Travelogue

നിലവിട്ട നിലയിൽ”

കന്നി യാത്രയും കാണാക്കഴ്ചയും

                                                                                                    -ചെറുകര വിജയൻ

അരപ്പട്ട കെട്ടി അരക്കെട്ടുറപ്പിക്കൽ, അടിയന്തിര വാതായനങ്ങൾ, ജീവവായു എന്നിവ ലഭിയ്ക്കൽ തുടങ്ങി പലതും ആകർഷണീയരായ സുന്ദരിമാരാൽ വ്യായാമ ശൈലിയിൽ…

ഇൻഡിഗോ എന്ന ഇന്ത്യാഗോ വിശദമാക്കി. നിലവിട്ട നിലയിലേക്കുയർന്നു പൊങ്ങുമ്പോൾ കുടുംബാംഗളൊക്കെ കൂടെയുണ്ടെന്നുള്ളോരാശ്വാസം. പ്രത്യേക താളത്തിൽ രണ്ടു മൂന്നു തട്ടുകളിൽ ആടിയുലഞ്ഞ് നിലയുറപ്പിച്ച് നീങ്ങുന്ന ഹനുമത് വാഹനമൊരത്ഭുതം തന്നെ!

അൻപത്തിയാറ്‌ തികഞ്ഞ് അടുത്തൂൺ പറ്റിയപ്പോൾ പെട്ടെന്നു കൈവന്നൊരു സൗഭാഗ്യം. പൂന്തോട്ട നഗരിയിൽ നിന്ന് രാജധാനിയിലേക്കുള്ള വായുവാഹന കന്നിയാത്ര; തിരിച്ചിങ്ങോട്ടും. ഭാരങ്ങളും ചുമന്ന് ഭാര്യയുമായി തനയന്റെ ശ്രദ്ധയിൽ താവളത്തിൽ.. ചട്ടചിട്ടങ്ങൾക്ക് വിധേയനായി. ഭാരങ്ങളകറ്റി, ഭാര്യയെ കൂട്ടിരുത്തി. ആധാരത്തേക്കാൾ വിലയും നിലയും ആധാറിലെ അക്കങ്ങൾക്കും ചിത്രത്തിനുമുണ്ടെന്നു മനസ്സിലായി. പരസ്പരം ഒത്തു നോക്കി അവരതു തിരിച്ചറിഞ്ഞു. നിലവിട്ടുയർന്നു നീങ്ങുമ്പോൾ ആനന്ദവും അഭിമാനവും അളവറ്റതായി. നിലവിട്ട് നിലത്തേക്കിറങ്ങുമ്പോൾ അല്പ്പമന്ധാളിപ്പും അനുഭവപ്പെട്ടു. യന്ത്രോഞ്ഞാലിൽ കയറിയ പരിചയമുള്ളതിനാൽ ഉയർച്ചയും താഴ്ചയും ക്ഷണികങ്ങളാണെന്ന് ബോദ്ധ്യമായി. യാത്രാവേളയിൽ പൂന്താനവും നാറാണത്തുഭ്രാന്തനും കാളിദാസനും മനസ്സിൽ ചിത്രങ്ങളും ചിന്തകളും വാരിവിതറി. മേഘങ്ങളെ തഴേന്നു കാണുന്നതിനേക്കാൾ ചാരുത മേലേന്നു കാണുമ്പോൾ…

“ധൂമജ്യോതിഃസലിലമരുതാം സന്നിപാതഃ ക്വ മേഘഃ
സന്ദേശാർഥാഃ ക്വ പടുകരണൈഃ പ്രാണിഭിഃ പ്രാപണീയാഃ”
– മേഘസന്ദേശം.
“ഒന്നായ്മേളിച്ച ധൂമ ജ്വലന പവനനീ-
രങ്ങളാം മേഘമെങ്ങോ,
ചെന്നാരലേകുവാനായ് നിപുണകരണർ താൻ
വേണ്ട സന്ദേശമെങ്ങോ”
– മേഘഛായ

ശരിയാണ്‌.. ശക്തിമാൻ തന്നെയാണവ. ജനാലയ്ക്കരികിലിരുന്ന് സഹധർമ്മിണി ജന്മഭൂമിയെ ഉയരങ്ങളിൽ നിന്നാവോളം നുകർന്നു. പറന്നുനീങ്ങുമ്പോൾ രാമായണവും മിന്നിമറയാതിരുന്നില്ല. ഉയരങ്ങളിലിരുന്ന്, വനവാസകാലത്ത് പരിചിതങ്ങളാക്കിയ പ്രദേശങ്ങളെ – ജാനകിക്ക് വിശദമാക്കുന്ന രാമായണ നായകന്റെ പാദങ്ങളിൽ പ്രണമിക്കട്ടെ.

