Mumbai Bachelor Life – Part 25

മുരളി വട്ടേനാട്ട്

 

നിശ്ചയം കഴിഞ്ഞു. നേർ പെങ്ങളുടെ കല്യാണത്തിന് ഇനി 10 ദിവസം മാത്രം. കത്തടിച്ചു കിട്ടിയത് പോസ്റ്റ് ചെയ്യേണ്ടവർക്കൊക്കെ പോസ്റ്റ് ചെയ്തു. കുടുംബക്കാരുടെ വീടുകളിൽ പോയിപ്പറയണം. പിറ്റേന്ന് രാവിലെ കൊടിക്കുന്ന്, ഞാങ്ങാട്ടിരി വഴി വട്ടേനാട്ട് എത്തി. വട്ടേനാട്ട് കുറെയുണ്ട് നേരിട്ട് പോയിപ്പറയാൻ. അവിടെ യെല്ലാം കഴിഞ്ഞ് നേരെ വലിയ മുത്തശ്ശി താമസിക്കുന്ന പുതുക്കുളങ്ങരേക്കെത്തി.

പുതുക്കുളങ്ങരയും വട്ടേനാടും തമ്മിൽ തലമുറകളായി വളരെ അടുത്ത ബന്ധമാണുള്ളത്. മുത്തശ്ശിയുടെ അച്ഛൻ പുതുക്കുളങ്ങര ഷാരത്തെയാണ്. കൂടാതെ മുത്തശ്ശിയുടെ നേരെ ചേച്ചി ലക്ഷ്മി മുത്തശ്ശിയെ കല്യാണം കഴിച്ചിട്ടുള്ളതും പുതുക്കുളങ്ങരെക്കാണ്. പുതുക്കുളങ്ങര തറവാട് കൂറ്റനാട് തൃത്താല റോഡിൽ മേഴത്തൂരെത്തുന്നതിനു മുമ്പ് പുല്ലാനിക്കാവിനു നേരെ കിഴക്കോട്ട് കോടനാട്ടേക്ക് പോകുന്ന റോഡിലൂടെ ഒരു കിലോമീറ്ററുള്ളിലായി പുതുക്കുളങ്ങര അയ്യപ്പൻ കാവിനടുത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. തറവാട്ടിൽ താമസം മുത്തശ്ശിയുടെ മൂത്ത ചേച്ചി മങ്കപ്പിഷാരസ്യാർക്ക് പശുപതി നമ്പൂതിരിയിലുള്ള അഞ്ചാമത്തെ മകൾ സുഭദ്രവല്യമ്മയും അവരുടെ ഭർത്താവ് പുതുക്കുളങ്ങരെ പിഷാരത്ത് ശേഖരപിഷാരടിയും മക്കളുമാണ്.

അവിടെ ക്ഷണം നടത്തി നേരെ ലക്ഷ്മി മുത്തശ്ശിയുടെ അടുത്തെത്തി. ലക്ഷ്മി മുത്തശ്ശി മകൻ ചന്ദ്രശേഖരന്റെ കൂടെ പുതുക്കുളങ്ങരെ ലക്ഷ്മി നിവാസിലാണ് താമസം. ലക്ഷ്മി മുത്തശ്ശിയെ കല്യാണം കഴിച്ചത് പുതുക്കുളങ്ങരെ ക്ഷാരത്തെ അപ്പുവെന്ന് വിളിക്കുന്ന ഗോപാല പിഷാരടി. അവർക്ക് കാർത്ത്യായനി എന്ന അമ്മു, ബാലകൃഷ്ണൻ, കുഞ്ഞിലക്ഷ്മി, രാധ, ചന്ദ്രശേഖരൻ, രാജഗോപാലൻ എന്നിങ്ങനെ ആറുമക്കൾ.

