Mumbai Bachelor Life – Part 26

മുരളി വട്ടേനാട്ട്

 

സമപ്രായക്കാരിലെ പലരുടെയും കല്യാണം അടുത്തെത്തിയിരിക്കുന്നു. കോഴിത്തൊടി മണിയുടെ കല്യാണം ആയിരുന്നു അന്ന്.

ഒരു കൂവലിനപ്പുറത്തായാണ്‌ കോഴിത്തൊടി സ്ഥിതി ചെയ്യുന്നത്. തെക്കെ പത്തായപ്പുരയിലെ പാടത്തേക്കിറങ്ങുന്ന കഴലിന്റെ മേലിൽ കയറിയിരുന്ന് എട്ടര മണിയായാൽ ഞാനും ശശിയും കൂടെ ഉണ്ണിക്കും മണിക്കും കൂവിക്കൊണ്ട് സൈറൺ കൊടുക്കും. കുറുപ്പത്തെ സ്കൂളിലെ പഠനം കഴിഞ്ഞ് അഞ്ചു മുതൽ ഏഴുവരെ അവർ രണ്ടു പേരും ചെറുകര സ്കൂളിൽ ചേർന്നതു മുതൽ ഉള്ള പതിവാണിത്.  എട്ടേ മുക്കാലോടെ അവരെത്തിയാൽ പിന്നെ പാടത്തു കൂടെ കുറ്റിപ്പുളി വഴി ഒരു ജാഥയാണ്‌. ഇടക്കു വെച്ച് പാടവക്കത്തുള്ള ഓരോ വീടുകളിൽ നിന്നും കുട്ടികൾ ചേർന്ന് ജാഥക്ക് അണക്കെട്ടെത്തുമ്പോഴേക്കും വലിപ്പം കൂടും.

പോകുന്ന വഴിക്ക് ഒരോ കാലത്തും ഒരോ തരം കളികളും വികൃതികളും കാട്ടി ആസ്വദിച്ചായിരിക്കും ഞങ്ങളുടെ യാത്ര. മഴക്കാലത്ത്‌ വരമ്പുകളിലും വശങ്ങളിലുമായി ഞണ്ടുകളുടെ പൊത്തുകൾ യഥേഷ്ടം കാണാം. വരമ്പത്ത് വളർന്നു നില്ക്കുന്ന കതിരുകളുള്ള പുല്ലു പറിച്ച് കതിര്‌ പൊത്തിലേക്ക് കയറ്റിക്കഴിഞ്ഞാൽ ഞണ്ട് അതിൽ കയറിപ്പിടിക്കും. പിടിച്ചതും അതിനെ വലിച്ചെടുത്ത് വരമ്പത്തിട്ട് ചവിട്ടിയരച്ചതിനെ കൊല്ലും. ഞങ്ങൾ പോകുന്ന വഴിയിലുള്ള വരമ്പുകളിലൊക്കെ ഇങ്ങനെ ചത്ത ഞണ്ടുകളുടെ തോടുകളും മുള്ളു പോലെ കൂർത്ത കാലുകളും ആ ക്രൂരവിനോദത്തിന്റെ സാക്ഷിപത്രങ്ങളായി ചിതറിക്കിടന്നു. ഏതോ ചില സ്ഥലമുടമകൾ ഇക്കാര്യം വീട്ടുകാരോട് പരാതിയായി പറഞ്ഞപ്പോഴാണ്‌ ഞങ്ങൾ തല്ക്കാലം അപ്പണി നിർത്തിയത്.

