Mumbai Bachelor Life – Part 23

മുരളി വട്ടേനാട്ട്

1991 പിറന്നു. സ്വജീവിതത്തിലെ സംഭവബഹുലമായൊരു വർഷത്തിന്‌ തുടക്കം കുറിക്കുകയാണെന്ന യാതൊരു സൂചന പോലുമില്ലാതെ, പുതിയൊരു ദശാബ്ദത്തിന്റെ തുടക്കം കുറിക്കുന്ന ദിനം ബോംബെ കണ്ട ഏറ്റവും കുളിരുളള പ്രഭാതത്തോടെ തുടങ്ങി. മരം കോച്ചുന്ന തണുപ്പ് ബോംബെക്കാർക്ക് അന്യമാണ്‌. പകൽ മുഴുവൻ നീണ്ടു നില്ക്കുന്ന തണുപ്പ് ദശാബ്ദത്തിൽ വല്ലപ്പോഴും സംഭവിക്കുന്നതും.

അമ്മയുടെ കത്തെത്തി. തൃപ്രയാറിൽ ജാതകം നോക്കി, യോജിക്കുന്നുണ്ടത്രെ.

അനേകകാലമായി മനസ്സിൽ കൊണ്ടു നടന്ന ഒരാഗ്രഹം. മനസ്സിന്റെ ലംബമാന വിസ്തൃതികളില്ലത്ത ഏതോ ഒരുൾക്കോണിൽ ആഗ്രഹത്തിന്റെ ആ ചെറു തരി ഉടക്കിക്കിടന്നു. ഒരു ജൈവരാശിയുടെ തന്നെ ആഗ്രഹ പരമ്പരയെന്നോണം. അതിന്റെ സാഫല്യത്തിനായി ഒരു വൈയക്തിക ചേരിസമരത്തിന്റെ ഗാഥയൊന്നും രചിക്കാൻ താല്പര്യമില്ലായിരുന്നു.

അവളുടെ എന്റെ മനസ്സിലേക്കുള്ള യാത്രക്ക്  ഞാൻ ടിക്കറ്റ് റിസർവ് ചെയ്തിട്ട് നാളുകളേറെയായി. അതു ഉപയോഗിക്കണമോ, ക്യാൻസൽ ചെയ്യണമോ എന്നത് അവളുടെ സ്വാതന്ത്ര്യമായിരുന്നു. അമ്മയുടെ കത്ത് ആ സന്ദേഹങ്ങൾക്കെല്ലാം വിട നൽകി. കല്യാണം അവളുടെ ഡിഗ്രി കഴിഞ്ഞിട്ടു പോരെ എന്നു ചോദ്യം. മതിയെന്നുത്തരം.

ശോഭയെക്കാണാനായി ചെക്കൻ ഉടൻ എത്തുമത്രെ. ഇഷ്ടമായെങ്കിൽ കല്യാണം ഉടൻ വേണമെന്നും. നാട്ടിൽ കല്യാണങ്ങളുടെ തിരക്കാണ്‌. അമ്പാടി മിനിയുടെ കല്യാണം ജനുവരി 26നു. വരൻ പുറമുണ്ടേക്കാട്ടു നിന്നും. മാഷാണ്‌. വിളയിൽ മുരളീ മോഹനന്റെ ഏട്ടൻ സുരേഷ് ബാബുവിന്റെ കല്യാണം 27ന്‌. നാട്ടിലേക്ക് പോകാൻ ടിക്കറ്റ് 19ന്‌ ബുക്ക് ചെയ്തു. കൂടെ മുരളി മോഹനനുമുണ്ട്. കൂടെ എന്റെ ഔദ്യോഗിക പെണ്ണുകാണലും.

കല്യാണത്തിന്റെ ചിലവിനെക്കുറിച്ചോർത്തപ്പോൾ മനസ്സിലൊരു അങ്കലാപ്പ്. എത്രയെന്ന് ഒരു തിട്ടവുമില്ല. സംഘടിപ്പിക്കാവുന്നത്ര സംഘടിപ്പിക്കണം. മധു സിൻഹയോട് സംസാരിച്ച് ഒരു ലോൺ സംഘടിപ്പിച്ചു. നാട്ടിലെത്തിയിട്ടു വേണം ചിലവുകളെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കാൻ. ഇക്കാര്യത്തിൽ മുൻ പരിചയങ്ങളില്ലല്ലോ.  ഞാങ്ങാട്ടിരി വല്യച്ഛന്റെ സഹായം തേടണം.

