പ്രളയാനന്തരം

-മുരളി ആനായത്ത്

കഴിഞ്ഞ ഓഗസ്റ്റിനെ ഓർമ്മപ്പെടുത്തുന്ന, തിമർത്തു പെയ്യുന്ന മഴ.ഇതേതാണ് ഞാറ്റുവേല പൂയ്യമോ ആയില്യമോ ?

സമയംഎത്രയായി. ക്ലോക്കിൽ നോക്കിയപ്പോൾ, അത് 4.45 നു നിലച്ചിരിക്കുന്നു. നാളെ ക്ലോക്കിലേയ്ക്ക് ഒരു ബാറ്ററി മറക്കാതെ വാങ്ങണം.. ഓർത്തു വെച്ചു. മൊബൈൽ ഫോൺ എടുത്തു സമയം 9.10. കണ്ണുകളിൽ ഉറക്കം കനക്കുന്നുണ്ട് കിടക്കണം ..നേരത്തെ എണീയ്ക്കുകയും വേണം. ചെറിയ ചില അസുഖങ്ങളുള്ള അമ്മയ്ക്ക് ഉറക്കം നന്നേകുറവാണ്. അതുകൊണ്ടു തന്നെ ഒരാൾ എപ്പോഴും അമ്മയ്ക്ക് കൂട്ടിരിയ്ക്കണം. രാത്രി ഒന്നര, രണ്ട് മണിവരെ ഏട്ടൻ ഉണർന്നിരിയ്ക്കും. അതിനുശേഷം എന്റെ ഊഴമാണ്. എട്ടൊമ്പതു മാസമായുള്ള മുറതെറ്റാത്ത പതിവാണു്. പെരുമഴയുടെ ആരവം കേട്ടുകൊണ്ട് കിടന്നതെ ഓർമ്മയുള്ളു. ഉറക്കത്തിന്റെ ആഴങ്ങളിലേയ്ക്കു വീണുപോയി ഒന്നരയ്ക്ക് അലാറം ശബ്ദിച്ചപ്പോൾ ഉണർന്നു. അപ്പോഴും തോരാത്ത മഴയുണ്ട്.. മടിയോടെ എണീറ്റു വന്നു. ഏട്ടനോട് പറഞ്ഞു പുഴവെള്ളത്തിന്റെ സ്ഥിതി ഒന്ന് നോക്കീട്ടു വരാം. ടോർച്ചെടുത്തു കുടയുമെടുത്തു, ചെരുപ്പിടുമ്പോൾ പടിയ്ക്കൽ ടോർച്ചിന്റെ വെളിച്ചം, ആരാവും ഈ പാതിരാത്രിപടിയ്ക്കൽ? ചെന്ന് നോക്കി. സുഹൃത്ത് രാജഗോപാലിന്റെ മകൻ രഞ്ജിത്താണ്. അവരുടെ വീടൽപ്പം അകലെയാണ്. വെള്ളം കയറാത്ത വിധം ഉയരത്തിലുമാണ് . എന്നിട്ടും മഴയുടെ ഊക്കുകണ്ട് ഇരിക്കപ്പൊറുതിയില്ലാതെ പുഴ വെള്ളം എവിടെവരെയെത്തി എന്നറിയാൻ വന്നു നോക്കിയതാണ്. രഞ്ജിത്ത് തിരികെപ്പോകും മുൻപ് മോട്ടോർ പൊക്കി വയ്‌ക്കേണ്ടി വരുമോയെന്നു കിണറ്റിലും നോക്കിക്കോളൂ എന്ന് എന്നെ ഒന്നോർമ്മിപ്പിച്ചു. ശരിയാണ് അതും നോക്കണം. പടിയ്ക്കൽ നിന്നും നോക്കിയാൽ പുഴ കൈ നീട്ടിയത്‌ കാണാനില്യ. പുഴയിലേയ്ക്കിറങ്ങുന്ന വഴിയുടെ അങ്ങേ അറ്റത്തെ വളവുവരെ എത്തിയിട്ടില്ല. പോയി നോക്കി. വളവിനപ്പുറം പുഴയെത്തിനിൽപ്പുണ്ടായിരുന്നു. വൈകുന്നേരത്തെ സ്ഥിതി വെച്ചുനോക്കിയാൽ വെള്ളം വരവാണ്. തിരികെപ്പോന്നു. നേരെ കിണറിനടുത്തേയ്ക്ക്. കിണറ്റിലേക്ക് ടോർച്ചിന്റെ വെളിച്ചം പായിച്ചു നോക്കി. ഒന്നര പാമ്പുവരികൂടി കയറിയാലേ മോട്ടോർ വെച്ച വിതാനത്തിലെത്തൂ . എന്നെക്കൊണ്ട് ഒറ്റയ്ക്ക് അത് പൊക്കാനാവുകയുമില്ല. ഏതായാലും ഒന്നരപ്പാമ്പു വരിയുണ്ടല്ലോ മോട്ടോർ പൊക്കൽ നേരം പുലർന്നിട്ടു മതിയാവും എന്ന് ആശ്വസിച്ചു. മഴ ഊക്കൊന്നു കുറഞ്ഞിരിയ്ക്കുന്നു. കാലുകഴുകി അകത്തുകയറിയപ്പോ 2 മണി കഴിഞ്ഞിരിയ്ക്കുന്നു. ഏട്ടനെ വിവരം ധരിപ്പിച്ചു, കിടന്നോളാൻ പറഞ്ഞു. ഏട്ടൻ കിടക്കാൻ പോയതും ഒരുപെരുമഴയുടെ ആരവം വീണ്ടും അടുത്തുവരുന്നു. മഴ തകർത്തുപെയ്യാൻ തുടങ്ങി. ഈശ്വരാ ഇത്തവണയും പ്രളയം വരികയാണോ? ഹേയ് ഈ ഒരുദിവസത്തെ പെയ്ത്തുകൊണ്ടു മാത്രം അതുണ്ടാവില്ല.. കഴിഞ്ഞതവണ നാലഞ്ചു ദിവസം ഇതുപോലെ മഴ പെയ്തിരുന്നു. എന്നിട്ടാണ് വെള്ളം കയറിയത്. ഇല്ല, ഇക്കുറി വരില്ല സ്വയം ആശ്വസിച്ചു.

 

