Mumbai Bachelor Life – Part 35

-മുരളി വട്ടേനാട്ട്

 

റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡിൻറെ പരസ്യം സ്റ്റേഷനിലെ ബുക്സ്റ്റാളിൽ തൂങ്ങിക്കിടന്ന് എന്നെ മാടി വിളിച്ചു. എടുത്താൽ പൊങ്ങാത്ത ഭാരമാണ് തോളത്ത് വെച്ചിട്ടുള്ളത്. അത് കൊണ്ടു തന്നെ നിനക്കൊരു കൂട്ടു വേണം ആ ഭാരത്തെ താങ്ങാൻ. അതിനു നിനക്കെന്നെ കൂട്ടു പിടിക്കാം. ഇത് നീ നിന്റെ കൂട്ടുകാരിക്കയച്ചു കൊടുത്ത് അവളെക്കൊണ്ട് പരീക്ഷയെഴുതിക്കൂ, എന്ന് അതെന്നോട് പറഞ്ഞു.

എന്റെ ജീവിതത്തിലാദ്യമായി ഞാനവൾക്ക് കത്തെഴുതി. പ്രണയ ചാപല്യങ്ങളോ, മൂരി ശൃംഗങ്ങളോ പ്രതിഫലിക്കാത്ത, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിലേക്കുള്ള അപേക്ഷാ ഫോമടങ്ങിയ ഒരു കത്ത്. അത് പൂരിപ്പിച്ചയാക്കാൻ പറഞ്ഞു കൊണ്ട്.

നാട്ടിലേക്ക് പോകുന്നതിനു മുമ്പായി ഓഫീസിൽ ചെയ്ത്‌ തീർക്കേണ്ട പണികൾ പലത്. സിൻഹാജിയുടെയും ബിസിനസിന്റെയും കണക്കുകൾ നേരെയാക്കി ഇൻകം ടാക്സ് റിട്ടേൺ അടക്കണം. കൂടെ കുടുംബാംഗങ്ങളുടെയും. അവയൊക്കെ ഓരോന്നായി തീര്ത്ത് വന്നു.

ജീവിതത്തിലാദ്യമായി സ്വന്തം ഇൻകം ടാക്സ് റിട്ടേൺ തയ്യാറാക്കി. വീടിനായി ഒരു ലോൺ സംഘടിപ്പിക്കാൻ അങ്ങിനെയും ഒരു വഴി പരീക്ഷിച്ചു.

ശശി നാട്ടിലേക്ക് യാത്രയായി. ഒരുക്കങ്ങൾ നടത്താനായി.

ഡോംബിവിലി വെസ്റ്റിലെ റൂം ഓണർക്ക് നോട്ടീസ് കൊടുത്തിട്ട് രണ്ടാഴ്ച കഴിഞ്ഞു. റൂം ഒഴിയുമ്പോൾ ഒരു മാസത്തിനുള്ളിൽ പണം തിരിച്ചു താരമെന്നാണ് കരാർ. പക്ഷെ, കയ്യിൽ കാശില്ല, വേറൊരാൾക്ക് റൂം വാടക്കക്ക് കൊടുത്താലേ എനിക്കുള്ള പണം തരാനാവൂ എന്ന് മൂപ്പർ.

നാട്ടിലേക്ക് പോകാനുള്ള ദിനം അടുത്തെത്തി. സിദ്ദിഖി മൂന്നു വർഷമായി തരാനുള്ള പണം തരാതെ ഒഴിഞ്ഞു മാറുന്നു. സിനിമാക്കാരുടെ സ്ഥിരം തന്ത്രങ്ങൾ. അവരിൽ നിന്നും പണിയെടുത്തതിന്റെ പണം നേടിയെടുക്കണമെങ്കിൽ പിന്നാലെ നടക്കണം. ഇല്ലാത്ത കാരണങ്ങൾ പറയണം. അച്ഛനമ്മമാരെ പലവട്ടം ആശുപത്രിയിലാക്കണം, ചിലപ്പോൾ കൊല്ലേണ്ടിയും വരും. എന്നാലും പലപ്പോഴും ഫലമുണ്ടാകാറില്ല.