“ഉത്സംഗസീമ്‌നി വിന്യസ്യ സീതാഭക്ത-
വത്സലൻ നാലു ദിക്കും പുനരാലോക്യ
‘വത്സേ! ജനകാത്മജേ! ഗുണ വല്ലഭേ!
സത്സേവിതേ! സരസീരുഹലോചനേ!
പശ്യ…
– രാമായണ, യുദ്ധ കാണ്ഡം.

അതിലുപരി ”രാമരാമേതി“ പാടിയ വാല്മീകിയെന്ന കോകിലത്തെയും നമിക്കുന്നു. താഴേന്നു മുകളിലേക്ക് നോക്കണം; മേലേന്ന് താഴേയ്ക്ക് കാണണം. ഇവയെല്ലാം സാദ്ധ്യമെങ്കിൽ ജീവിത സംതൃപ്തി നിശ്ചയം.
നിദ്ര, വായന തുടങ്ങി പല പല ചെയ്തികളും ഭാവങ്ങളും വേഷങ്ങളും ഗോഷ്ഠികളും വായുവാഹനത്തിൽ കാണാമായിരുന്നു. കുടിനീരൊഴികെ മറ്റെന്തും രൂപയ്ക്ക് മൂല്യമുള്ളതാണെന്ന് വാഹനത്തിൽ നിന്നറിഞ്ഞു. നിലവിട്ട് നിലത്തെത്തിയപ്പോൾ അരപ്പെട്ട, ജംഗമദൂരവാണി എന്നീ ബന്ധനങ്ങളിൽ നിന്നും മോചിതരാകാമെന്ന നിർദ്ദേശമെത്തി. വിലക്കുകളിൽ- അരുതായ്മകളിൽ- കുരുങ്ങിക്കിടന്ന കുഞ്ഞിന്‌ കളിപ്പന്തും കളിസ്ഥലവും കൈവന്ന അനുഭൂതി.ദൂരവാണിയിൽ കുത്തിക്കുത്തി സന്തോഷമെല്ലാം കൂട്ടുകാർക്കും മറ്റും കൈമാറി. കയറിപ്പോകാനേ തിരിച്ചറിവു വേണ്ടൂ; ഇറങ്ങിപ്പോരാനതുവേണ്ട. ആധാറെല്ലാം ഭദ്രമാക്കി വെച്ചു. മടക്കയാത്ര ഇതു വഴി തന്നെ. കന്നിയാത്രയിൽ ഞാനും കുടുംബവും കൂട്ടരും സന്തുഷ്ടരാണ്‌. തുടർന്ന് രാജധാനിയിലെ രാജമാർഗ്ഗത്തിലൂടെ ബസ് യാനത്തിൽ മണിക്കൂറുകൾ… എവിടേക്ക്..???

യശശ്ശരീരനായ ജേഷ്ഠ് സഹോദരന്റെ ഇരട്ടപുത്രരിൽ ഒരാൾ കണ്ടെത്തിയ പെൺ കൊടിയുടെ ജന്മദേശമായ ഉത്തർ പ്രദേശിലെ മുസഫർ നഗറിലേക്ക്. രാമകൃഷ്ണന്മാരുടെ നാട്ടിലേക്ക്…
വിവാഹത്തിന്‌.. അല്ല, .. മാംഗല്യത്തിന്‌.. പെൺ കൊടിയുടെ വീട്ടുകാർ അയച്ചു തന്ന യാനത്തിൽ മധുരമായുള്ളതും ഇല്ലാത്തതുമായ ദാഹജലം ധാരാളം. ചുട്ടിരിയ്ക്കുന്ന മെയ് മാസരാജധായിയേയും ക്ഷീണിതരാക്കുന്ന യാത്രയേയും അവർ പരിഗണിച്ചിരിക്കുന്നു. ഉച്ചഭക്ഷണം വൈകിയാണെങ്കിലും അവിടെച്ചെന്നു മാത്രം എന്ന ഒരറിയിപ്പുണ്ടായിരുന്നു. ആ വീട്ടുകാരോട് ഹാർദ്ദവമായ കൃതജ്ഞത അറിയിക്കാതെ വയ്യ. പലയിടത്തുനിന്നുമായി , എന്തിനധികം, അമേരിക്കയിൽ നിന്നും , ആസ്ത്രേലിയയിൽ നിന്നു പോലും – രാജധാനി താവളത്തിലെത്തിച്ചേർന്ന മറ്റു കുടുംബാംഗങ്ങളും ചേർന്ന് താവളം ഒരു ചെറിയ പാർലമെന്റ് യോഗത്തിന്‌ വേദിയായോ! ബസ് യാനത്തിലെ യാത്രാവേളയെ സംഗീതസാന്ദ്രമാക്കുവാൻ എല്ലാവരും താല്പര്യം കാണിച്ചു. പഴമയും പുതുമയും ഒത്തുചേർന്നാൽ പുതുമഴ പൊഴിയും… തീർച്ച. . മദ്ധ്യാഹ്ന യാത്ര കഴിഞ്ഞ് സായാഹ്നത്തിൽ ലക്ഷ്യസ്ഥാനത്തെത്തി. വിശ്രമത്തിന്‌ ശീതീകരിച്ച മുറികളിൽ ധാരാളം ശയ്യകൾ. എല്ലാം കൊണ്ടും സംതൃപ്തർ- സന്തുഷ്ടർ. എത്തിയതിനു പിറ്റേന്നാളാണ്‌ വിവാഹം – അല്ല- മാംഗല്യം. ചടങ്ങുകൾ ബഹുകേമമായിരിക്കുമത്രേ.