അമ്മ ഉറങ്ങിയിട്ടില്യ. കട്ടിലിൽ കാൽ നീട്ടി ഇരുപ്പാണ്. എന്റെ കയ്യ് തൊട്ടു “ഔ എന്താ ത്ര തണുപ്പ്” എന്ന് ചോദിച്ചു. മഴയത്തു. കിണറിൽ വെള്ളം പൊങ്ങി മോട്ടോർ മുങ്ങുമോ എന്ന് നോക്കാൻ പോയതുകൊണ്ടാണ് എന്ന് പറഞ്ഞു. അതൊക്കെ രാവിലെപ്പോരേ? എന്ന് ചോദിച്ചു. അമ്മ ഒന്നുറങ്ങിക്കോളൂ നല്ലമഴയാണ്, എന്ന് പറഞ്ഞു പിടിച്ചുകിടത്തി. രണ്ടരയോടെ അമ്മ ചെറുതായി ഉറങ്ങിത്തുടങ്ങി. ആശ്വാസം. അമ്മയ്ക്കരികിൽ ഞാനോരോന്നോർത്തിരുന്നു.. ഇന്നലെയല്ലേ മനോജ്ഉം മീരയും അവരുടെ മോൻ മൂന്നര വയസ്സുകാരൻ കിച്ചുവും കൂടെ പുഴകാണാൻ പോയത്. നിറ പുഴ വെള്ളമുണ്ടായിരുന്നു. കോൺക്രീററ് പടവുകൾ മുഴുവനും മൂടിയിരുന്നു. കിച്ചു മനോജിന്റെ കൈപിടിച്ച് ശിശു സഹജമായ ആഹ്ലാദത്തോടെയും വിസ്മയത്തോടെയും പുഴ കാണുകയായിരുന്നു. അവൻ എന്തോസങ്കൽപ്പിച്ചുകൂട്ടുന്നതു കണ്ണുകളിൽ തെളിയുന്നുണ്ടായിരുന്നു. ഞാൻ അത് വായിക്കാൻ ശ്രമിച്ചു. അപ്പോഴേയ്ക്കും അവന്റെ ചോദ്യംവന്നു “അച്ഛാ ഈ പൊഴേല് കാളിയൻ പാമ്പുണ്ടാവ്വോ?” അവന്റെ കുഞ്ഞിക്കൈ വിരലുകളെല്ലാം പാകത്തിന് മടക്കി കൈപ്പത്തി പാമ്പിൻ പടം പോലെയാക്കി മനോജിന്റെ മുഖത്തിനുനേരെ പിടിച്ചിരുന്നു. ഈ പാതിരായ്ക്ക് തനിയെ ഇരുന്ന് ഓർക്കുമ്പോഴും എന്റെ മുഖത്തൊരു ചിരി വന്നത് ഞാൻ അറിഞ്ഞു. ആ കോടക്കാർവർണ്ണൻ, ഓടക്കുഴൽക്കാരൻ കാലിപ്പയ്യന്റെ ബാല്യം പോലെ ചേതോഹരമായൊന്ന് മറ്റാർക്കാണുള്ളത്. ആ കഥകൾക്ക് ഒരു കുഞ്ഞുമനസ്സിൽ എന്തുമാത്രം കല്പനാ വൈഭവം ജ്വലിപ്പിയ്ക്കാൻ കഴിയുന്നു! ഓരോന്നോർത്തിരുന്നു അല്പം കഴിഞ്ഞു സമയം നോക്കിയപ്പോൾ മൂന്നുമണി കഴിഞ്ഞിരിയ്ക്കുന്നു. പടിയ്ക്കൽ നിന്നും ഒരു ടോർച്ചിൻ വെളിച്ചം അകന്നു പോവുന്നത് ജനവാതിൽച്ചില്ലിലൂടെ കണ്ടു. ആരോ വെള്ളം നോക്കി പോവുന്നതാവും. അമ്മ ഉറങ്ങുകയാണ്. ഞാനും ഒന്ന് പോയി നോക്കിയാലോ. ഏട്ടനും നല്ല ഉറക്കമാണ്. പതിയെ വാതിൽ തുറന്നു ടോർച്ചും കുടയുമെടുത്തു പടിവരെച്ചെന്നു പുഴയിലേയ്ക്കിറങ്ങുന്ന വഴിയിലേയ്ക്ക് വെളിച്ചം തെളിയിച്ചു അയ്യോ! പുഴ വളവുതിരിഞ്ഞു കാൽഭാഗത്തോളം വഴി കയറി വന്നിരിയ്ക്കുന്നു. ഒരുമണിക്കൂറിനകം ഇത്രവെള്ളം കയറണമെങ്കിൽ ഭയങ്കര വരവാണല്ലോ. ഈ മഴയും ഈ പുഴയും ചേർന്ന് എന്തിനുള്ള പുറപ്പാടാണാവോ? വേഗം വന്നു കിണറ്റിൽ നോക്കി ഇനി ഒരു പാമ്പുവരി കൂടി കയറിയാൽ മോട്ടോർ നനയും ഈ നിലയ്ക്കുപോയാൽ അഞ്ചുമണിയാവുമ്പോഴേയ്ക്കും മോട്ടോർ വെള്ളത്തിലാവും.. നോക്കാം അനിയേട്ടനോ രാമുവോ ഉണരുന്നുണ്ടോ? തിരികെ വന്നപ്പോൾ അമ്മ ഉണരാനുള്ള പുറപ്പാടാണ്.

മൂന്നേമുക്കാലോടെ അനിയേട്ടൻ വാതിൽ തുറന്നു ടോർച്ചെ ടുത്തു പുഴവെള്ളം നോക്കാൻ ഇറങ്ങുന്ന കണ്ടു. വെള്ളം നോക്കി അനിയേട്ടൻ വേഗം തിരികെ വന്നു മോട്ടോർ നോക്കാൻ. ഒന്നരദിവസമായി വൈദ്യുതി നിലച്ചിട്ട്. റീചാർജ് ചെയ്യാത്തതുകൊണ്ട് ഇൻവെർട്ടർ ബാറ്ററിയും, ടോർച്ചുകളും, എമെർജൻസി വിളക്കുകളും ഒക്കെ പ്രവർത്തനരഹിതമായിരിക്കുന്നു. കണ്ണുകാണെ, പകൽതന്നെ പഴയ ഒരു “കമ്പിറാന്തൽ” പൊടിതട്ടി തുടച്ചു മണ്ണെണ്ണ ഒഴിച്ചുവെച്ചിരുന്നത് അൽപ്പം മുൻപ് ഞാൻ കത്തിച്ചിരുന്നു. ഇപ്പോൾ വെളിച്ചത്തിന്റെ സ്രോതസ്സ് അതാണ്. ഈ വിളക്കിന് രാമുവോ അതോ രാജനോ, ആരാണ് ചെറുതാവുമ്പോൾ “കറമ്പിന്തലാല്” എന്നുപറഞ്ഞിരുന്നത്? ഞാൻ അറിയാതെ ഒരുൾച്ചിരിയോടെ ഓർത്തുപോയി. ഇപ്പോൾ പറഞ്ഞാൽ “കറമ്പിന്തലാല്” മോഹൻലാലിൻറെ ഏട്ടനാണോ എന്ന് തോന്നും. ഞാനും അമ്മയോട് പറഞ്ഞ് അനിയേട്ടനോടൊപ്പം കിണറിന്റടുത്തേയ്ക്കു പോയി. നല്ല മഴ പെയ്യുന്നുണ്ട്. ഞങ്ങൾ മോട്ടോർ വലിച്ചുകയറ്റി വെച്ച് തിരികെപ്പോരുമ്പോ മണിനാല് കഴിഞ്ഞിരിക്കുന്നു. ഞാൻ ഒരിയ്ക്കൽ കൂടി വെള്ളംപോയി നോക്കി.. ഇപ്പോൾ വഴി പാതിയും കടന്നിരിക്കുന്നു. “ഒരുമ്പട്ടിറങ്ങിയതാണല്ലേ”? എന്ന് പുഴയോട് ഇത്തിരി ഉറക്കെത്തന്നെ ചോദിച്ചു ഞാൻ. “തേവരേ കഷ്ടത്തിലാക്കരുതേ” എന്നും പറഞ്ഞുകൊണ്ടാണ് ഞാൻ പോന്നത് .ഇപ്പോഴിതാ, മഴയ്ക്കൽപ്പം ശമനമുണ്ടെന്നു തോന്നുന്നു. അഞ്ചരയ്ക്ക് വീണ്ടും പോയി നോക്കിയപ്പോഴേയ്ക്കും ഇടവഴി തുടങ്ങുന്നിടത്തെ കരിങ്കൽ കെട്ടിലേയ്ക്ക് വെള്ളം ഏന്താൻ തുടങ്ങിയിരുന്നു. പടിയ്ക്കൽ അയൽക്കാരൊക്കെ വെള്ളം കണ്ടു നിൽപ്പുണ്ട്. ഞാൻ വേഗം തിരികെ പോന്നു. അമ്മയൊരു ചെറിയ മയക്കത്തിലാണ്. ഞാൻ അമ്മയുടെ ചില വസ്ത്രങ്ങളും, അത്യാവശ്യമുള്ള മരുന്നുകളും മറ്റു ചില അവശ്യ സാധനങ്ങളും എല്ലാമെടുത്തു ഒരു സഞ്ചി തയ്യാറാക്കി വെച്ചു. ഒരു ഒഴിഞ്ഞു പോക്കു വേണമെങ്കിൽ പെട്ടെന്നായതു കൊണ്ടു പലതും മറന്നു പോവാനിടയുണ്ട്. ആറുമണി കഴിഞ്ഞിരിക്കുന്നു റേഡിയോ വെച്ചുനോക്കി ..”ശേ”…. എന്നശബ്ദം മാത്രമേയുള്ളൂ. തിരിച്ചു നോക്കിയപ്പോൾ കോയമ്പത്തൂരും ധാർവാടും ഒക്കെ കിട്ടി തൃശൂർ കിട്ടിയതേയില്ല. “അടിയന്തരത്തിന് അടിയൻ തുണയില്യ” എന്ന പഴയ കാര്യസ്ഥൻ രാമന്റെ മട്ടാണ്‌ തൃശൂർ നിലയം എന്ന് തോന്നി. വല്ല അറിയിപ്പുകളുമുണ്ടോ? കാഞ്ഞിരപ്പുഴ അണക്കെട്ടു തുറന്നുവോ? മണ്ണാർക്കാട് ഉരുൾപൊട്ടലുണ്ടായിട്ടുണ്ടോ? വെള്ളം ഇനിയും പൊങ്ങാൻ സാധ്യതയുണ്ടോ? അറിയാൻ ഒരു വഴിയുമില്ല. തൃശൂർ ആകാശവാണിയിലും വെള്ളംകയറിയോ?