ലക്ഷ്മി മുത്തശ്ശി വാത്സല്യനിധിയാണ്. ചെന്ന് കണ്ടാൽ നമ്മുടെ കൈകൂട്ടിപ്പിടിച്ച് കൂടെയിരുത്തി, വിശേഷങ്ങളെല്ലാം വിശദമായി ചോദിച്ചറിഞ്ഞിട്ടെ മുത്തശ്ശി പിടി വിടൂ. അതു കൊണ്ടു തന്നെ പെട്ടെന്നൊന്നും അവിടെ നിന്ന് പോരാമെന്ന് കരുതണ്ട. ചോദിച്ചത് തന്നെ പിന്നെയും പിന്നെയും ചോദിച്ച് ഹൃദിസ്ഥമാക്കിയിട്ടേ മുത്തശ്ശി പിടി വിടൂ. പോവുകയാണെന്ന് പറഞ്ഞാൽ, ഇന്ന് പോണ്ട, ഒരു ദിവസം കൂടിയിട്ട് പോയാൽ മതിയെന്ന് പറഞ്ഞ് വിടാത്ത പ്രകൃതം.

ലക്ഷ്മി മുത്തശ്ശിയോടൊപ്പം
ലക്ഷ്മി മുത്തശ്ശിയോടൊപ്പം

നാണിമുത്തശ്ശിയേക്കാൾ അഞ്ചാറു വയസ്സിന് മൂത്തതാണെങ്കിലും കാഴ്ചയിൽ ആരോഗ്യവതി. ഈയടുത്ത കാലം വരെ മാറുമറക്കാതെയായിരുന്നു മുത്തശ്ശി വീട്ടിൽ കഴിഞ്ഞിരുന്നത്. ആറു മക്കളെ ഊട്ടി, ഇടിഞ്ഞു തൂങ്ങിയ മുലകൾ മുത്തശ്ശിയുടെ വയറുമറച്ച് അരവരെ തൂങ്ങിക്കിടന്നു. ആയ കാലത്ത് ചിറ്റിട്ട് വലുതായ കാതിലെ തുളകൾ ആ നീണ്ട മുഖത്തിന് പ്രത്യേക ഭംഗി നല്കിയിരുന്നു. പിന്നീട് കാലം മാറിയപ്പോൾ മക്കൾ മുത്തശ്ശിയെ ജമ്പറിടീച്ചു തുടങ്ങി.

എന്റെ കുട്ടിക്കാലത്ത് നാണിമുത്തശ്ശി എല്ലാമാസവും ഗുരുവായൂർ തൊഴാനായി പോവാറുണ്ടായിരുന്നു. ഒന്നിടവിട്ട മാസങ്ങളിൽ സംക്രാന്തി ദിവസം പോയി രണ്ടു മാസത്തെ തൊഴലും കഴിച്ചു പോരുന്നതാണ് ശീലം. അങ്ങിനെ പോയി വരുന്ന വഴി വട്ടേനാട്ടും പുതുക്കുളങ്ങരെയും രണ്ടു മൂന്നു ദിവസം താമസിച്ചിട്ടെ മുത്തശി ചെറുകരേക്ക് എത്തൂ.

അത്തരം യാത്രകളിൽ ചിലപ്പോഴെങ്കിലും വാശി പിടിച്ച് ഞാനും മുത്തശ്ശിയുടെ കൂടെ പോയിട്ടുണ്ട്. ഗുരുവായൂരിൽ നിന്നും വരുന്ന വഴി കൂറ്റനാട്ട് ബസിറങ്ങി നേരെ വട്ടേനാട്ട് സ്കൂളിനടുത്തുള്ള മഠത്തിലേക്കെത്തും. വട്ടേനാട്ട് മഠത്തിൽ അന്ന് താമസം മുത്തശ്ശിയുടെ മൂത്ത ചേച്ചി മങ്ക പിഷാരസ്യാരുടെ മൂത്ത മകൾ കുഞ്ഞുകുട്ടി പിഷാരസ്യാരും കുടുംബവുമാണ്. ശുകപുരത്തു പിഷാരത്ത് കരുണാകര പിഷാരടിയെന്ന അപ്പുക്കുട്ട പിഷാരടിയാണ് കുഞ്ഞുകുട്ടി പിഷാരസ്യാരുടെ ഭർത്താവ്. അവർക്ക് ഡോ. ഗോപി, വൽസല, രാമനാഥൻ, ദാമോദരൻ, ജയലക്ഷ്മി, ഡോ.വാസുദേവൻ, നന്ദിനി, ഉണ്ണികൃഷ്ണൻ, ഡോ. കൗമുദി എന്നിങ്ങനെ ഒമ്പത് മക്കൾ. അവിടത്തെ ഉണ്ണികൃഷ്ണനും ഞാനും സമപ്രായക്കാരാണ്.

