Mumbai Bachelor Life – Part 24

മുരളി വട്ടേനാട്ട്

അമ്മാവന്റെ സ്ഥാനത്തിരുന്ന് ശോഭയുടെ കല്യാണ നിശ്ചയം നടത്തേണ്ടിയിരുന്ന അമ്മയുടെ നേരാങ്ങള നാരായണമ്മാവൻ നാട്‌ വിട്ടിട്ട്‌ കൊല്ലം രണ്ടു കഴിഞ്ഞിരിക്കുന്നു. ലോറിപ്പണിയുമായി നടക്കുന്നൊരു അവധൂതനാണ്‌ മൂപ്പർ. ഇന്നിവിടെ മുങ്ങിയാൽ ആറു മാസം കഴിഞ്ഞ് വട്ടേനാട്ട് പൊങ്ങിയെന്ന് കേൾക്കുന്ന യമണ്ടൻ.

വട്ടേനാട്ടാണ്‌ അമ്മത്താവഴിയിൽ ഞങ്ങളുടെ തറവാട്. പാലക്കാട് ജില്ലയിലെ കൂറ്റനാടിനടുത്ത് പട്ടിത്തറ പഞ്ചായത്തിൽ തിരുവാനിപ്പുറം മഹാദേവ ക്ഷേത്രത്തിനടുത്താണ് വട്ടേനാട്ട് തറവാട്. പണ്ടുപണ്ട്, മരുമക്കത്തായ വ്യവസ്ഥയിൽ സ്ത്രീ ആധിപത്യം നിലനിന്നിരുന്ന കാലത്ത്,  ഒരു മുത്തശ്ശി പട്ടാമ്പി കൊടിക്കുന്നത്ത് ഷാരത്തു നിന്നും  കഴകത്തിനായി വട്ടേനാട്ട് വന്ന് താമസമുറപ്പിച്ചതാണെന്ന് എഴുതപ്പെടാത്ത ചരിത്രം. അതുകൊണ്ടു തന്നെ കാര്യമായ സ്വത്തുവഹകളൊന്നുമില്ലാത്തൊരു, മണ്ണുകൊണ്ട് കെട്ടിപ്പൊക്കിയൊരു തറവാട്. തറവാടിന്റെ അറിയപ്പെടുന്ന ചരിത്രം തുടങ്ങുന്നത് ഒരു മങ്കപ്പിഷാരസ്യാരിൽ നിന്നും. മങ്കപ്പിഷാരസ്യാർക്ക് കുഞ്ഞികൃഷ്ണനെന്നും ഭരതനെന്നും പേരുള്ള രണ്ടാങ്ങളമാർ. ദരിദ്ര ഷാരങ്ങളുടെ ചരിത്ര രചനയിൽ ആണുങ്ങൾക്ക് കാര്യമായ സ്ഥാനമില്ല. തറവാട്ടിലെ പെൺതരിയായ മങ്കമുത്തശ്ശിക്ക് നാരായണിയെന്നും ഗോവിന്ദനെന്നും കൃഷ്ണനെന്നും മൂന്നു മക്കൾ. വീണ്ടും പെൺ തരിയിലേക്ക് തന്നെ വരാം. നാരായണിപ്പിഷാരസ്യാർക്ക് പുതുക്കുളങ്ങര ശേഖരപ്പിഷാരടിയിൽ ശ്രീദേവി, മങ്ക, ഭരതൻ, ശേഖരൻ, രാമൻ, ലക്ഷ്മി, നാണിക്കുട്ടി, രാഘവൻ എന്നിങ്ങനെ എട്ട് മക്കൾ.