പ്രാതൽ കഴിഞ്ഞു ഞങ്ങൾ എല്ലാവരും ഒന്ന് കൂടി ഇരുന്നു. മോഹനേട്ടൻ കുടുംബം വീടൊഴിഞ്ഞു പോയിക്കഴിഞ്ഞു. പത്മ, ഉണ്ണി പോവാനൊരുങ്ങിയിരിക്കുന്നു. അമ്മയെയും മുകുന്ദമ്മാമനെയും കൊണ്ടുപോവേണ്ടതുകൊണ്ട്, അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഓർത്തുകൊണ്ട് കഴിയുമെങ്കിൽ പോകാതിരിയ്ക്കുന്നതാണ് നല്ലത് എന്ന് തോന്നലുണ്ട് എല്ലാർക്കും. ഉച്ച ഭക്ഷണം കഴിഞ്ഞശേഷം വേണമെങ്കിൽ പൂവാം എന്നുവെച്ചു.. 12 മണിയായപ്പോഴേയ്ക്കും ഇടവഴികളിലൊക്കെ കാറിറക്കാൻ പറ്റാത്തവിധം വെള്ളമായി കഴിഞ്ഞിരുന്നു. എന്നാലിനി പോണ്ട നമുക്കിവിടെത്തന്നെ കൂടാം എന്ന് തീർച്ചപ്പെടുത്തി. കഴിഞ്ഞതവണ സന്ധ്യയ്ക്കുണ്ടായിരുന്നത്ര വെള്ളം ഒരു നാലഞ്ചു മണിക്കൂർ മുന്നേ തന്നെ എത്തിയിരിയ്ക്കുന്നു. ഇതിനിടെ ഞങ്ങളുടെ വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രെസിഡന്റുമായ കേശവേട്ടൻ വിളിച്ചിരുന്നു. ഒഴിഞ്ഞു പോരുന്നതല്ലേ നല്ലതു എന്നു ചോദിച്ചുകൊണ്ട്. വണ്ടികളിറക്കാൻ പറ്റാത്ത പരുവമായിരിയ്ക്കുന്നു വഴികളെല്ലാം. അതുകൊണ്ടു ഇനി ഇവിടെതന്നെ കൂടാം അമ്മയെയും അമ്മാമനെയും ഒക്കെ കൊണ്ടു പോവാനുള്ള ബുദ്ധിമുട്ട് പറഞ്ഞപ്പോൾ ആവശ്യമുണ്ടെങ്കിൽ വിളിയ്ക്കൂ എന്ന് പറഞ്ഞു വെച്ചു.

വെള്ളം പൊങ്ങിക്കൊണ്ടിരിയ്ക്കുകതന്നെയാണ്. വടക്കുഭാഗത്തെ തൊടിയിൽ വെള്ളം പരന്നിരിയ്ക്കുന്നു. പടിഞ്ഞാറുഭാഗത്ത് കൂടെ ഗേറ്റ് കടന്നുവരുന്നുമുണ്ട്. ഇടവഴിയിലേക്കിറങ്ങുന്നിടത്ത് അരയ്ക്കുമീതെ വെള്ളമുണ്ട്. കഴിഞ്ഞതവണ വൈകിട്ട് ഏഴുമണിയോടെയൊക്കെയാണ് ഈ നില വന്നതെങ്കിൽ ഇപ്പോൾ ഉച്ചയ്ക്ക് രണ്ടുമണിയ്ക്കെ തന്നെ ആ നില എത്തിയിരിയ്ക്കുന്നു. അമ്മയെ പുറത്തേയ്ക്കു കൊണ്ടുവന്നതേയില്ല. മഴയായതുകൊണ്ടു അമ്മയും ഒട്ടും വേണം എന്ന് നടിച്ചില്ല. അത്‌ കൊണ്ടു തന്നെ വെള്ളം പൊങ്ങുന്നതിന്റെ ഗൗരവമൊന്നും അമ്മയെ ബാധിച്ചില്ല. എന്നാൽ ഒഴുകിപ്പരക്കുന്ന ഈ പ്രളയവാരിധി ഞങ്ങൾ ഓരോരുത്തരുടെയും ഉള്ളിൽ ഉറഞ്ഞു കൂടുന്ന ഒരു അങ്കലാപ്പിന്റെയോ, ഭീതിയുടെയോ ഒക്കെ ലക്ഷണങ്ങൾ കാണിയ്ക്കുവാൻ തുടങ്ങുന്നുണ്ടോ.. ചെറിയ ശങ്കതോന്നി. മുകുന്ദമ്മാമനും കുടുംബവും അനിയേട്ടനും അമ്മുവും എല്ലാവരും കൂടി രാമുവിന്റെ വീട്ടിലേയ്ക്കു പോന്നു. അമ്മയും മണിയേട്ടനും ഞാനും ഇവിടെത്തന്നെ ഇരുന്നു. ഒരാറര മണിയാവുമ്പോൾ വല്യനിയേട്ടനും (വെറ്റിലത്തിരുമേനി) അപ്പുവും ഗിരിയും കൂടെ വീടിന്റെ പുറകിലൂടെ വന്നു വെള്ളം എല്ലാദിക്കിലും വന്നിട് ല്യേഎന്ന് നോക്കാൻ ഇറങ്ങിയതാണെന്നു തമാശ പറഞ്ഞു കൊണ്ട് പോയി. ഞങ്ങൾ പോണില്ല്യ, ഒന്നാംനിലയിൽ കയറി ഇരിയ്ക്കും. അവിടേയ്ക്കും വെള്ളം വന്നാൽ പിന്നെ എവിടെപ്പോവാൻ ?” (എല്ലാവരും അവരവരുടെ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചിരുന്നു! ) പൂമുഖത്തേയ്ക്ക് വെള്ളംകയറും എന്ന് തോന്നിയാൽ മാത്രം അമ്മയെയും കൊണ്ട് രാമുവിന്റെ വീട്ടിലേയ്ക്കുമാറാം എന്ന് വെച്ചിരിയ്ക്കുകയായിരുന്നു. ഒരെട്ടു മണിയോടുകൂടി പുഴ പയ്യെ മുറ്റത്തുകൂടെ ഒഴുകാൻ തുടങ്ങിയിരുന്നു. കാലി മദ്യകുപ്പികളും പ്ലാസ്റ്റിക്ക് കവറുകളും എന്നുവേണ്ട പുഴയിൽ കൊണ്ടു പോയുപേക്ഷിച്ച എല്ലാ കച്ചറകളും എനിയ്ക്കിതൊന്നും വേണ്ട നിങ്ങൾ തന്നെ വെച്ചോളൂ എന്ന് പുഴ തിരികെകൊണ്ടുവരുന്നു. നൂറുശതമാനം സാക്ഷരതയുള്ളവരെന്നു ഊറ്റം കൊള്ളുന്ന നമ്മൾ എപ്പോഴാണ് ഇത്രമാത്രം സ്വാർത്ഥരും സ്നേഹരഹിതരുമായത്? വാസ്തവത്തിൽ സാക്ഷരത വെറും അക്ഷരജ്ഞാനമാണോ? “പൊതുമുതൽ സ്വന്തമെന്നു കരുതുക” എന്നത് മലയാളി വായിക്കുന്നത് സ്വന്തമാണെങ്കിൽ എനിയ്ക്കിഷ്ടം പോലെ എന്തും ചെയ്യാമല്ലോ എന്ന അർത്ഥത്തിലാണോ എന്ന് ശങ്കിച്ചാൽ തെറ്റുപറയാൻ പറ്റില്ല. റോഡും തോടും പുഴയും ഒന്നും മലിനമാക്കാൻ ഒരു മടിയു മില്ലാതായിരിയ്ക്കുന്നു. പൗൾട്റി വാൻ പാലത്തിനു മുകളിൽ നിർത്തി രാത്രിയുടെ മറവിൽ കോഴിയറവ്‌ മാലിന്യം മുഴുക്കെ പുഴയിലേക്കിടുക, ബാർബർ ഷോപ്പിൽ നിന്നും ചാക്ക് കണക്കിന് മാലിന്യം കൊണ്ട് പുഴയിൽ തള്ളുക, പൊട്ടിയ കുപ്പിയും ബൾബും കുപ്പിച്ചില്ലും ഒക്കെ ഒരു പ്ലാസ്റ്റിക് കവറിലാക്കി റോഡരുകിൽ എവിടെയെങ്കിലും ആരുംകാണാതെ വെച്ചിട്ടു പോവുക. പിന്നെ ഘോരഘോരം സർക്കാരിനെ വിമർശിക്കുക.. വോട്ടുവാങ്ങിപ്പോയാൽ മതിയോ? ഇതൊന്നും വൃത്തിയാക്കണ്ടേ?, എന്നൊക്കെ ചോദിച്ചുകൊണ്ട്. അതെ നമ്മുക്കെന്തും ചെയ്യാം ആരും കാണാതെ, അറിയാതെ. ധാർമ്മിക മൂല്യങ്ങൾക്കും പൗരബോധത്തിനും നമ്മൾ എന്നാണ് അവധികൊടുത്തത്? വരും തലമുറയുടെ ഉള്ളിൽ അവ പാകിമുളപ്പിയ്‌ക്കേണ്ടവർ തന്നെ അത് തല്ലിക്കെടുത്തുന്നത് എങ്ങനെ നമ്മുക്ക് ശീലമായി ? യഥാർത്ഥത്തിൽ നമ്മൾ ആരെയാണ് കബളിപ്പിയ്ക്കുന്നത് നമ്മളെത്ത ന്നെയല്ലേ? അവനവനെ കബളിപ്പിയ്ക്കുന്നതിലും മോശമായൊരു കബളിപ്പിയ്ക്കൽ വാസ്തവത്തിൽ ഇല്ലതന്നെ. ഇതിന്റെയൊന്നും ഉത്തരവാദിത്തത്തിൽ നിന്നും മൊത്തം സമൂഹത്തിന് ഒഴിഞ്ഞു നിൽക്കാനാവില്ല. നാമോരോരുത്തരും ഇതിനുത്തരവാദികളാണ്. ഖലീൽജിബ്രാന്റെ വാക്കുകൾ ഓർമ്മവരുന്നു “വൃക്ഷത്തിന്റെ നിശ്ശബ്ദവും പരിപൂർണ്ണവുമായ അറിവോടെയല്ലാതെ ഒരിലയും മഞ്ഞച്ചുപോവുന്നില്ല” ( “A single leaf turns not yellow, but with the silent knowledge of the whole tree.” -Kahlil Gibran)