വേഷഭൂഷണാദികൾ – വേദമന്ത്രോച്ചാരണങ്ങൾ, തുടങ്ങി അനവധി. കാണാത്തപലതും കാണാം. ഒരു ദിവസത്തെ വിശ്രമത്തിന്‌ സമയമുണ്ട്. സമാധാനമായി… എന്തിന്‌.. യാത്രകൾ നമ്മെ ക്ഷീണിതരാക്കുമോ! തോന്നൽ അസ്ഥാനത്തല്ലെ! ജീവിതം തന്നെ ഒരു യാത്രയല്ലെ. അതിൽ നാമൊരിക്കലും ക്ഷീണിതരാകരുത്… തളരരുത്..എന്നെനിക്ക് തോന്നുന്നു.

സൂര്യാസ്തമനവേളയിൽ ആരംഭിച്ച വിവാഹച്ചടങ്ങുകൾ സൂര്യോദയം വരെ നീണ്ടു. പ്രഭാതസന്ധ്യക്കായിരുന്നു താലികെട്ട്. വധുവും വരനും ഉറക്കമൊഴിച്ച് ചടങ്ങുകൾക്ക് വിധേയരായി. മറ്റുള്ളവർ കാണികളും കേൾവിക്കാരുമായി. എല്ലാം കൊണ്ടും വ്യ്ത്യസ്തതയാർന്ന മാഗല്യം. വടക്കൻ ഭാരത ബ്രാഹ്മ്മണ ശൈലി! വളരെ വളരെ സ്വീകാര്യമായി തോന്നി. അർദ്ധരാത്രി വരെ സംഗീതനൃത്തവിരുന്നുകൾക്ക് പങ്കാളികളായി വരനും വധുവും. തുടർന്ന് മന്ത്രോച്ചാരണങ്ങളുടെ മാസ്മരികത. സുഗന്ധവ്യജ്ഞനങ്ങളുടെ സൗരഭ്യം.. തെളിഞ്ഞു പ്രകാശിക്കുന്ന ദീപങ്ങളുടെ പ്രഭാവം. . ഐശ്വര്യം. ഇവയെല്ലാം ഏവരെയും ഹഠാദാകർഷിച്ചു. വിവാഹവേദിയുടെ പ്രവേശനകവാടത്തിൽ വധൂജനങ്ങൾ വരന്റെ പാദുകങ്ങൾ കൈക്കലാക്കി വിലപേശുന്ന ഒരു ചടങ്ങു രസം പകരാതിരുന്നില്ല. പുതുമയും പഴമയും അഥവാ ആധുനികതയും പ്രാചീനതയും കോർത്തിണങ്ങി വിരാജിച്ചു. പുലരിയിൽ താലികെട്ടി വധുവും വരനും വധൂഗൃഹത്തിലേക്ക്. പിന്നീട് പൂന്തോട്ട നഗരിയെന്ന കർണ്ണാടകയുടെ തലസ്ഥാനത്തുള്ളവരന്റെ ഗൃഹത്തിലേയ്ക്ക്; രണ്ട് മൂന്നു നാളുകൾക്ക് ശേഷം അവിടെയുള്ളൊരു വിശാലശാലയിൽ കൂട്ടുകാർക്കും നാട്ടുകാർക്കും സഹപ്രവർത്തകർക്കുമെല്ലാം നല്ലൊരു വിരുന്ന്‌. അതിലും ഞങ്ങളേവരും പങ്കാളിത്തമുറപ്പുവരുത്തി. രാജധാനിയിൽ നിന്നും പൂന്തോട്ടത്തിൽ പറന്നിറങ്ങി. ഇൻഡിഗോ തന്നെ സഹായം നല്കി.