തൊട്ടപ്പുറത്തു തന്നെ മങ്കപ്പിഷാരസ്യാരുടെ ഒടുവിലത്തെ മകളായ രാധയും ഭർത്താവ് മഞ്ജീരി പിഷാരത്ത് പ്രഭാകരേട്ടനും താമസിക്കുന്നുണ്ട്. മഠത്തിലും രാധോപ്പോളുടെ അവിടെയും ഒരു നേരം താമസിച്ച് നേരെ വട്ടേനാട്ടേക്ക് പോരുന്ന വഴിക്കുള്ള തെക്കേഷാരത്തെത്തും. തെക്കേ ഷാരത്ത് താമസം മുത്തശ്ശിയുടെ ഏറ്റവും ഇളയ സഹോദരൻ രാഘവ പിഷാരടിയുടെ കുടുംബമാണ്. രാഘവമ്മാവൻ നേരത്തെ മരിച്ചു. രാഘവമ്മാവൻ കല്യാണം കഴിച്ചത് മുത്തശ്ശിയുടെ തന്നെ മൂത്ത ഏട്ടനായ ഭരതപിഷാരടിയുടെ മകളായ പാലൂര് പുത്തൻ പിഷാരത്ത് രാധമ്മായിയെയാണ്. തെക്കെ പിഷാരത്തു നിന്നും പിന്നെ എത്തുന്നത് തറവാട്ടിലേക്കാണ്. ഭാഗം വെച്ചിട്ടില്ലാത്ത തറവാട്ടിൽ അന്ന് താമസം മുത്തശ്ശിയുടെ മൂത്ത സഹോദരി ശ്രീദേവിയുടെ മൂത്ത മകൾ കുഞ്ചുകുട്ടി മുത്തശ്ശിയും മകൻ രാമചന്ദമ്മാമനുമാണ്. ഒരു ദിവസം അവിടെ താമസിച്ച്, കുളിച്ചു തൊഴുത്, തൊട്ടപ്പുറത്ത് താമസിക്കുന്ന നാരായണമ്മാവനെ കണ്ട് ഉച്ച തിരിഞ്ഞാൽ ഞങ്ങൾ രണ്ടു കിലോമീറ്ററപ്പുറത്തുള്ള പുതുക്കുളങ്ങരയിലേക്ക് നടക്കും. വട്ടേനാട്ട് അമ്പലത്തിനു മുമ്പിലുള്ള കുന്ന് കയറിയിറങ്ങി പാടത്തേക്കിറങ്ങിയാൽ റോഡ് മുറിച്ച് കടന്ന് വലിയ തോട്ടു വരമ്പിലൂടെ നേരെ വെച്ചു പിടിച്ചാൽ പുതുക്കുളങ്ങരെ അമ്പലത്തിനടുത്തെത്താം. പുതുക്കുളങ്ങരെ അമ്പലത്തിനു നേരെയാണ് ഷാരത്തെ പടി. ഷാരത്ത് സുഭദ്രവല്യമ്മയും ശേഖരമ്മാവനും അവരുടെ മക്കളും. അതിൽ ലീലയും പ്രഭയും ഏകദേശം സമപ്രായക്കാരാണ്. അവിടെ നിന്നും ചായ കുടി കഴിഞ്ഞ് നേരെ ലക്ഷ്മി മുത്തശ്ശിയുടെ അടുത്തേക്ക്. ലക്ഷ്മ്യേടത്തിടെ കൂടെ രണ്ടു ദിവസം നില്ക്കണം എന്ന് നിർബന്ധമാണ് മുത്തശ്ശിക്ക്. ലക്ഷ്മിമുത്തശ്ശി താമസിക്കുന്നതിന് തൊട്ടപ്പുറത്തായി മൂത്ത മകൾ അമ്മു വല്യമ്മയും താമസമുണ്ട്.