എല്ലാവരും ഇടയ്ക്കിടയ്ക്ക് വന്ന് വെള്ളത്തിന്റെ നിലനോക്കുന്നുണ്ട്. അന്യോന്യമുള്ള സംസാരം കുറഞ്ഞു പോയിരിയ്ക്കുന്നു. അത് ചുറ്റും ഒഴുകിപ്പരന്ന ഈ പ്രളയജലധി യുടെ പാർശ്വഫലമാണ് എന്ന് തീർച്ചയായും അനുമാനിയ്ക്കാം. ഞാൻ ഭക്ഷണം കഴിയ്ക്കാൻ രാമുവിന്റെ വീട്ടിലേയ്ക്കു അരിത്തിണ്ടിലൂടെ നടന്നു പോവുമ്പോൾ വെള്ളം അതിനു തൊട്ടു താഴെയെ ഉള്ളൂ. ഭക്ഷണം കഴിച്ചുവെന്നു വരുത്തി (വിശപ്പില്ല! വീണ്ടും .. പാർശ്വഫലം!! ) തിരിച്ചുവരുമ്പോൾ അരിത്തിണ്ടിൽ വെള്ളംകയറിയിരിയ്ക്കുന്നു. ഈ നിലതുടർന്നാൽ എന്താവും? എല്ലാവരും ഭക്ഷണം കഴിച്ചെന്നു വരുത്തി. കിടക്കാൻ വട്ടംകൂട്ടി. ഈ രാത്രിയിൽ കീർത്തിക്കുട്ടിയെ ഒഴികെ ആരെയും നിദ്രാദേവി അനുഗ്രഹിയ്ക്കും എന്ന് തോന്നുന്നില്ല. അമ്മയും ഏട്ടനും ഞാനും ഇവിടെയും ബാക്കി എട്ടു പേരും ഒരു കുട്ടിയും രാമുവിന്റെ വീട്ടിലും (രണ്ടുവീടും തൊട്ടുതൊട്ടാണ് ) വെള്ളം ഇവിടെ പൂമുഖത്തേയ്‌ക്ക്‌ കയറുമെന്നായാൽ ഞങ്ങൾ കൂടി രാമുവിന്റെ വീട്ടിലേയ്ക്കു പോവാം എന്നാണ് തീരുമാനിച്ചിരി യ്ക്കുന്നത്. കഷ്ടിച്ചൊരടി കൂടി കയറിയാൽ പൂമുഖത്തും വെള്ളമാവും. ഓരോ പത്തു നിമിഷത്തിലും ഞാൻ വെള്ളത്തിന്റെ നില നോക്കുന്നുണ്ടായിരുന്നു. അൽപ്പാൽപ്പം കൂടിവരികതന്നെയായിരുന്നു. ‘അമ്മ ഒരു ചെറിയ മയക്കം കഴിഞ്ഞെണീറ്റിരുന്നു. ഏട്ടൻ അരികത്തുണ്ട്. സമയം11.50 ഇനിയൊരു ഏഴിഞ്ചുകൂടി പോങ്ങിയാൽ പൂമുഖത്തു വെള്ളംകയറും പന്ത്രണ്ടേകാലിനു വീണ്ടും വെള്ളം നോക്കിയപ്പോൾ ഒട്ടും കൂടിയിട്ടില്ല എന്ന് മനസ്സിലായി. അതേ നില തുടരുന്നു. “ഈശ്വരാ” ഉള്ളിലെ പിരിമുറുക്കം ചെറുതായൊന്നയഞ്ഞപോലെ. അപ്പോഴാണ് പുറകുവശത്തുനിന്നും ഒരുവെളിച്ചവും സംസാരവും ശ്രദ്ധയിൽ പെട്ടത്. വാഴകുന്നം ഗിരീശന്റെ മകൻ കണ്ണനും (വെളിച്ചമില്ലാത്തതുകൊണ്ട് ആരുടെയും മുഖംകണ്ടില്ല കണ്ണനെത്തന്നെ അയാൾ സ്വയം പറഞ്ഞപ്പോഴാണ് മനസ്സിലായത്) വേറെരണ്ടു സന്നദ്ധ പ്രവർത്തകരുമാണ്.നിങ്ങൾ എത്രപേരുണ്ട്? ക്യാമ്പിലേക്ക് പോരാൻ തയ്യാറല്ലേ? ഇനി ഇവിടെ അടുത്ത വീടുകളിൽ ഒഴിഞ്ഞു പോവാത്തവരായി ആരെങ്കിലുമുണ്ടോ? എന്നൊക്കെ ചോദിച്ചു. ഞങ്ങൾ ഇവിടെ 11 പേരും, ഒരുകുട്ടിയുമുണ്ട്. ഈ വയ്യാത്ത അമ്മയെയും മുകുന്ദമ്മാമനെയും ഒക്കെ കൊണ്ടുപോവാൻ ഞങ്ങൾ അൽപ്പം മടികാട്ടിയപ്പോൾ അതിലൊരാൾ കൊപ്പം പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചു. ഒരു പോലിസോഫീസറോട് സംസാരിച്ചു കൊണ്ട് ഫോൺ രാമുവിന് കൊടുത്തു. ഒഴിയുന്നതാണ് നല്ലത് കാലത്ത് മലമ്പുഴ അണക്കെട്ടും തുറക്കും എന്ന് കേൾക്കുന്നുണ്ട്. ഇവർ പോയിക്കഴിഞ്ഞാൽ നിങ്ങളുടെ അവിടെ ആർക്കെങ്കിലും ഒരു ഡോക്ടറുടെ സേവനം ആവശ്യം വന്നാൽ എന്തുചെയ്യും എന്നൊക്കെ ചോദിച്ചപ്പോൾ ഞങ്ങൾക്കുത്തരമില്ലാതെയായി. പോവാം എന്ന് വെച്ചു. വല്യനിയേട്ടൻറെ അവിടെ 5 പേർ ഉണ്ട് എന്ന് പറഞ്ഞു അവരവിടെയും അന്വേഷിയ്ക്കാൻ പോയി. ഞങ്ങൾ ഇപ്പോൾ വരാം എന്ന് പറഞ്ഞു, അവർ പോയി അരമണിക്കൂറിനുള്ളിൽ അവർ വന്നു പത്മയുടെ ഗേറ്റിൽ ചങ്ങാടം എത്തിച്ചിട്ടുണ്ട്.. തയ്യാറായി വീടു പൂട്ടിയിരുന്നോളു. നാലുപേരെവീതം കൊണ്ടുപോവാം എന്ന് പറഞ്ഞു. നീലക്കുപ്പായം ധരിച്ച ആറേഴ്‌ ചെറുപ്പക്കാർ, കൊപ്പത്തുള്ള ഏതോ നീന്തൽ ക്ലബ്ബ്കാരണത്രെ. പിന്നെ നാട്ടുകാരായി വാഴകുന്നം ഗിരീശനും ജയനും മക്കൾ കണ്ണനും അപ്പുവും പിന്നെ നികേഷും നാലഞ്ചുപേർ. നല്ല ഇരുട്ടായിരുന്നു. ഇനിയും വല്ലവരുമുണ്ടാ യിരുന്നോ. അറിയില്യ. അമ്മയെയാണ് ആദ്യം കൊണ്ടുപോയത് നീണ്ടു മെലിഞ്ഞ കരുത്തനായ ഒരുകുട്ടി അമ്മയെയും മുകുന്ദമ്മാമനെയും ഒക്കെ കാൽമുട്ടുകൾക്കടിയിലൂടെയും ചുമൽഭാഗത്തുമായി കോരിയെടുത്ത് കൊണ്ടുപോയി ചങ്ങാടത്തിൽ കയറ്റി. മുട്ടു വരെ വെള്ളത്തിലൂടെ ഞാൻ നടന്നു ഒപ്പമെത്തി. ചങ്ങാടം കണ്ടു നാലഞ്ചു കന്നാസുകളും വണ്ടിച്ചക്രങ്ങളിലെ കാറ്റുനിറച്ച ട്യൂബുകളും പലകകഷ്ണങ്ങളും പ്ലാസ്റ്റിക് കയറും എല്ലാം ചേർത്ത് അപ്പോൾ കെട്ടിയുണ്ടാക്കിയ ഒന്നായിരുന്നു അത്. അമ്മയെയും മുകുന്ദമ്മാമനെയും ഇരുത്തി പിന്നെ അമ്മായിയും ഞാനുംകയറി. ഞാൻ അമ്മയെ ചേർത്തു പിടിച്ചിരുന്നു. അപ്പോൾ മഴയില്ലായിരുന്നു ഭാഗ്യം. കെട്ടിയകയറഴിച്ചു പരസേവാർത്ഥ വാഹകസംഘം അഭയാർത്ഥികളെയും കൊണ്ടുള്ള യാത്ര തുടങ്ങി. “ഞാൻ ഒക്കെ നനഞ്ഞു” എന്ന് അമ്മയ്ക്ക് കരച്ചിൽവന്നു. പലക കഷ്ണങ്ങൾക്കിടയിലൂടെ വെള്ളം കയറി ഞങ്ങൾ അരയ്ക്കുതാഴെ മുഴുവനും നനഞ്ഞിരുന്നു വാഹനമുലയുമ്പോൾ അമ്മ അയ്യോ! എന്ന് പറയുന്നുണ്ടായിരുന്നു. അമ്മ ചെറുതായി ഭയന്നിരുന്നു. എനിയ്ക്കു ഇത്തിരി വെള്ളം കുടിയ്ക്കണം എന്നൊക്കെപ്പറയുന്നുണ്ടായിരുന്നു. അവിടെത്തീട്ടു ഈറൻ മാറ്റാം വെള്ളം കുടിയ്ക്കാം എന്നൊക്കെ ഞാൻ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. ഇരുട്ടായതുകൊണ്ടു വെള്ളത്തിന്റെ ഭീകരത അമ്മ അറിയുന്നുണ്ടായിരുന്നില്ല എന്നും തോന്നി. ഞങ്ങളുടെ വളപ്പിൽ നിന്നും ഇടവഴിയിലേക്കിറങ്ങിയതു മുതൽ ആഴവും ഒഴുക്കുംകൂടി. കൂട്ടികൾ വല്ലാതെ ശ്രമപ്പെട്ടു കുട്ടേട്ടന്റെൻപടിവരെയെത്തിച്ചു. അതിനിടയ്ക്ക് എപ്പോഴോ ഒരിയ്ക്കൽ ഒഴുക്കിന്റെ ശക്തികാരണം ചങ്ങാടമൽപ്പം പുറകിലേക്ക് പോയി. ഞാൻ തന്നെ ചോദിച്ചു പോയി കുട്ടികളെ നിങ്ങൾ ഞങ്ങളെ തിരികെ അവിടത്തന്നെ എത്തിയ്ക്കാമോ എന്ന്. അവരെന്താണ് ചെയ്യുന്നതെന്നറിയാത്ത അമ്മ അയ്യോ ഈ ഉണ്ണികളോടൊക്കെ വെള്ളത്തിൽ നിന്നും കയറാൻ പറയൂ എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു. ഈശ്വരാ ഈ അമ്മയെയും കൊണ്ട് ക്യാമ്പിൽ? എന്റെ ഉള്ളം വേവുന്നുണ്ട്. ഞാൻ ശരിയ്ക്കും വിഷമിച്ചു എന്റെ ഉള്ളറിഞ്ഞപോലെ, അപ്പോൾ ഗിരീശനും ജയനും ഒക്കെ പറഞ്ഞു നീലാണ്ടന്മാഷ്ടെ പടിയ്ക്കൽ കാറ് നിർത്തീണ്ടാവും അതിൽ കേറ്റിത്തരും നേരെ വാഴോത്തയ്ക്ക് കൊണ്ടോവും. ജയൻ പറഞ്ഞു ഏട്ടന്റവിടെ നിങ്ങടെത റവാട്ടിലുള്ളവരൊക്കെയുണ്ട് അവിടെകൂടാം. ആ വാക്കുകൾ കാതുകൾക്ക് അമൃതമഴയായിരുന്നു. അപ്പോഴുള്ളിൽ തോന്നിയ ഒരാശ്വാസമുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ കഴിയില്ല. കുറുപ്പങ്ങാട്ടെ പടിയെത്തും മുൻപ് ചങ്ങാടത്തിന്റെ അടി തറയിൽ തട്ടി അവിടെനിർത്തി അമ്മയെയും മുകുന്ദമ്മാമനെയും എടുത്തു കൊണ്ടുപോയി കാറിൽ കയറ്റി. അമ്മായിയും ഞാനും പുറകെ നടന്നുചെന്ന്കയറി. കാർ വിട്ടു രണ്ടുനിമിഷം കൊണ്ട് വാഴകുന്നം സത്യന്റെ മുറ്റത്തെത്തി. അമ്മയെ ഇറക്കി പൂമുഖത്തിണ്ണയിൽ ഇരുത്തി. അപ്പോഴേയ്ക്കും ജയൻ വന്നു ഏട്ടനെ വാതിലിൽത്തട്ടി വിളിച്ചു. ഉറങ്ങുന്നവരെ ഈ പാതിരാത്രിയിൽ വിളിച്ചുണർത്തുകയാണ്. സങ്കടം തോന്നി. അകത്ത് അനക്കങ്ങൾ കേട്ടു. ഒരുനിമിഷത്തിൽ വാതിൽമലർക്കേതുറന്നു നിറചിരിയോടെ സത്യനും സുധയും, എത്ര നേരമായി കാത്തിരിയ്ക്കുന്നു, എന്നമട്ട്! ഞങ്ങളെ സ്വീകരിച്ചു അകത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി. ഉച്ചയുറക്കത്തിന്റെ നേരത്തു വരുന്ന ചില വഴിവാണിഭക്കാർ കാളിംഗ് ബെല്ലടിച്ചാൽ എനിയ്ക്കുണ്ടാവാറുള്ള കലിപ്പ് ഞാനോർത്തു.. ആത്മനിന്ദ തോന്നി .ഇതാ പാതിരാ പെരുമഴ ചെറിയ ഇടവേളകൾ വിട്ട് ഘോരഘോരം വർഷിയ്ക്കുമ്പോൾ ഉറക്കത്തിൽ നിന്നുണർത്തപ്പെട്ട രണ്ടുപേർ! ഹൃദ്യമായി ചിരിച്ചു കൊണ്ട്. ഓരോരുത്തരുടെയും ക്ഷേമമന്വേഷിച്ചുകൊണ്ട്. അതെ ഉടൽപൂണ്ട നന്മപോലെ രണ്ടുപേർ. അവർ രണ്ടുപേരും പെട്ടെന്ന് ഓടിനടന്നു, ഞങ്ങൾക്ക് ഈറൻ മാറാൻ വസ്ത്രങ്ങൾ തന്നു .ചൂടുള്ള കാപ്പിതന്നു. കിടക്കാനിടമുണ്ടാക്കി. സുധ പിടഞ്ഞോടിക്കൊണ്ട് ഇനിയും എത്താനുള്ളവരെക്കൂടെ കണക്കാക്കി ഓരോന്നു ചെയ്തുകൊണ്ടിരുന്നു. രണ്ടുമണികഴിഞ്ഞപ്പോഴേയ്ക്കും എല്ലാവരുംഎത്തി. ചെറിയമ്മ കിടന്നിരുന്ന മുറിയിൽ അമ്മയെക്കൂടെകിടത്തി. അമ്മയ്ക്ക് ഉറക്കം കുറവാണ് പതിവുപോലെ ഞാൻ ഒരുകസേരയിൽ അരികത്തിരുന്നു. സത്യൻ വന്നു ഊഞ്ഞാൽക്കസേര കാണിച്ചുതന്നു. ഒരു സ്റ്റൂള് അതിനുമുന്നിൽ വെച്ചുതന്നു. മുരളിയേട്ടാ, ഇതിലിരുന്നു കാലീസ്റ്റൂളിലേയ്ക്കു വെച്ചാൽ ഒന്നുറങ്ങാം. മഴ പെയ്യുന്നുണ്ടായിരുന്നു. നടുമുറ്റത്ത് വെള്ളം ശക്തിയോടെ വീഴുന്നുണ്ട്. മൂന്നുമണി കഴിഞ്ഞപ്പോൾ സത്യൻ ശബ്ദമില്ലാതെ വന്നു നോക്കി ഒരു പുതപ്പെടുത്തു അമ്മയെ പുതപ്പിച്ചു പോയി. ശരിയ്ക്കും എന്റെ കണ്ണ് നനഞ്ഞുപോയി. ഈ സ്നേഹവായ്പ്പിനു ഒന്നും തന്നെ പകരമാവില്ല. സത്യൻ,സുധാ .. ഞാനെന്തു പറയാൻ.