Vattenat Pisharam
Vattenat Pisharam

അതിലെ ഏഴാമത്തെ മകൾ നാണിക്കുട്ടിയെ അന്നത്തെ നാട്ടുനടപ്പനുസരിച്ച് ആദ്യം സംബന്ധം ചെയ്തത് അമ്പലത്തിലെ ഊരായ്മക്കാരനായ ഒരു നീലകണ്ഠൻ നമ്പൂതിരി. നീലാണ്ടൻ നമ്പൂതിരിയിൽ നാണിക്കുട്ടിക്ക് ഭരതനെന്ന ഒരു പുത്രൻ ജനിച്ചു. അധികം താമസിയാതെ നമ്പൂതിരി കൊച്ചു നാണിക്കുട്ടിയെ വൈധവ്യത്തിലേക്ക് തള്ളിവിട്ടുകൊണ്ട് യാത്രയായി. ഭരതനെന്ന കുഞ്ഞുകുട്ടൻ അഞ്ചാംതരം വരെ പഠിച്ചു. ആയിടക്കാണ്‌ വിധവയായ ചെറുപ്പം വിട്ടിട്ടില്ലാത്ത നാണിക്കുട്ടിയെ കല്യാണം കഴിക്കാനായി തൊള്ളയിരത്തി നാല്പ്പതുകളുടെ തുടക്കത്തിൽ രണ്ടാം കെട്ടുകാരനും ജന്മിയുമായ, ഷഷ്ടിപൂർത്തി കഴിഞ്ഞ ചെറുകരത്തറവാട്ടിലെ ഒരു മൂത്തപ്പിഷാരടിയെത്തുന്നത്. മൂത്തപ്പിഷാരടിയുടെ മരിച്ച ആദ്യഭാര്യയിലുള്ള മക്കളിൽ ഏറ്റവും ഇളയവളെക്കാൾ പ്രായം കുറവായിരുന്നു അന്ന് രണ്ടാം ഭാര്യയായി കൂടെക്കൂട്ടിയ നാണിക്കുട്ടിക്ക്.

Cherukara Pisharam
Cherukara Pisharam

ഇന്നത്തെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ എരവിമംഗലം ദേശത്താണു ചരിത്ര പ്രസിദ്ധമായ ചെറുകരത്തറവാട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യത്തെ നാട്ടുരാജ്യമായ വള്ളുവനാട്ടിലെ പതിനെട്ടര സ്വരൂപങ്ങളിലെ ഒരു സ്വരൂപമാണ്‌ ചെറുകര പിഷാരം. ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിൽ കേരളത്തിന്റെ നവോത്ഥാന ചരിതത്തിലെ ക്ഷേത്രപ്രവേശന വിളംബരത്തിനും മുമ്പ് ഗുരുവായൂർ സത്യാഗ്രഹത്തിൽ ആകൃഷ്ടനായി, അതിൽ പങ്കെടുത്ത്, ചെറുകര രാമനുണ്ണി  പിഷാരടിയും അദ്ദേഹത്തിന്റെ സുഹൃത്തും കോൺഗ്രസ് പ്രവർത്തകനുമായ പാലോളി വലിയ വാസുദേവൻ നമ്പൂതിരിയും കൂടി പാലോളി മനയുടെ അധീനതയിലുള്ള ചക്കുവറ ക്ഷേത്രം 1932 സെപ്തംബർ 23നു എല്ലാ ജാതിക്കാർക്കുമായി തുറന്നു കൊടുത്തു. തുടർന്ന് ചെറുകര പിഷാരത്തിന്റെ കിഴക്കെ പത്തായപ്പുരയിൽ വച്ച്‌ ഈ ക്ഷേത്രപ്രവേശനത്തിന്റെ വിളംബരവും നടത്തി. ക്ഷേത്രം തുറന്നു കൊടുത്തിട്ടും ഹരിജനങ്ങളൊന്നും ക്ഷേത്രത്തിലേക്കെത്താതിരുന്നത് കണ്ട് ചെറുകാടിന്റെ നേതൃത്വത്തിൽ ഉല്പതിഷ്ണുക്കളായ കുറച്ചു ചെറുപ്പക്കാരെയും കൂട്ടി ഇവരെല്ലാവരും കൂടി പറ്റിയ ഒരാളെത്തപ്പിയിറങ്ങി. ഒടുവിൽ കുലവൻ എന്നൊരു ഹരിജനെ കൂട്ടിക്കൊണ്ടുവന്ന് കുളിപ്പിച്ച് ക്ഷേത്രത്തിൽ തൊഴുവിച്ച് ഒരു പന്തിഭോജനവും നടത്തി.  ചെറുകര ഷാരത്ത് താമസിച്ച് ചെറുകര സ്കൂളിൽ പഠിച്ചിരുന്ന ചെറുകാട് ഈ പന്തിഭോജനത്തിനു ശേഷം വീണ്ടും തറവാട്ടിലെത്തിയപ്പോൾ അദ്ദേഹത്തിന്‌ ഭക്ഷണം കൊടുത്തത് തറവാടിന്റെ കിഴക്കേ കോലായിലായിരുന്നുവത്രെ. ഈ കാഴ്ച കണ്ടു കയറിവന്ന അന്നത്തെ  മൂത്തപ്പിഷാരടിയും കടുത്ത യാഥാസ്ഥിതികനുമായ കണ്ണനുണ്ണി പിഷാരടി ‘കലികാല വൈഭവം’ എന്ന് പറഞ്ഞ് അകത്തേക്ക് കയറിപ്പോയതായി ചെറുകാടിന്റെ ആത്മകഥയായ ജീവിതപ്പാതയിൽ, ‘കലികാല വൈഭവം’ എന്ന അദ്ധ്യായത്തിൽ വിവരിക്കുന്നുണ്ട്.