അതൊക്കെ ഒരു കാലം. ഇന്ന് ആർക്കും സമയമില്ല. ആരെയും കാണണമെന്നുമില്ല. മുത്തശ്ശി മരിക്കും വരെ എല്ലാ വർഷവും ലീവിൽ ചെല്ലുമ്പോൾ ലക്ഷ്മി മുത്തശ്ശിയെ കാണുക എന്നത് മുടങ്ങാതെ ചെയ്തിരുന്നു. മുത്തശ്ശിയുടെ കാലശേഷം ആ ഭാഗങ്ങളിലേക്കുള്ള പോക്ക് ഇല്ലാതായിയെന്ന് പറയാം.

പിറ്റേന്ന് തൃശൂർ യാത്ര. കല്യാണ സാരി, വള എന്നിങ്ങനെ അത്യാവശ്യം വേണ്ടുന്നവ എടുത്തു. ആർഭാടങ്ങൾ കഴിയുന്നത്ര ഒഴിവാക്കി, പോക്കറ്റിന്റെ കനം അറിഞ്ഞു ചിലവാക്കുക എന്ന ലോകനീതിയിലേക്ക് ഒതുങ്ങിക്കൂടി.

രാത്രി വിജയനുമൊത്ത് ഏറെ വർഷങ്ങൾക്ക് ശേഷം എരവിമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് തൈപ്പൂയ്യം കാണാൻ പോയി. നിലാവിൽ കുളിച്ച രാത്രിയിൽ പത്തായപ്പുരക്കപ്പുറം കൊയ്തൊഴിഞ്ഞ പാടം മുറിച്ചു കടന്ന് നടക്കുമ്പോഴേക്കും അങ്ങകലെ അമ്പലപ്പറമ്പിൽ നിന്നും കഥകളിയുടെ കേളി കൊട്ടുയർന്നു തുടങ്ങിയിരുന്നു.

ശരീരം മുന്നിലുള്ള വരമ്പുകൾ താണ്ടി മുമ്പോട്ട് നടന്നപ്പോൾ, മനസ്സ് പുറകിലേക്ക് നടക്കുകയായിരുന്നു.

