിപ്പിക്കുന്ന ശക്തമായ കണ്ണി…
  ആ കണ്ണി ഇപ്പോൾ നിശ്ചലമായി…

  ഇന്നലെവരെ രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിലും തന്നെ കണ്ട് ആശ്വസിപ്പിക്കാൻ വരുന്നവരെ അങ്ങോട്ട് ശക്തി പകർന്നുകൊണ്ടിരുന്ന അപൂർവ്വ പ്രതിഭാസമാണ് ബാബുഏട്ടൻ…

  ഇതിലും വലിയ അവസ്ഥകളെ യാതൊരു കൂസലുമില്ലാതെ അതിജീവിച്ച ബാബുഏട്ടൻ ഈ അവസ്ഥയും തരണം ചെയ്യും എന്നു തന്നെയാണ് നമ്മൾ വിശ്വസിച്ചത്….
  ദൈവം മറിച്ചാണ് തീരുമാനിച്ചത്…

  ബാബുഏട്ടൻ ഭൗതിക ശരീരം മാത്രമെ പിരിയുള്ളൂ..
  ആ അദൃശ്യ സാന്നിദ്ധ്യം ഇനിയും പിഷാരോടി സമാജത്തിൻെറ തലമുറകളെ മാർഗ്ഗ നിർദ്ദേശങ്ങൾ നല്കി മുന്നോട്ടു നയിക്കും തീർച്ച..

