മുന്നോക്ക വിഭാഗക്കാർക്കുള്ള സാമ്പത്തിക സംവരണം യാഥർത്ഥ്യമായി

സംസ്ഥാന സർക്കാരിന്റെ തീരുമാന പ്രകാരം, മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്, സാമ്പത്തിക സംവരണത്തിലൂടെ നിയമനം. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സബ് ഗ്രൂപ്പ് ഓഫീസർമാരെ നിയമിച്ചപ്പോഴാണ് ഇതിൽ പത്ത് ശതമാനം പേർക്ക് സാമ്പത്തിക സംവരണത്തിലൂടെ ജോലി ലഭിച്ചത്. 64 പേർക്കാണ് ആകെ നിയമനം ലഭിച്ചത്. ഇതിൽ ആറ് പേരാണ് സാമ്പത്തിക സംവരണത്തിലൂടെ നിയമനം ലഭിച്ചത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ തസ്തികയിൽ ആറു ഉദ്യോഗാർഥികളെ സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം നൽകി നിയമിക്കുന്നതിന് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ശുപാർശ നൽകിയതായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ തസ്തികയിൽ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ മെയിൻ ലിസ്റ്റിൽ 169 പേരാണുള്ളത്. പട്ടികയിൽ 38 പേർ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും സംവരണത്തിന് അർഹതയുള്ളവരുമാണ്. സപ്ലിമെൻററി ലിസ്റ്റിൽ 17 പേർ സാമ്പത്തിക സംവരണത്തിന് അർഹതയുള്ളവരാണ്. നിലവിലുള്ള 64 ഒഴിവുകളിലേക്ക് സംവരണ വ്യവസ്ഥ പ്രകാരം 12 ഈഴവ സമുദായക്കാരെയും ആറു പട്ടികജാതിക്കാരെയും ഒരു പട്ടികവർഗക്കാരനെയും ഒരു വിശ്വകർമജനെയും ഒരു ധീവര സമുദായംഗത്തെയും നിയമന ശിപാർശ ചെയ്തിട്ടുണ്ട്. കൂട്ടത്തിൽ ഭിന്നശേഷിക്കാരായ രണ്ടു ആളുകൾക്കും ഒരു വിമുക്തഭടനും സംവരണം നൽകിയിട്ടുണ്ട്.

കേരളത്തിൽ ആദ്യമായും ഒരുപക്ഷേ, ഇന്ത്യയിൽത്തന്നെ ആദ്യമായുമാണ് സാമ്പത്തിക സംവരണ ആനുകൂല്യം നേടി മുന്നാക്കവിഭാഗത്തിലെ പിന്നാക്കം നിൽക്കുന്ന ആളിന് ജോലി ലഭിക്കുന്നത്. ദേവസ്വം ബോർഡുകളിൽ സാമ്പത്തിക സംവരണം ഉൾപ്പെടെ വിവിധ സംവരണങ്ങൾ പുതുതായി നിർദേശിച്ച് റിക്രൂട്ട്മെൻറ് ബോർഡ് ചെയർമാൻ നൽകിയ ശിപാർശ 2017 നവംബർ 15 ലെ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. തുടർന്നാണ് ദേവസ്വം ബോർഡുകളിൽ മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് ബോർഡ് ഉദ്യോഗങ്ങളിൽ 10 ശതമാനം സംവരണം നൽകാൻ മന്ത്രിസഭ അനുമതി നൽകിയത്. എന്നാൽ വീണ്ടും ഒരു വർഷം കഴിഞ്ഞാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. തുടർന്ന് സാമ്പത്തിക സംരവണം നടപ്പാക്കാൻ ഉത്തരവായശേഷം മാനദണ്ഡങ്ങൾ രൂപീകരിച്ച് 2019 നവംബർ 18നാണ് വിജ്ഞാപനമായത്. ഇതുപ്രകാരം രേഖകൾ പരിശോധിച്ചാണ് തസ്തികയിലേക്ക് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് റാങ്ക്പട്ടിക തയാറാക്കിയത്.

അപേക്ഷകൻ പ്രതിവർഷം മൂന്നുലക്ഷത്തിലധികം വരുമാനമുള്ള കുടുംബത്തിൽപ്പെട്ട ആളാകരുത് എന്നതാണ് സാമ്പത്തികസംവരണത്തിനുള്ള പ്രധാന മാനദണ്ഡം. അപേക്ഷകന്റെ കുടുംബത്തിന് ഒരേക്കറിലധികം ഭൂമിയുണ്ടാകരുത്. അപേക്ഷകന്റെ കുടുംബാംഗങ്ങൾ ആരും ഇൻകം ടാക്സ് അടയ്ക്കുന്നവരാകരുത്. കുടുംബത്തിലുള്ളവർ സർക്കാർ/ അർധസർക്കാർ/ സഹകരണ/ സർക്കാർ സാമ്പത്തികസഹായം ലഭിക്കുന്ന സ്ഥാപനങ്ങളിൽ ജോലിയുള്ളവരാകരുത് എന്നിവയാണ് മറ്റ് മാനദണ്ഡങ്ങൾ.

3+

2 thoughts on “മുന്നോക്ക വിഭാഗക്കാർക്കുള്ള സാമ്പത്തിക സംവരണം യാഥർത്ഥ്യമായി

  1. കേരള സർക്കാർ, മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഈ ആനുകൂല്യം ചെയിതു തന്നതിന്നു നമ്മൾ വളരെ കൃതജ്ഞ പറയുന്നു.
    ഈ ആനുകൂല്യം നേടിയെടുക്കാൻവേണ്ടി പിഷാരോടി സമാജം നടത്തിയ നിരവധി ഉദ്യമങ്ങൾക്കു ഫലം ഉണ്ടായി എന്ന ചാരിതാർഥ്യം സമാജത്തിനുഉം അവകാശ പ്പെടാം. സമാജത്തിനും ഈ വേളയിൽ നന്ദി രേഖപ്പെടുത്തുരുന്നു.

    1+

Leave a Reply

Your email address will not be published. Required fields are marked *