ആശ മണിപ്രസാദ്‌ ഇനി മലയാള ഭാഷാദ്ധ്യാപിക

പ്രവാസി മലയാളികൾക്ക് മലയാളഭാഷാപഠനം സാദ്ധ്യമാക്കാനും  അവരുടെ മക്കളിൽ ഭാഷാപ്രേമം വളർത്തിയെടുക്കാനും കേരള സർക്കാർ രൂപം നല്‍കിയ മലയാളം മിഷൻ പ്രവർത്തനത്തിന് 2011ൽ ആണ് തറക്കല്ലിട്ടത്. 2011 മുതൽ 2019 വരെയുള്ള മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്.

എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം” എന്ന മഹത്തായ സന്ദേശമാണ് മലയാളം മിഷൻ മുന്നോട്ടുവച്ചിട്ടുള്ളത്. മറ്റൊരു ദേശത്ത് വേറിട്ടൊരു ഭാഷയിലും സംസ്കാരത്തിലും ജീവിതം ഉറപ്പിച്ചിട്ടുള്ളവരുടെ പുതുതലമുറക്കായി മലയാളം മിഷൻ പ്രവർത്തിക്കുന്നു.

ലോകമാകെയുള്ള കേരളീയരെ ഒന്നാകെ ഇണക്കിച്ചേർക്കുന്ന കണ്ണിയാണ് മലയാളം. സാമ്പത്തികവും മതപരവും ജാതീയവും ലിംഗപരവുമായ വ്യത്യാസങ്ങൾക്കിടയിലും സാംസ്കാരികമണ്ഡലം നമ്മുടെ മാതൃഭാഷയായ മലയാളമാണ്.
പ്രവാസിമലയാളിസമൂഹത്തിന്റെ നാടിനെക്കുറിച്ചുള്ള ഓർമ്മകൾ, സ്വപ്നങ്ങൾ, കേരളത്തിന്റെ തനതുകലകൾ, മലയാളകവിതയും സാഹിത്യവും, കേരളീയ ഉത്സവങ്ങൾ, ജീവിതരീതികൾ, സാംസ്കാരിക പ്രത്യേകതകൾ, മലയാളക്കരയുടെ ചരിത്രം, ഭൂമിശാസ്ത്രം, പ്രകൃതി തുടങ്ങിയവയെല്ലാം ഭാഷാപഠനത്തോടൊപ്പം വിദ്യാർത്ഥിക്ക് സ്വായത്തമാക്കാൻ കഴിയണം.

ഈ ചിന്തകളെയെല്ലാം മുൻനിർത്തിയാണ് പ്രവാസി മലയാളി സമൂഹത്തിന്റെ തന്നെ സഹകരണത്തോടെ മലയാളം മിഷൻ പാഠപുസ്തകങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. അതിന് ആധുനിക ശാസ്ത്രീയ സമീപനങ്ങളാണ് സ്വീകരിച്ചത്. നമ്മൾ പഠിച്ചത്പോലെ തറ, പറ, പന എന്ന പഠനരീതിയിൽ നിന്നും വ്യത്യസ്തമായി, പാട്ടിലൂടെയും, കളികളിലൂടെയും മറ്റു പല പഠനതന്ത്രങ്ങൾ ഉപയോഗിച്ചുമാണ് മലയാളം മിഷൻ, കുട്ടികൾക്ക് അക്ഷരങ്ങൾ പഠിപ്പിക്കുന്നത്.

മലയാളം മിഷന്റെ കോഴ്സുകളെ നാല് തലങ്ങളിലായാണ് വിഭജിച്ചിരിക്കുന്നത്. ആദ്യത്തെത് ‘കണിക്കൊന്ന‘ എന്ന രണ്ടു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സായും, രണ്ടാമത്തെത് ‘സൂര്യകാന്തി’ എന്ന രണ്ടു വര്‍ഷത്തെ ഡിപ്ലോമ കോഴ്സായും, മൂന്നാമത്തെത് ‘ആമ്പൽ‘ എന്ന മൂന്നു വര്‍ഷത്തെ ഹയർ ഡിപ്ലോമ കോഴ്സായും, നാലാമത്തെത് ‘നീലക്കുറിഞ്ഞി‘ എന്ന മൂന്നു വര്‍ഷത്തെ സീനിയർ ഹയർ ഡിപ്ലോമ കോഴ്സായും വേർപ്പെടുത്തിയിരിക്കുന്നു. അങ്ങിനെ പത്ത് വര്‍ഷമായിട്ടാണ് കുട്ടികൾ എല്ലാ തലങ്ങളും പൂർത്തിയാക്കുന്നത്. ഒരു കുട്ടി, ഈ നാല് തലങ്ങൾ പൂർത്തിയാക്കിയാൽ കേരളത്തിന്റെ പത്താംക്ലാസ് മലയാളത്തിന് തുല്യമാണ്. പ്രവാസിയായ ഈ കുട്ടി മേല്പറഞ്ഞ എല്ലാ കോഴ്സുകളും പൂർത്തിയാക്കിയാൽ കേരളത്തിൽ PSC പരീക്ഷ എഴുതാനുള്ള യോഗ്യത നൽകുന്നു.

കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളെ വൈകാരികതയുടെ ഒറ്റച്ചരടിൽ കോർത്തെടുക്കുന്നതിന് ഈ മാതൃഭാഷാ പാഠ്യപദ്ധതി സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

2012ൽ ആണ് ശ്രീമതി ആശ മണിപ്രസാദ്‌ മലയാളം മിഷന്റെ ഭാഷാദ്ധ്യാപക പരിശീലനം ആദ്യം നേടിയത്. തുടർന്നുള്ള ഓരോ തലങ്ങൾക്കുമുള്ള പരിശീലനം വിവിധ വർഷങ്ങളിലായി നേടുകയായിരുന്നു. ഈ കഴിഞ്ഞ 2019 നവംബർ 23, 24 തീയതികളിലാണ് മലയാളം മിഷന്റെ അവസാന തലമായ നീലക്കുറിഞ്ഞിയുടെ പരിശീലനം നേടിയത്. എല്ലാ കോഴ്സുകളുടെയും പരിശീലനം പൂര്‍ത്തിയാക്കിയപ്പോൾ ഇന്ത്യയിലും, മറുരാജ്യങ്ങളിലും മലയാളം പഠിപ്പിക്കാനുള്ള യോഗ്യത പ്രാപ്തമായി.

2012 മുതൽ ആശ നവി മുംബൈ സീവുഡ്‌സ് മലയാളി സമാജത്തിൽ മലയാളം പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലീഷ് വിഷയത്തിൽ B. Ed കരസ്ഥമാക്കിയിട്ടുണ്ടെങ്കിലും നമ്മുടെ മാതൃഭാഷ പഠിപ്പിക്കുമ്പോഴുണ്ടാകുന്ന അനുഭൂതി വാക്കുകളിൽ ഒതുക്കുവാൻ അസാദ്ധ്യമാണെന്ന് ശ്രീമതി ആശ പറയുന്നു.

പിഷാരോടി സമാജം മുംബൈശാഖാ സെക്രട്ടറിയും, ആക്സിസ് ബാങ്കിന്റെ നിയമ വിഭാഗത്തിൽ സീനിയർ വൈസ് പ്രസിഡണ്ടുമായ, കണ്ണൂർ ചെറുകുന്ന് തെക്കേ വീട്ടിൽ മണിപ്രസാദ് ആണ് ആശയുടെ ഭർത്താവ്.

മകൾ അനഘ +2 വിദ്യാർത്ഥിയാണ്.

അച്ഛൻ: മഞ്ഞളൂർ പിഷാരത്ത് കെ പി ചന്ദ്രശേഖരൻ
അമ്മ: കണ്ണൂർ തെക്കേ വീട്ടിൽ പിഷാരത്ത് സരസ്വതി

 

ഇതൊരു സ്വേച്ഛാനുസാരമായ സേവനമാണ്. ഈ സേവനം തുടരാനുള്ള പ്രാപ്തി ഇനിയും ആശക്ക് ഈശ്വരൻ നൽകട്ടെ എന്ന് ആശംസിക്കുന്നു.

ശ്രീമതി ആശ മണിപ്രസാദിനു പിഷാരോടി സമാജത്തിന്റെ അഭിനന്ദനങ്ങൾ.

2+

8 thoughts on “ആശ മണിപ്രസാദ്‌ ഇനി മലയാള ഭാഷാദ്ധ്യാപിക

Leave a Reply

Your email address will not be published. Required fields are marked *