ഗിരീശനും ജയനും,മക്കളും നീന്തൽ ക്ലബ്ബിലെ കുട്ടികളും മറ്റുപലരും ഒക്കെ തിരിച്ചൊന്നും പ്രതീക്ഷിയ്ക്കാതെ ചെയ്യുന്ന ഈ സേവാ പ്രവൃത്തി അവരെ പ്രതിയുള്ള ആദരവ് കൂട്ടുന്നു. നീന്തൽ ക്ലബ്ബിലെകുട്ടികളെ ആരെയും വീണ്ടും കണ്ടാലറിയില്ല. വല്ലാത്ത വിഷമം തോന്നി. കൊപ്പത്തല്ലേ അന്വേഷിയ്ക്കാം. ഹരിശ്ചന്ദ്രൻ സാറിന്റെ ക്ലബ്ബ് ആവുമോ അദ്ദേഹമാണ് അവിടെ നീന്തൽ പഠിപ്പിച്ചിരുന്നത്. അദ്ദേഹം വിമുക്തഭടനാണ്. രാമുവിന്റെ സുഹൃത്താണ്. ഇവിടെ ഒരുപാടുതവണ വന്നിട്ടുണ്ട്. എന്തായാലും അന്വേഷിയ്ക്കാം കണ്ടെത്തും തീർച്ച. സമയം അഞ്ചരയായി. അമ്മയുടെ പ്രാഥമിക കൃത്യങ്ങളെല്ലാം കഴിഞ്ഞു. അൽപ്പംകൂടി കിടന്നോളാൻ പറഞ്ഞു അമ്മയെ നിർബന്ധിച്ചു കിടത്തി .ഉറങ്ങില്ല എന്നാലും കിടന്നോട്ടെ. വീണ്ടും അടുക്കളയിൽ ചലനങ്ങൾ! ചായ കാപ്പി ഇഡ്‌ഡലി എല്ലാം തയ്യാറാവുകയാണ് സുധയും, സഹായികളായി ബേബിയോപ്പോൾ, അമ്മു, ദേവി തുടങ്ങിയവരും.. ഇതിനിടയിൽ സത്യനും സുധയും നടുമുറ്റത്തു വലിയ പ്ലാസ്റ്റിക് ടബ്ബുകൾ വെച്ച് ശേഖരിച്ച വെള്ളം കുളിമുറികളിൽ കൊണ്ടുപോയി നിറയ്ക്കുന്നുണ്ടായിരുന്നു .വൈദ്യുതി മുടക്കം കാരണം മോട്ടോർ അടിച്ചു വെള്ളം ടാങ്കിൽ നിറയ്ക്കാൻ നിവൃത്തിയില്ലല്ലോ. എത്ര കാര്യക്ഷമമായ ഗൃഹഭരണം. നമിയ്ക്കാൻ തോന്നുന്നുണ്ട് ഈ കുട്ടികളെ. വീടിന്റെ നിർമ്മിതിയും മനോഹരമായിട്ടുണ്ട്. അകം ഒരുക്കിയിരിക്കുന്നതും വളരെ നന്നായിരിക്കുന്നു. എനിയ്ക്ക് സത്യനെ കുറിച്ചുള്ള മതിപ്പുകൂട്ടിയ ഒരുപഴയ സംഭവം ഓർമ്മവരുന്നു. ഞാൻ ജോലിയിൽ പ്രവേശിച്ചിരുന്നു .സത്യൻ പ്രീഡിഗ്രി പഠനത്തിലാവും. അക്കാലം ഒരുദിനം സന്ധ്യയ്ക്ക് കൈലാസത്തിലെ പ്രദീപനും ഞാനും ഞങ്ങളുടെ പടിയ്ക്കൽ നിന്ന് സംസാരിക്കുകയായിരുന്നു. പ്രദീപന്റെ കയ്യിൽ “ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ” എന്ന സ്റ്റീൻബെക്ക് നോവലുണ്ടായിരുന്നു. സത്യൻ അമ്പലത്തിൽ നിന്നും വരികയാണ്. ഞങ്ങളെക്കണ്ടതും അരികത്തുവന്നു വർത്തമാനം തുടങ്ങി. ഇടയ്ക്കു പ്രദീപന്റെ കയ്യിൽ നിന്നും പുസ്തകം വാങ്ങി നോക്കി തിരിച്ചുകൊടുത്തു. അപ്പോൾ തന്നെ പ്രദീപനോട് ചോദിച്ചു “ഇതില് ഒരു ടോം ജോഡൊക്കെ ല്യേടോ”. ഞാൻ ശരിയ്ക്കും ഞെട്ടിപ്പോയി. ഈ പുസ്തകം ഇയ്യാൾ വായിച്ചിരിയ്ക്കുന്നു .മനസ്സുലയ്ക്കുന്ന ആകഥാപാത്രത്തെ ഓർത്തിരിക്കുകയും ചെയ്യുന്നു. താൻ എപ്പോഴാ ഈ പുസ്തകം വായിച്ചത്? പത്താംക്‌ളാസ്സു പരീക്ഷ കഴിഞ്ഞിരിയ്ക്കുമ്പോൾ വായിച്ചതാണ്. എടഭയങ്കരാ.. ഞാൻ പ്രീഡിഗ്രി രണ്ടാംകൊല്ലം പഠിയ്ക്കുമ്പോഴാണ് ഇത് വായിച്ചത്. അതിനുശേഷം എനിയ്ക്കു സത്യനോട് കുറച്ചു കൂടുതൽ അടുപ്പമായി.