വിരുന്നു ദിനം – സായംസന്ധ്യയിൽ ആതിഥേയരായ ഞങ്ങൾ ആകർഷണീയമാം വിധം അണിഞ്ഞൊരുങ്ങി അതിഥികൾക്ക് ഹസ്തദാന നമസ്തെകളിലൂടെ ആതിഥ്യമരുളി. കുശലങ്ങൾ പറഞ്ഞും, ചിരിച്ചും വധൂവരന്മാരെ പരിചയപ്പെട്ടും ആശംസിച്ചും ബന്ധങ്ങളും സ്നേഹങ്ങളും ഒന്നു കൂടെ ഊട്ടിമിനുക്കി. അർദ്ധരാത്രിയോടെ ആ സംഗമവും സമാപിച്ചു. സുപരിചിതനും കുടുംബാംഗവുമായ ഒരു സഹോദരന്റെ നേതൃത്വത്തിൽ ഏവർക്കും തൂശനിലയിൽ വൈവിധ്യമാർന്ന രുചിപ്രദമായ ഭക്ഷണപദാർത്ഥങ്ങൾ… വയറുമാത്രമല്ല, മനസ്സും നിറഞ്ഞാണ്‌ ഏവരും പിരിഞ്ഞത്. സോദരന്‌ ഹൃദയം തൊട്ട് നന്ദി അറിയിച്ചു. ദിനങ്ങളോളം ഒത്തുചേർന്ന ആ സൗഹൃദം .. സന്തോഷം.. മറക്കില്ലൊരിക്കലും.. എല്ലാവരും അവരവരുടെ വേദികളിലേയ്ക്ക്.. ചര്യകളിലേയ്ക്ക്.. വധൂവരന്മാരെ മനസ്സറിഞ്ഞാശംസിച്ച് യാത്ര തിരിച്ചു.
പൂന്തോട്ട നഗരിയിൽ നിന്നും പറന്നുയർന്ന് ജന്മനാടായ കേരളത്തിലേയ്ക്ക്. വീണ്ടും ഇൻഡിഗോ എന്ന ഇൻഡ്യാഗോ. ഭാര്യാ മാതാവും അളിയനും കുടുംബവുമെല്ലാം വിരുന്നിന്‌ പൂന്തോട്ടത്തിലെത്തിയിരുന്നു. എഴുപത് തികഞ്ഞ് കന്നിവ്യോമയാന യാത്ര ചെയ്യുന്ന അമ്മൂമ്മയുടെ കരങ്ങൾ പിടിച്ച് ശ്രദ്ധ നല്കുന്ന ഏഴുതികഞ്ഞ പേരക്കുട്ടി! താവളത്തിലൂടെ യാനത്തിലേക്ക് നീങ്ങുന്ന അവരെക്കണ്ട് അൻപത്തിയാറുതികഞ്ഞ ഞാൻ അത്ഭുതപ്പെട്ടു. കാലം പോയ പോക്കേയ്! ചെറുശൈത്യമാർന്ന കേരളനാടിന്റെ ഹൃദയവിശാലതയിലേക്ക് ഞങ്ങൾ പറന്നിറങ്ങി. കാർ യാനത്തിൽ സഞ്ചരിച്ച് ശക്തന്റെ തട്ടകത്തിൽ പൂരത്തലേന്ന് സന്ധ്യയ്ക്ക് തിരികെ എത്തി. ഇനിയും എത്രയെത്ര യാത്രകൾ! അറിയില്ല! അറിഞ്ഞതിനേക്കാൾ കൂടുതൽ അറിയുവാൻ!

“ശ്യാമപ്പൂമെത്ത ചഞ്ചല്‍ക്കുളിര്‍വിശറി
മണീകീര്‍ണ്ണമാം നീലമേലാപ്പ്
ഓമൽതങ്ക ഗ്ളോപ് എന്നീ വിഭവശതം
ചേർന്ന കേളീഗൃഹം മേ”

****

0

2 thoughts on “Travelogue

  1. ആദ്യ ആകാശയാത്രയും വിവരണവും ഭാഷയും ഗംഭീരം.

    ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു

    0

Leave a Reply

Your email address will not be published. Required fields are marked *