  കെ പി ഹരികൃഷ്ണൻ

 5. ബാബു വിട പറഞ്ഞു. മുഖം നിറയെ ചിരിയുമായല്ലാതെ ബാബുവിനെ കണ്ടത് ഓർമ്മയിലില്ല. എങ്ങിനെ ഒരാൾക്ക് സാന്നിദ്ധ്യം കൊണ്ടു മാത്രം എല്ലാവരെയും സന്തോഷിപ്പിക്കാനാ വും എന്നതിന്റെ ഉത്തരമായിരുന്നു ബാബു. എന്തും പോസിറ്റീവ് ആയി കാണാനുള്ള സിദ്ധി ബാബുവിനെ മററുള്ളവരിൽ നിന്നും വ്യത്യസ്ത നാക്കി.
  “അനഘ ” എന്ന ചിത്രത്തിലൂടെയായിരുന്നു സ്വതന്ത്ര സംവിധായകനായി ബാബുവിന്റെ അരങ്ങേറ്റം.എന്നാൽ അതിന് മുമ്പ് ഹരിഹരന്റെ സഹസംവിധായക നായി സിനിമയിലെ തിരനോട്ടം..ഒരു ഫിലിം ഇൻസ്റ്റിട്യൂട്ടിലും പഠിക്കാതെ സംവിധാനത്തിന്റെ വ്യാകരണം ഹരിഹരനിൽ നിന്നും ബാബു ഹൃദിസ്ഥമാക്കി.ഹരിഹരനായിരുന്നു ബാബുവിന്റെ എല്ലാം. സാർ എന്ന് ബാബു പറയുമ്പോൾ ആ കണ്ണിലെ തിളക്കം കൊണ്ട് നമുക്ക് തിരിച്ചറിയാൻ പറ്റും അത്ഹരി ഹരനെയാണ് ഉദ്ദേശിച്ചതെന്ന്. തന്റെ വത്സല ശിഷ്യന്റ ഭൗതിക ശരീരത്തിനു മുന്നിൽ നനഞ്ഞ കണ്ണുകളുമായി ബാബുവിന്റെ കുടുംബത്തിന് സാന്ത്വനമായി ഇരുന്ന സാറിന്റെ രൂപം ആ ഗുരുശിഷ്യബന്ധത്തിന്റെ ആഴം എത്രയുണ്ടെന്ന് വെളിപ്പെടുത്തി.
  അനഘ എന്ന സിനിമയിൽ കൈക്കൊണ്ട ശൈലി മാറ്റാൻ സാഹചര്യങ്ങൾ ബാബുവിനെ നിർബ്ബന്ധിതനാക്കി. സിനിമ ഒരു വ്യവസായമാണല്ലോ? അത് ഉപജീവനമാർഗമായി സ്വീകരിച്ചവരെ കുറിച്ചായിരുന്നു അയാളുടെ ഉൽക്കണ്ഠ മുഴുവനും.നവാഗത സംവിധായകരുടെ സിനിമകളിൽ ശ്രദ്ധേയമായ ” അനഘ “യെ കുറഞ്ഞ വോട്ടുകൾക്ക് മറി കടന്നാണ് അക്കൊല്ലം സുരേഷ് ഉണ്ണിത്താന് സംസ്ഥാന അവാർഡ് കിട്ടിയത്. പാർവ്വതിക്ക് “അനഘ ” യിലെ അഭിനയത്തിന് നല്ല നടിക്കുള്ള അവാർഡ് കിട്ടി.
  90 കളിൽ സാധാരണ മലയാളി കളുടെ സിനിമാഭാവുകത്വത്തിന്റെ കൂടെ തന്നെ സഞ്ചരിച്ച പേരായിരു ന്നു അനിൽ ബാബു എന്ന ഇരട്ട സംവിധായകരുടേത്. കുറഞ്ഞ ചിലവിൽ സിനിമയെടുത്ത് വൻ വിജയങ്ങൾ നേടിക്കൊടുത്ത ഇവർ നിർമ്മാതാക്കളുടെ കണ്ണിലുണ്ണി കളായി.ഫെയ്സ് ബുക്കും വാട്സ് അപ്പും ഇല്ലാത്ത അക്കാലത്ത് അധ്വാനശീലരായ സാധാരണക്കാരു ടെ വിനോദ വേളകൾ പരിപുഷ്ട മാക്കിയിരുന്നത് മംഗളം, മനോരമ വാരികകളായിരുന്നു. അതിൽ വരുന്ന ജനപ്രിയ നോവലുകളുടെ അഭ്രാവിഷ്കാരം സാധാരണ ജനങ്ങൾ രണ്ട് കൈയും നീട്ടി സ്വീകരിച്ചു. കളിയൂഞ്ഞാൽ,സ്ത്രീധനം, ഭാര്യ, വാൽക്കണ്ണാടി ,ഉത്തമൻ, പട്ടാഭിഷേകം തുടങ്ങിയ ഹിറ്റ് സിനിമകൾ ബാബുവിനെ ജനപ്രിയനാക്കി.
  ബാബുവിനെ യാത്രയാക്കാൻ ചെമ്പുക്കാവിൽ എത്തിയ വൻ ജനാവലി വൈവിധ്യം കൊണ്ട് വിസ്മയമായി. കൂലിപ്പണിക്കാർ മുതൽ മന്ത്രിമാരും രാഷ്ട്രീയ പ്രമുഖന്മാരും സിനിമാപ്രവർത്തകരും എഴുത്തുകാരും സാമൂഹ്യ പ്രവർത്തകരും അതിലുണ്ടായിരുന്നു. ഒന്ന് മാത്രം പറയാം.ബാബുവിന് സമം ബാബു മാത്രം. എപ്പൊഴും ചിരിക്കുന്ന ആ മുഖം മാത്രം മനസ്സിൽ വേണമെന്ന് നിർബന്ധമുണ്ട്. അത് കൊണ്ട് തന്നെ ബാബുവിനെ തീനാളങ്ങൾ ഏറ്റുവാങ്ങുന്നത് കാണാനുള്ള ശക്തിയില്ല. ചിരിക്കുന്ന ആ മുഖം മാത്രം ഓർമ്മയിൽ സൂക്ഷിച്ചു കൊണ്ട് ഞങ്ങൾ മടങ്ങി.
  ബാബുവിന്റെ വേർപാട് സഹിക്കാനുള്ള ശക്തി ജ്യോതിക്കും കുട്ടികൾക്കും ഈശ്വരൻ നല്കട്ടെ.
  Suresh Babu, Vilayil

Leave a Reply

Your email address will not be published. Required fields are marked *