സമയം ആറരയായി ഇപ്പോഴെല്ലാവരും ഉണർന്നെണീറ്റിരിയ്ക്കുന്നു. രാമുവും ഞാനും കുളത്തിൽ പോയി കുളിച്ചു . അനിയേട്ടൻ അമ്മു ദേവി, ബേബിയോപ്പോൾ, കീർത്തി തുടങ്ങിയവരും കുളത്തിലാണ് കുളിച്ചത്. പ്രാതൽ കഴിഞ്ഞു ചിലരൊക്കെ ഒന്ന് പുറത്തിറങ്ങി വെള്ളത്തിന്റെ നിലവാരം അറിയാൻ പോയി. വെള്ളം താണിരിയ്ക്കുന്നു. എന്നാലും ഇടവഴികളിലൊക്കെ അരയോളം വെള്ളമുണ്ടത്രെ. ഇല്ല്യ തിരികെപോവാറായിട്ടില്യ. ഇവിടെ വെള്ളത്തിന്റെ പ്രഭാവവും പാർശ്വഫലങ്ങളും ഇല്ലതന്നെ. ഒരുമാന്ദ്യവും അനുഭവപ്പെടുന്നില്ല്യ. എല്ലാവരും നല്ലപോലെ വർത്തമാനം പറയുന്നുണ്ട് .ചുറ്റിലുമുള്ള വിവിധ വാഴകുന്നം ശാഖകളിൽനിന്നും ഓരോരുത്തരും ഞങ്ങളുടെ ക്ഷേമാന്വേഷണങ്ങളുമായി വന്നിരുന്നു. അമ്മയ്ക്ക് എല്ലാവരെയും കണ്ട് ബഹുസന്തോഷമായിട്ടുണ്ട് എന്ന് തോന്നി. ഇതിനിടയിൽ ചായ ഊണ് വീണ്ടും ചായ ഒക്കെ വന്നു പോയ്കൊണ്ടിരുന്നു. വൈകീട്ട്ഞങ്ങളുടെ വീടുകളുടെയൊക്കെ സ്ഥിതിയൊന്നറിഞ്ഞുവരാൻ ഞാനൊന്നിറങ്ങി. തെക്കേ ഇടവഴിയിൽ തുടയ്‌ക്കൊപ്പം വെള്ളമുണ്ടായിരുന്നു. ഈ വളപ്പിലെ ആറു വീടുകളും നോക്കി അനിയേട്ടന്റെയും മുകുന്ദമ്മാമന്റെയും വർക്കേരിയയിൽ വെള്ളം കയറിയിട്ടുണ്ട്. മറ്റെവിടെയും വെള്ളംകയറിയിട്ടില്ല. കാറുകളും ബൈക്കുകളും വെള്ളം മുങ്ങാതെ രക്ഷപെട്ടിട്ടുണ്ട്. ആശ്വാസം. ഞങ്ങൾ ഇറങ്ങിപ്പോയതിൽപ്പിന്നെ ഒരൽപം പോലും വെള്ളം കയറിയിട്ടില്ല. 11.50 നു ഞാൻ വെച്ച അടയാളം ആണ് ഏറ്റവും കൂടിയ നില. നാളെ കാലത്ത് തിരികെ വരാനാവും എന്ന് തീർച്ച. ഞാൻ വാഴകുന്നത്തേയ്ക്കു തിരികെനടന്നു. വിവരം രാമേട്ടനോടും മണിയേട്ടനോടും ഒക്കെ പറഞ്ഞു. പിറ്റേന്ന് കാലത്തു പ്രാതൽ കഴിഞ്ഞു പോരാം എന്നു പറഞ്ഞപ്പോൾ സുധയും സത്യനും ഉച്ചയൂണുകഴിഞ്ഞിട്ടുമതിയെന്ന് നിർബ്ബന്ധം പിടിച്ചു. സ്നേഹശാസനങ്ങൾക്ക് എതിരില്ലല്ലോ! വഴങ്ങി. രാമുവും ഞാനും പിറ്റേന്നു കാലത്തു (11ന് ഞായറാഴ്ച) വീട്ടിൽ വന്നു.. പുഴവെള്ളം പടിയ്ക്കൽനിന്നും കാണാനാവാത്ത വിധം ഇടവഴിയിലെ വളവു തിരിഞ്ഞു അപ്പുറത്തേയ്ക്കിറങ്ങിയിരുന്നു. വീട് തുറന്നു നോക്കി. രാമുവും ഞാനും ചേർന്ന് അരിത്തിണ്ടൊക്കെ കഴുകി വെടിപ്പാക്കി, ഞാനിവിടന്നു കുളിച്ചു വസ്ത്രം മാറി. രാമു കാറെടുത്തു, ഞങ്ങൾ തിരികെപ്പോയി. എല്ലാവർക്കും പോരുമ്പോൾ വിഷമം തോന്നി. അമ്മ “ഞാനില്ല നിങ്ങള് പൊയ്ക്കോളിൻ” എന്ന് പറയുന്നുണ്ടായിരുന്നു. സത്യനും സുധയും പറഞ്ഞു “ഇനി എപ്പോഴായാലും വെള്ളം പൊങ്ങാൻ തുടങ്ങിയാൽ ഒന്നും ആലോചിയ്ക്കണ്ട. വേഗം ഇങ്ങട് പോന്നോളൂ” ഊണു കഴിഞ്ഞു. രാമു, ആദ്യം രാമേട്ടൻ രാധ ചെറിയമ്മ, സത്യചെറിയമ്മ, ബേബിയോപ്പോൾ എന്നിവരെ കൊണ്ടുവിടാൻ പോയി. പിന്നെ അമ്മ, മുകുന്ദമ്മാൻ തുടങ്ങിയവരെ… എന്നെ സത്യൻ അയാളുടെ വണ്ടിയിൽ കൊണ്ടുവന്നുവിട്ടു. ഞാൻ വന്നു വീട് തുറന്നു. അപ്പോഴേയ്ക്കും അമ്മയും, അമ്മാമനും ഒക്കെ എത്തി. ഇപ്പോൾ എല്ലാവർക്കും തിരിച്ചു വീടെത്തിയ ആശ്വാസം. മുകുന്ദമ്മാന് പറയാൻ ഒരു പാടാനുഭവങ്ങളായി. പാതിരയ്ക്കുള്ള ചങ്ങാട യാത്ര! സത്യന്റെ വീട്ടിലെ സുഖവാസം ഒക്കെ. എല്ലാവർക്കും ഒരിയ്ക്കലും മറക്കാത്ത അനുഭവമായി. ഇനി ആ നീന്തൽ ക്ലബ്ബ്കാരെ ഒന്ന് കാണണം. ജയൻ വാഴകുന്നതിനോട് ഏൽപ്പിച്ചിരുന്നു അവരുടെ നമ്പർ സംഘടിപ്പിച്ചു തരാൻ.