ഗൾഫിൽ അമേരിക്കയും ഇറാക്കും തമ്മിൽ യുദ്ധം തുടങ്ങിയ കാലം. അതൊരു മൂന്നാം ലോകമഹായുദ്ധമാവുമോ എന്ന് ഭയന്ന ദിനങ്ങൾ. പെട്രോളിനും അവശ്യസാധനങ്ങൾക്കും വിലക്കയറ്റം. കല്യാണ ബജറ്റ് കൂടുമോ എന്ന പേടി.

ഇത്തവണത്തെ നാട്ടിലേക്കുള്ള യാത്ര മുരളിയും ശശിയുമൊത്ത്. അതു കൊണ്ടു തന്നെ സ്ഥിരം യാത്രയുടെ ബോറടികളില്ലാതെ യാത്ര ചെയ്തു. യുദ്ധവും സാഹിത്യവും ചർച്ച ചെയ്തൊരു ദിനം.

മുരളീ മോഹൻ എന്റെ ആ പഴയ കഥക്ക് കാല്പനികത കൊടുത്തുകൂടെ എന്ന് ചോദിക്കുന്നു.

– ആന്ധ്രയിലെ ഏതോ വിജന തീരത്ത് ചലനമറ്റു നില്ക്കുന്ന വണ്ടി. അവിടേക്ക് നടന്നു കയറിവന്ന ഒരു വൃദ്ധൻ. മരിച്ചു പോയ അച്ഛന്റെ രൂപം. സത്യമോ മിഥ്യയോ എന്നറിയാത്ത അവസ്ഥയിൽ അയാൾ സ്വയം നഷ്ടപ്പെടുന്നു.

പൂർത്തിയാവാത്ത കഥകൾക്കപ്പുറം ഞങ്ങൾ പിറ്റേന്ന് രാവിലെ നാലരക്ക് പാലക്കാട്ടിറങ്ങി. ആറരക്ക് കണ്ണനിവാസിലെത്തി. മനു ശോഭയെ കണ്ടു പോയിരിക്കുന്നു. പരസ്പരം ഇഷ്ടമായിരിക്കുന്നു. കല്യാണം ഫെബ്രുവരി 7നു നടത്താമെന്ന് ശേഖരേട്ടൻ നോക്കിപ്പറഞ്ഞു. കുന്നപ്പള്ളി രാഘവമ്മാവനെ കണ്ടു കാര്യങ്ങൾ ചർച്ച ചെയ്തു ചെയ്യേണ്ടുന്ന കാര്യങ്ങളുടെ ഒരേകദേശരൂപമുണ്ടാക്കി.

ഫെബ്രുവരി 7ലേക്ക് രണ്ടാഴ്ച മാതം ബാക്കി. ചെയ്യേണ്ടുന്ന കാര്യങ്ങൾ നിരവധി. ആദ്യം ആലത്തൂർ പോയി വീടു കാണണം. കല്യാണക്കാര്യങ്ങളെക്കുറിച്ച് ധാരണയാവണം. എവിടെ വേണമെന്ന് തീരുമാനിക്കണം. ഹാൾ ബുക്ക് ചെയ്യണം. വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയൊരുക്കണം. ക്ഷണിക്കേണ്ടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കണം. പത്രിക അടിക്കണം. വണ്ടി ഏർപ്പാടാക്കണം. ഭക്ഷണക്കാരെ ഏൽപ്പിക്കണം. ഇതിനിടയിൽ തൃപ്രയാർ പോയി അവളെ കാണണം.

രണ്ടാം നാൾ ആലത്തൂർ പോയി, വീടു കണ്ടു, കാര്യങ്ങൾ ഒരേകദേശധാരണയിലാക്കി, ഗുരുവായൂർ പോയി വല്യച്ഛന്റെ പരിചയത്തിലുള്ള ഹാൾ ബുക്ക് ചെയ്ത്, സദ്യ ഏർപ്പാടാക്കി, വാടാനപ്പള്ളി സതുവിന്റെ വീട്ടിലെത്തി. ഗിരീശനെ കണ്ടു, അവന്റെ ഭാര്യ രാജേശ്വരിയെ കണ്ടു, പരിചയപ്പെട്ടു. തൃപ്രയാറെത്തിയപ്പോഴേക്കും രാത്രി എട്ടര ആയിരുന്നു. രാത്രി പതിനൊന്ന് വരെ വർത്തമാനം പറഞ്ഞിരുന്നു. രാജേശ്വരിയെ വേണ്ടുവോളം കണ്ടു.