…..തോട് മുറിച്ചു കടന്നു കുറുപ്പത്ത് സ്കൂൾ പറമ്പിലേക്ക് നീളുന്ന വലിയ വരമ്പിലൂടെ നാല്പ്പത് പേരടങ്ങുന്ന വലിയൊരു സംഘം നടന്നു നീങ്ങുകയാണ്. ഏറ്റവും മുമ്പിലായി ചൂട്ടു കത്തിച്ച് കൂട്ടത്തിൽ ധൈര്യശാലിയായ ഒരേട്ടൻ.. അതിനു പുറകെ കുട്ടികളുടെ ഒരു പട തന്നെയുണ്ട്. കൊച്ചുട്ടൻ, ശ്രീകുട്ടൻ, ശോഭ, ശശി തുടങ്ങി…അവരുടെ പുറകിലായി മുത്തശ്ശിമാരുടെയും അമ്മായിമാരുടെയും സംഘം. അതിനും പുറകിലായി അമ്മമാരുടെ നിര. അവർക്കു പുറകിലായാണ് ഞങ്ങൾ സമപ്രായക്കാരായ ആൺ കുട്ടികൾ തമാശ പറഞ്ഞ് നടന്നിരുന്നത്. ഞങ്ങൾക്കും പുറകിലായി ചേച്ചിമാർ, അവരെ തൊട്ടു തൊട്ടില്ലാ എന്ന മട്ടിൽ അഞ്ചുകട്ട ടോർച്ച് മിന്നിച്ച് യുവാക്കളുടെ നിര. പകലൂണും കഴിഞ്ഞ് ഏഴര എട്ടുമണിയോടെയാണ് സംഘം യാത്ര തിരിക്കുന്നത്. പൂരപ്പറമ്പിൽ കഥകളി കാണാൻ ഇരിക്കാനായി ആശാരി വള്ളി നേരത്തെ പോയി രണ്ടു പായ വിരിച്ച് സ്ഥലം പിടിച്ചിട്ടുള്ളതു കൊണ്ട് എല്ലാവരും സാ.. എന്ന് ആടിപ്പാടി നാട്ടുവിശേഷങ്ങളും വീട്ടു വിശേഷങ്ങളും പങ്കുവെച്ചാണ് നടപ്പ്. അങ്ങിനെ, ആടിപ്പാടി, മുന്നിൽ നടന്ന കുട്ടികൾ കഴായ ചാടിക്കടക്കുമ്പോൾ കാലിടറി വീണു കരഞ്ഞ്, അമ്മമാരുടെ തലോടലിൽ കരച്ചിലടങ്ങി, ഇടവഴികളിലൂടെ വീണ്ടും കളിച്ചു ചിരിച്ച് ഒരു ഒമ്പതു മണിയാവുമ്പോഴേക്കും പൂയ്യപ്പറമ്പിലെ വള്ളി വിരിച്ച പായയിൽ എത്തിപ്പെടും.

അപ്പോഴേക്കും തോടയം പുറപ്പാട് കഴിഞ്ഞ് മേളപ്പദവും കഴിഞ്ഞ് കഥയാരംഭിച്ചിരിക്കും.മുത്തശ്ശിമാർക്കും അമ്മമാർക്കും മേല്പ്പറഞ്ഞ ഏർപ്പാടുകളിലൊന്നും വലിയ കമ്പമോ ഗ്രാഹ്യമോ ഇല്ലാത്തതു കാരണം ആർക്കും വലിയ പരിഭവമില്ല.

“അവരവർ ചൊല്ലിക്കേട്ടേനവൾതൻ ഗുണഗണങ്ങൾ
അനിതരവനിതാസാധാരണങ്ങൾ,
അനുദിനമവൾ തന്നിലനുരാഗം വളരുന്നു” എന്ന നളന്റെ ചൊല്ലിയാട്ടം കണ്ട് മുത്തശ്ശിമാരും അവർക്ക് പിന്നിലായി അമ്മമാരും കളി സശ്രദ്ധം വീക്ഷിച്ചിരിക്കുമ്പോഴേക്കും ഏറ്റവും മുമ്പിലിരിക്കുന്ന കുട്ടിപ്പടക്ക് ഉറക്കം വന്നു തുടങ്ങിയിരിക്കും. അവർക്കു പുറകിലിരിക്കുന്ന ഞങ്ങൾ ആട്ടം മടുത്ത് പതുക്കെ പുറത്തു കടന്ന് പുറകിലുള്ള ആനമയിലൊട്ടകവും കുലുക്കിക്കുത്തും നോക്കി നടക്കുകയാവും.

എന്തൊരു കഴിവനി ഇന്ദുമുഖിക്കുമെന്നിൽ
അന്തരങ്ഗത്തിൽ പ്രേമം വന്നീടുവാൻ? എന്ന പതിഞ്ഞ പദം നളൻ വിസ്തരിച്ചു ആടിത്തീർക്കുമ്പോഴേക്കും പിന്നിലുള്ള ഏട്ടന്മാരുടെ നിര ചേച്ചിമാർക്കായി കടലമുട്ടായിയും കപ്പലണ്ടിയുമായിയെത്തിയിരിക്കും.