കാലത്ത് ജയൻ വന്നു വിളിച്ചു. മുരളിയേട്ടാ ആ നീന്തൽ ക്ലബ്ബ് കാരെയും കൂട്ടി കൊപ്പം ജനമൈത്രീ പോലീസ് ബീറ്റ് ഓഫീസർ ശ്രീ ഷിജിത്ത് വന്നിട്ടുണ്ട്. ഒന്ന് പടിയ്ക്കലേയ്ക്കിറങ്ങൂ എന്നു പറഞ്ഞു. അമ്മയും മുകുന്ദമ്മാമനും ഒഴികെ ഞങ്ങളെല്ലാവരും പടിയ്ക്കൽ ഒത്തുകൂടി. അയൽവീട്ടുകാരുമുണ്ട് . നീന്തൽക്ലബ്ബ്കാരെ ഓരോരുത്തരായി പരിചയപ്പെട്ടു. ടീം ലീഡർ ടർബു, പിന്നെ ബിജോയ്, അൽത്താഫ്, ശ്യാം, വിഖിൽ, യൂനസ്, വിഷ്ണു (ബിജോയ്‌ക്ക്‌ ഇന്നുവരാൻ കഴിഞ്ഞിട്ടില്ല ) ഏഴുപേർ ഞങ്ങൾ കരുതിയ പോലെതന്നെ അവർ ഹരിശ്ചന്ദ്രൻ സാറിന്റെ കുട്ടികളായിരുന്നു. “മെനുദാ സ്വിമ്മിങ് അക്കാദമി, എറയൂർ” എന്നതാണ് അവരുടെ സ്ഥാപനം.ആ കുട്ടികളുടെ ക്യാപ്റ്റൻ “ടർബു”, ഹരിശ്ചന്ദ്രൻ സാറിന്റെ ചെറിയ മകനാണ്. ഇപ്പോൾ റെയിൽവേയിൽ ഒരോഫീസറായി മംഗലാപുരത്തു ജോലിചെയ്യുന്നു. ഹരിശ്ചന്ദ്രൻ സാർ അൽപ്പം ശാരീരികാസ്വാസ്ഥ്യങ്ങളൊക്കെയുള്ളതിനാൽ വിശ്രമത്തിലാണ് എന്നുപറഞ്ഞു. ഞങ്ങളെല്ലാവരും അയൽക്കാരും എല്ലാം കൂടെ ഒത്തുകൂടി സംഗതി ഒരനൗപചാരിക അനുമോദന യോഗമായി രൂപപ്പെട്ടു. പോലീസ് ഓഫീസർ ഷിജിത് മെനുദ അക്കാദമി ക്കാരെ വിളിയ്ക്കാനുണ്ടായ സാഹചര്യം വിശദീകരിച്ചു. ഞങ്ങളൊക്കെ അവരോരോരുത്തരോടുമുള്ള നന്ദിയും കടപ്പാടും പറയാൻ വാക്കുകളില്ലാതെ ബുദ്ധിമുട്ടി. അന്നു ഇരുട്ടിൽ കാണാൻ കഴിയാതിരുന്നതിന്റെ വിഷമം നിനച്ചിരിയ്ക്കാതെ തീർന്നതിന്റെ ആഹ്ലാദം ഞങ്ങൾ പങ്കുവെച്ചു. വല്യനിയേട്ടൻ എന്ന പി പി പി നമ്പൂതിരി (വെറ്റില നമ്പൂതിരി എന്നറിയപ്പെടുന്ന) ടീം അംഗങ്ങൾ എല്ലാവർക്കും പൊന്നാട നൽകി ആദരിച്ചു.