നെല്ല് കതിരിടാൻ തയ്യാറായി ഗർഭിണിയായി  നില്ക്കുന്നത് കാണാൻ നല്ല ഭംഗിയാണ്‌.  ഇളം മധുരമുള്ള ആ കുരുന്നു കതിരുകൾ ഉള്ളിൽ നിന്നും ഊരിയെടുത്ത് തിന്നാൻ  അതിലേറെ രസവും. വരമ്പുകളുടെ ഇരു വശവും കയ്യിൽ കിട്ടുന്നത് മുഴുവൻ ഊരിയെടുത്ത് തിന്ന് പോളകൾ വരമ്പത്ത് വലിച്ചെറിഞ്ഞായിരിക്കും യാത്ര. വീണ്ടും കർഷകരുടെ പരാതി വീട്ടിലെത്തിയപ്പോഴാണ്‌ ആ വിനോദവും നിന്നത്.

രാജമന്ദിരത്തിനടുത്തുള്ള ചെറിയ അണക്കെട്ടിനപ്പുറം കുതിച്ചു പായുന്ന തോട്ടിലേക്ക് കരിനെച്ചിയുടെയും കാട്ടു താളിന്റെയും ഇലകൾ പൊട്ടിച്ചെറിഞ്ഞ് വേഗം നടന്ന് വലിയ അണക്കെട്ടിലെത്തുമ്പോഴേക്കും ഞങ്ങളിട്ട ഇലകൾ ഒഴുക്കിൽ പെട്ട് അവിടെയെത്തിയിരിക്കും.

ഇപ്പോൾ വേനലിൽ വറ്റി വരണ്ടു കിടന്ന ആ തോടു മുറിച്ചു കടന്ന് വൈകീട്ട് ചന്ദ്രാലയത്തിലും പരിസരങ്ങളിലും ക്ഷണം കഴിച്ചു വന്നു.

ക്ഷണങ്ങളും ഒരുക്കങ്ങളും അതിന്റെ രീതിയിലിലും നാട്ടുനടപ്പനുസരിച്ചും  പൂർത്തിയായി. തലേ ദിവസമായ ഫെബ്രുവരി 6നു വന്നു പെട്ട ബന്ദ് കാരണം ബന്ധുക്കൾ ഒരു ദിവസം മുമ്പു  തന്നെ എത്തി. വിനയൻ, സന്തോഷ് എന്നീ കൂട്ടുകാരും നേരത്തെയെത്തി. സന്തോഷാണ്‌ ഫോട്ടോഗ്രാഫർ. രാമചന്ദ്രൻ ബൈക്കുമായാണ്‌ എത്തിയത്. ബന്ദ് ദിവസം ഓടാൻ പറ്റിയ വാഹനം അതെ ഉള്ളു. വീടിനു മുമ്പിൽ പന്തലൊരുങ്ങി. കണ്ണനിവാസിലെ ആദ്യത്തെ കല്യാണപ്പന്തൽ. കല്യാണം ഗുരുവായൂരാണെങ്കിലും വീട്ടിൽ പന്തൽ വേണമല്ലോ. കല്യാണദിനമെത്തി. രാവിലെ ആറുമണിക്ക് കാരണവന്മാരുടെയും പിതൃപരമ്പരകളുടെയും അനുഗ്രഹാശിസ്സുകൾ വാങ്ങി അവൾ കാറിൽ ഗുരുവായൂരിലേക്ക് യാത്രയായി. ബാക്കിയുള്ളവർ പഞ്ചമി ബസിൽ ഏഴേമുക്കാലിനും. ഒമ്പതേകാലിന്‌ ഗുരുവായൂരെത്തി. രാജേശ്വരി തൃപ്രയാർ നിന്നും നേരിട്ടെത്തി.

വിവാഹം ഭംഗിയായി നടന്നു. അച്ഛന്റെയും ആങ്ങളയുടെയും അമ്മാമന്റെയും ഭാവാദികൾ സ്വയം ഏറ്റെടുത്ത് അവളെ മനുവിന്റെ കൈകളിലേല്പ്പിച്ചു.

പിറ്റേന്ന് വീട്ടിൽ നാട്ടുകാർക്കായി ടീപാർട്ടി.