ഓഗസ്റ്റ് 17 . ബോംബെ വി ടി യിൽ നിന്നും ജയന്തി ജനതയിൽ നാട്ടിലേക്ക് ബാച്ചിലറുടെ അവസാന യാത്ര. അത് മറ്റൊരു ജീവിതയാത്രക്കു തുടക്കം കുറിക്കാനുള്ള യാത്രയാണ്.കൂടെ എന്റെ ബാച്ചിലർ സുഹൃത്തുക്കൾ ഗണേശനും രമേശേട്ടനും.
സിദ്ദിഖി അവസാന സംഭാഷണത്തിൽ പണം വി ടി സ്റ്റേഷനിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതാണ്. യാത്രയിൽ പണം എങ്ങിനെ കൊണ്ടുപോകുമെന്ന വേവലാതി എനിക്ക് തരേണ്ടെന്ന് കരുതിക്കാണും. സിനിമാക്കാരുടെ സ്ഥിരം അടവുകൾ അയാളെന്നോടും പയറ്റിയെന്നു മാത്രം.

പണത്തിൻറെ ആവലാതികളെ തൽക്കാലം മുംബൈയിൽ മേയാൻ വിട്ട് വണ്ടി മുംബൈയുടെ അതിരുകൾ വിട്ടു തെക്കോട്ട് പാഞ്ഞു, മൂന്നാം നാൾ രാവിലെ പാലക്കാട്ടെത്തി നിന്നു.

നാട്ടിൽ മഴ വിട്ടൊഴിഞ്ഞിട്ടില്ല. കല്യാണച്ചെക്കനായ എനിക്ക് പണി തരാതെ ശശി അത്യാവശ്യം ഒരുക്കങ്ങൾ നടത്തിയിരിക്കുന്നു. കല്യാണദിവസം ധരിക്കാനുള്ള ജൂബ കൊൽക്കത്തയിൽ നിന്നും മനു കൊണ്ടു വന്നിരിക്കുന്നു. ബാക്കി വസ്ത്രങ്ങൾ തൃശൂരിൽ നിന്നും വാങ്ങി വന്നു.

റഷ്യയിൽ ഗോര്ബച്ചെവിനെ അധികാര ഭ്രഷ്ടനാക്കിക്കൊണ്ട് യെൽട്സിന്റെ അട്ടിമറി.

മൂന്നു വർഷത്തിന് ശേഷം നാട്ടിലൊരോണം. ക്ഷണിച്ചവരിലോരോരുത്തരായി എത്തിത്തുടങ്ങി. രഘു വന്നു, രമേശേട്ടനും വിനയനും ഗണേശനും എത്തി. കുഞ്ഞുട്ടമ്മാൻ മദ്രാസിൽ നിന്നുമെത്തി രാത്രി രമേശേട്ടന്റെ വക ചെറിയതോതിലൊരു ഗാനമേള. വിനുവും ശ്രീക്കുട്ടനും കൂടെക്കൂട്ടി. അപ്പുറത്ത് പത്തായപ്പുര രമേശേട്ടനും ബാലുവേട്ടനും അപ്പുവേട്ടനും കൂടിയൊരു രാഷ്ട്രീയ ചർച്ച. വിഷയം റഷ്യയുടെ പതനം.

രാത്രി സദ്യക്കുശേഷം മറ്റുള്ളവർ വിവിധ പണികളിൽ മുഴുകിയപ്പോൾ ഞാൻ കൂട്ടുകാരുമൊത്ത് നേരത്തേയുറങ്ങാൻ തയ്യാറെടുത്തു. ബാച്ചിലർ ജീവിതത്തിലെ അവസാന രാത്രി ആസ്വദിക്കാനായി.

1991 ആഗസ്ത് 25 ഞായറാഴ്ച്ച, ഓണം അവിട്ടം.