വല്ലാത്തൊരാശ്വാസം തോന്നി. രക്ഷാ പ്രവർത്തകരെ വലിയ ശ്രമം കൂടാതെ തന്നെ കാണാനായല്ലോ.  കൊപ്പം ജനമൈത്രീ പോലീസ് ഓഫീസർ ഷിജിത്, പഞ്ചായത്ത് മെമ്പർ ബദറുദീൻ,  ജയൻ വാഴകുന്നം. പിന്നെ തീർച്ചയായും ടർബുവിനും കൂട്ടർക്കും ഒരിയ്ക്കൽക്കൂടെ പ്രണാമങ്ങൾ!  ഞങ്ങളുടെ നിറഞ്ഞസ്നേഹവും!  മറ്റ് അറിയപ്പെടാത്ത, പറയപ്പെടാത്ത, ഒരുപാട് സേവാപ്രവർത്തകരെ, നിഷ്കാമ കർമ്മികളേ, നിങ്ങൾക്കും ഞങ്ങളുടെ സ്നേഹപ്രണാമങ്ങൾ!

0

17 thoughts on “പ്രളയാനന്തരം

 1. സ്നേഹവും അന്യോന്യം ഉള്ള പരിഗണനയും ആണ് സമ്പാദ്യം എന്ന് മനസ്സിലുറപ്പിക്കുന്ന അനുഭവക്കുറിപ്പ്.
  എല്ലാവർക്കും സ്നേഹാദരങ്ങൾ

  0
 2. ആപത്തു കാലത്തെ ഒത്തൊരുമ നന്നായി രേഖപ്പെടു’ത്തിയത്

  0
 3. വളരെ നല്ല ഒരു അനുഭവക്കുറിപ്പ് മുരളി ഏട്ടാ.

  0
 4. മുരളീ : സ്റ്റേഹത്തിന്റെ , ആശങ്കകളുടെ , പങ്കു വെക്കലു കളുടെ അനുഭവം നന്നായി എഴുതിയിരിക്കുന്നു. വായിക്കുന്നവന്റെ ഉള്ളിൽ പ്രളയം ഒരനുഭവമായി മാറുന്നു . ഒപ്പം സത്യനോടും സുധയോടും മറ്റനേകം മനുഷ്യരോടും ആദരവ് നിറയുന്നു

  0
 5. പ്രളയത്തിന്റെ അനുഭവസാക്ഷ്യം അതീവ ഭംഗിയായി അവതരിപ്പിച്ചത് വായിച്ചപ്പോൾ അറിയാത്തൊരു തരം വിങ്ങൽ തോന്നി കൂടെമുരളി ഭാവനാ സമ്പന്നനാണെന്നും

  0
 6. അങ്ങനെ എഴുതുക..എഴുതിക്കൊണ്ടേയിരിക്കുക, മുരളീ !

  0
 7. വെള്ളപ്പൊക്കവും മഴക്കെടുതിയും മൂലമുണ്ടായ ദുരന്താനുഭവം ഇത്രയും ഹൃദ്യമായി ചിത്രീകരിച്ച ശ്രീ മുരളിക്ക് ഭാവുകങ്ങൾ!

  0
 8. ഹൃദ്യമായ ആഖ്യാനശൈലി , പ്രളയം ഒരു അനുഭവമാക്കി. ആശംസകൾ….
  ജല പിശാചിന്റെ മുന്നിലും തളരാത്ത ആത്മധൈര്യം . അമ്മയോടുള്ള ആദരം.
  പൂർവ പുണ്യ സുകൃതം..
  മംഗളാനി ഭവന്തു…

  0
 9. വളരെ നന്നായിട്ടുണ്ട്.
  യഥാർത്ഥ അനുഭവ കുറിപ്പ്

  0
 10. വായനയിലൂടെ, അനുഭവിച്ചറിഞ്ഞ പോലെ തോന്നി.. മനസ്സിൽ തട്ടിയ കുറിപ്പ്

  0
 11. ശ്രീ മുരളി, വായിക്കാൻ നല്ല രസമായിരുന്നു. പക്ഷേ ഈ ദുരന്തം അനുഭവിച്ചവർക്കല്ലേ അതിന്റെ വിഷമങ്ങൾ അറിയു. ഈ വിഷമഘട്ടത്തിലും മനസ്സു തളരാതെ പിടിച്ചു നിന്നതിന് അഭിനന്ദനങ്ങൾ!!
  പ്ലാസ്റ്റ്രിക്ക്, കുപ്പികൾ മററു കുപ്പകൾ പുഴയിലും റോഡിലും ഇടുന്നതിനെ വിമർശിച്ച് എഴുതിയത് വായിച്ചു സന്തോഷം. ഞാനും ഇങ്ങിനെ ചെയ്യുന്നതിനെതിരാണ്. പക്ഷേ ഇതല്ലാതെ മറ്റെന്തു വഴി? മുൻപു് കുപ്പകൾ നിക്ഷേപിക്കാൻ കുപ്പത്തൊട്ടിയും മറു സംവിധാനങ്ങളും ഉണ്ടായിരുന്നു, ഇപ്പോൾ അതില്ലല്ലോ? വേറെന്തു വഴി ?.വീട്ടിൽ മുറിയിൽ കൂട്ടിവെക്കാൻ പറ്റില്ലല്ലോ?

  0
 12. ദുരന്തങ്ങള്‍ വരാതിരിക്കാനുള്ള ജീവിതത്തിന്റെ വഴികളാണ് ഇന്ന് നാം തിരിച്ചറിയേണ്ടത്. എല്ലാ ജീവനെയും respect ചെയ്യുന്ന ഒരു നിലപാട് നാം പഠിക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ സാധാരണ ജീവിതത്തില്‍ കുടുങ്ങിപ്പോയവര്‍ക്ക് ഈ insight കിട്ടില്ല. പ്രകൃതിയില്‍നിന്നും നാമെന്തു പഠിച്ചു എന്നതാണ് പ്രധാനം. വെറും passive ആയി ലോകത്തെ നോക്കിക്കാനുന്നതുകൊണ്ട് കാര്യമില്ല. ദുരന്തങ്ങള്‍ എന്തുകൊണ്ട് ഉണ്ടാകുന്നു. സ്വയം ചോദിക്കുക.

  0
 13. ഹൃദയത്തിൽ തട്ടുന്ന വിവരണം .ഒറ്റ ഇരിപ്പിൽ തന്നെ വായിച്ചു തീർത്തു. പേമാരി വിതച്ച സംഭവങ്ങൾ പേടിപ്പെടുത്തി. അമ്മയെ ദൈവമായി തന്നെ കരുതി പരിചരിക്കുന്ന മുരളിക്ക് ദൈവസഹായം കിട്ടാതെ വരില്ലല്ലോ? എല്ലാ നന്മകളും ആശംസിക്കുന്നു. സന്തോഷം സ്നേഹം അഭിമാനം.’ @ മുരളി

  1+

Leave a Reply

Your email address will not be published. Required fields are marked *