അതു കഴിഞ്ഞ് ദമയന്തിയുടെയും തോഴിമാരുടെയും സാരീനൃത്തം കഴിഞ്ഞ്
“തൊട്ടേനേ ഞാൻ കൈകൾകൊണ്ടു തോഴിമാരേ – കൈക്കൽ
കിട്ടുകിൽ നന്നായിരുന്നു കേളി ചെയ്വാൻ” എന്ന ദമയന്തി പദത്തിലെത്തി, അമ്മമാർ ഉൽസാഹത്തോടെ കളിയിൽ ലയിച്ചിരിക്കുമ്പോഴേക്കും പിന്നിൽ മറ്റൊരു ആട്ടക്കഥ തുടങ്ങിയിരിക്കും.

കുളിരുള്ള ആ രാത്രിയിൽ, ആ യുവമിഥുനങ്ങളുടെ മനസ്സിൽ മറ്റൊരു സിനിമാ ഗാനത്തിന്റെ ഈരടികൾ അലയടിക്കും..
ആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽ അർജ്ജുനനായ് ഞാൻ, അവൾ ഉത്തരയായി.
കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ നെഞ്ചെയ്യും അമ്പുമായ് വന്നു ചേർന്നു.
അതുകഴിഞ്ഞാട്ടവിളക്കണഞ്ഞു പോയി.. കാലം ഏറെ മുമ്പോട്ട് പോയി… എന്നിട്ടും ആ രാത്രികളുടെ മാധുര്യം മാത്രം ബാക്കിയായി.

ഇന്ന് പൂരപ്പറമ്പിന്റെ ഛായ മാറിയിരിക്കുന്നു. ആൾക്കൂട്ടം മാറിയിരിക്കുന്നു. മാറാത്തത് കഥകളി മാത്രം. പൂരപ്പറമ്പിൽ ഒന്ന് കറങ്ങി നടന്ന്, ചായപ്പീടികയിൽ നിന്നുമൊരോ ചായ കുടിച്ച് ഞങ്ങൾ തിരിച്ച് കണ്ണനിവാസിലേക്ക് തന്നെ നടന്നു. രാവിലെ മുതൽ ഓടി നടക്കുകയാണ്, ഒന്ന് നടു നിവർക്കണം, തല ചായ്ക്കണം. അങ്ങകലെ അമ്പലപ്പറമ്പിൽ നിന്നുമുള്ള മൈക്കിന്റെ ശബ്ദം അപ്പോഴും അന്തരീക്ഷത്തിലലയടിച്ചു..

എത്ര­വഴി മണ്ടി നടന്നു പണ്ടു നിന്നെ­ക്ക-
ണ്ടെത്തു­വോളം ഞങ്ങൾ തളർന്നു…
എത്ര­വഴി മണ്ടി നടന്നു…

നാളെ ചെയ്തു തീർക്കേണ്ട പണികൾ ഓരോന്നായി ഓർത്തെടുത്ത് പതുക്കെ നിദ്രയിലേക്ക് വഴുതി വീണു.

0

One thought on “Mumbai Bachelor Life – Part 25

  1. പഴയ ആൾക്കാരെയും സമ്പ്രദായങ്ങളേയും മറന്നവരെ ഓർമപ്പെടുത്തുന്നത്തിൽ വളരെ സഹായകമാണ്.
    നമ്മുടെ സമുദായ കുടുംബങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുവാനും മുരളി ശ്രമിച്ചിട്ടുണ്ട്.

    അഭിനന്ദനങ്ങൾ അറിയിക്കുന്നു

    0

Leave a Reply

Your email address will not be published. Required fields are marked *