ജീവിതത്തിലെ ധന്യമുഹൂർത്തം നമുക്ക് സമ്മാനിക്കുന്ന അസുലഭ ദിനം. ഏതൊരു വ്യക്തിക്കും മറക്കാനാവാത്ത ദിനം. ആദ്യം രക്ഷിതാക്കളോടൊത്തും പിന്നീട് ഒറ്റക്കും കഴിഞ്ഞ നാളുകൾ വിട്ട് ജീവിതത്തിലേക്കൊരു കൂട്ട്, ഇണയെ കിട്ടുന്ന ദിനം. സുഖദുഃഖങ്ങൾ പങ്കിടാനൊരു സഖിയെ കിട്ടുന്ന ദിനം. ആ ദിനത്തിലേക്ക് ഞാൻ കൺ മിഴിച്ചു.

അച്ഛന്റെ സ്മരണകൾക്ക് മുമ്പിൽ പ്രണാമമർപ്പിച്ചു . ജീവിതത്തിൽ തൃപ്രയാറിലേക്ക് അച്ഛനോടോപ്പവും അതിനുശേഷവും നടത്തിയ യാത്രകൾ എത്രയെന്ന് എനിക്കോർമ്മയില്ല. പക്ഷെ, പതിനഞ്ചു വർഷം മുമ്പ് അമ്മയോടൊപ്പം നടത്തിയ പറിച്ചു നടൽ യാത്രയിലെ മനോവികാരം ഇന്നുമെൻറെ ഓർമകളിൽ ഘനീഭവിച്ചു കിടക്കുന്നുണ്ട്. ആ ഓർമകളിൽ നിന്നും മുക്തി നേടി, മൂത്തവരുടെയെല്ലാം അനുഗ്രഹാശിസ്സുകൾ നേടി, ചെറുകരെ നിന്നും ഒരു ബസ് നിറയെ ആൾക്കാരുമായി തൃപ്രയാറിലേക്ക് ആകാംക്ഷയോടെ യാത്രയായി. ബസ്സിൽ മമ്മുട്ടിയുടെ ജൂബയിട്ട കോട്ടയം കുഞ്ഞച്ചൻ തകർത്താടി.

ബസ്സ് കുന്തിപ്പുഴ കടന്ന്, ഭാരതപ്പുഴയെ മറികടന്ന് തൃപ്രയാറിലേക്ക് അടുക്കുന്തോറും ബാച്ചിലർ ജീവിതത്തിനും വൈവാഹിക ജീവിതത്തിനുമിടയിലുള്ള ദൂരം കുറഞ്ഞു കൊണ്ടിരുന്നു.

തൃപ്രയാറിറങ്ങി അവിടെയുള്ള വല്യച്ചന്മാരുടെയും അച്ഛൻപെങ്ങളുടെയും അനുഗ്രഹാശിസ്സുകൾ നേടി ശ്രീരാമസ്വാമിയെ വണങ്ങി തൃപ്രയാർ അമ്പലത്തിലെ കിഴക്കേ നടപ്പുരയിൽ തേവർക്കു മുമ്പിൽ രാവിലെ പത്തുമണിക്ക് ഞാൻ രാജേശ്വരിയുടെ കഴുത്തിൽ മിന്നു കെട്ടി.

ബാച്ചിലർ ജീവിതത്തിന് പരിസമാപ്തി.

ഇക്കഴിഞ്ഞ 35 ആഴ്ചകളായി ഈ ബാച്ചിലർ ജീവിത പരമ്പര വായിക്കുകയും എനിക്ക് പ്രോത്സാഹങ്ങൾ അറിയിക്കുകയും ചെയ്ത ഏവർക്കും നന്ദി അറിയിക്കട്ടെ.

1+

2 thoughts on “Mumbai Bachelor Life – Part 35

  1. മുരളി, വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. അനുമോദനങ്ങള്.! Congradulations.

    0

Leave a Reply

Your email address will not be published. Required fields are marked *