പിറ്റേന്ന് രാവിലെ തൃപ്രയാറിൽ എല്ലാവരേയും ക്ഷണിച്ചു, അവളെ പ്രത്യേകിച്ചും. അയൽ പക്കങ്ങളിൽ ക്ഷണം നടത്തി ക്ഷണങ്ങൾക്ക് സമാരംഭം കുറിച്ചു.

ജനുവരി 26. രാവിലെ 6 മണിക്ക് ചെറുകരയിൽ നിന്നുമൊരു പടയുമായി വട്ടംകുളം അമ്പാടിക്ക് തിരിച്ചു. അന്നത്തെ നാട്ടുനടപ്പു പ്രകാരം ശശി ശിന്നക്കുട്ടി അമ്മായിയോടൊപ്പം തലേന്ന് തന്നെ പോയിരിക്കുന്നു.

ശിന്നക്കുട്ടി അമ്മായിക്കും വയസ്സായിരിക്കുന്നു. ഒറ്റക്ക് യാത്ര ഒഴിവാക്കേണ്ട അവസ്ഥ. ആയ കാലത്ത് അമ്മായി ഉൽസാഹിക്കാത്ത കല്യാണങ്ങൾ എന്റെ അറിവിലില്ല. എവിടെച്ചെന്നാലും, നിമിഷങ്ങൾക്കകം അവിടത്തെയൊരാളായി മാറുകയായി അമ്മായി. അമ്മായി അറിയാത്ത, അമ്മായിയുമായി ബന്ധങ്ങളില്ലാത്ത ഒരു പിഷാരടി കുടുംബവും എന്റെ അറിവിൽ അക്കാലത്തില്ലായിരുന്നു. ആനേത്ത്, പുലാമന്തോൾ, കണ്ണന്നൂർ.. അങ്ങിനെ അമ്മായി നിത്യസന്ദർശനം നടത്തുന്ന ഷാരങ്ങളുടെയും അവിടത്തെ അംഗങ്ങളുടെയും കഥകൾ ഒരോ യാത്രക്കു ശേഷവും ഞങ്ങൾ കുട്ടികൾക്ക് വിവരിച്ചു തരും. അവിടങ്ങളിലെ വിശേഷങ്ങൾ വിശദമായി പറഞ്ഞു തരും. അവിടെ നിന്നും കിട്ടിയ പലഹാരങ്ങളുടെ പൊട്ടും പൊടിയും സ്നേഹവായ്പ്പോടെ തരും. പ്രായത്തിന്റെ ചുളിവുകൾ മുഖത്ത് പടർന്നിട്ടുണ്ടെന്നാലും ഇന്നും അമ്മായി സുന്ദരിയാണ്‌. ചെറുകര മൂത്തപ്പിഷാരടി ഭരതനുണ്ണിയുടെ സഹധർമ്മിണി.  ചെറുകര കൃഷ്ണപ്പിഷാരടിയുടെ മകളായ ആനായത്ത് പിഷാരത്ത് ശിന്നക്കുട്ടിയെ ചിന്ന വയസ്സിൽ തന്നെ അമ്മാമൻ തന്റെ ആദ്യ ഭാര്യ മരിച്ചപ്പോൾ കല്യാണം കഴിച്ചതാണ്‌. നെടുങ്ങാടി ബാങ്കിൽ മാനേജരായിരുന്ന ഭരതനുണ്ണിയമ്മാവനോടൊപ്പം സുന്ദരിയായ അമ്മായിയും തമിഴ്നാട്ടിലെ തഞ്ചാവൂരിലും മറ്റു പലേടങ്ങളിലും താമസിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അമ്മായിക്ക് തമിഴും നന്നായി വഴങ്ങും.  ആ ചരിത്രങ്ങൾ ചികഞ്ഞെടുക്കുന്നത്  ഞങ്ങൾ കുട്ടികൾക്ക് കൗതുകമായിരുന്നു. അന്ന് എല്ലാ ആഴ്ചയും അമ്മാമനോടൊപ്പം കൊട്ടകകളിൽ പോയിക്കണ്ടിരുന്ന  ശിവാജി ഗണേശന്റെ തമിഴ്സിനിമാക്കഥകൾ, അവയിലെ ഡയലോഗുകൾ, അവ അഭിനയിച്ച്  അമ്മായി വിവരിക്കും.