അതിനും പിറ്റേന്ന് പ്രത്യേക പണികളൊന്നുമില്ലാതിരുന്ന ദിനം. വിജയൻ ഒരു ദശാബ്ദത്തിനു ശേഷമുള്ള കാനേഷുമാരിയുടെ തിരക്കിലാണ്‌. കൂടെക്കൂടുന്നോ എന്ന ചോദ്യം കേട്ട് ഞാനും കൂടെക്കൂടി. രാമകൃഷ്ണൻ മാഷെ വർഷങ്ങൾക്കു ശേഷം കണ്ടു. ആറാം ക്ളാസിൽ പഠിക്കുമ്പോൾ, “ആംബർക്കല്ലിന്റെ നിറമെന്നാടോ” എന്ന മാഷുടെ ആദ്യ ക്ളാസിലെ  ചോദ്യം ഇന്നും മനസ്സിലുണ്ട്. തെക്കു നിന്നുമെത്തിയ, മീശ ചുരുട്ടി വെച്ച് നടന്നിരുന്ന മലയാളം മാഷ് പതുക്കെ ഞങ്ങൾക്കൊക്കെ സർവ്വസമ്മതനായി മാറി. എഴാം ക്ലാസിൽ പഠിക്കുമ്പോൾ, മാഷ് ഞങ്ങൾക്കായി ഒരു നാടകമെഴുതി, അതിൽ ഞാൻ ബിരുദധാരിയായ തൊഴിലില്ലാത്ത ചെറുപ്പക്കാരന്റെ പ്രധാന വേഷം അഭിനയിച്ചു. കോഴിത്തൊടി മണി എന്റെ അച്ഛനായും.

മാഷക്കും വിജയനുമൊപ്പം റെയിലിനപ്പുറമുള്ള ഭാഗത്തെ വീടുകളിൽ കയറിയിറങ്ങി. ആദ്യമായാണ്‌ ആ ഭാഗങ്ങളൊക്കെ കാണുന്നത്. കാടും മേടും താണ്ടി വീടുകളിൽ നിന്നും വീടുകളിലേക്ക് വിവരണശേഖരണത്തിനായി നടന്നു. വികസനം നേടിയെന്ന് അഭിമാനിക്കുന്ന കേരളത്തിലെ ഗ്രാമീണ ജനത എവിടെ നില്ക്കുന്നുവെന്ന് നേരിട്ടറിയാനൊരു സന്ദർഭം. ഓരോ വിവരങ്ങൾ പറയുമ്പോഴും അവരുടെ കണ്ണുകളിലെ ദൈന്യഭാവം, ഒരു ജോലിയില്ലാത്തതിന്റെ, മകൻ നഷ്ടപ്പെട്ടതിന്റെ, ഭർത്താവിനെ നഷ്ടപ്പെട്ടതിന്റെ… അങ്ങിനെ എണ്ണാനാവാത്ത നഷ്ടബോധം പേറുന്ന ഒരു പിടി ജനങ്ങൾ. അതിനിടയിൽ ശ്രദ്ധയിൽ പെട്ടൊരു കാര്യം ഒരൊറ്റ ഡിഗ്രിക്കാരനെപ്പോലും കണ്ടുമുട്ടിയില്ലെന്നതായിരുന്നു.

ഫെബ്രുവരി 14നു രാവിലെ അമ്മയും ഞാങ്ങാട്ടിരി വല്യച്ഛനും ശോഭയൂം മനുവുമൊപ്പം തൃപ്രയാറെത്തി. ഞാനും രാജേശ്വരിയും തമ്മിലുള്ള വിവാഹം സെപ്തംബർ മാസം നടത്താമെന്ന് വാക്കാൽ ഉറപ്പിച്ചു. അനേകനാളായി മനസ്സിൽ കൊണ്ടു നടന്ന ആഗ്രഹത്തിന്‌ ഒന്നു കൂടി ഉറപ്പു കൈവന്ന ദിനം.

ബാച്ചിലർ ജീവിതം ഇനി ആറു മാസം കൂടി മാത്രം.

0

Leave a Reply

Your email address will not be published. Required fields are marked *