Mumbai Bachelor Life – Part 30

മുരളി വട്ടേനാട്ട്

 

ഫെബ്രുവരിയിലെ പകലുകൾക്കും രാവുകൾക്കും ഏകദേശം ഒരേ ദൈർഘ്യമാണെന്നാലും എന്റെ ദിനരാത്രങ്ങൾക്ക് വീണ്ടും ദൈർഘ്യം കൂടിയ പോലൊരു തോന്നൽ. മധുരതരമായ ലക്ഷ്യത്തിലേക്കെത്താൻ മനസ്സ് വെമ്പുമ്പോൾ സമയം ഇഴയും. രാപ്പകലുകൾക്ക് ദൈർഘ്യം കൂടിയതായനുഭവപ്പെടും.

കയ്യിലിഷ്ടം പോലെ സമയം. നേരത്തെയുണർന്ന രാവിലെകളിൽ, യാത്രകളിൽ, ഓഫീസിലെ തിരക്കുകൾക്കിടയിൽ.. സമയം ഇഴയുകയാണ്‌.

വൈകുന്നേരത്തെ സൗഹൃദ സംഭാഷണ വേളകളിൽ മാത്രമാണിതിനൊരുമാറ്റം. സതീശൻ വാചാലനാകുന്നത് തന്റെ ഭക്ഷണ പാചകകലയിലൂടെയാണ്.മുരളീമോഹനൻ തന്റെ ഭാഷണവാചക കലയിലൂടെയും. മുരളിയുടെ തനതു നിരീക്ഷണങ്ങളും കുറിക്കു കൊള്ളുന്ന നുറുങ്ങു ഫലിതങ്ങളും ആരെയും ആകർഷിക്കുന്നതാണ്.പലപ്പോഴും ചില ബാച്ചിലർ ക്രൂര ഫലിതങ്ങളും അവിടേയ്ക്കു കടന്നുവന്നു  ചിരി നിറയ്ക്കാറുണ്ട്.

അനേക ദിനങ്ങൾക്കു ശേഷം രേത്തിബന്ദറിലേക്ക് നിലാവത്തൊരു യാത്ര. നഗരാലസ്യങ്ങളിൽ നിന്നും മുക്തി നേടാനൊരിടം. മറ്റു നഗരവാസികളെ സംബന്ധിച്ചിടത്തോളം അപ്രാപ്യമായൊരിടം. നഗരത്തിനപ്പുറത്തുള്ള ഈ തുരുത്തിൽ നാടൻ നറുനിലാവിൽ തന്റെ ഗ്രാമ്യസൗന്ദര്യം മുഴുവനും ആവാഹിച്ചു നില്ക്കുന്ന ഖസാക്കും രേത്തിബന്ദറും.

ഗൾഫിൽ കരയുദ്ധം മുറുകുന്നു. വിരുദ്ധപ്രസ്താവനകൾ ഇരുകൂട്ടരും നൽകുന്നു. ചേരി തിരിഞ്ഞു നിന്ന് തമ്മിലടിച്ചു മരിക്കയെന്ന ചരിത്രത്തിന്റെ കൈത്തെറ്റ് വീണ്ടും വീണ്ടുമാവർത്തിക്കപ്പെടുന്നു.

വസായിലേക്കൊരു യാത്ര. ശ്രീയോപ്പോളെയും ഉണ്ണിയേട്ടനെയും കാണാൻ. നാട്ടിൽ നിന്നുമുള്ള പൊടിയരിയുടെയും പുളിയുടെയും സ്നേഹപ്പൊതിയേല്പ്പിക്കാൻ. വസായ് സ്റ്റേഷനിൽ നിന്നും രണ്ടു മൂന്നു കിലോമീറ്ററപ്പുറത്തായി ഒരു കുന്ദംകുളത്തിന്റെ രാശിയുള്ള ഗ്രാമത്തിലാണ്‌ അവരുടെ പുതിയ വീട്. ഡോംബിവിലിയെ അപേക്ഷിച്ച് തണുപ്പു കൂടുതലാണവിടെ.

മാർച്ച് ഒന്ന്. വർണ്ണപ്രപഞ്ചം സൃഷ്ടിക്കുന്ന ദിനം. എല്ലാ വർണ്ണങ്ങളും കൂട്ടിക്കുഴച്ച് ഒരു വർണ്ണവുമല്ലാതായിത്തീരുന്നു. അതിൽ കൊല്ലത്തിലൊരിക്കൽ തന്റെ വ്യക്തിത്വം പോലുമുപേക്ഷിക്കാൻ തയ്യാറായി ഉത്തരേന്ത്യക്കാർ അതാഘോഷിക്കുന്നു. ഞങ്ങൾക്കത് വെറും “ഹോളി”ഡേ.  രാവിലെ, രാത്രിയിൽ ഹോളികയെകത്തിച്ച്  ആഘോഷത്തിമർപ്പിൽ ക്ഷീണിച്ചുറങ്ങുന്ന അവരുണരും മുൻപ് ഡോംബിവിലിയിലെ ഖസാക്കിലൂടെ നടന്ന് ഞങ്ങൾ നദീതീരത്തെത്തി. രമേശേട്ടന്റെ വക ഒരു ഫോട്ടോ ഷൂട്ട്. ഉദയ സൂര്യന്റെ ചെങ്കതിരിൽ ഇല്ലാത്ത സൗന്ദര്യം വർദ്ധിപ്പിക്കാനൊരു പാഴ്ശ്രമം.