Sinnakkutty Pisharasiar
Sinnakkutty Pisharasiar

ചെറുകര തെക്കെ പത്തായപ്പുരയായിരുന്നു അമ്മാമനും അമ്മായിയുടെയും ഇടം. ചെറുകരത്തറവാട് നാലുകെട്ടിനപ്പുറം തെക്ക്, കിഴക്കെ പത്തായപ്പുരക്കും തെക്ക്, തെക്കെ പത്തായപ്പുര. കിഴക്കും പടിഞ്ഞാറുമായി അന്യോന്യം നോക്കി സ്നേഹിച്ചു നില്ക്കുന്ന അമ്മായി-അമ്മാവൻ പുരകൾ. കിഴക്കെപ്പുരയാണ്‌ പത്തായപ്പുര, അമ്മായിപ്പുര. അമ്മായിയുടെ ലോകമതാണ്‌. പടിഞ്ഞാറ്റിനി മൂന്ന് കിടപ്പറകളും തട്ടിൻപുറവുമുള്ള വലിയൊരെടുപ്പാണ്‌, അമ്മാമന്റെ ലോകം. പടിഞ്ഞാറ്റിനിക്കു പിന്നിലായി ഒരു പടർന്നു പന്തലിച്ച, എല്ലാക്കൊല്ലവും പൂക്കുന്ന നല്ലൊരു നാട്ടുമാവ്, വീടിനു തണലായി നില്ക്കുന്നു. ഞങ്ങൾ കുട്ടികളുടെ വേനലവധിക്കാലം ആ മാവിൻ ചുവട്ടിൽ ചില്ലകളിൽ നിന്നും ചില്ലകളിലേക്കോടുന്ന അണ്ണാറക്കണ്ണനോടും ഇടക്കു വീശുന്ന കാറ്റിനോടും സൊറപറഞ്ഞ്, അവ ഞങ്ങൾക്കായിത്തന്ന മധുരമാമ്പഴം വിജയനും, രഘുവും, ശശിയും, മിനിയും ചേർന്നാസ്വദിച്ചനുഭവിച്ചതാണ്‌.

ആ രഘുവിനേയും മിനിയേയും വളരെക്കാലത്തിനു ശേഷം കണ്ടു. രണ്ടു പേർക്കും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ടി വന്നു. മറ്റു പലർക്കും. മിനിയുടെ കല്യാണം നന്നായി. വിളമ്പൽ ഏറ്റെടുത്ത് സജീവമായി പങ്കെടുത്തു. വരൻ, കവി രാമചന്ദ്രനെ പരിചയപ്പെട്ടു. അക്കിത്തത്തെ കണ്ടു.

ഇന്നിന്റെ യാഥാർത്ഥ്യങ്ങളും ഇന്നലെകളിലെ സ്വപ്നങ്ങളും തമ്മിൽ ഏറെ അന്തരങ്ങളുണ്ട്. അവയൊക്കെ വിശ്വസിക്കാൻ ശ്രമിക്കുകയെ നിർവ്വാഹമുള്ളൂ.

പിറ്റേന്ന് അങ്ങാടിപ്പുറത്ത് മുരളീ മോഹനന്റെ ഏട്ടന്റെ കല്യാണം. അതു കഴിഞ്ഞ് നാളത്തെ ശോഭയുടെ കല്യാണ നിശ്ചയത്തിനുള്ള സാധനങ്ങൾ വാങ്ങി വന്നു. വിജയനും കൂട്ടരും സഹായത്തിനുണ്ട്. അപ്പുവേട്ടനും വിനോദിനി ഓപ്പോളുമുണ്ട്.

ശോഭയുടെ കല്യാണം നിശ്ചയിച്ചുറപ്പിച്ചു. ബാലമ്മാവൻ അമ്മാവന്റെ സ്ഥാനത്തിരുന്ന് അക്കാര്യം നിറവേറ്റി. എല്ലാം വേണ്ട പോലെയായി. പാൽപ്പായസം കേമമായി. ജീവിതത്തിലെ നാഴികക്കല്ലുകളാവുന്ന നാളുകൾ, നിമിഷങ്ങൾ..

 

0

Leave a Reply

Your email address will not be published. Required fields are marked *