Cherukara Pisharam
ചെറുകര പിഷാരത്തിന്റെ കിഴക്കുനിന്നുള്ള കോലായ അടക്കമുള്ള ദൃശ്യം.

വള്ളുവനാടിന്റെ ഭരണവ്യവസ്ഥയിൽ കാര്യമായ പങ്കുണ്ടായിരുന്ന ചെറുകര പിഷാരടിമാരിലെ ഏറ്റവും ഒടുവിലെ കണ്ണിയായ മേൽപ്പറഞ്ഞ കണ്ണനുണ്ണി പിഷാരടിയാണ്‌ നാണിക്കുട്ടി പിഷാരസ്യാരെ പുടവ കൊടുത്ത് കൂടെക്കൂട്ടിയത്. വാർദ്ധക്യത്തിൽ മൂത്തപ്പിഷാരടിയെ നോക്കാനായിയെത്തിയ നാണിക്കുട്ടി പിഷാരസ്യാർ അങ്ങിനെ ചെറുകരക്കാരുടെ വലിയമ്മായിയായി മാറി. അപ്പോഴേക്കും ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് സംസ്ഥനത്തിന്റെ ഭാഗമായ മലബാർ ജില്ലയുടെ ഭാഗമായിക്കഴിഞ്ഞിരുന്ന വള്ളുവനാട്ടിൽ വെറും പാട്ടക്കുടിയാൻ ജന്മി വ്യവസ്ഥയിലെ ജന്മിയായ തറവാട്ടു കാരണവർ മാത്രമായി മാറിയിരുന്നു ചെറുകര മൂത്തപ്പിഷാരടി. ആനയും, ആയിരം പറ പാട്ടവരവുമുള്ള ഒരു തറവാട്ടിൽ കാരണവർ അന്ന് ചെയ്യുമായിരുന്ന ഒരു സാധാരണ കാര്യം മാത്രമാണ്‌ കണ്ണനുണ്ണി മൂത്തപ്പിഷാരടിയും ചെയ്തത്. ആ ദാമ്പത്യത്തിൽ നാണിക്കുട്ടി പിഷാരസ്യാർക്ക് ദേവകിയെന്നും നാരായണനെന്നും പേരുള്ള രണ്ടു കുട്ടികൾ പിറന്നു. ഇവർക്കിടയിൽ ശേഖരനെന്നൊരു കുട്ടി വയസ്സെത്തും മുമ്പെ കഴിയുകയും ചെയ്തിട്ടുണ്ടത്രെ. മൂപ്പിളമത്തർക്കങ്ങളും പടലപ്പിണക്കങ്ങളും കൊടികുത്തിവാണ അക്കാലത്ത് മൂത്തപ്പിഷാരടിക്ക് വയസ്സു ചെന്ന് നാടു നീങ്ങിയപ്പോൾ, പാട്ടവരവുകൾ ശോഷിച്ചപ്പോൾ, നാണിക്കുട്ടി പിഷാരസ്യാർ മക്കളുടെ പഠനാർത്ഥം വീണ്ടും വട്ടേനാട്ട് തറവാട്ടിലേക്ക് തന്നെ തിരിച്ചെത്തി.