ഞായറിന്റെ മുടക്കത്തിലേക്ക് ഭരതനെത്തി. ഡോംബിവിലി ഏരിയയിലെ സ്ക്വാഡ് വർക്കിനായി. വിവാഹപ്രായമായവരുടെ ഒരു ഡാറ്റാ ബാങ്ക് രൂപീകരണത്തിനായി വിവരശേഖരണവുമായി നടന്ന ദിനം. സ്വന്തം കാര്യം എല്ലാം ശരിയാക്കിയുറപ്പിച്ചാണല്ലേ ഈ പണിക്കിറങ്ങിയിരിക്കുന്നത്? അങ്ങിനെയൊരു ചോദ്യവും ഒരപേക്ഷകയിൽ നിന്നും കേൾക്കേണ്ടി വന്നു. ഉത്തരം- അതെ കുട്ടി. എന്റെ കാര്യത്തിൽ ഇത്തരമൊരു കടമ്പയിലൂടെ കടന്നു പോകേണ്ടി വന്നില്ലാ എന്നതിന്‌ ആരോട് നന്ദി പറയേണ്ടുവെന്നറിയില്ല. ആശംസകൾ സ്വീകരിച്ചു.

രമേശേട്ടൻ പരസ്യനിർമ്മാണവുമായി ബന്ധപ്പെട്ട് ശബ്ദം നല്കാനുള്ള തയ്യാറെടുപ്പിൽ. എഫ്ഫെർമെന്റ് പേസ്റ്റിന്റെ പരസ്യം. വനമാലി അതിനുള്ള വാതായനം തുറന്നു കൊടുത്തു. ഗണേശനും രമേശേട്ടനും കാന്തിവില്ലിയിൽ പുതിയ റൂം കണ്ടെത്തിയിരിക്കുന്നു. പ്രദീപും രേണുവും താമസിക്കുന്ന ചാർക്കോപ്പിലെ തൊട്ടടുത്ത റൂം. പ്രദീപും രമേശേട്ടനും ബാല്യകാല സുഹൃത്തുക്കളാണ്‌. പക്ഷേ, പറഞ്ഞു മനസ്സിലാക്കേണ്ടി വന്നു. പ്രദീപ് തൃപ്രയാർ കിഴക്കേനടയിലെ മഹാത്മ ക്ളബ്ബിലെ ക്രിക്കറ്റ് ടീമിലെ കരുത്തുറ്റ ബാറ്റ്സ്മാനാണ്‌. ചേലുക്കുളങ്ങരെ ഷാരത്തെ. അക്കാലത്ത് ഗോപിനാഥ ചേട്ടൻ മഹാത്മ ക്ളബ്ബിൽ പോയി സ്ഥിരം കളിക്കാറുണ്ടായിരുന്നു. രേണുവാകട്ടെ എന്റെ നാട്ടുകാരിയും. ചെറുകര എരവിമംഗലത്തെ ജോൽസ്നയെന്ന പുത്തൻ പിഷാരത്തെ മുടവന്നൂർ നാരായണമ്മാവന്റെ ഒടുവിലത്തെ മകൾ. പ്രദീപിന്റെ ചാർക്കോപ്പിലെ റൂം ശാസ്ത്രീയ സംഗീതക്കച്ചേരി കാസറ്റുകളുടെ ഒരു കലവറയാണ്‌. കഥകളി സംഗീതത്തിന്റെയും. രണ്ടിലും തികഞ്ഞ ഗ്രാഹ്യം. കച്ചേരികൾക്കും കഥകളിക്കുമായി എത്രദൂരം പോകാനും മടിയില്ലാത്ത സഹൃദയൻ.

ആരതി റെക്കോർഡിംഗിൽ ബിശ്വദീപിനു ശേഷം വന്ന റെക്കോർഡിസ്റ്റ് “ദാദ”യെ പതിയെ ഒഴിവാക്കി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ കണ്ണൂർക്കാരനായ ഒരു മലയാളി ചെറുപ്പക്കാരനെ, പി എം സതീഷിനെ വെച്ചു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്തതിയായ മധു സിൻഹയ്ക്കും ഇൻസ്റ്റിറ്റ്യൂട്ടുകാരോടായിരുന്നു താല്പര്യം. സൗമ്യനും സൽസ്വഭാവിയുമായൊരു ഒരു മലയാളിയെ റെക്കോർഡിസ്റ്റായി കിട്ടിയതിൽ എനിക്കും സന്തോഷമായി. മലയാള സാഹിത്യത്തിൽ സതീഷ് വായിക്കാത്ത പുസ്തകങ്ങളില്ലായിരുന്നു. നന്നെ ചെറുപ്പത്തിലേ കൈവന്നതാണത്രെ ആ ശീലം.  ഇടവേളകളിൽ ഞങ്ങൾ സാഹിത്യ ചർച്ചകളിലേർപ്പെടും. പിന്നീട് ആരതി വിട്ട സതീഷ് ഇന്ത്യയിലങ്ങോളമിങ്ങോളമറിയുന്നൊരു  സൌണ്ട് ഡിസൈനറും സൌണ്ട് എഡിറ്ററും മിക്സറുമായി മാറി. 1999ൽ കുമാർ ടാക്കീസ് എന്ന ചിത്രത്തിന്റെ സൌണ്ട് ഡിസൈൻ വർക്കിന്‌ അദ്ദേഹത്തിന്‌ ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. ബാഹുബലിയുടെ സൌണ്ട് ഡിസൈനർ എന്ന നിലയിലാണ്‌ സതീഷ് ലോകപ്രശസ്തനാവുന്നത്. മലയാളത്തിലെ പുലിമുരുകന്റെ സൌണ്ട് ഡിസൈനറും സതീഷായിരുന്നു.

ആരതി സൌണ്ട്സിലെ റെക്കോർഡിസ്റ്റ് രാമു ആകെ അസ്വസ്ഥനായി എന്നെക്കാണാനെത്തി. വിഷയം തികച്ചും വ്യക്തിപരമെന്നു പറഞ്ഞെന്നാണ്‌ തുടങ്ങിയത്. കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുടെ അച്ഛനായ രാമു, ഞാനും ആ ക്ളബ്ബിലംഗമായെന്ന മട്ടിലാണ്‌ എന്റെ മുമ്പിൽ മനസ്സു തുറക്കുന്നത്.

രാമുവിന്റെ ഭാര്യ ഗർഭിണിയാണ്‌. മൂന്നാം വട്ടവും. മൂത്ത മകൾ പൂജക്ക് നാലു വയസ്സും രണ്ടാമത്തവൾക്ക് ഒരു വയസ്സുമേ ആയിട്ടുള്ളു. അതിനിടക്കാണ്‌ രൂപവതി വീണ്ടും ഗർഭിണിയായിരിക്കുന്നത്. ആ ദമ്പതികളുടെ കൈത്തെറ്റാണ്‌ മേല്പ്പറഞ്ഞ ഗർഭമെന്ന് രാമു കുമ്പസാരിച്ചു. ഒരു നല്ല സമരിയക്കാരനെപ്പോലെ നമ്മുടെ കൈത്തെറ്റുകളുടെ പാപഭാരം അനുഭവിച്ചു തന്നെ തീർക്കുവാൻ ഉപദേശിച്ച് ഞാൻ രാമുവിനെ പറഞ്ഞയച്ചു.

ഞാനെന്നല്ല, നാളെ,  ഓരോ ദമ്പതികളും  ചിന്തിക്കേണ്ട, വ്യാകുലപ്പെടേണ്ട വിഷയം. ഈ ലോകത്തിലെ ജനിച്ചു വീഴുന്ന കുട്ടികളിൽ മുക്കാൽ ഭാഗവും മാതാപിതാക്കളുടെ ലൈംഗികബന്ധത്തിലെ കളകളായിത്തീരാൻ വിധിക്കപ്പെട്ടവരാണ്‌. പറിച്ചെറിയാൻ കഴിയാതെ, വളർത്താൻ നിർബന്ധിതരാകുന്നവർ. അല്ലെങ്കിലാരാണ്‌ തന്റെ പരമ്പരയെ നിലനിർത്തുകയെന്ന ഉദ്ദേശ്യത്തോടെ ഭോഗത്തിലേർപ്പെടുന്നവർ. ഇണയിൽ തോന്നുന്ന കാമം മാത്രമല്ലേ സത്യം?

മനുഷ്യമനസ്സ് എത്ര ക്രൂരമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെനിക്ക്. അരുതെന്ന് വിലക്കിയാലും മനസ്സു വ്യാപരിക്കുന്നത് പൊറുക്കാൻ കഴിയാത്ത തെറ്റുകളുമായായിരിക്കും. മനസ്സുകൊണ്ട് ശുദ്ധരാകുക അസാദ്ധ്യം.

 

0

Leave a Reply

Your email address will not be published. Required fields are marked *