ആദ്യമകൾ ദേവകി പത്താം തരത്തിൽ തോറ്റു പഠിപ്പു നിർത്തി. രണ്ടാമത്തെ മകൻ നാരായണൻ പത്താംതരം പൂർത്തിയാക്കിയില്ല. ഇതിനിടയിൽ മൂത്തമകൻ ഭരതൻ ജോലി തേടി മദ്രാസിലേക്ക് വണ്ടി കയറിയിരുന്നു. നാരായണൻ വണ്ടിപ്പണിയുമായി നാടു വിട്ടു. നാലഞ്ചു കൊല്ലം കഴിഞ്ഞ് മൂത്ത മകളുടെ കല്യാണം ശരിയായി വന്നപ്പോൾ അതു നടത്താൻ, നാടു വിട്ട ആൺ മക്കളുടെയോ, മരിച്ചു പോയ മൂത്തപ്പിഷാരടിയുടെയോ സഹായ ഹസ്തങ്ങളില്ലാതെ ആങ്ങളമാരുടെ കരുണക്കായി അവർ കേണു. ഓടുവിൽ ചില സുമനസ്സുകളുടെ ഉൽസാഹത്തിലും ഔദാര്യത്തിലുമായി ആ കല്യാണം ഒരു മിലിട്ടറിക്കാരനുമായി നടന്നു. പരക്കാട്ട് പിഷാരത്ത് അനിയനെന്ന മിലിട്ടറിക്കാരൻ ഗോപാലപ്പിഷാരടിക്ക് ദേവകിയിൽ പിറന്ന മക്കളാണ്‌ ഈയുള്ളവനും അനുജൻ ശശിയും, പിന്നീട് പിറന്നൊരു അനുജത്തിയും.

1968ൽ നിർബന്ധിത മിലിട്ടറി സേവനം മതിയാക്കിയെത്തിയ അച്ഛൻ പെൻഷൻ പറ്റിപ്പോരുമ്പോൾ കിട്ടിയ കുറച്ചു പണം കൊണ്ട് മുത്തശ്ശിക്ക് ചെറുകരത്തറവാട്ടിൽ നിന്നും കിട്ടിയ ഭൂസ്വത്തിൽ നിന്നിരുന്ന പത്തായപ്പുരയെ സ്വപ്രയത്നത്താൽ മൂന്നുമുറികളും ഒരടുക്കളയും പൂമുഖവുമുള്ള വീടാക്കി മാറ്റി, അന്തരിച്ച മുത്തശ്ശന്റെ സ്മരണാർത്ഥം “കണ്ണനിവാസ്‘ എന്ന് നാമകരണം ചെയ്തു.

ആ പുത്തൻ വീട്ടിൽ 1969ലെ ആഗസ്ത് 15 നു  പിറന്ന ഞങ്ങളുടെ അനുജത്തി ശോഭയുടെ കല്യാണ നിശ്ചയ ചടങ്ങ്, വധുവിന്റെയും വരന്റെയും വീട്ടുകാർ മാത്രമടങ്ങുന്ന നിശ്ചയതാംബൂലച്ചടങ്ങ് , ഇന്ന് അതേ കണ്ണനിവാസിൽ വെച്ച്, അച്ഛന്റേയും നേരമ്മാവൻറെയും അഭാവത്തിൽ വലിയ മുത്തശ്ശിയുടെ മകൻ ബാലമ്മാവൻ  നടത്തി.

ചരിത്രം തലമുറകൾ തോറും ചില തനിയാവർത്തനങ്ങൾ നടത്തും. പക്ഷെ, അവളുടെ ആങ്ങളമാർ ആ നിശ്ചയത്തിനപ്പുറം അതിനെ മറ്റൊരു തനിയാവർത്തനത്തിലേക്ക് തള്ളിവിട്ടില്ല.

 

 

0

Leave a Reply

Your email address will not be published. Required fields are marked *